ലീഡ്‍സ്: ഇന്ത്യന്‍ ബൗളര്‍മാരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അടിച്ചൊതുക്കിയ ജോ റൂട്ടിനൊപ്പം നായകന്‍ ഇയോണ്‍ മോര്‍ഗനും ഫോമിലായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. 257 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് വിന്‍സും ബെയര്‍സ്റ്റോയും മിന്നുന്ന തുടക്കമാണ് നല്‍കിയത്.

ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ജോണി ബെയര്‍സ്റ്റോയെ ശര്‍ദുല്‍ താക്കൂര്‍ റെയ്‍നയുടെ കെെകളില്‍ എത്തിച്ചുവെങ്കിലും പിന്നാലെയെത്തിയ ജോ റൂട്ട് ശ്രദ്ധയോടെ ബാറ്റ് വീശി കളം നിറഞ്ഞു. ഒരറ്റത് വിന്‍സിനെ റണ്‍ ഔട്ടിലൂടെ പാണ്ഡ്യ പറഞ്ഞു വിട്ടെങ്കിലും നായകന്‍ മോര്‍ഗന്‍ കൂടി ക്രീസിലെത്തിയതോടെ ഇംഗ്ലീഷ് സ്കോര്‍ കുതിച്ചു. തന്‍റെ ആയുധങ്ങളെ എല്ലാം കോലി മാറി മാറി പരീക്ഷിച്ചിട്ടും ഇരുവരുടെ വിക്കറ്റുകള്‍ പിഴുതെടുക്കാനായില്ല.

സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും ചാഹലിനെയും നന്നായി നേരിട്ട ഇരുവരും ഭുവനേശ്വര്‍ കുമാറിനെ കണക്കറ്റ് പ്രഹരിച്ചു. 32 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലീഷ് സ്കോര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ്  എന്ന നിലയിലാണ്. നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി നായകന്‍ കോലി നേടി 71 റണ്‍സാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഒപ്പം അവസാന ഓവറുകളില്‍ ശര്‍ദുല്‍ താക്കൂറിന്‍റെ പ്രകടനവും നിര്‍ണായകമായി.