Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; ഭീകര ജീവികളാണ് ഈ ആപ്പുകള്‍, നിങ്ങളെ തിന്ന് കളയും

സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ റിച്ചാൾഡ് സ്റ്റാൾമാനുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അരുൺ രാജ് നടത്തിയ സംഭാഷണം.

digital surveillance in social media age dialogue with Richard Stallman
Author
Thiruvananthapuram, First Published Jan 16, 2019, 3:50 PM IST

കേരളസർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്വതന്ത്ര സ്ഥാപനമായ ICFOSS  നടത്തുന്ന സെമിനാറിനായി ഡോ റിച്ചാർ സ്റ്റാൾമാൻ തിരുവനന്തപുരത്ത് വരുന്നെന്ന്  കേട്ടപ്പോൾ തന്നെ തീരുമാനിച്ചതാണ്  എന്ത് വിലകൊടുത്തും കാണണമെന്ന് . ICFOSS ഡയറക്ടർ ഡോ ജയശങ്കർപ്രസാദ് സംസാരിക്കാൻ അവസരമുണ്ടാക്കാമെന്ന് ഉറപ്പ് തന്നു .മൂന്ന് മണിക്കായിരുന്നു സെമിനാ‌ർ. കൃത്യനിഷ്ടക്കാരനാണ്, രണ്ടരയ്ക്ക് തന്നെ അദ്ദേഹമെത്തും. അധികം സമയം കിട്ടുമോ എന്നറിയില്ല,നിങ്ങൾ വരൂ.. ആ ഉറപ്പിന്‍റെ പുറത്താണ് ഇറങ്ങിപ്പുറപ്പെട്ടത്.

കേട്ട കഥകളില്ലെല്ലാം  കിറുക്കനായ ഒരു കാരണവരുടെ പരിവേഷമായിരുന്നു.  ടെക് ലോകത്തെ കുതിച്ചു ചാട്ടങ്ങളോട് പുറം തിരിഞ്ഞ‌ു നിൽക്കുന്ന സൈദ്ധാന്തികൻ,  പുതുതലമുറയുടെ പരിഷ്കാരങ്ങളെ അംഗീകരിക്കാത്ത  പിടിവാശിക്കാരൻ എന്ന മുൻധാരണയിലാണ് കാണാൻ ചെന്നത് . കണ്ടു പഴകിയ രൂപം തന്നെ, വെളുത്ത താടിയും വെട്ടി ഒതുക്കാൻ മെനക്കെടാതെ കൊണ്ടു നടക്കുന്ന മുടിയും. അദ്ദേഹം തുറന്നു സംസാരിച്ചു, മാറുന്ന കാലത്തെപറ്റിയും മാറാത്ത നിലപാടുകളെപറ്റിയും. കേട്ടതും അറിഞ്ഞതുമെല്ലാം അർദ്ധസത്യങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവോടെയാണ് ആ സംസാരത്തിന് ശേഷം  തിരിച്ചുപോന്നത്. ആശയദൃഢതയുള്ള സോഷ്യലിസ്റ്റിന്‍റെ  പരിവേഷമായിരുന്നു സ്റ്റാൾമാനെപ്പറ്റി അപ്പോൾ മനസ്സിൽ
 
കേരളത്തിലെ ചൂട് സഹിക്കാൻ കഴിയുന്നില്ലെന്ന് ഇടക്കിടെ പരാതി പറയുന്നുണ്ടായിരുന്നു സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ ഭീഷ്മാചാര്യൻ. പ്രളയത്തെ അതിജീവിച്ച കേരളത്തിന്‍റെ പ്രതീകമായ ചേക്കുട്ടി പാവ  സമ്മാനമായി നൽകിയാണ് സംഘാടകർ അദ്ദേഹത്തെ വരവേറ്റത്. വല്ലാത്ത ഒരു പ്രതികരണമാണ് തിരിച്ചുണ്ടായത്. നിങ്ങൾ മലയാളികൾ ആഗോള താപനത്തിനെതിരെ പ്രതികരിക്കണം, ഈ പോക്ക് പോയാൽ കേരളം കടലെടുക്കുക തന്നെ ചെയ്യും. ഗ്രീൻ ലാൻഡിലെയും  അന്‍റാർട്ടിക്കയിലെയും മഞ്ഞുരുകുന്നതിനെ ക്കുറിച്ചും, സമുദ്ര നിരപ്പ് ഉയരുന്നതിനെ ക്കുറിച്ചും  ഓർമ്മപ്പെടുത്തൽ. പിന്നെ നേരെ വിഷയത്തിലേക്ക്.

ഫേസ്ബുക്ക് ഗൂഗിൾ  ആമസോൺ മൈക്രോസോഫ്റ്റ്  ആപ്പിൾ ,സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ   റിച്ചാർഡ് സ്റ്റാൾമാൻ എല്ലാ ടെക് ഭീമൻമാർക്കും എതിരാണ് . 

protect me from surveillance... സംസാരം  തുടങ്ങിയത്  വിചിത്രമായ ഒരു നിബന്ധനയോടെയാണ്, എന്‍റെ ഫോട്ടോ എടുക്കരുത്. എടുത്താലും ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഇടരുത്. വാട്സാപ്പ് വഴി കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുക പോലും അരുത്. ഇനി എടുക്കണമെന്ന്  അത്ര നി‍ർബന്ധമാണെങ്കിൽ ജിയോ ടാഗിങ്ങ് ഓഫ് ആക്കി നെറ്റും ഓഫാക്കിയിട്ട് വേണമെങ്കിൽ എടുത്തോളൂ...

"അല്ല, അതെന്താ അങ്ങനെ?"

ഉടൻ വന്നു മറുപടി, ഈ മൂന്ന് ആപ്പുകളും ഭീകര ജീവികളാണ്. അവ നിങ്ങളെ തിന്നുകളയും.  പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നെങ്കിലും ഫേസ്ബുക്കിനോടുള്ള അമർഷം അണപൊട്ടുന്നുണ്ടായിരുന്നു  സ്റ്റാൾമാന്‍റെ  വാക്കുകളിൽ. 
പിന്നെ കുറച്ചുനേരം അക്ഷരാർത്ഥത്തിൽ സ്റ്റാൾമാൻ ഷോ ആയിരുന്നു. സ്റ്റാൾമാന്‍റെ ആദർശം, ദർശനം, തത്വവിചാരങ്ങൾ...
കമ്പ്യൂട്ടിംഗിന് മേലുള്ള നിയന്ത്രണം ഭരണകൂടത്തിന് നഷ്ടപ്പെടുമ്പോൾ തോൽക്കുന്നത് ജനതയാണ്.

സോഫ്റ്റ് വെയർ സ്വാതന്ത്രത്തെക്കുറിച്ചും അതിന്‍റെ അനിവാര്യതയെക്കുറിച്ചും കത്തിക്കയറിയ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‍വെയർ വ്യക്തി സ്വാതന്ത്രത്തിന് അനിവാര്യമാണെന്ന് സ്ഥാപിക്കാൻ പറഞ്ഞ ഉദാഹരണങ്ങൾ രസകരമാണ്.  കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്ന പൊലെയാണ് പണം കൊടുത്ത് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത്. പണം വാങ്ങുന്നത് തെറ്റല്ല അങ്ങനെ ചെയ്തു കഴിഞ്ഞാൽ പൂർണ്ണ നിയന്ത്രണം നമ്മുക്കായിരിക്കണം. പിന്നെയും നമ്മുടെ വിവരങ്ങൾ   എന്തിനാണ് അവർ പിൻവാതിൽ വഴി കൊണ്ടു പോകുന്നത് . നിങ്ങളുടെ എല്ലാ വിവരങ്ങളും തീറെഴുതിക്കൊടുത്തിട്ട് സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എന്‍റെ വിവരങ്ങൾ  കിട്ടിയിട്ട് ആർക്ക് എന്താക്കാനാണ്. 

ഇങ്ങനെ ചോദിക്കുന്നവരോട് ഒറ്റ ചോദ്യം ടോയ്ലറ്റിൽ പോകുമ്പോൾ ഒരാൾ കൂടെ വരുന്നതിനെക്കുറിച്ച് എന്താ ആഭിപ്രായം ?  തെരഞ്ഞെടുപ്പുകൾ വരെ അട്ടിമറിക്കപ്പെടുകയാണ് നിങ്ങളുടെ ഓരോരുത്തരുടെയും വിവരങ്ങൾക്ക് തിരിച്ചറിയുന്നതിനെക്കാൾ വിലയുണ്ട്.  മൈക്രോസോഫ്റ്റും ആപ്പിളും ഗൂഗിളുമെല്ലാം കാശുണ്ടാക്കുന്നത് എങ്ങനെയാണ് അവർ നിങ്ങളുടെ സ്വകാര്യതയ്ക്ക് വില കൽപ്പിക്കുന്നില്ല നിങ്ങളെക്കുറിച്ച് നിങ്ങളുടെ അച്ഛനും അമ്മയ്ക്കും അറിയുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ അവർക്കറിയാം. ഇവർക്ക് കുടപിടിക്കുന്ന നിലപാടാണ് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത് .

ഭരണകൂടം ജനങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് പോലെ അപകടകരമായ മറ്റൊരു കാര്യമില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെങ്കിലും ഇക്കാര്യത്തിൽ കേരളത്തിന്‍റെ പോക്ക് അത്ര ശരിയല്ലെന്ന് ഉപദേശവും. റേഷൻ ഡാറ്റാ അപ്ഡേഷൻ അടക്കം  സ്വകാര്യമേഖലയ്ക്ക് കൈമാറിയത് ശരിയായില്ലെന്നും സ്റ്റാൾമാന്‍റെ വിമർശനം.

സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ പേരിൽ സ്വകാര്യ കമ്പനികളുടെ ടാബ്ലെറ്റുകൾ  സ്കൂളിന്‍റെ പടികയറ്റുന്നതിനെ നിശിതമായി എതിർക്കുന്ന സ്റ്റാൾമാൻ ഉബുണ്ടുവിന്‍റെയും അത്ര വലിയ ചങ്ങാതിയല്ല ഫ്രീ സോഫ്റ്റ്‍വെയറും ഓപ്പൺ സോഫ്റ്റ്‍വെയറും രണ്ട് വ്യത്യസ്ഥ സംഭവങ്ങളാണെന്ന് പറഞ്ഞ സ്റ്റാൾ മാൻ താൻ FREE (സ്വതന്ത്ര സോഫ്റ്റ്വെയറിന്‍റെ ) ആളാണെന്ന് വ്യക്തമാക്കി.

'എന്നെ ഓപൺ സോഴ്സിന്‍റെ പിതാവേ.. എന്നു വിളിക്കുന്നത് അംബേദ്കറിനെ ബിജെപിയുടെ സ്ഥാപകനെന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ്' 

ആധാറിന്‍റെ സ്വകാര്യതാ ബില്ലിന്‍റെയും രാഷ്ട്രീയം നമ്മൾ മനസ്സിലാക്കിയതിനെക്കാൾ അപ്പുറമാണെന്ന് പറയുന്നു സ്റ്റാൾമാൻ.  നമ്മുടെ ദേശരാഷ്ട്രം വ്യക്തിനിയന്ത്രണങ്ങളുടെയും സ്വകാര്യതാ ലംഘനങ്ങളുടെയും കാര്യത്തിൽ ചൈനയെപ്പോലെ മാറുന്നുവോ എന്ന് ഭയപ്പെട്ടുതുടങ്ങണം. ഇന്ത്യൻ ജനത ഡിഎൻഎ ബില്ലിനെ എന്തു വില കൊടുത്തും ചെറുത്തു തോൽപ്പിക്കണമെന്നും  മുന്നറിയിപ്പ്. ലോകത്ത് ഒരു രാജ്യത്തുമില്ലാത്ത തരത്തിൽ സർക്കാർ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ്. ജീവിതകാലം മുഴുവൻ സ്വകാര്യതയ്ക്ക്  വേണ്ടി വാദിച്ച ഒരു മനുഷ്യൻ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ വഞ്ചിക്കുന്നത് എന്തൊക്കെയെന്ന്  വിശദീകരിക്കുകയാണ്. ആ വാക്കുകൾക്ക് നമ്മൾ ചെവി കൊടുക്കേണ്ടിയിരിക്കുന്നു.

digital surveillance in social media age dialogue with Richard Stallman

സാങ്കേതിക വിദഗ്ധനായ അങ്ങ് ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ലല്ലോ. ഇത്തിരി കിറുക്കനല്ലെ സ്റ്റാൾമാൻ? 

'അതെ, കിറുക്കനാണ്. ഇത്രയും കാലം മൊബൈൽ ഫോണില്ലാതെയാണ് ജീവിച്ചത്. ഫോണെന്ന് വിളിക്കരുത്  ആ ഉപകരണത്തെ  പേഴ്സണൽ ട്രാക്കറെന്ന് വിളിക്കണം. ഒരു മനുഷ്യൻ എന്തു ചെയ്യുന്നു, എവ ടെ പൊകുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു എന്നെല്ലാം മനസ്സിലാക്കുന്ന ഒരു ഉപകരണം എനിക്കാവശ്യമില്ല. പറ്റുമെങ്കിൽ നിങ്ങളും അത് ഉപേക്ഷിക്കൂ.'

ഇതൊക്കെ ഇല്ലാതെ ജീവിക്കാൻ ഇന്നത്തെ കാലത്ത് പറ്റുമോ?
 
'എനിക്കിത്രയും വയസായി ഇതൊന്നും ഇല്ലാതെ തന്നെ ഇത്രയും കാലം ജീവിച്ചു. ജോലി ചെയ്തു . ഇതൊന്നും ഇല്ലെങ്കിൽ ജീവിക്കാനാകില്ലെന്നത്   കരുതുന്നത് തന്നെ വിഡ്ഢിത്തം.' പിന്നെ അൽപം ചരിത്ര പാഠവും ലെനിന്‍റെ കാലത്തായിരുന്നു ഈ ഉപകരണം കണ്ടുപിടിക്കപ്പെടേണ്ടിയിരുന്നത്. ആയാൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടുമായിരുന്നു.

താങ്കളെ പോലെ അല്ലല്ലോ ഇതിലേക്ക് ജനിച്ചു വീണ തലമുറ?

അൽപ്പനേരം മൗനം, പിന്നെ ഉത്തരം,  'അവരോട് എനിക്ക് സഹതാപം മാത്രമാണുള്ളത് !' ഇന്‍റർനെറ്റ് ഉപഭോഗം കുറയ്ക്കണം. സ്വതന്ത്രമല്ലാത്ത ഒരു സോഫ്റ്റ്‍വെയറും ഉപയോഗിക്കരുത് , വിൻഡോസും ഗൂഗിളും എല്ലാം നിങ്ങളുടെ വിവരങ്ങൾ വിറ്റു കാശാക്കുകയാണ്. ആൻഡ്രോയിഡ് തട്ടിപ്പാണ്... അങ്ങനെ പോകുന്നു സ്റ്റാൾമാൻ വചനങ്ങൾ.

പരാജയപ്പെട്ട ലക്ഷ്യങ്ങൾക്കായുള്ള പോരാട്ടം?

ആ ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു സ്റ്റാൾമാന്‍റെ മറുപടി.'അതെ, തോറ്റു പോയ ആശയം തന്നെയാണ്. പക്ഷേ ഞാൻ പോരാട്ടം തുടരും. രണ്ടു മാർഗങ്ങളേ നമുക്കു മുമ്പിലുള്ളൂ, പോരാടുക അല്ലെങ്കിൽ കീഴടങ്ങുക. ഞാൻ അവസാനം വരെ ഞാൻ പോരാടുക തന്നെ ചെയ്യും. നിങ്ങളും പോരാടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം കീഴടങ്ങുവാൻ നമുക്കാവില്ല.'

Follow Us:
Download App:
  • android
  • ios