Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ AI തന്ത്രം: റിസ്കും അവസരവും തമ്മിലുള്ള സന്തുലനം

ഈ ലേഖനത്തിൽ ഇന്ത്യയുടെ ദേശീയ എ.ഐ നയം, റിസ്കും അവസരങ്ങളും പരി​ഗണിച്ചുള്ള വിനിമയം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും അതിൽ നിന്നും പ്രതീക്ഷിക്കേണ്ട ഫലങ്ങളുമാണ് ചർച്ച ചെയ്യുന്നത്.

India artificial intelligence strategy balancing risks and opportunities Carnegie India
Author
First Published Apr 10, 2024, 4:22 PM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ വളരെ കരുതലോടെ റിസ്കിനും നവീനതയ്ക്കും ഇടയ്ക്കുള്ള സന്തുലനമാണ് ഇന്ത്യയുടെ തന്ത്രം. ​ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (ജി.റ്റി.എസ്) 2023-ൽ ഇന്ത്യയുടെ എ.ഐ തന്ത്രം ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. ഇന്ത്യയുടെ മന്ത്രിതല പ്രതിനിധികൾ നയരൂപീകരണത്തെയും നിയന്ത്രണങ്ങളെയും കുറിച്ച് സംസാരിച്ചപ്പോൾ, ഈ രം​ഗത്തെ പ്രമുഖർ ഒരു യൂസ്-കേസ്-അധിഷ്ഠിതമായ തന്ത്രം അവതരിപ്പിച്ചപ്പോൾ, ആ​ഗോള നയതന്ത്ര വിദ​ഗ്ധർ ഈ രം​ഗത്തെ ഇന്ത്യയുടെ ഭരണ മാതൃകയുടെ മൂല്യം ലോകത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നതിൽ ഊന്നിയാണ് സംസാരിച്ചത്.

ഈ ലേഖനത്തിൽ ഇന്ത്യയുടെ ദേശീയ എ.ഐ നയം, റിസ്കും അവസരങ്ങളും പരി​ഗണിച്ചുള്ള വിനിമയം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും അതിൽ നിന്നും പ്രതീക്ഷിക്കേണ്ട ഫലങ്ങളുമാണ് ചർച്ച ചെയ്യുന്നത്.

ഇന്ത്യയും എ.ഐ എന്ന അവസരവും

വർഷങ്ങളായി സാമൂഹികക്ഷേമ പദ്ധതികൾക്ക് ഇന്ത്യ എ.ഐ ഉപയോ​ഗിക്കുന്നുണ്ട്. രോ​ഗങ്ങൾ കണ്ടെത്താൻ, കാർഷികോൽപ്പാദനം മെച്ചപ്പെടുത്താൻ, ഭാഷാപരമായ വൈവിധ്യം നിലനിർത്താൻ എല്ലാം ഇത് പ്രയോജനപ്പെടുന്നുണ്ട്.

സാങ്കേതികവിദ്യ ഉപയോ​ഗിച്ച് വലിയ മാറ്റങ്ങൾക്ക് ഇന്ത്യ ശ്രമിക്കുന്നത് അതിശയകരമാണ്. ഉദാഹരണത്തിന് അടുത്തിടെ സാമ്പത്തിക ബഹുസ്വരതയ്ക്ക് ഡിജിറ്റൽ പബ്ലിബ് ഇൻഫ്രാസ്ട്രക്ച്ചർ ഉപയോ​ഗപ്പെടുത്തി. ഇത് ലോകബാങ്ക് തന്നെ അം​ഗീകരിച്ചു. ലോകം അതിവേ​ഗം എ.ഐ മാറ്റങ്ങൾ സ്വീകരിക്കുമ്പോൾ ഇന്ത്യയുടെ സ്വാധീനം നിർണ്ണായകമാകും. പ്രത്യേകിച്ചും ​ഗ്ലോബൽ സൗത്ത് മേഖലയിൽ ഇന്ത്യയുടെ നവീനതയിലും ക്ഷേമപ്രവർത്തനങ്ങളിൽ ഊന്നിയുള്ളതുമായ എ.ഐ വികസനം വളരെ വിലപ്പെട്ടതാണ്.

ആ​ഗോളതലത്തിലും തങ്ങളുടെ സന്ദേശം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന ജി20 നേതാക്കന്മാരുടെ സമ്മേളനത്തിൽ നവീനതയ്ക്ക് അനുകൂലമായ ഭരണ രീതിയാണ് ഇന്ത്യ മുന്നോട്ടുവച്ചത്. സഹകരണത്തോടെ എ.ഐ എന്ന ആശയം ഇന്ത്യയിൽ തന്നെ നടന്ന ​ഗ്ലോബൽ പാർട്ട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മിറ്റിൽ ഇന്ത്യ വീണ്ടും അവതരിപ്പിച്ചു. ഇവിടെ അം​ഗരാജ്യങ്ങൾ തമ്മിൽ തുല്യമായ എ.ഐ ആക്സസും റിസോഴ്സുകളും വികസിക്കുന്ന രാജ്യങ്ങൾ തമ്മിൽ പങ്കുവെക്കാനായിരുന്നു ധാരണ.

ഇന്ത്യയുടെ എ.ഐ തന്ത്രത്തിന്റെ ഘടകങ്ങൾ

ഇന്ത്യയുടെ ദേശീയ എ.ഐ നയരൂപീകരണത്തിൽ വിദ​ഗ്ധർ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ ഇനി പറയാം.

1. ഡാറ്റ: ഡാറ്റ നവീനതയിലേക്കുള്ള വഴിയായാണ് ഇന്ത്യ കാണുന്നത്. ഡാറ്റ എംപവർമെന്റിനായി ടെക്നിക്കൽ പ്രോട്ടോക്കോളുകളും ദേശീയ നയങ്ങളും ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്. പൊതു ഉപയോ​ഗത്തിന് ഉതകുന്ന രീതിയിൽ രഹസ്യമായി ഡാറ്റ കൈകാര്യം ചെയ്യുന്നുമുണ്ട്. അടുത്തിടെ ഒരു വ്യക്തി​ഗത ഡാറ്റ സംരക്ഷണ നിയമം ഇന്ത്യ തയാറാക്കി. ഇതിൽ സ്വകാര്യതയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. എങ്കിലു പൊതുമണ്ഡലത്തിൽ ലഭ്യമായ സ്വകാര്യ വിവരങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി. എ.ഐ മോഡലുകൾക്ക് പരിശീലനം നൽകാൻ ഈ ഡാറ്റ പ്രയോജനപ്പെടുത്തും. വളരെ എളുപ്പത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു തടസ്സം ഇന്ത്യയുടെ പ്രാദേശിയ ഭാഷകളിൽ സ്ട്രക്ച്ചേഡ് ആയിട്ടുള്ള ഡാറ്റ ലഭ്യമല്ല എന്നതാണ്. ഇത് ചായ്വുകളും ഡാറ്റ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനും തടസ്സമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ, ഡിജിറ്റൽ ഉള്ളടക്കം കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ അവസരമുണ്ടാക്കണം. അതേ സമയം തന്നെ കൊളാബൊറേറ്റീവ് എ.ഐ ഉപയോ​ഗപ്പെടുത്തി മറ്റു രാജ്യങ്ങളുമായി പങ്കാളിത്തം സ്ഥാപിച്ച് ഡാറ്റ ഷെയറിങ് സാധ്യമാക്കി ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന എ.ഐ മോഡലുകൾക്ക് പ്രാധാന്യവും നൽകണം.

2. കംപ്യൂട്ട്: കംപ്യൂട്ടിങ് ശക്തി വർധിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം മൂലധനം, തൊഴിൽ, അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ​ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളുടെ വില, നൈപുണിയുള്ള തൊഴിലാളികളുടെ അഭാവം, വിപണിയിലെ ശക്തികളുടെ മത്സരം എന്നിവയുമായി ബന്ധപ്പെട്ടതാകാം. ഇതിനായി ഇന്ത്യ ഒരു കംപ്യൂട്ട് സ്റ്റാക്ക് വികസിപ്പിക്കുകയാണ് വേണ്ടത്. സുസ്ഥിരമായ, സ്വാശ്രയത്തമുള്ള, പിന്നീട് ശേഷി ഉയർത്താൻ കഴിയുന്ന ഒരു സംവിധാനമായിരിക്കണം ഇത്. ഇതിന്റെ ആദ്യ പടിയായി നയരൂപീകരണം നടത്തുന്നവർ ഇന്ത്യയുടെ നിലവിലുള്ള കംപ്യൂട്ട് കപ്പാസിറ്റിയും പ്രോജക്റ്റ് ആവശ്യകതയും വിലയിരുത്തണം. ഇത് തന്ത്രരൂപീകരണം എളുപ്പമാക്കും. ഉദാഹരണത്തിന് ഏത് തരത്തിലുള്ള സെമികണ്ടക്ടർ ഉപയോ​ഗിക്കണം, അത് പ്രാദേശികമായി നിർമ്മിക്കുന്നത് എന്ത് ഇളവുകൾ നൽകണം എന്നിവയെല്ലാം ചർച്ചയിൽ വരണം. അതുപോലെ തന്നെ ​ഗ്ലോബൽ ടെക്നോളജിക്കൽ സമ്മിറ്റിൽ പ്രസ്താവിച്ചത് പോലെ ജനാധിപത്യപരമായി കപ്യൂട്ട് ആക്സസ് ഉറപ്പാക്കുകയും വേണം. ഇത് ആ​ഗോളതലത്തിൽ എല്ലാവർക്കും കംപ്യൂട്ട് ചെയ്യാനുള്ള കഴിവ് നൽകുന്നതിനും സഹായിക്കും. അതേ സമയം തന്നെ പുതിയ സാങ്കേതികവിദ്യാ മേഖലകൾ ഇന്ത്യക്ക് പിന്തുടരാനുമാകും.

3. മാതൃകകൾ: ​ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രധാനമായും ഉരുത്തിരിഞ്ഞു വന്ന ഒരു സംവാദം ഇന്ത്യയ്ക്ക് അതിന്റെ ദേശീയ എ.ഐ ലക്ഷ്യങ്ങൾ നിറവേറ്റാൻ ചെറിയ, ഓപ്പൺ-സോഴ്സ് അധിഷ്ഠിത മാതൃകകൾ കൊണ്ട് കഴിയുമോ എന്നതാണ്. നിലവിൽ പൊതു ഉപയോ​ഗത്തിനുള്ള കംപ്യൂട്ട് സാധ്യതകൾ കൂടുതലുള്ള വിദേശ മോഡലുകളാണ് പ്രധാനമായും ഉള്ളത്. ചർച്ചയിലുണ്ടായ സമവായം ഇന്ത്യ രണ്ട് മാതൃകകളും ഭാവിക്കായി ഉപയോ​ഗിക്കുക എന്നതാണ്. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ഓപ്പൺ സോഴ്സ് മോഡലുകൾ ​ഗുണം ചെയ്യുമെന്ന് ഒരു വിഭാ​ഗം ടെക്നോളജിസ്റ്റുകൾ പറയുന്നു. മറ്റുള്ളവരാകട്ടെ മിലിട്ടറി, പരമാധികാര വിവരങ്ങൾക്ക് അടഞ്ഞ സോഴ്സ് സംവിധാനങ്ങളാകും നല്ലതെന്നാണ്. ചരിത്രപരമായി തന്നെ ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. 2014-ൽ ഓപ്പൺസോഴ്സ് സോഫ്റ്റ്വെയർ സർക്കാർ വകുപ്പുകളിൽ ഉപയോ​ഗിക്കാൻ ഇന്ത്യ പ്രേരണ നൽകിയിരുന്നു. ഇതേ നയം എ.ഐ സംവിധാനങ്ങളിലും വരുമോ എന്നത് വളരെ പ്രധാനപ്പെട്ട നയതന്ത്ര തീരുമാനമാണ്.

തിരിച്ചറിയാം റിസ്ക്

എ.ഐ അധിഷ്ഠിതമായ മാറ്റങ്ങൾ നിരവധിയായിട്ടും ഇന്ത്യയിലെ നയരൂപീകരണത്തിലുള്ളവർ സെൻസിറ്റീവ് ആയ നിലപാടുകളാണ് കൈക്കൊണ്ടിട്ടുള്ളത്. 2023 നവംബറിൽ നടന്ന എ.ഐ സേഫ്റ്റി സമ്മിറ്റിൽ ഇന്ത്യയുടെ മന്ത്രിതല പ്രതിനിധികൾ നിയമങ്ങൾക്ക് അപ്പുറത്തേക്ക് നവീനത പ്രോത്സാഹിപ്പിക്കരുതെന്നാണ് നിലപാട് എടുത്തത്. ബ്ലെച്ച്ലി ഡിക്ലറേഷൻ ഒപ്പിടുകയും ചെയ്തു. ഇത് ഫ്രോണ്ടിയർ മോഡലുകളിലെ സുരക്ഷാ റിസ്കുകളെക്കുറിച്ചാണ് പറയുന്നത്. ഇതിന് പുറമെ ഇന്ത്യ പിന്തുടർന്ന നയം ന്യായവും ഉത്തരവാദിത്തപരവും സുതാര്യവും സ്വകാര്യതയുള്ളതും ഇന്റലക്ച്ച്വൽ പ്രോപ്പർട്ടിക്ക് പിന്തുണയുള്ളതും വികസനവും സുരക്ഷിതത്വും വാ​ഗ്ദാനം ചെയ്യുന്ന എ.ഐ വികസിപ്പിക്കാനാണ്.

ഇത് പറയുമ്പോൾ തന്നെ ഇന്ത്യയുടെ തദ്ദേശീയ നയങ്ങൾ ഒട്ടും ആശ്വാസം നൽകുന്നില്ല. സുതാര്യവും സുരക്ഷിതത്വവും വിശ്വസവും ഉത്തരവാദിത്തവും പ്രോത്സാ​ഹിപ്പിക്കുമ്പോൾ തന്നെ ഇതിന് കൃത്യമായ ഒരു തന്ത്രം എ.ഐ നിയന്ത്രണത്തിൽ കാണുന്നില്ല. ഉദാഹരണത്തിന് ഡീപ്ഫേക്കുകൾ നിയന്ത്രിക്കാൻ വേണ്ടിയുള്ള നിലവിലെ നയം അഡ്വൈസറികളും നിയമപോരാട്ടങ്ങളുമാണ്. പക്ഷേ, ഡീപ്ഫേക്കുകൾ കുറയുന്നില്ല. ഈ നയം വളരെ ഉപരിപ്ലവം മാത്രമാണെന്ന് വിമർശനങ്ങളുണ്ട്.

ഇതിന് പകരം വിശാലമായ ഒരു നീക്കമാണ് സർക്കാർ നടത്തേണ്ടത്. സുരക്ഷയും റിസ്ക്കും തമ്മിൽ ബന്ധപ്പെടുത്തിവേണം കാര്യങ്ങലെ അപ​ഗ്രഥിക്കാൻ. മിസ്ഇൻഫർമേഷൻ തടയാൻ ടെക്നിക്കൽ ​ഗൈഡ്ലൈനുകൾ പ്രസിദ്ധപ്പെടുത്താം. ഇത് കൂടുതൽ ഉപകാരപ്പെടും. ഇതിലൂടെ സുതാര്യതയും ഉത്തരവാദിത്തവും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉപയോ​ഗപ്പെടുത്താൻ സർക്കാരുകൾക്ക് കഴിയും.

ഇതോടൊപ്പം ഇന്ത്യ പുതുതായി വരുന്ന നിയമ പ്രശനങ്ങൾ നേരിടാനും ഒരു തന്ത്രം ഉണ്ടാക്കണം. ഇത് എ.ഐ വാല്യൂ ചെയിനിലെ വിവിധ അം​ഗങ്ങളെ എങ്ങനെ നേരിടുമെന്നതിൽ കൃത്യമായ ആശയം നൽകും.

യഥാർത്ഥ ബാലൻസ് ഉറപ്പിക്കാം

വികസനത്തിനും സുരക്ഷയ്ക്കും ഇടയിലുള്ള ഏറ്റവും നല്ല എ.ഐ മാതൃക അന്വേഷിക്കുകയാണ് സർക്കാരുകൾ. ഒരു ദേശീയ എ.ഐ പ്രോ​ഗ്രാമിനായി ഇന്ത്യ ഏകദേശം ഒരു ബില്യൺ ഡോളർ ചെലവാക്കാനാണ് ഒരുങ്ങുന്നത്. ഇത് ലോകത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു.

പുത്തൻ ഡി.പി.ഐ ഉപയോ​ഗിച്ച് പുതിയ ടെക്നോളജികൾ ഇന്ത്യ പുറത്തിറക്കുന്നത് ലോക ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. അതേ സമയം ലൈറ്റ്-ടച്ച് രീതിയിൽ എ.ഐ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ​ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ഏകദേശ സമ്മതമുള്ള കാര്യവുമാണ്. വികസിത രാജ്യങ്ങൾ ആവർത്തിക്കുന്ന എക്സിസ്റ്റൻഷ്യൽ റിസ്ക് എന്നത് തങ്ങളുടെ വികസനത്തെ ബാധിക്കരുത് എന്നതാണ് ​ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ആ​ഗ്രഹിക്കുന്നത്.

ഇന്ത്യയുടെ എ.ഐ തന്ത്രം വലിയ പുരോ​ഗതിയെക്കുറിച്ച് തന്നെയുള്ളതാണ്. ഇന്ത്യയ്ക്കും ലോകത്തിന് മുഴുവനും അത് ബാധകവുമാണ്.

Follow Us:
Download App:
  • android
  • ios