തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും വീടുകളിൽ പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് കമ്മ്യൂണിറ്റി കിച്ചണുകൾ. 1059 അടുക്കളകളാണ് ഇത് വരെ സംസ്ഥാനത്ത് തയ്യാറായിട്ടുള്ളത്. ഇന്നത്തെ വാർത്തയ്ക്കപ്പുറം തിരുവനന്തപുരം നഗരസഭയുടെ തൈക്കാടുള്ള സമൂഹ അടുക്കളയിൽ നിന്നായിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോറും, യുവജനകമ്മീഷൻ യുവജന കമ്മീഷൻ ചെയർപേഴ്സണും ഇന്ന് അതിഥികളായി എത്തിയുരുന്നു. 

സമൂഹ അടുക്കളകൾ കൂട്ടായ്മയുടെ വിജയമാമെന്നാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോറിന് പറയാനുണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും,, കുടുംബശ്രീയും, ജില്ലാ കളക്ടർമാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചത് കൊണ്ടാണ് ഇത്രയും അടുക്കളകൾ യാഥാർത്ഥ്യമാക്കാൻ കഴി‌ഞ്ഞതെന്ന് ഹരികിഷോ‌ർ പറയുന്നു. 

അദ്യ ഘട്ടം സമൂഹ അടുക്കളകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. ആളുകൾക്ക് പെട്ടന്ന് എത്തിപ്പെടാൻ സാധിക്കുകയും, ഭക്ഷണം വൃത്തിയായി പാകം ചെയ്യാൻ സാധിക്കുകയും ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. കുടുംബശ്രീയും, പഞ്ചായത്ത് മുൻസിപ്പാലിറ്റി അധികൃതരും ചേർന്ന് പെട്ടന്ന് തന്നെ സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്യുകയും ചെയ്തു. 

പാകം ചെയ്ത ഭക്ഷണം വൊളന്‍റിയർമാരുടെ സഹായത്തോടെയാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. രണ്ട് തരത്തിലാണ്  വിതരം. അടുക്കളകളിൽ നേരിട്ടെത്തി 20 രൂപയ്ക്ക് ഭക്ഷണം വാങ്ങുവാൻ സൗകര്യമുണ്ട്. അല്ലാതെ അർഹരായവർക്ക് സൗജന്യമായി വീടുകളിലെത്തിച്ച് നൽകുന്നുമുണ്ട്. 

23 കോടി രൂപ സർക്കാർ സമൂഹ അടുക്കളകൾ സജ്ജമാക്കുന്നതിനായി കുടുംബശ്രീക്ക്  അനുവദിച്ച് നൽകിയിട്ടുണ്ട്. ഓരോ കമ്മ്യൂണിറ്റി കിച്ചണും ആവശ്യത്തിനനുസരിച്ച് 50,000 രൂപ വരെ ലഭ്യമാക്കും. സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്പോൺസർ ഷിപ്പ് സ്വീകരിക്കുകയോ. സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തുകയോ വേണം എന്നാണ് നിർദ്ദേശം. 

സിവിൽ സപ്ലൈസ് 10 രൂപ 90 പൈസക്കാണ് സമൂഹ അടുക്കളകളിലേക്ക് അരി കൊടുക്കുന്നത്. 86 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകളും
കുടുംബശ്രീയുടെ നേതൃത്വത്തിലാണ്.