Asianet News MalayalamAsianet News Malayalam

'ജനതാ കർഫ്യൂ നല്ലത്, പക്ഷേ ദിവസക്കൂലിക്കാർ എങ്ങനെ ജീവിക്കും?' ധനമന്ത്രി ചോദിക്കുന്നു

ഇന്ന് വാർത്തയ്ക്കപ്പുറം വീട്ടിൽ നിന്നായിരുന്നു. ഞങ്ങളുടെ തിരുവനന്തപുരം റീജ്യണൽ എഡിറ്റർ ആർ അജയഘോഷ് ജനതാ കർഫ്യൂവിന് പിന്തുണയുമായി വീട്ടിൽ നിന്ന് വാർത്തയ്ക്കപ്പുറം അവതരിപ്പിച്ചു. സാമൂഹ്യ അകലം പാലിക്കാനുള്ള ജനതാ കർഫ്യൂവിന് പിന്തുണ ലഭിക്കുമ്പോഴും ഉയരുന്ന ചോദ്യമുണ്ട്. ദിവസക്കൂലിക്കാരായ സാധാരണക്കാർ എന്തുചെയ്യും?

finance minister thomas issac on janata curfew and economic crisis in varthakkappuram
Author
Thiruvananthapuram, First Published Mar 22, 2020, 11:18 AM IST

തിരുവനന്തപുരം: കൊവിഡ് 19 രോഗബാധ ആരോഗ്യരംഗത്തെ മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കൂടിയാണ് ഗുരുതരമായി ബാധിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളക്കാരെപ്പോലെയല്ല, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ഈ ലോക്ക് ഡൌൺ വലിയ പ്രതിസന്ധിയിലാക്കും. ജനതാ കർഫ്യൂ എന്ന ആശയത്തെ സർവാത്മനാ സ്വാഗതം ചെയ്യുമ്പോഴും, ഇത് നീണ്ട് പോയാൽ ദിവസവരുമാനക്കാരായ സാധാരണക്കാർ എന്ത് ചെയ്യുമെന്നതാണ് തന്നെ അലട്ടുന്നതെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്കപ്പുറത്തിൽ, റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനോട് പറഞ്ഞു. ഇതിനെ നേരിടാൻ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തുന്നതുൾപ്പടെ കേന്ദ്രസർക്കാരിന് മുന്നിൽ ചില നിർദേശങ്ങളും തോമസ് ഐസക് മുന്നോട്ടുവയ്ക്കുന്നു. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ പ്രളയത്തിന് ശേഷം കൊവിഡ് കൂടി വന്നത് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാണ്. കേരളം മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളെയും ഈ തിരിച്ചടി വലിയ രീതിയിൽ ബാധിക്കും. ഇതിനെ നേരിടാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ടേ മതിയാകൂ - തോമസ് ഐസക് പറഞ്ഞു.

ഇന്ത്യ മുഴുവൻ ജനങ്ങളും ജനതാ കർഫ്യൂവുമായി സഹകരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ കാണുമ്പോൾ വ്യക്തമാകുന്നു. എന്റെ അറിവിൽ ഇതൊരു ഡ്രസ് റിഹേഴ്സലാണ്. കൊവിഡ് രോഗബാധ വ്യാപിച്ചാൽ സമ്പൂർണ ലോക്ക് ഡൌണിലേക്ക് പോയേക്കാം. ഇതിലൊരു ഗൌരവപ്രശ്നമുണ്ട്. അത് യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ കാണുന്നില്ല എന്നതാണ് എന്നെ ആശങ്കയിലാക്കുന്നത്. മാസം തോറും ശമ്പളം വാങ്ങുന്നവർ പിടിച്ചു നിന്നേക്കാം. ദിവസവേതനക്കാർ വീട്ടിലിരുന്നാൽ എന്ത് ചെയ്യും? കേരളത്തിൽ പോലും ദിവസക്കൂലിക്കാരെ വീട്ടിൽ നിർത്തുന്നില്ല. ഈ പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യിൽ പണം എങ്ങനെ എത്തിക്കാം എന്നതാണ് എന്നെ അലട്ടുന്നത് - എന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു. 

കേന്ദ്രം എന്തുചെയ്യണം?

കൊവിഡിനെ നേരിടാനായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് വിമർശനാത്മകമായ സമീപനമാണ് തോമസ് ഐസകിനുള്ളത്. ജനങ്ങൾക്ക് കുടുംബശ്രീ വഴി വായ്പ എന്നതുൾപ്പടെ, 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കേന്ദ്രം പ്രഖ്യാപിച്ചത് 55,000 കോടി രൂപയുടെ പാക്കേജും. ഇതിൽ 44,000 ഇലക്ട്രോണിക് വ്യവസായ മേഖലയ്ക്കാണ്. 10,000 കോടി രൂപ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്കും. 

കോർപ്പറേറ്റ് ടാക്സ് നികുതിയിളവും ഇത്തരം പാക്കേജുകളും ഒക്കെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാമെന്ന് പറയുമ്പോഴും തോമസ് ഐസക് ചോദിക്കുന്നത് ഇതാണ്. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ എന്തുണ്ട് കേന്ദ്രസർക്കാരിന്റെ കയ്യിൽ? രാജ്യമെമ്പാടുമുള്ള ഗോഡൌണുകളിൽ അരിയുൾപ്പടെയുള്ള ധാന്യവിതരണം കാര്യക്ഷമമല്ല. കേരളം അരി തരൂ എന്ന് പല തവണ കേന്ദ്രസർക്കാരിനോട് ചോദിച്ചതാണ്. ഇത് തരേണ്ട സമയം ഇതാണ്. തൊഴിലുറപ്പ് വഴി വിതരണം ചെയ്യുന്ന തുക ഇരട്ടിയാക്കിക്കൂടേ? ഇങ്ങനെ സാധാരണക്കാരുടെ കയ്യിൽ പണമെത്തിക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്. അത് ചെയ്യണം. 

സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്നതിൽ പരിമിതികളുണ്ട്. സംസ്ഥാനത്തിനാകട്ടെ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. നവകേരളനിർമാണമടക്കം, കേരളത്തിന്റെ അടിസ്ഥാനമേഖലയിൽ ചെയ്യേണ്ട കാര്യത്തിനൊപ്പം, എല്ലാ സാമ്പത്തികമേഖലകളെയും സഹായിക്കേണ്ടി വരും. പക്ഷേ, സംസ്ഥാനസർക്കാരിന് നികുതി കൂട്ടാൻ കഴിയില്ല. മാത്രമല്ല, നികുതി കൂട്ടി വരുമാനമുണ്ടാക്കുന്നത് ശരിയായ രീതിയാണെന്ന് തനിക്ക് അഭിപ്രായവുമില്ല. പെട്രോളിന്റെ തന്നെ നികുതി പിൻവലിക്കേണ്ടതാണ് എന്നതാണ് എന്റെ അഭിപ്രായം. പക്ഷേ, കേന്ദ്രം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാൻ അനുവദിക്കുന്നില്ല. വായ്പാപരിധി കൂട്ടുന്നില്ല. പക്ഷേ, കേരളത്തിന് ചെലവുകൾ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ എല്ലാ മാസവും 30 കോടിയാണ് കൊടുക്കാറെങ്കിൽ ഇത്തവണ അതിൽ കൂടുതൽ വേണ്ടി വരും. ലോട്ടറി നിർത്തിയിരിക്കുകയാണ്. തൊഴിലാളികൾക്ക് കുറച്ച് പൈസ കൊടുക്കണ്ടേ? 20 രൂപ ഊണ് സാധാരണക്കാരെ സഹായിക്കുന്നതാണ്. അതിന് ചെലവില്ലേ? 

ഇതെല്ലാം പരിഹരിക്കാൻ അടിയന്തരമായി സംസ്ഥാനങ്ങളുടെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടി കേന്ദ്രം പുനഃപരിശോധിക്കണം. വായ്പാപരിധി 3 ശതമാനത്തിൽ നിന്ന് നാല് ശതമാനത്തിലേക്ക് ഉയർത്തണം. കൊവിഡ് മൂലമുണ്ടായ മാന്ദ്യം മറികടക്കാൻ ചൈന അടക്കം പ്രഖ്യാപിച്ചത് സ്പെഷ്യൽ മുൻസിപ്പൽ ബോണ്ടുകൾ ഇറക്കുമെന്നാണ്. വിപണിയിൽ പണമുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ കേന്ദ്രം അനുവദിക്കണം. കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ഒപ്പം നിൽക്കണം - ഐസക് പറയുന്നു. 

കാര്യമെന്തായാലും ജനതാ കർഫ്യൂവിനെ പിന്തുണയ്ക്കുന്നതായി തോമസ് ഐസക് പറയുന്നു. ഇന്ന് പൂർണമായും വീട്ടിലിരുന്ന് പണിയെടുക്കും. വീടൊന്ന് വൃത്തിയാക്കണം. അതിന് ശേഷം, ബാക്കി സമയം ധനകാര്യകമ്മീഷന്റെ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫിസ്കൽ ചാലഞ്ചസ് ടു ഫെഡറലിസം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ ജോലികളുണ്ട്, അത് തീർക്കണം - തോമസ് ഐസക് പറയുന്നു. 

ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആലപ്പുഴയിൽ നിന്ന് എത്തിയതേ ഉള്ളൂ, പക്ഷേ ധനകാര്യമന്ത്രി വിശ്രമിക്കുന്നില്ല. വീട്ടിലിരുന്നും പണിയെടുക്കും, ഉറപ്പ് - എന്ന് ഐസക്. 

 

Follow Us:
Download App:
  • android
  • ios