Asianet News MalayalamAsianet News Malayalam

പ്രകൃതിദുരന്തങ്ങൾ നമ്മെയിപ്പോൾ ഞെട്ടിക്കാത്തതെന്ത് കൊണ്ട്? പ്രളയാനന്തരകേരളം എങ്ങോട്ട്?

2018 മുതൽ ഇത് നിത്യസംഭവമാകുകയാണ്. മഴയത്ത് നദിക്ക് കര കവിഞ്ഞേ പറ്റൂ. അതിനാലാണ് ആറ്റു പുറമ്പോക്കെന്ന പ്രയോഗം തന്നെ വരാൻ കാരണം. പ്രളയജലം പാടത്തും, കുളങ്ങളിലും, തോട്ടിലും, പറമ്പിലുമൊക്കെ തങ്ങിനിന്ന് മഴക്കാടുകളിലെ സമ്പുഷ്ടമായ എക്കലൊക്കെ ഒഴിവാക്കി സമൃദ്ധമാക്കിയാണ് മടങ്ങിയിരുന്നത്. 

kerala after flood analysis by s biju
Author
Thiruvananthapuram, First Published Nov 7, 2021, 4:40 PM IST

ഇപ്പോഴിതാ 2021-ൽ മധ്യകേരളത്തിലെ മലയോരങ്ങളിൽ അതിവർഷവും, ഉരുൾപൊട്ടലും സമാനകകളില്ലാത്ത് നാശമാണ് വരുത്തിയിട്ടുള്ളത്. 26 പേരുടെ മരണത്തിനും വൻ വസ്തു നാശത്തിനും ഇടവരുത്തിയ ദുരന്തത്തിൽ നിന്ന് ഇപ്പോഴും എണീറ്റ് നിൽക്കാൻ പോലും ആയിട്ടില്ല. കോട്ടയത്തെ പൂഞ്ഞാറും പരിസരത്തുമായുണ്ടായ നൂറുകണക്കിന്  ഉരുൾപൊട്ടലുകൾ  കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളെ തരിപ്പണമാക്കിയിട്ടുണ്ട്. 2018 -ൽ നിന്ന് 2021 -ൽ എത്തിയപ്പോഴേക്കും കരുതലിൽ നിന്ന് നിർവികാരതയിലേക്ക് മാറിയിരിക്കുന്നു മലയാളിയുടെ സഹായ മനോഭാവം.

kerala after flood analysis by s biju

വരണ്ട മണ്ണിൽ നിന്ന്  ജലം തേടിയുള്ള യാത്രകളാണ് മനുഷ്യചരിത്രത്തിലെ നാട്ടുനടപ്പ്. പലായനം ചെയ്യുന്നവർ ഏറെയും തേടിയിരുന്നത് പച്ചപ്പുകളായിരുന്നു. അങ്ങനെയാണല്ലോ നദീതട സംസ്കാരം രൂപം കൊണ്ടതും. സിന്ധുനദീതട സംസ്കാരത്തിന്റെ സന്തതികളാണല്ലോ നാം. ഗംഗയും, യമുനയും, ബ്രഹ്മപുത്രയും, നർമ്മദയും, ഗോദാവരിയും, കാവേരിയും, നിളയും, പെരിയാറും, പമ്പയും പിന്നിട്ട് ഇങ്ങ് തെക്ക് താമ്രപർണ്ണി വരെ ചെറുതും വലുതുമായ നിരവധി നദീതടങ്ങളിലാണ് ഭാരത സംസ്കാരം രൂപപ്പെട്ടത്. അതിനിടയിൽ നഷ്ടപ്പെട്ടെന്ന് കരുതുന്ന സരസ്വതിയുടേത് പോലുള്ള മറ്റേനകം തടങ്ങളും. ഗതിമാറിയൊഴുകുന്ന പുഴയ്ക്കാെപ്പം മനുഷ്യനും ചുവടു മാറ്റുന്നു. 

മധ്യകേരളത്തിലെ നദികൾക്ക് സമുദ്രത്തിലേക്ക് ഒഴിയും മുൻപ് വിശ്രമിക്കേണ്ട റൂം ഫോർ റിവർ അഥവാ തണ്ണീർ തടമാണ് കുട്ടനാട്. അവിടെയുള്ള വിവിധ ചെറുകരകളിലായിരുന്ന പലരും  ഇപ്പോൾ അവിടം ഒഴിയുകയാണ്. മങ്കൊമ്പ് പോലുള്ള കുറച്ചുകൂടി വിശാലതയുള്ളയിടങ്ങളിൽ താമസക്കാർ ചേക്കേറുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് ഒന്നര മീറ്റർ താഴത്താണ് കുട്ടനാട്. പത്ത് മുപ്പത് കൊല്ലം മുമ്പ് കുട്ടനാടൻ വിശേഷങ്ങൾ ചിത്രീകരിക്കാൻ പോയ വേളയിൽ ക്യാമറയിലെ വ്യൂ ഫൈൻഡറിൽ കാണുന്ന കാഴ്ച “സ്ഥല ജല” വിഭ്രമമുണ്ടാക്കിയിട്ടുണ്ട്. നമ്മൾ പുഞ്ചപ്പാടത്ത്  നിന്ന് കാഴ്ചകൾ പകർത്തുമ്പോൾ അപ്പുറത്തുള്ള ജലപ്പരപ്പിൽ  വള്ളങ്ങൾ നമ്മുടെ തലക്ക് മുകളിലൂടെ പോകുന്നത് കാണാം. പിന്നീടാണ് അത് പമ്പയാണെന്നും, മടകെട്ടിയാണ് മുകളിലുള്ള നദിയിലേക്ക് താഴെയുള്ള പുഞ്ചപ്പാടത്ത് നിന്ന് പെട്ടിയും പറയും പമ്പുമെല്ലാം വച്ച് വെള്ളം ഒഴിവാക്കി കൃഷിയിറക്കുന്നതെന്ന് അറിയാനായത്. തോണിയിൽ പോയി കരി കുത്തിയെടുത്ത് കെട്ടിയ വരമ്പത്ത്,  മട വീഴ്ച വരുമ്പോൾ ഒരാണ്ടത്തെ അദ്ധ്വാനം നഷ്ടമാകുമെന്ന വർത്തമാനത്തിന്റെ പൊരുൾ പോലും വഴിയേയാണ് അറിഞ്ഞത്. 

ഞങ്ങൾ ഡോക്യുമെന്റി ചിത്രീകരിക്കുമ്പോൾ കിഴക്കൻ മലകളിൽ നിന്ന് പുഴകൊണ്ടു വരുന്ന എക്കലും മണലുമടങ്ങിയ കരിമണ്ണ് കുട്ടനാടൻ കരുമാടിക്കുട്ടൻമാർ മുങ്ങി കുത്തിയെടുക്കുന്നത് നേരിട്ടു കണ്ടറിഞ്ഞു. അത് വള്ളത്തിലേറ്റി ആറിനും കായൽ ചതുപ്പിനുമിടയിൽ ചിറകെട്ടി കൃഷിക്കായി വയൽ സജ്ജമാക്കുന്നതിനെയാണ് കരിയും മടയുമെന്ന് വൈകി മനസ്സിലാക്കിയപ്പോഴാണ് അവിടത്തെ മനുഷ്വാദ്ധ്വാനത്തിന്റെ   ആഴമറിഞ്ഞത്. മാത്രമല്ല കിഴക്ക് നിന്ന് വരുന്ന പെയ്ത്തുവെള്ളം മട വീഴ്ത്തുന്നത് അഥവാ ചെളി ബണ്ട് പൊട്ടിച്ച് പുഞ്ചപ്പാടങ്ങളെ മുക്കുന്നത് നേരിട്ടു കാണാനുമായി. കനത്ത മഴ കഴിഞ്ഞ് വെയിലു തെളിഞ്ഞിട്ടാവും മലനാട്ടിലും ഇടനാട്ടിലും. രണ്ടു ദിവസം കഴിഞ്ഞാണ് അതെല്ലാം കുത്തി ഒലിച്ചു കുട്ടനാടൻ പരപ്പിലെത്തുക. അതിനാൽ തന്നെ പെയ്ത്ത് വെള്ളം വരുത്താവുന്ന വിനാശത്തേ നേരിടാൻ കുട്ടനാട്ടുകാ‌ർ തയ്യാറായിരുന്നു.

അതൊക്കെ പോയകാലം. ഇന്ന് കുട്ടനാടും വ്യത്യസ്ത ചിത്രമാണ് നൽകുന്നത്. ഓടിവള്ളത്തിൽ ഓടി നടന്നിരുന്ന കുട്ടനാട്ടൻ അവസ്ഥ മെല്ലെ മാറുകയാണ്. വിദ്യാഭ്യാസവും വാർത്താവിനിമയോപാധികളും ഏറിയതോടെ കുട്ടനാട്ടുകാരുടെ ആവശ്യകതയും അഭിലാഷവും ഏറി. വള്ളത്തിലേറി വെള്ളം കടന്നുള്ള കാലം പോയി. എല്ലാവർക്കും വണ്ടിയായി, സ്വാഭാവികമായി വണ്ടി വീട്ടുപടിക്കലെത്താൻ റോഡ് വേണം. മാത്രമല്ല കാർഷിക സമ്പദ് വ്യവസ്ഥയിൽ നിന്ന് വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള ഉപജീവനത്തിലേക്ക് കുട്ടനാട്ടുകാർ കൂടുതൽ അടുത്തു. ഞാറടി മുതൽ കൊയ്ത്തുകറ്റ വരെ കടത്തിയിരുന്ന കെട്ടുവള്ളങ്ങൾ വിനോദസഞ്ചാരികളെ പാർപ്പിക്കാവുന്ന ഹൗസ് ബോട്ടുകളായി. പുറം പണിക്കാരായി അന്യമാം ദേശങ്ങങ്ങളിൽ പോയവർ അതേ സൗകര്യങ്ങൾ ഇവിടെയും പ്രതീക്ഷിച്ചു. 

തെറ്റ് പറയാനാകില്ല. ജീവിതക്രമവും ആവാസവ്യവസ്ഥയും മാറി. ഒരു വെള്ളക്കയറ്റത്തിൽ നഷ്ടപ്പെടാൻ അവർക്ക് ഏറെയുണ്ട്. കൊവിഡ്, പ്രതിസന്ധിക്ക് ആഴം കൂട്ടി. വിനോദസഞ്ചാരം ഏതാണ്ട് നിലച്ചു. അങ്ങനെ അവർ പലരും താമസിച്ചിരുന്ന  “കരി “ ഉപേക്ഷിച്ച് മങ്കൊമ്പ് പോലുള്ള കുറച്ചു കൂടി പരന്നയിടങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയത്. കുറച്ച് കൂടി സാമ്പത്തിക സ്ഥിതിയുള്ളവ‍ർ ചങ്ങനാശേരിക്കോ ആലപ്പുഴക്കോ മാറി തുടങ്ങി. ഇങ്ങനെ വെള്ളം കയറ്റം കാരണം നാടു വിടുന്നവർക്ക് അവരുടെ വീടും വസ്തുവകൾക്കും കൈമാറ്റം ചെയ്യാനും കഴിയാതെയായി. പലർക്കും എങ്ങനെയെങ്കിലും കുട്ടനാട് വിട്ട് ആലപ്പുഴ പട്ടണത്തിലേക്കോ അതിനുമപ്പുറമോ മാറി താമസിക്കണമെന്നുണ്ട് പക്ഷേ ഇപ്പോൾ കുട്ടനാട്ടിൽ അത് വാങ്ങാനാളില്ല. എന്നാൽ, കുട്ടനാട്ടിനെ ഈ ജലപ്പെരുപ്പത്തിലേക്ക് നയിച്ചതിൽ അവരുടെ പങ്ക് പരിമിതമാണ്.

കുട്ടനാട്ടിലെ അവസ്ഥ തന്നെയാണ് ഇടനാട്ടിലും. മണിമല- മീനച്ചിലാറുകളുടെ തീരങ്ങളിൽ വിനാശം നാമെല്ലാം കണ്ടതാണ്. നോക്കിനിൽക്കേയാണ് പലയിടത്തും ആറ് പെരുത്തത്. സുനാമി ഫണ്ടടക്കം കൊണ്ട് വന്ന് നദിക്ക് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു പലയിടത്തും. പക്ഷേ, തീവ്രമായ മഴയിൽ അതൊന്നും രക്ഷയായില്ല. ലോകത്തെ എവിടെയും സംഭവിക്കാറുള്ള പോലെ ദുർബലരെ തന്നെയാണ് ദുരന്തങ്ങൾ ഏറ്റവും ആദ്യം കവർന്നത്. വീടുകൾ ഒന്നാകെ കുതിച്ചു പാഞ്ഞെത്തിയ മഴവെള്ളം കവർന്നെടുത്തു. പാലാ പോലുള്ള പട്ടണങ്ങളിൽ പ്രളയം നിത്യാനുഭവമാകുകയാണ്. 

2018 മുതൽ ഇത് നിത്യസംഭവമാകുകയാണ്. മഴയത്ത് നദിക്ക് കര കവിഞ്ഞേ പറ്റൂ. അതിനാലാണ് ആറ്റു പുറമ്പോക്കെന്ന പ്രയോഗം തന്നെ വരാൻ കാരണം. പ്രളയജലം പാടത്തും, കുളങ്ങളിലും, തോട്ടിലും, പറമ്പിലുമൊക്കെ തങ്ങിനിന്ന് മഴക്കാടുകളിലെ സമ്പുഷ്ടമായ എക്കലൊക്കെ ഒഴിവാക്കി സമൃദ്ധമാക്കിയാണ് മടങ്ങിയിരുന്നത്. നദിയെ ഭിത്തികെട്ടി മെരുക്കിയാൽ ഭിത്തിയില്ലാത്ത ദുർബല ഭാഗങ്ങളിലേക്ക് അത് കയറും.  മാത്രമല്ല പെട്ടെന്ന് പെയ്യുന്ന കനത്ത മഴക്ക് നാട്ടിലൊരിടത്തും തങ്ങിനിൽക്കാൻ ഇടമില്ല. നാട്ടിലെ വെള്ളവും ആറ്റിലെ വെള്ളവും ഒഴുകി മാറാൻ ഇടമില്ലാതെ ഞെരുക്കുന്നതാണ് ഇത്രയും നാശത്തിന് കാരണം. 

കോട്ടയത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പലയിടത്തും ഇതു വരെ വെള്ളം കയറാത്തയിടങ്ങളിലാണ് പ്രളയം കെടുതി വിതച്ചത്. പലയിടത്തും വീടുകളിൽ ചെറുപ്പക്കാരില്ല. അവർ പണിക്കായി മറ്റ് നാടുകളിലാണ്. കാഞ്ഞിരപ്പള്ളിയിലും മറ്റും വസ്തുവകകൾക്കും വാഹനങ്ങൾക്കും ഏറെ നാശമുണ്ടാകാൻ കാരണമിതാണ്. ഒന്നാമതായി തീവ്രമഴ പരിചിതമില്ലാതിരുന്നതിനാൽ അതിന്റെ പ്രത്യഘാതം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല. പലയിടത്തും വെള്ളം പൊങ്ങുമ്പോൾ ചാല് കീറി മാറ്റി വിടാൻ പോലും ശേഷിയുള്ള ആരുമില്ലാതെ പോയി. മുൻപ് വാഹനങ്ങൾ മാറ്റിയിട്ടിരുന്ന സുരക്ഷിത സ്ഥാനങ്ങൾ ഇപ്പോൾ പ്രളയത്തിലായി. ഇനി അഥവാ മാറ്റാമെന്ന അവസ്ഥയുള്ളിടങ്ങളിൽ പോലും അതിന് സഹായിക്കാൻ ആരുമില്ലാതെ പോയി. ഇത്തരം സാഹചര്യങ്ങളിൽ പ്രായമായവർ സാഹസത്തിന് മുതിർന്നാൽ അപകടം ഏറുകെയുള്ളു. 

തൊടുപുഴയിൽ ദമ്പതികൾ സഞ്ചരിച്ച കാ‍ർ അപകടത്തിൽപ്പെട്ട് രണ്ട് ജീവൻ നഷ്ടപ്പെട്ടത് നാം കണ്ടതാണ്. ആറ് ഇഞ്ചിന് മുകളിലോട്ടുള്ള വെള്ളം വഹനങ്ങളെ ഒഴുക്കുമെന്നതും നാം മനസ്സിലാക്കണം. അതുപോലെ ഇടുക്കിയിൽ മലവെള്ള പാച്ചിലിനെ തുടർന്ന് റോഡ് തടസപ്പെട്ടപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങിയ ഗുജറാത്തുകാരായ വിനോദസഞ്ചാരികൾ ഒലിച്ചു പോയതും നാം മനസ്സിലാക്കണം. ഒരു കൈ വലുപ്പത്തിലുള്ള വെള്ളത്തിന് പോലും നമ്മെ ഒഴുക്കാനാകുമെന്ന് അറിഞ്ഞിരിക്കുന്നതും നന്ന്. ധീരരായ കെ.എസ്.ആർ.ടി.സി ജിവനക്കാരുടെ സമയോചിതമായ ഇടപെടലിൽ അവർ രക്ഷപ്പെട്ടത് പോലെ എല്ലാവരെയും ഭാഗ്യം തുണക്കണമെന്നില്ല.         , 

തുലാമഴ മലയാളിക്ക് കാൽപ്പനികമായ ഓർമ്മയാണ് എന്നും നൽകിയിരുന്നത്. ഊഷര ഭൂമിയിൽ ഉർവ്വരതയുടെ ഉണർവ്വ് നൽകി ഇടവപ്പാതിക്കു വിരുന്നു വന്ന മഴമേഘങ്ങൾ പശ്ചിമഘട്ടങ്ങളൊക്കെ കടന്ന് ഹിമവൽശൈലത്തിൽ പാദവന്ദനം ചെയ്ത് കേരളം വഴി പടിഞ്ഞാറൻ ആഫ്രിക്കൻ മുനമ്പലിലേക്കുള്ള മടക്ക യാത്ര തുലാത്തിലാണ്. നാടാറ് മാസത്തെ വിരുന്നിന് ശേഷമുള്ള അമിട്ടു പൊട്ടിച്ചുള്ള മടക്കത്തെ മലയാളി കട്ടനടച്ചിരുന്നുള്ള ആലസ്യത്തോടെയാണ് വിട പറഞ്ഞിരുന്നത്. വൈകുന്നേരങ്ങളിൽ മഴക്ക് മുൻപേ കൂര പിടിച്ചിരുന്നവർ, ഛന്നംപിന്നമാണ് രാത്രി മഴ പെയ്യുന്നതെങ്കിലും മൂടിപ്പുതച്ച് പൂതിതീർത്തുറങ്ങലായിരുന്നു പതിവ്. എന്നാലിന്ന് മലനാട്ടിലെ മലയാളികൾക്ക് ആ ധൈര്യമില്ല. എവിടെ നിന്നാണ് ഉരുള് പൊട്ടി സംഹാരതാണ്ഡവത്തോടെ മലവെള്ളം ആർത്തിയിരമ്പിയെത്തുമെന്നവർക്കുറപ്പില്ല. എന്ത് കൊണ്ടിതു സംഭവിക്കുന്നു. 

ഇത്തവണ ഉരുളുപൊട്ടി പതിവില്ലാത്ത നാശം വിതച്ച മുണ്ടക്കയത്തെ പഴയ തോട്ടങ്ങളിലൂടെ പോയാൽ പലതും ഒരു ചെറിയ പട്ടണമായി മാറിയത് കാണാം. അടുത്തടുത്തുള്ള വീടുകളൊന്നും ഇവിടെ പതിവില്ലായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. തോട്ടവിളകൾ പ്രത്യേകിച്ച് റബ്ബർ ആദായകരമല്ലാതായതോടെ വലിയ തോട്ടങ്ങളുടെ രൂപം മാറി. വിദ്യാഭ്യാസം നേടിയ  പുതിയ തലമുറക്കാർ പലരും ഇവിടം വിട്ടു. ശിഷ്ടമുള്ളവരിൽ പരലും പണിയൊന്നുമില്ലെങ്കിലും ഇവിടത്തെ തോട്ടങ്ങളിലെ കുടുംബാദ്ധ്വാനത്തിന്റെ ഭാഗമാക്കാൻ തയ്യാറല്ല. ആദായകരമല്ലാത്ത തോട്ടങ്ങൾ റിയൽ എസ്റ്റേറ്റുകാർ ചെറിയ പ്ലോട്ടുകളാക്കി. ഇടുക്കിയിലെ ദുർഘടമായ മലകളിൽ നിന്ന് പോലും  ഒറ്റപ്പെട്ട് മണ്ണിനോട് മല്ലടിച്ചു കഴിഞ്ഞവർ തലമുറ മാറ്റത്തോടെ താഴോട്ട് സൗകര്യപ്രദമായ ഇടം തേടുന്നവർക്ക് വീട് വച്ച് താമസിക്കാൻ പറ്റുന്നിടങ്ങളായി ഇതൊക്കെ. ഭൂമിയുടെ ഘടന വല്ലാതെ മാറിപ്പോയിരിക്കുന്നു. പെയ്തിറങ്ങുന്ന വെള്ളത്തിന് തങ്ങി നിൽക്കാൻ ഇടമാട്ടുമില്ല.   

ഒന്നോർക്കുക, നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തുലാമഴക്കാലത്തിലൂടെയാണ് നാമിപ്പോ‌ൾ കടന്നുപോകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ 589.5 മില്ലിമീറ്റർ മഴയാണ്   കേരളത്തിൽ പെയ്തൊഴിഞ്ഞത്. 1901 മുതൽ ഇങ്ങോട്ടുള്ള 120 വർഷങ്ങളിലായി ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയതിലെ ഏറ്റവും വലിയ മഴ. ഇതിനു മുൻപ് 3 വർഷത്തിൽ  മാത്രമാണ് 500 -ൽ അധികം മില്ലിമീറ്റ‌ർ മഴ പെയ്തിട്ടുള്ളത്. 

kerala after flood analysis by s biju


1999 -ലെ 567.9 മില്ലിമീറ്ററായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും വലിയ മഴ. അതായത് സമീപകാലത്തായി അതിവർഷം ഏറുന്നു. ആഗോള താപനം മൂലം നമ്മുടെ കാലാവസ്ഥ മാറുകയാണ്. പത്ത് കൊല്ലം മുമ്പ് വരെയും താരതമ്യേന ശാന്തസമുദ്രമായിരുന്നു നമ്മുടെ അറബിക്കടൽ. നാട് തിളച്ചുരുകുമ്പോൾ വർഷം കൊണ്ടു വരുന്ന മൺസൂൺ കാറ്റിനെ പ്രതീക്ഷയോടെ നോക്കിയിരുന്നു നാം അറബിക്കടലിലേക്ക്. കന്യാകുമാരിക്കടുത്തെ അരുൾവായ്മൊഴിയിൽ (കാറ്റിന്റെ വായ്മൊഴി എന്ന‍ർത്ഥം) പോയി മൺസൂൺ മേഘ വരവിനെ കാണാനെന്തൊരു ചേലായിരുന്നു. നിത്യ നാശം വിതയ്ക്കുന്ന ചുഴലിക്കൊടുങ്കാറ്റുകൾ ബംഗാൾ ഉൾകടലിൽ നിന്നുത്ഭവിച്ച് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങളിൽ വൻനാശം വിതച്ചിരുന്നപ്പോഴും നമ്മൾ പടിഞ്ഞാറ്റുകാർ ആശ്വസിച്ചു. അഥവാ അറബികടലിൽ നിന്നുള്ള കാറ്റുകൾ ഗുജറാത്തിലും മറ്റും നാശം വിതച്ചപ്പോഴും സുരക്ഷയുടെ തീരങ്ങളായിരുന്നു നമ്മുടെ തെക്കനിടങ്ങൾ. 

എന്നാൽ, ഇപ്പോൾ കഥ മാറി. ഇതിന്റെ ഏറ്റവും തീക്ഷ്ണമായ രൂപമായിരുന്നു ഓഖി. ബംഗാൾ ഉൾക്കടലിൽ നിന്ന് ഉത്ഭവിച്ചതാണെങ്കിലും അത് സംഹാരതാണ്ഡവമാടിയത് അറബിക്കടലിലെത്തിയപ്പോഴാണ്. സാധാരണ ഗതിയിൽ അറബിക്കടലിലേക്ക് വരുമ്പോൾ കാറ്റിന് വീര്യം കുറയുകയായിരുന്നു പതിവ്. അറബിക്കടലിലെ താപനില ബംഗാൾ ഉൾക്കടലിനേക്കാൾ രണ്ട് ഡിഗ്രിയോളം താഴ്ന്നിരിക്കുന്നതായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ ഇവിടെ കടൽച്ചൂട് കൂടിയിരിക്കുന്നു. ഈ താപവ്യതിയാനം മനസ്സിലാക്കാതെയിരുന്നതിനാലാണ് 2017 നവംമ്പറിലെ  ഓഖിയുടെ വിനാശ സാധ്യത നാം മുൻകൂട്ടി മനസ്സിലാക്കാതിരുന്നത്. എന്നാൽ, ഓഖി കടലിലാണ് നാശം വിതച്ചെന്നതിനാൽ കരയിലിരുന്ന നാം വിശ്വരൂപം മനസ്സിലാക്കിയിരുന്നില്ല. അന്ന് പക്ഷേ നമ്മുടെ 143  മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവൻ പൊലിഞ്ഞപ്പോഴും കേരളീയ സമൂഹത്തെ അത് എത്ര കണ്ട് സ്പർശിച്ചു എന്ന് സംശയമാണ്. അന്ന് ജീവൻ പൊലിഞ്ഞ 91 പേരുടെ മൃതദേഹം പോലും കണ്ടെടുക്കാനാവാതെ പോയത് ആ സമൂഹത്തിന് ഉണ്ടാക്കിയ മനഃപ്രയാസം ചില്ലറയല്ല. ഇന്നും ഓഖിയുടെ ആഘാതത്തിൽ നിന്ന് അറബിക്കടലും അതിനെ ആശ്രയിച്ചു കഴിയുന്നവരും മുക്തരായിട്ടില്ല. അവിടത്തെ ആവാസ വ്യവസ്ഥ തന്നെ മാറിയിരിക്കുന്നു. മലയാളിക്ക് പ്രിയപ്പെട്ട ചാള ഇപ്പോൾ അപൂർവമായതിനും കാരണമിതാണ്.

എന്നാൽ, നൂറ്റാണ്ടിലെ പ്രളയമെന്ന് വിശേഷിപ്പിക്കാവുന്ന (അങ്ങനെയാവട്ടെ എന്ന് പ്രാർത്ഥിക്കാം) 2018 -ലെ  വൻ പേമാരിയിലും വെള്ളപ്പൊക്കത്തിലും, ആരും വിളിക്കാതെ തന്നെ തങ്ങളുടെ കടൽയാനങ്ങളുമായി നമ്മുടെ മുക്കുവ വീര‌ർ കേരളത്തിലെ ഉൾനാടുകളിൽ നമ്മെ കൈപിടിച്ചുകയറ്റാൻ വന്നത് ഓഖി തലേ വർഷം സമ്മാനിച്ച കറുത്ത ഓർമ്മകളാലായിരുന്നു. നമുക്ക് പരിചിതമില്ലാത്ത ആ ദുരന്തത്തിൽ കേരളത്തോടൊപ്പം രാജ്യവും കൂടി ഒറ്റക്കെട്ടായി നിന്നതിനാലാണ് മരണസംഖ്യ 483 ആയി ചുരുക്കാനായത്. അന്ന് പലയിടത്തും രണ്ട്-മൂന്ന് മണിക്കൂറിൽ പെയ്ത കനത്ത മഴ, നൂറ്റാണ്ടിലെ ഒറ്റപ്പെട്ട ഒരിക്കലത്തെ പ്രതിഭാസമായി നാം ആശ്വസിച്ചു.

എന്നാൽ, അടുത്ത വ‌ർഷം 2019 ഓഗസ്റ്റിൽ മലപ്പുറത്തെ നിലമ്പൂരിലെ കവളപ്പാറയിൽ  ഉരുൾപൊട്ടി ഒരു കുന്നാകെയിടിഞ്ഞ് 48 പേർ മരിച്ചപ്പോൾ കേരളം ഭയപ്പെട്ട് തുടങ്ങി. ഒപ്പം തന്നെ മറുതലയ്ക്കലുള്ള വയനാട്ടെ പുതുമലയിലും ഉരുൾപൊട്ടി ഒരു ഡസോനളം പേർക്ക് ജീവൻ  പോയപ്പോൾ നാം ഞെട്ടിത്തുടങ്ങി.

ഒരു വർഷത്തിനിപ്പുറം 2020 ഓഗസ്റ്റിൽ ഇടുക്കിയിലെ പെട്ടിമുടിയിൽ വൻ ഉരുൾപൊട്ടലിൽ തേയിലത്തോട്ടത്തിലെ ലയമൊന്നാകെ ഒലിച്ചു പോയപ്പോൾ 74 പേരാണ് മരിച്ചത്.  

ഇപ്പോഴിതാ 2021-ൽ മധ്യകേരളത്തിലെ മലയോരങ്ങളിൽ അതിവർഷവും, ഉരുൾപൊട്ടലും സമാനകകളില്ലാത്ത് നാശമാണ് വരുത്തിയിട്ടുള്ളത്. 26 പേരുടെ മരണത്തിനും വൻ വസ്തു നാശത്തിനും ഇടവരുത്തിയ ദുരന്തത്തിൽ നിന്ന് ഇപ്പോഴും എണീറ്റ് നിൽക്കാൻ പോലും ആയിട്ടില്ല. കോട്ടയത്തെ പൂഞ്ഞാറും പരിസരത്തുമായുണ്ടായ നൂറുകണക്കിന്  ഉരുൾപൊട്ടലുകൾ  കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളെ തരിപ്പണമാക്കിയിട്ടുണ്ട്. 2018 -ൽ നിന്ന് 2021 -ൽ എത്തിയപ്പോഴേക്കും കരുതലിൽ നിന്ന് നിർവികാരതയിലേക്ക് മാറിയിരിക്കുന്നു മലയാളിയുടെ സഹായ മനോഭാവം. നാല് വർഷം മുമ്പ് ആളാലും അർത്ഥത്താലും കൈമെയ് മറന്ന് ദുരന്ത ബാധിതരെ സഹായിക്കാൻ കേരളീയർ ഒത്തുചേർന്നെങ്കിൽ  ഇപ്പോൾ ദുരന്തബാധിതരെ ആശ്വസിപ്പിക്കാൻപോലും ആളില്ലാതായിരിക്കുന്നു. ചില പ്രാദേശിക കൂട്ടായ്മകളും, ഒറ്റപ്പെട്ട സഹായഹസ്തങ്ങളും ഉണ്ടായതല്ലാതെ സംസ്ഥാന സർക്കാർ പോലും കാര്യമായെന്തെങ്കിലും സഹായത്തിനെത്തിയില്ല. കൊവിഡ് കാരണം എല്ലാവരും നട്ടംതിരിഞ്ഞിരിക്കുന്നതിനൊപ്പം ആവർത്തിച്ചു വരുന്ന ദുരന്തങ്ങളോടുള്ള നിസ്സഹായതയും മരവിപ്പുമാണ് ഇപ്പോൾ പ്രകടമാകുന്നത്. ഈ ദുരന്തങ്ങൾക്ക് കാരണം അവരുടെ തെറ്റാല്ലാത്തതിനാൽ, നാം കേരളീയ സമൂഹം കൈതാങ്ങ് നൽകിയേ പറ്റൂ.  

ദുരന്തങ്ങൾ എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയെന്നറിയാൻ ഈ മേഖലയിലെ വിദഗദ്ധരും, ദുരന്തബാധിതരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോഴും, ദുരന്തപ്രദേശങ്ങൾ കണ്ടറിഞ്ഞപ്പോഴും വ്യക്തമാകുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. 

1. തീവ്ര മഴ വർദ്ധിച്ചിരിക്കുന്നു. രണ്ട് -മൂന്ന് മണിക്കൂർ കൊണ്ട് 20 സെന്റിമീറ്റർ വരെ മഴ പെയ്താൽ ഉണ്ടാകുന്ന നാശമാണ് ദുരന്തത്തിന് ആഘാതമേറ്റിയത്. 

2. അതിവർഷമുണ്ടായപ്പോൾ പലേടത്തും ഉരുൾ പൊട്ടി. മുമ്പും ഇവിടങ്ങളിൽ ഇത്ര തോതിലല്ലെങ്കിലും ഉരുൾ പൊട്ടാറുണ്ടായിരുന്നു. പക്ഷേ, അന്ന് ഇവിടങ്ങളിൽ പലയിടത്തും ആൾപാർപ്പില്ലായിരുന്നു. ചെറിയ വിലയ്ക്ക് കൂടുതൽ ഭൂമി തേടി വന്നവർ ദുർഘടമായ മലഞ്ചെരിവുകളിൽ വീട് പണിതു. കൃഷിക്കും വീട് നിർമ്മാണത്തിനുമായി ഭൂഘടന മാറ്റിയപ്പോൾ അതിവർഷം ഇളക്കം തട്ടിയ ഭൂമിയിൽ എളുപ്പം നാശം വിതച്ചു. വീടുകൾ ഒന്നാകെ അപ്രത്യക്ഷമായി, അതെവിടെയായിരുന്നുവെന്ന് പോലും തിരിച്ചറിയാനാകാതെയായി. കാവാലായിൽ വീട് ഒന്നാകെ ഇടിഞ്ഞ് പോയതാണ് ഒരു കുടുംബത്തിലെ ആറു പേരുടെ മരണത്തിന് ഇടയാക്കിയത്. 

3. എന്നാൽ, ദുരന്തത്തിന് ഇത്രയും ആഘാതമുണ്ടാക്കിയതിൽ അനധികൃത പാറപൊട്ടിക്കൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഈ കണക്കുകൾ നോക്കുക,

kerala after flood analysis by s biju

ഉരുൾപൊട്ടലിൽ വൻ നാശം വിതച്ച ഇടുക്കി, കോട്ടയം ജില്ലകളിലെ പതുതിയോളം പാറമടകളും അനധികൃതമാണ്. 332 പാറമടകളിൽ 150 -ൽപ്പരവും ഉടമയുടെയോ നടത്തിപ്പുകാരുടെയോ പേര് പോലും അറിയാത്തവരാണ്. നൂറോളം പാറമടകൾ ഉള്ള കോട്ടയം ജില്ലയിലെയും സ്ഥിതി സമാനമാണ്.  ഈരാറ്റുപേട്ട മുതൽ വാഗമൺ വരെ ഈ പ്രശ്നം രൂക്ഷമാണ്. പൂഞ്ഞാർ തെക്കേകര, പൂഞ്ഞാ‍ർ കൂട്ടിക്കൽ, തിടനാട് പഞ്ചായത്തുകളിൽ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നു. ജിയോളജി ഖനന വകുപ്പിന്റെ കണക്ക് പ്രകാരം ഉടമസ്ഥർ ആരെന്നു പോലുമറിയാത്ത നിരവധി പാറമടകളുണ്ട്. ഉടമസ്ഥരുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് അൺനോണെന്നാണ്. ഉദ്യോഗസ്ഥ -രാഷ്ട്രീയ പങ്കാളിത്തമുള്ള ഇത്തരം യൂണിറ്റുകൾക്കെതിരെ ഒരു നടപടിയും സാധ്യമല്ല.   ഗാഡ്ഗിൽ, കസ്തൂരിരംഗൻ  റിപ്പോട്ടുകളിൽ  പരിസ്ഥിതി ലോലമെന്ന് പറയുന്ന പ്രദേശത്ത് പോലും പുതിയ പാറമടകൾക്ക് അനുമതി നൽകുന്നു. 

4. 2018 ൽ മഹാപ്രളയം ഉണ്ടായപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകി നിർത്തിവച്ച പല ക്വാറികളും പിന്നീട് പ്രവർത്തിപ്പിച്ചു തുടങ്ങി. സംഗതി ശരിയാണ്. പാറക്കലിനും, പാറപ്പൊടി ഉപയോഗിച്ച് നി‍ർമ്മിക്കുന്ന മണലിനും വലിയ ആവശ്യമാണ് നമ്മുടെ നാട്ടിൽ. വിഴിഞ്ഞം തുറമുഖമടക്കമുള്ള വലിയ നിർമ്മാണങ്ങൾക്ക് ആവശ്യകത കൂടുമ്പോൾ അത് ലഭ്യമാക്കേണ്ടി വരും. നിയമപരമായി ഇത് സാധ്യമാകാതെ വരുമ്പോൾ അനധികൃത പാറമടകൾ പെരുകിയേ പറ്റൂ. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്ക് തടിച്ചുകൊഴുക്കാൻ പറ്റിയ ഈയവസ്ഥ അവർ നന്നായി ഉപയോഗിക്കുന്നു. എതിർപ്പിന്റെ എല്ലാ സ്വരത്തെയും പൈശാചികമായി അവർ അടിച്ചമർത്തുന്നു. ഇത്തരം മേഖലകളിൽ റിപ്പോർട്ടിങ്ങിന് പോകുന്നത് ഒട്ടും സുരക്ഷിതമല്ല. പലപ്പോഴും നമ്മളെ അവർ കായികമായി നേരിടും. എന്തെങ്കിലും ആക്രമണം ഉണ്ടായാൽ പൊലീസോ -ഭരണകൂടമോ സഹായിക്കാറില്ല. 

5. വികസന പ്രവർത്തനങ്ങൾ വിഭാവന ചെയ്യുമ്പോൾ പരിസ്ഥിതി ഘടകം കണക്കാക്കിയേ പറ്റൂ. പുതിയ റെയിൽ -ഹൈവേ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ വൻതോതിലാണ് കല്ലും മണ്ണും വേണ്ടി വരുന്നത്. അതിനിനി നാം എവിടെ നിന്ന് വിഭവങ്ങളെടുക്കും. ഇക്കാര്യത്തിൽ കൃത്യമായ മാപ്പിങ്ങ് വേണം. അത് തിരിച്ചറിഞ്ഞിട്ടും കള്ളം പറയുന്ന രാഷ്ട്രീയക്കാ‌ർ സ്വന്തം ജനതയുടെ അസ്ഥിമാടം തോണ്ടുകയാണ്. നല്ല രാജ്യങ്ങളിൽ ഒരു പദ്ധതിയുടെ പ്രത്യാഘാതം സമഗ്രമായി വെളിപ്പെടുത്തും. നമ്മുടെ നാട്ടിൽ പരിസ്ഥിതി-സാമൂഹ്യാഘാത പഠനങ്ങൾ ഇപ്പോൾ വെറും പ്രഹസനങ്ങളാണ്. പാറമടലോബിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മജൂ പുത്തൻകണ്ടത്തിന് ലഭിച്ചത് 1012 വോട്ടു മാത്രമാണെന്നത് (0.8%). നമ്മുടെ മുൻഗണനയുടെ സൂചകമാണ്.

6. അതാത് പ്രദേശത്തുള്ളവർക്ക് സ്വന്തം പരിസ്ഥിതി എങ്ങനെ സംരക്ഷിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്നുണ്ടോ? പാറമടകളെ  നിയന്ത്രിക്കാനും, അവർക്ക് പ്രവർത്തനാനുമതി നൽകാനുള്ള പഞ്ചായത്തുകളുടെ അധികാരം സർക്കാർ എടുത്തു കളഞ്ഞിരിക്കുകയാണ്. അസംബ്ലിയിലും, പാർലമെന്റിലേക്കുമുള്ള ജനപ്രതിനിധികളാണ് ഇക്കാര്യങ്ങളൊക്കെ നിയന്ത്രിക്കാനുള്ള നിയമനിർമ്മാണത്തിന് അധികാരമുള്ളത്. ജനപ്രതിനിധി സഭകളിലെത്തുന്ന ഭൂരിപക്ഷം പേർക്കും നിയമനിർമ്മാണത്തിന്റെ ബാലപാഠമോ, സാധാരണക്കാരുടെ പ്രശ്നങ്ങളോടുള്ള പ്രതിബദ്ധതയോ ഇല്ലാതെ പോകുന്നു. 

7. ശക്തമായ മഴയും ഉരുൾപൊട്ടലും വരുമ്പോൾ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളം അതാത് പ്രദേശങ്ങളിൽ മാത്രമല്ല നാശം വിതയ്ക്കുന്നതെന്ന ബോധ്യവും വേണം. പാറമടകൾ പൊട്ടിയ്ക്കുന്നത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് അകലെയാകാം. പക്ഷേ പാറപൊട്ടിക്കലിന്റെ ആഘാതം അകലെ നാശം വിതയ്ക്കുന്നതു പോലെ പ്രളയജലം അങ്ങകലെ വരെ ദുരന്തം വിതയ്ക്കുന്നു. കൂട്ടിക്കലിലും, കൊക്കയാറിലുമൊക്കെ ഉരുൾപൊട്ടിയെത്തിയ പ്രളയ ജലം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിലൂടെ ഇരമ്പിയെത്തിയത്. മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലുമൊക്കെ നോക്കി നിൽക്കെയാണ് കരകവിഞ്ഞ് വീടും, കടകളും, വസ്തുക്കളും, വാഹനവുമെല്ലാം മുങ്ങിപ്പോയത്. തോടുകളുടെയും, നദികളുടെയും, തണ്ണീർതടകങ്ങളുടെയും ജലം താങ്ങി നിർത്താനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നതും തീവ്രത വർദ്ധിപ്പിച്ചു.   

8. അറബിക്കടലിൽ നിന്ന രൂപപ്പെട്ടു വരുന്ന ചക്രവാത ചുഴികളും, കൊടുങ്കാറ്റും, തീവ്രമഴയുമൊക്കെ ഇനിയും വർദ്ധിക്കുമെന്നാണ് താഴെ കാണുന്ന കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.     

*കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജൂൺ ജൂലൈ മാസങ്ങളിൽ മഴ കുറയുന്നതായി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവ്വകാലാശാല പഠനങ്ങൾ പറയുന്നു. ഇടവപ്പാതിയുടെ ശക്തിയും തോതും കുറഞ്ഞു വരുന്നു. പകരം ആഗസ്റ്റ് മുതൽ നവംമ്പർ വരെയാണ് നല്ല മഴ കിട്ടുന്നത്.

*അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റിൽ 2001 -നും 2019 -നും ഇടയ്ക്ക് 52 ശതമാനം വർദ്ധനവുണ്ടായതായി ഇന്ത്യൻ ട്രോപ്പിക്കൽ മീറ്റിയറോളജി  ഇൻസ്റ്റിറ്റ്യൂട്ട് പഠനം പറയുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിൽ 19 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. 1982 മുതലുള്ള കണക്കുമായി താരതമ്യം ചെയ്തുള്ള കണക്കാണിത്.  

*അറബിക്കടൽ താരതമ്യേന തണുത്തതായതിനാൽ വരുന്ന ചുഴലിക്കാറ്റ് പോലും ഇവിടെയെത്തുബോൾ ശക്തി കുറയുമായിരുന്നു. സാധാരണ നാലഞ്ച് കൊല്ലം കൂടുമ്പോഴാണ് അറബിക്കടലിലെ കാറ്റ് നാശം വിതയ്ക്കുക. എന്നാൽ, ദേശീയ സമുദ്ര പഠന കേന്ദത്തിന്റെ കണക്ക് പ്രകാരം 1998 മുതൽ 2013 വരെയുള്ള 15 വർഷത്തിൽ 5 തീവ്ര ചുഴലിക്കാറ്റുകൾ അറബിക്കടലിലുണ്ടായി. അതായത് മൂന്ന് വർഷത്തിൽ ഒരു തീവ്ര ചുഴലി. 

*2014 -ലെ നിലോഫർ മുതൽ 2017 -ലെ ഓഖി വരെ കണക്കെടുത്താൽ പല ചുഴലിക്കാറ്റുകളും നൂറിലേറെ മൈൽ ശക്തമായി ആ‌ഞ്ഞടിച്ച് കനത്ത മഴയും തിരയാക്രമണവും നടത്തി, വൻ നാശത്തിന് ഇടയാക്കിയതായി അമേരിക്കയിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പഠനം പറയുന്നു. ജീവൻ, സ്വത്ത് വകകൾ, പരിസ്ഥിതി എന്നിവയ്ക്ക് വലിയ നാശനഷ്ടം വിതയ്ക്കുന്ന ഈ ചുഴലികൾ കേരളത്തിലും കർണ്ണാടകത്തിലും കൂടി പതിവില്ലാത്ത നാശം വിതയ്ക്കുന്നു.

*അറബിക്കടൽ ഉൾക്കൊള്ളുന്ന മേഖലയുടെ സവിശേഷത മൂലം ഈ ചുഴലിക്കാറ്റുകൾ കരയിലേക്ക് കയറി വൻ നാശം വരുത്തുകയാണ്. വ‍ർദ്ധിച്ചു വരുന്ന ആഗോള താപനം ഇത് രൂക്ഷമാക്കും. പലയിടങ്ങളും വാസ യോഗ്യമല്ലാതാകാം.

*തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ് പമ്പ, മണിമല, അച്ചൻ കോവിലാറുകളുടെ വെള്ളത്തെ കടലിലൂടെ ഒഴുക്കി വിടുന്നത്. സ്പിൽവേയുടെ 30 ശതമാനം ശേഷി മാത്രമേ ഇപ്പോൾ ഉപയോഗിക്കാനാകുന്നുള്ളു എന്നതിനാൽ വെള്ളപൊക്കം കൂടും. ഈ നദികളെല്ലാം വന്നു ചേരുന്ന വേമ്പനാട് കായലിന്റെയും, ചുറ്റുമുള്ള തണ്ണീർ തടങ്ങളുടെയും ജലവാഹക ശേഷി 70 ശതമാനത്തോളം കുറഞ്ഞതായാണ് ബിലോ സീ ലെവൽ ഫാമിങ്ങ് കേന്ദ്രത്തിന്റെ കണക്ക്. അപ്പോൾ അതിവർഷം വരുമ്പോൾ നാം ഇനിയും പ്രളയത്തിൽ മുങ്ങും. 

*അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾക്കൊള്ളുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂട് കൂടുകയാണ്. ശാന്തസമുദ്രത്തിൽ നിന്നുള്ള തണുത്ത ജലം വേണ്ട രീതിയിൽ പ്രവഹിക്കാത്തതിനാൽ സ്ഥിതി വളരെ പണ്ടേ പ്രശ്നമായിരുന്നു. എന്നാൽ, ആഗോള താപനം മൂലമുള്ള മഞ്ഞുരുകിയെത്തുന്ന ജലം കൂടിയെത്തുന്നതോടെ സ്ഥിതി വഷളാണ്. അഞ്ച് കോടി വർഷത്തെ കണക്കുകൾ വരെ ശാസ്ത്രീയമായി കണക്കുകൂട്ടിയാണ് ഈ നിഗമനങ്ങളിലെത്തുന്നത്. 

2020 -ലെ വേനലിൽ ഗ്രീൻ ലാൻഡിൽ 600 ശതകോടി ടൺ മഞ്ഞാണുരുകിയത്. 5 വർഷം മുമ്പത്തേതിന്റെ ഏതാണ്ട് ഇരട്ടി. ഇതുമൂലം സമുദ്രനിരപ്പിൽ ലോകമൊട്ടാകെ ശരാശരി 2.2 മില്ലിമീറ്റലധികം വെള്ളം ഉയരും. ഇതൊക്കെ കൊണ്ട് നമുക്കെന്ത് പറ്റാൻ, നാമെന്ത് ചെയ്യണം എന്ന് വിചാരിക്കരുത്. പേര് സൂചിപ്പിക്കും പോലെ കോഴിക്കോട് കോരപ്പുഴയുടെ നടുക്കായുള്ള നടുത്തുരുത്തിയിലെ താമസക്കാരുടെ അവസ്ഥ നോക്കാം. ഓരോ മഴയത്തും ആശങ്കപ്പെടുകയാണവർ. ദിനം പ്രതി ചുരുങ്ങി വരുന്ന പുഴക്കുള്ളിലെ കൊച്ചു ദ്വീപ് നിവാസികൾ എങ്ങനെ ഭയപ്പെടാതിരിക്കും. മലവെള്ളം കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് പ്രാവശ്യമാണ് പത്തനംതിട്ട ഇടയാറൻമുള പാടത്ത് വിതച്ച വിത്തിനെ കവർന്നത്. നമ്മളാരും സുരക്ഷിതരല്ല. മാറുന്ന അവസ്ഥയ്ക്ക് അനുസരിച്ച് നമ്മൾ കാഴ്ചപ്പാടും സമീപനവും മാറ്റാൻ തയ്യാറായേ പറ്റൂ. രാഷ്ടീയ നേതൃത്വം ശാസ്ത്രീയമായ കണ്ടെത്തലുകൾക്ക് അനുസ‍ൃതമായി മാറ്റങ്ങൾക്ക് തയ്യാറായേ പറ്റൂ. വിശ്വാസികൾക്ക് ഇടയിൽ നല്ല സ്വാധീനമുള്ള മതനേതാക്കൻമാരും അവരെ നേർവഴിക്കാകണം നയിക്കേണ്ടത്.   

ഗാഡ്ഗിൽ റിപ്പോട്ടിനെ ഭൂരിപക്ഷവും എതിർത്തപ്പോഴും കല്ലേറു കൊണ്ടപ്പോഴും പി.ടി തോമസിനെ പോലുള്ളവർ സധൈര്യം നേർശബ്ദം മുഴക്കി. ആ‍ർ.വി.ജി മോനോനെ പോലുള്ളവർ പരിസ്ഥിതിക്ക് വിനാശകാരമായ വമ്പൻ പദ്ധതികൾ വേണ്ടെന്ന് പറയുന്നത് വ്യക്തവും ശാസ്ത്രീയവുമായ കണക്കുകൾ അവതരിപ്പിച്ചാണ്. 

ഇപ്പോൾ കോട്ടയത്ത് ഏറ്റവുമധികം നാശമുണ്ടായ കൂട്ടിക്കൽ, കൊക്കയാ‌ർ പഞ്ചായത്തുകളിൽ പാറഖനനം നിർത്തിവയ്ക്കണമെന്ന് കൃത്യമായ ശുപാർശ നൽകിയിരുന്നതാണ്. വാഗമൺ മലനിരകളിലെ ലോലപ്രദേശത്ത് ഖനനം ഒഴിവാക്കണമെന്ന് ജൈവവൈവിദ്ധ്യ ബോർഡ് 2013 ആഗസ്റ്റ് നാലിന് റിപ്പോട്ട് നൽകിയിരുന്നു. ഇവിടത്തെ സവിശേഷമായ പുൽമേടുകളിൽ ഇരൂന്നൂറോളം  പുൽസസ്യജാതികളുണ്ടായിരുന്നു. വർഷത്തിൽ 200 ദിവസം വരം ലഭിച്ചിരുന്ന മഴയെ ഈ പുൽമേടുകൾ സംഭരിച്ചു, വർഷം മുഴുവൻ മീനച്ചൽ, മണിമലയാറുകളുടെ പോഷക നദികളിലേക്ക് നീരൊഴുക്കിയിരുന്നു. പുലി മുതൽ ചിത്രശലഭം വരെ വളരെ വൈവിദ്ധ്യമായ ജീവജാലങ്ങളാണ് കാ‌ഞ്ഞിരപ്പള്ളി താലൂക്കിലെ ഈ മലനിരകളുടെ ഉടയോർ. ഇവിടത്തെ കരിങ്കൽ ക്വാറികൾ ആപത്കരമാണെന്നും, ഉടൻ ഖനനം നിർത്തണമെന്നും 2016 -ലും ശാസ്ത്രഞ്ജരാണ് ഡോ. സി.എൻ മോഹനും, ഡോ.ബാബു ജോസഫും റിപ്പോട്ട് നൽകിയിരുന്നു. എല്ലാം അവഗണിച്ച നാം ദുരന്തം വിളിച്ചു വരുത്തുകയായിരുന്നു.  

പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്ന് വീണ്ടെടുത്തുവെന്നാണല്ലോ കേരളത്തെ കുറിച്ചുള്ള ഐതിഹ്യം. നമ്മുടെ കൊച്ചുകേരളത്തിനെ വീണ്ടും കടലെടുക്കാനും, പ്രളയത്തിൽ മുക്കാനും അനുവദിക്കണോ? ഈഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയത് പോലെ, 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?' എന്ന ആശങ്കയിൽ നിന്ന് തിരിച്ച് നടന്നേ പറ്റൂ.

Follow Us:
Download App:
  • android
  • ios