Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ മാത്രമില്ലാത്തതെന്താവും സ്ത്രീസാന്നിധ്യം?

വനിതകളെ സ്ഥാനാർത്ഥിയാക്കാൻ രാഷ്ട്രീയ പാർട്ടികളും തയ്യാറാകാറില്ല. വനിതകൾക്ക് ആരും വോട്ട് ചെയ്യില്ല എന്നാണ് ഇതിന് കാരണമായി പറയുന്നത്.

Womens representation Nagaland election story rlp
Author
First Published Feb 26, 2023, 1:49 PM IST

അമ്പത്തിയൊമ്പത് വർഷമായിട്ടേ ഉള്ളൂ നാഗാലാൻഡ് രൂപീകൃതമായിട്ട്. ആയിരം പുരുഷന്മാർക്ക് 931 സ്ത്രീകളെന്നതാണ് ഇവിടുത്തെ ലിംഗാനുപാതം. സ്ത്രീകൾക്കിടയിലെ സാക്ഷരത 76.11 ശതമാനം. ദേശീയ ശരാശരിയേക്കാൾ മുകളിൽ. പുരുഷന്മാർ ജോലി ചെയ്യുന്ന എല്ലാം മേഖലകളിലും സ്ത്രീകളുടെയും സാന്നിധ്യമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരിൽ മുപ്പത് ശതമാനം സ്ത്രീകളാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവ്. പക്ഷെ, 13 നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടും ഇന്നുവരെ ഇവിടെ ഒരു വനിത എംഎൽഎ ഉണ്ടായിട്ടില്ല. മറ്റെല്ലാ തലങ്ങളിലുമുള്ള സ്ത്രീ സാന്നിധ്യം തെരഞ്ഞെടുപ്പിൽ മാത്രമില്ലാത്തതെന്താവും, എന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം.

Womens representation Nagaland election story rlp

നാഗാലാൻഡിലെ ഗോത്ര വർഗ്ഗങ്ങൾക്കിടയിൽ സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിരുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. വിദ്യാഭ്യാസം നേടുന്നതിനോ, യാത്ര ചെയ്യുന്നതിനോ, പുരുഷന്മാർ ചെയ്യുന്ന ജോലികൾ ചെയ്യാനോ ഒന്നും തടസ്സമില്ല. പക്ഷെ, അധികാര കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സ്ഥാനമില്ല. ഇത് ഗോത്ര വിഭാഗങ്ങൾക്കിടയിലെ നാട്ടുകൂട്ടങ്ങളിലടക്കം ദൃശ്യമാണ്. ഗോത്രവർഗ്ഗക്കാർ പ്രശ്നപരിഹാരത്തിനും മറ്റും കൂടുന്ന നാട്ടുകൂട്ടങ്ങളിൽ സ്ത്രീകൾക്ക് സംസാരിക്കാൻ അനുവാദമില്ല. ഇത്തരം യോഗങ്ങളിൽ പുരുഷന്മാർക്ക് മുന്നിൽ സ്ത്രീകൾ നിൽക്കാൻ പോലും പാടില്ല. ഈ വിശ്വാസം ഇന്നും മിക്ക ഗോത്രങ്ങളും മുറുകെ പിടിക്കുന്നു. 

വായിക്കാം: വോട്ട് ബഹിഷ്‌കരണം, പ്രത്യേക സംസ്ഥാനമെന്ന ആവശ്യം; രാഷ്ട്രീയക്കാരെ കുഴക്കുന്ന ആവശ്യങ്ങള്‍

2017 -ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ സംസ്ഥാനത്ത് കണ്ട അക്രമ സംഭവങ്ങൾ അതിൻറെ ഉദാഹരണമാണ്. സംവരണം നടപ്പിലാക്കാനുള്ള തീരുമാനം വന്നതിന് തൊട്ടുപിന്നാലെ ദിമാപൂരിൽ ആൾക്കൂട്ടം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ടു. പല സർക്കാർ സ്ഥാപനങ്ങൾക്കു നേരെയും അക്രമമുണ്ടായി. പിന്നീട് പ്രതിഷേധം മറ്റിടങ്ങളിലേക്ക് പടർന്നു. അക്രമങ്ങളിൽ രണ്ട് പേർ മരിച്ചു. ഗോത്ര വിഭാഗങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും സർക്കാർ കൈകടത്തുന്നുവെന്ന ഭയമായിരുന്നു ഇതിന് പ്രധാന കാരണം.

വായിക്കാം: സ്വതന്ത്രരുടെ രാഷ്ട്രീയം: തെരഞ്ഞെടുപ്പിലെ പ്രതിഷേധ ശബ്ദങ്ങൾ

വനിതകളെ സ്ഥാനാർത്ഥിയാക്കാൻ രാഷ്ട്രീയ പാർട്ടികളും തയ്യാറാകാറില്ല. വനിതകൾക്ക് ആരും വോട്ട് ചെയ്യില്ല എന്നാണ് ഇതിന് കാരണമായി പറയുന്നത്. 1964 -നും 2018 -നുമിടയിൽ പതിനെട്ട് വനിതകളാണ് ആകെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരിൽ ഏതാണ്ട് പത്ത് പേർക്ക് മാത്രമാണ് കെട്ടിവെച്ച തുക തിരികെ കിട്ടിയത്. അതായത് പകുതി പേർക്കും പത്ത് ശതമാനം വോട്ട് പോലും നേടാനായില്ലെന്നർത്ഥം. അത് കൊണ്ട് തന്നെയാണ് നാഗാലാൻഡ് മദേർസ് അസോസിയേഷൻ എന്ന പേരിൽ നാഗാലാൻഡിലെ ഒരു കൂട്ടം സ്ത്രീകൾ കാലങ്ങളായി സംവരണം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത്.

Womens representation Nagaland election story rlp

എസ് ഫാംഗ്നോൺ കൊന്യാക്

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ് ഫാംഗ്നോൺ കൊന്യാക് ആണ് അറുപത് വർഷത്തിനിടെ നാഗാലാൻഡിൽ നിന്നുള്ള ഏക വനിതാ ജനപ്രതിനിധി. ഇത്തവണ നാല് വനിതാ സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഡിപിപി രണ്ടും, കോൺഗ്രസും ബിജെപിയും ഒന്നും വീതം സീറ്റുകളിലാണ് സ്ത്രീകളെ മത്സരിപ്പിക്കുന്നത്. നാഗാലാൻഡിൻറെ ചരിത്രത്തിലെ ആദ്യ വനിത എംഎൽഎയെ ഇത്തവണയെങ്കിലും കിട്ടുമോ എന്നറിയാൻ കാത്തിരിക്കാം.

Follow Us:
Download App:
  • android
  • ios