Asianet News MalayalamAsianet News Malayalam

ബർദോളി സത്യഗ്രഹം - നിരായുധരായ കർഷകർ സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച സമരം

ബ്രിട്ടീഷ് ഭരണകൂടം പലവിധേനയുള്ള സമ്മർദ്ദവും ചെലുത്തി സമരത്തെ പൊളിക്കാൻ ശ്രമിച്ച സമയത്ത്, 'കലപ്പ പിടിച്ച് പൊരിവെയിലിൽ പണിയെടുക്കുന്ന നിങ്ങൾ കർഷകർ ഒരു ഭരണകൂടത്തെയും ഭയക്കേണ്ടതില്ല' എന്നാണ് അന്ന് സർദാർ പട്ടേൽ അവരോട് പറഞ്ഞത്.

Bardoli Satyagraha when unarmed farmers under sardar patel brought the british to their knees
Author
Bardoli, First Published Feb 12, 2021, 12:10 PM IST

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടിട്ടുള്ള ഒരധ്യായമാണ് ബർദോളി സത്യഗ്രഹത്തിന്റേത്. 1928 ഫെബ്രുവരിയിൽ തുടങ്ങി നാലുമാസത്തോളം നീണ്ടുനിന്ന ഈ സത്യഗ്രഹത്തിൽ, ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള 600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിവരുന്ന ബർദോളി താലൂക്കിലെ 137 ഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ, അന്ന് ബ്രിട്ടീഷ് സമഗ്രാധിപത്യത്തെ തുറന്നെതിർക്കുക മാത്രമല്ല ചെയ്തത്. ഒപ്പം, 1922 -ൽ നടന്ന ചൗരിചൗരാ സംഭവമേല്പിച്ച കളങ്കത്താൽ ഏറെക്കുറെ നിസ്തേജമായിപ്പോയ നിസ്സഹകരണപ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനു തന്നെയും ഒരു പുത്തനുണർവ് നൽകുക കൂടി ചെയ്തു ഈ സത്യഗ്രഹം. അത് നയിച്ചത് രണ്ടു വർഷം കഴിഞ്ഞു തുടങ്ങിയ പൊതു നിയമ ലംഘന പ്രസ്ഥാനത്തിലേക്കും, അതിനു പിന്നാലെ നടന്ന ചരിത്ര പ്രധാനമായ ഉപ്പുസത്യാഗ്രഹത്തിലേക്കുമായിരുന്നു. 

അന്ന് സർദാർ വല്ലഭ് ഭായി പട്ടേലിന്റെ നേതൃത്വത്തിൽ, ഗാന്ധിജിയുടെ  അഹിംസാ തത്വങ്ങളിൽ നിന്ന് കടുകിടെ വ്യതിചലിക്കാതെ, തികച്ചും സമാധാനപരമായിട്ടാണ് അത്രയധികം കർഷകർ ഒന്നത്തുചേർന്ന സത്യഗ്രഹം നയിക്കുന്നത്. ബോംബെ പ്രസിഡൻസി സർക്കാർ തികച്ചും ഏകപക്ഷീയമായി ഭൂനികുതി 30 ശതമാനം വർദ്ധിപ്പിച്ചപ്പോൾ, അതിനെതിരായ ഒരു പ്രതിഷേധം എന്ന നിലയ്ക്കാണ് ഇങ്ങനെ ഒരു സമരം ഉരുത്തിരിഞ്ഞു വരുന്നത്. താപ്തി നദീതടത്തിലൂടെ പുതിയ റെയിൽവേ ലൈൻ വന്നതോടെ ഉണ്ടായ അഭ്യുദയം, കർഷകർക്ക് കാര്യമായ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്ന പ്രൊവിൻഷ്യൽ സിവിൽ സർവീസ് ഓഫീസറുടെ റിപ്പോർട്ട് ആയിരുന്നു അന്ന് ഇങ്ങനെ ഒരു നികുതി വർദ്ധനവിന് പിന്നിൽ. എന്നാൽ, ഈ പറഞ്ഞ അഭ്യുദയമൊന്നും കണികാണാൻ പോലും കിട്ടാതിരുന്ന കർഷകർക്ക് നികുതി വർദ്ധനവ് ഒരു ഇരുട്ടടി തന്നെ ആയിരുന്നു. 

കർഷകർ പലകുറി ബോംബെ ഗവർണറെ കണ്ടു നിവേദനം സമർപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ഘട്ടത്തിലാണ് കർഷക നേതാക്കൾ സർദാർ പട്ടേലിൽ അഭയം തേടുന്നത്. ഖേഡയിലും, നാഗ്പൂരിലും, ബോർസഡിലും ഒക്കെ സമാനമായ സമരങ്ങളെ സഹായിച്ച ചരിത്രമുണ്ടായിരുന്നു പട്ടേലിന് എന്നതായിരുന്നു കാരണം. ആദ്യം സമരത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ട മുന്നറിയിപ്പുകൾ നൽകി അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും, കർഷകർ മനോവീര്യത്തോടെ മുന്നോട്ടുതന്നെ എന്നുറപ്പിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അവരെ സമരഭൂവിലേക്ക് സ്വാഗതം ചെയ്ത പട്ടേൽ, എന്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടെയുണ്ടാകും എന്നും വാഗ്ദാനം ചെയ്യുന്നു. 

1928 ഫെബ്രുവരി നാലാം തീയതി, പുതുക്കിയ കരത്തിന്റെ ആദ്യ തവണ അടയ്‌ക്കേണ്ട തീയതിയുടെ തലേ ദിവസം, പട്ടേൽ ബർദോളിയിൽ കർഷകരുടെ മഹാ സമ്മേളനം വിളിക്കുന്നു. കരം അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആയിരുന്നു, എന്നേക്കും കരമടയ്ക്കാത്തവരുടെ കന്നുകാലികളും ഭൂമിയും ഒക്കെ പിടിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടിരുന്നു. ആ സമയത്ത് പട്ടേലും കർഷകരും എന്തുവന്നാലും കരമടയ്ക്കുന്ന പ്രശ്നമേയില്ല എന്ന തീരുമാനം മുകളിലേക്ക് അറിയിച്ച്, ബർദോളിയിൽ സത്യാഗ്രഹം തുടങ്ങിക്കഴിഞ്ഞു. 

സമരം തുടങ്ങി, ബ്രിട്ടീഷ് ഭരണകൂടം പലവിധേനയുള്ള സമ്മർദ്ദവും ചെലുത്തി സമരത്തെ പൊളിക്കാൻ ശ്രമിച്ച സമയത്ത്, "നിങ്ങൾ മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ മക്കളാണ്. കലപ്പ പിടിച്ചു തഴമ്പിച്ച കൈകളുള്ളവർ ,മഴയത്തും വെയിലത്തും മഞ്ഞത്തും പറമ്പിലും പാടത്തും ഇറങ്ങി പണിയെടുത്തു ശീലമുള്ളവർ, എല്ലാ വിപരീത സാഹചര്യങ്ങളെയും ജയിച്ച് മണ്ണിൽ പൊന്നുവിളയിച്ചവർ, നിങ്ങളെ തോൽപിക്കാൻ ഒരു ഭരണകൂട തന്ത്രങ്ങൾക്കും ആകില്ല." എന്നാണ് പട്ടേൽ അവരോട് പ്രസംഗിച്ചത്. 

അന്ന് സമരത്തിനിറങ്ങിയ കർഷകരിൽ പലരുടെയും ഭൂമി സർക്കാർ ജപ്തി ചെയ്തു. എന്നിട്ടും കർഷകർ മുട്ടുമടക്കാതെ സമരം തുടർന്നു. ഒടുവിൽ നാലുമാസത്തോളം നീണ്ട സമരത്തിനൊടുവിൽ ബ്രിട്ടീഷ് ഗവൺമെന്റിന് സമരം ചെയ്ത കർഷകരുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കേണ്ടി വന്നു എന്നതാണ് ചരിത്രം. ഈ ബർദോളി സത്യാഗ്രഹത്തിലെ കർഷകരെ നയിക്കുന്നതിലുള്ള വല്ലഭ് ഭായ് പട്ടേൽ എന്ന ഗുജറാത്തി കോൺഗ്രസ് നേതാവിന്റെ നേതൃഗുണം കണ്ട് സന്തുഷ്ടനായ മഹാത്മജി ഈ സമരത്തിനിടെയാണ് 'നേതാവ്' എന്നർത്ഥം വരുന്ന 'സർദാർ' എന്ന വാക്ക് പട്ടേലിന്റെ പേരിനൊപ്പം ചേർക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് ശക്തി പകർന്ന, പിന്നീട് ഇന്ത്യയിലെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ട സർദാർ വല്ലഭ് ഭായി പട്ടേൽ നയിച്ച ബർദോളി സമരത്തിന്റെ ഓർമകൾക്ക് ഈ ഫെബ്രുവരിയിൽ 93 വർഷം തികയുന്നു. 

Follow Us:
Download App:
  • android
  • ios