ഫ്ളഡ് ആൻഡ് ഫ്യൂറി എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ ഏറെ പ്രസിദ്ധനായ ഒരെഴുത്തുകാരനാണ് വിജു ബി. മാധവ് ഗാഡ്ഗിലിനുശേഷം പ്രളയത്തെക്കുറിച്ച് മലയാളിയോട് തികഞ്ഞ ഗൗരവത്തോടെ സംസാരിക്കുന്നത് വിജു ബി ആണ്. പത്തുവർഷം നീണ്ട തന്റെ പത്രപ്രവർത്തനജീവിതം കൈമുതലാക്കി, 2018-ലെ പ്രളയം തകർത്തെറിഞ്ഞ സഹ്യാദ്രിയുടെ തുടക്കം മുതൽ ഒടുക്കംവരെ  1600 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് എഴുതിയ ഒരു ആധികാരികഗ്രന്ഥമായിരുന്നു അത്. വയനാട്ടിൽ നടക്കുന്ന ചട്ടലംഘനങ്ങളെപ്പറ്റി അദ്ദേഹം KFRI യുടെ പഠനങ്ങൾ വരെ ഉദ്ധരിച്ചുകൊണ്ടാണ് വിജു തന്റെ പുസ്തകത്തിൽ വിവരിച്ചത്.

ഇതേ വിജു ബി കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു തുറന്ന കത്തെഴുതുകയുണ്ടായി. അന്നേദിവസം ഒരു മുഖ്യധാരാ മലയാള ദിനപത്രത്തിൽ അദ്ദേഹം വായിച്ച ഒരു ഒന്നാം പേജ് വാർത്താ തലക്കെട്ടായിരുന്നു ആ കത്തിനുള്ള പ്രേരണ. ആ തലക്കെട്ട് ഇപ്രകാരമായിരുന്നു. "പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ സർക്കാർ വയനാട്ടിലെ തുരങ്കപാതയുടെ നിർമാണം പൂർത്തിയാക്കും" എന്നതായിരുന്നു ആ തലക്കെട്ട്.  ആ തലക്കെട്ട് അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ച ഒന്നായിരുന്നു. പശ്ചിമ ഘട്ടത്തിലെ ഒരു വലിയ മലയെ നെടുകെ തുരന്നുകൊണ്ട് ഒരു ടണൽ നിർമിക്കുന്നത് അവിടത്തെ പരിസ്ഥിതിക്ക് അത് ഒരു പോറൽ പോലും ഏൽപ്പിക്കില്ല എന്ന സർക്കാർ പ്രതിനിധിയുടെ അവകാശവാദം സത്യത്തിനു നിരക്കുന്നതല്ല എന്ന് അദ്ദേഹത്തിന് തോന്നി. അത് മലയാളികളുടെ സാമാന്യയുക്തിയെ പരിഹസിക്കുന്നതും. അതായിരുന്നു മേൽപ്പറഞ്ഞ കത്തെഴുതുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.  ഇംഗ്ലീഷിൽ അദ്ദേഹം എഴുതി ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധപ്പെടുത്തിയ ആ കത്തിന്റെ മലയാള പരിഭാഷ ചുവടെ. 

 
"പ്രിയ പിണറായി വിജയൻ, 

ഈ കൊവിഡ് ദുരിതങ്ങൾക്കിടയിലും അങ്ങ് പ്രഖ്യാപിച്ച, ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലേക്ക്, പശ്ചിമഘട്ടത്തിന്റെ പള്ള തുരന്നുകൊണ്ടുള്ള ഒരു തുരങ്കപാത എന്ന പദ്ധതി ഏറെ ഞെട്ടിക്കുന്ന ഒന്നാണ്. 858 കോടി രൂപയുടെ അടങ്കലിൽ പണിയാൻ പോകുന്ന ഏഴു കിലോമീറ്ററോളം നീളുന്ന ഈ പാത, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ടണൽ ആകുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിൽ ഒരു പരിസ്ഥിതികാബദ്ധം  പ്രവർത്തിക്കാൻ വേണ്ടി പറഞ്ഞുകൊണ്ടുവന്നിട്ടുള്ള ന്യായീകരണം, ഇത് സാക്ഷാത്കരിക്കപ്പെട്ടാൽ, ഇപ്പോൾ ചുരംകയറി വലയുന്ന റോഡ് യാത്രികർക്ക് സംസ്ഥാനത്തിന്റെ ഉത്തരജില്ലകളിലേക്കും, അയൽസംസ്ഥാനമായ കർണാടകത്തിലേക്കുമുള്ള യാത്ര കുറേക്കൂടി വേഗത്തിലാകും എന്നതാണ്. 

ഇത്തരത്തിൽ ഒരു തുരങ്കപാത നിർമിക്കുന്നതിന്റെ യുക്തിയും ശാസ്ത്രീയാടിസ്ഥാനവും പരിശോധിക്കും മുമ്പ് ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെപ്പറ്റി രണ്ടു വാക്ക് പറഞ്ഞോട്ടെ. അല്ല, ഇങ്ങനെ ഒരു പാത നിർമ്മിച്ചാലും ഇവിടത്തെ പാരിസ്ഥിതിക കാര്യമായ തകരാറൊന്നും വരില്ലെന്ന് അങ്ങ് പരാമർശിച്ചതുകൊണ്ട് അതേപ്പറ്റി ഒന്ന് പറഞ്ഞുപോകേണ്ടതുണ്ട് എന്ന് തോന്നി. 

പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ചെമ്പ്ര, വെള്ളരിമല(Silver Hills) മലനിരകളുടെ ഇടയ്ക്കായിട്ടാണ് ഇപ്പോൾ ഈ തുരങ്ക പാത  വരാൻ പോകുന്നത്. കാമൽ ഹംപ് മലകൾ എന്നറിയപ്പെടുന്ന ഈ നിർദിഷ്‌ടപദ്ധതിപ്രദേശം പശ്ചിമഘട്ടത്തിന്റെ ഏറ്റവും ലോലമായ ഭാഗങ്ങളിൽ ഒന്നാണ്. ഈ മലയുടെ കൊടുമുടികളിൽ ഒന്നായ, ഒട്ടകത്തിന്റെ മുഴ പോലിരിക്കുന്ന, വാവുൾമല 7677 അടി ഉയരത്തിൽ, കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശമാണ്. 

 

 

ഈ മലനിരകൾ തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളുടെ അതിർത്തി പങ്കിടുന്നവയാണ്. ഇടക്ക് കിടക്കുന്നത് അതിസുന്ദരമായ ചിലയാർ താഴ്വരയാണ്. ഈ മലനിരയുടെ ചെരിവുകളിലാണ് വയനാട് സ്ഥിതിചെയ്യുന്നത്. വയനാടും മൈസൂരുവും തമ്മിൽ ലയിക്കുന്നതും ഈ മലഞ്ചെരിവുകളിലാണ്. പശ്ചിമഘട്ടത്തിൽ ഇന്ന് കാണപ്പെടുന്ന ജൈവവൈവിധ്യത്തിന്റെ ആവാസഭൂമിയാണ് താങ്കളുടെ നിർദിഷ്ട പദ്ധതിപ്രദേശം എന്ന് ചുരുക്കം.

എന്നുമാത്രമല്ല, തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളത്തിലേക്ക് കടക്കുന്ന കവാടം കൂടിയാണ് ഈ മലമ്പ്രദേശം. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും ഈർപ്പമേറിയ പ്രദേശങ്ങളിൽ ഒന്നും ഇതുതന്നെ. ഇവിടത്തെ മഞ്ഞുപുതച്ചുനിൽക്കുന്ന കൊടുമുടികൾ കണ്ടാൽ ആരും നോക്കിനിന്നുപോകുന്ന സ്വപ്നസമാനമായ ഒരു ദൃശ്യമാണ്. ചെമ്പ്ര മലയുടെ ഉച്ചിയിലുള്ള, ലൗ ചിഹ്നത്തിന്റെ ആകൃതിയിൽ പ്രകൃത്യാൽ രൂപപ്പെട്ടിട്ടുളള തടാകം ഏറെക്കുറെ പ്രതീകാത്മകമാണ് എന്നുതന്നെ പറയാം. ഇവിടത്തെ ചോലവനങ്ങളിലാണ് ലോകത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമെന്നു പറയപ്പെടുന്ന പല കിളികളും ചേക്കേറുന്നത് എന്നുകൂടി സൂചിപ്പിച്ചോട്ടെ.

ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ഒരുപോലെ പരിസ്ഥിതിലോകം എന്നുറപ്പിച്ചു പറഞ്ഞിട്ടുള്ള, നിർമാണം നിഷിദ്ധമായിട്ടുള്ള ഒരു പ്രദേശമാണിത്. പ്രദേശത്തെ ജൈവവൈവിധ്യം മാത്രമല്ല അത്തരമൊരു വിലക്കിന് ആധാരം. അതിനുകാരണം, ഏതുനിമിഷവും ഒരു മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശത്തെ ഭൂപ്രകൃതികൂടിയാണ്. മാത്രവുമല്ല, പശ്ചിമഘട്ടത്തിന്മേൽ ഉണ്ടായിട്ടുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങൾ നിമിത്തം, കഴിഞ്ഞ മൂന്നു വർഷമായി കനത്ത മഴ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പ്രദേശം കൂടിയാണ് ഇവിടം. 

മേപ്പാടിയിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്ന് അധികം അകലെയല്ല ഇപ്പോൾ തുരങ്കപാതയ്ക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രദേശം. കഴിഞ്ഞ കൊല്ലം അവിടെ ജനങ്ങളുടെ വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണപ്പോൾ പൊലിഞ്ഞത് 17 പേരുടെ ജീവനായിരുന്നു. 64 കുടുംബങ്ങളാണ് അന്ന് അവിടെ ഭാവനരഹിതരാക്കപ്പെട്ടത് എന്നോർക്കണം. മണ്ണിടിച്ചിൽ സാധ്യത പ്രദേശത്ത് ഇപ്പോൾ കഴിഞ്ഞ കൊല്ലത്തേക്കാൾ അധികരിച്ചിട്ടുണ്ടെങ്കിലേ ഉള്ളൂ. ഈ ഒരു സാഹചര്യത്തിൽ, ഇത്തരമൊരു ബൃഹദ് പദ്ധതിക്കായി ഈ പ്രദേശം തെരഞ്ഞെടുക്കുന്നത് എത്ര ആത്മഹത്യാപരമായ ഒരു തീരുമാനമാകും എന്ന് ഞാൻ പറയാതെ തന്നെ താങ്കൾക്ക് അറിവുള്ളതാണല്ലോ. ഈ പദ്ധതിക്കുവേണ്ടി നടത്തപ്പെട്ടേക്കാവുന്ന ഭാവി നിർമാണപ്രവർത്തനങ്ങൾ ഈ മലനിരകൾക്ക് ഏൽപ്പിക്കുന്ന ആഘാതം നിരവധി മണ്ണിടിച്ചിലുകൾക്കുള്ള 'ട്രിഗർ' ആകാനിടയുണ്ട്. 

 

 

ഇത്തരത്തിൽ മുൻപിൻ നോക്കാതുള്ള വികസനാബദ്ധങ്ങൾക്കുള്ള ഉദാഹരണം തേടി നമുക്ക് അധികം ദൂരെക്കൊന്നും പോകേണ്ടതില്ല.കൊച്ചി-ധനുഷ്‌കോടി ഹൈവേയിൽ, മൂന്നാറിനടുത്ത് അടുത്തിടെ നിർമിച്ച ഗ്യാപ്പ് റോഡ് തന്നെ അതിനു നല്ലൊരുദാഹരണമാണ്. കേരളത്തെ തമിഴനാടുമായി ബന്ധിപ്പിക്കാനെന്നും പറഞ്ഞു പണിതീർത്ത ഈ ഇടുങ്ങിയ മലമ്പാതയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നിട്ടുളളത് 20 -ലധികം മണ്ണിടിച്ചിലുകളാണ്. ഈ ഗ്യാപ്പ് റോഡിന്റെ വികസനത്തിന് എന്ന പേരും പറഞ്ഞ് പ്രദേശത്ത്, വൻതോതിലുള്ള അനധികൃത ക്വാറികൾ പ്രവർത്തിച്ചു പോരുന്നുണ്ടെന്നതും അങ്ങയുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.

ഗ്യാപ്പ് റോഡ് നിർമ്മാണത്തിനിടെയും അതിനുശേഷവും ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കാതെ, അതുപോലെ തന്നെയുള്ള മറ്റൊരു അബദ്ധത്തിനാണ് ഇപ്പോൾ ഈ സർക്കാർ തുനിഞ്ഞിറങ്ങുന്നത്. ഈ തുരങ്കപാത പ്രഥമദൃഷ്ട്യാ തന്നെ അപ്രായോഗികവും, നിലനില്പില്ലാത്തതുമായ ഒന്നാണ്. വികസനത്തിന്റെ പേരിൽ നടത്താൻ പോകുന്ന ഒരു വ്യർത്ഥാഭ്യാസം മാത്രമായി ഒടുങ്ങും അത്. ടണലിനായി മല തുരക്കുമ്പോൾ അവശേഷിക്കാൻ പോകുന്നത് ടൺ കണക്കിന് പാറക്കഷ്ണങ്ങളാണ്. അവ കൊണ്ടുചെന്നടുക്കി ഈ പ്രദേശത്തെ ആനത്താരകളിലെയും വനമേഖലയിലെയും സഞ്ചാരം മുടങ്ങും. ഈ നിർമാണം പ്രദേശത്തെ ജൈവവൈവിധ്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന ഒന്നാണ്. 

കൃത്യമായ ഒരു സാധ്യതാ പഠനമോ, പാരിസ്ഥിതിക ആഘാത പഠനമോ, വിശദമായ പ്രോജക്ട് റിപ്പോർട്ടോ ഒന്നും കൂടാതെ ഇത്ര തിടുക്കപ്പെട്ട് ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയിൽ കാര്യമായ സംശയം ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെ ഒരു പദ്ധതിയെപ്പറ്റി ആദ്യം ചർച്ചകൾ വരേണ്ടത് പൊതുമണ്ഡലത്തിലേക്കാണ്. അവിടെ ഉണ്ടാകേണ്ടത് അഭിപ്രായ സമന്വയങ്ങളാണ്, അല്ലാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കൽ അല്ല. പ്രദേശത്ത് എന്തൊക്കെ പരിസ്ഥിതികാഘാതങ്ങളാണ് ഉണ്ടാകാനിടയുള്ളത് എന്നറിയാൻ വേണ്ടി സർക്കാർ ഇതുവരെ അതൊരു സ്വതന്ത്ര ഏജൻസിയെയും ചുമതലപ്പെടുത്തിയതായി അറിവില്ല. പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, ഇങ്ങനെ ഒരു തുരങ്കപാതയെപ്പറ്റി ചിന്തിക്കും മുമ്പ്,  ഇപ്പോൾ തന്നെ നിലവിലുള്ള താമരശ്ശേരി  ചുരം വഴിക്കുള്ള കുറ്റിയാടി- മാനന്തവാടി പാതയുടെ വികസനം അടക്കമുള്ളമറ്റെന്തെങ്കിലും മാര്ഗങ്ങളുണ്ടോ എന്നുകൂടി ആലോചിക്കേണ്ടതുണ്ടായിരുന്നു.  

 

 

ഇപ്പോഴേ പരിസ്ഥിതി ലോലമായ വയനാടിന് നിലവിൽ ആവശ്യം എന്തായാലും ഇവിടത്തെ പരിസ്ഥിതിയെ തകിടം മറിക്കുന്ന പുതിയൊരു ഫാൻസി പ്രോജക്റ്റ് അല്ല. ഈ തുരങ്കപാത പാരിസ്ഥിതിക ദുരന്തങ്ങൾക്കുള്ള രസക്കൂട്ടാകും മിക്കവാറും അടുത്തുതന്നെ. കഴിഞ്ഞ രണ്ടു വർഷങ്ങളായി കേരളത്തിൽ തെക്കുവടക്ക് പലയിടത്തായി പെരുമഴക്കൊപ്പം നടക്കുന്ന മണ്ണിടിച്ചിലുകളും ഉരുൾപൊട്ടലുകളും അവയുണ്ടാക്കുന്ന ദുരന്തങ്ങളും ഒക്കെ മറ്റാര് വിസ്മരിച്ചാലും, കേരളം സർക്കാർ ചെയ്യാൻ പാടുള്ളതല്ല. 

ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്ന സ്ഥാപനം നടത്തിയ ഒരു പഠനം പറയുന്നത് 2018 -ലെ പ്രളയ കാലത്ത് ഏറ്റവുമധികം ബന്ധിക്കപ്പെട്ട ഒരു പ്രദേശം വയനാട്ടിലെ വൈത്തിരിയാണ് എന്നായിരുന്നു. അവിടത്തെ മുനിസിപ്പൽ ബിൽഡിങ്ങും പൊലീസ് സ്റ്റേഷനും വരെ ഇവിടെ മണ്ണെടുത്തത് മറന്നുകൂടാ. 30 % -ൽ അധികം മലയ്ക്ക് ചെരിവുള്ളിടങ്ങളിൽ നടത്തിയ അനധികൃത നിർമാണങ്ങളാണ് വൈത്തിരി ഭാഗത്തുണ്ടായ മണ്ണിടിച്ചിലുകളിൽ 90 % ന്റെയും മൂലകാരണം എന്നാണ്  ഈ പഠനം പറയുതുന്നത്. 

ഇന്ന് വയനാട്ടുകാർ ഉറ്റുനോക്കുന്നത് ഇനിയും പരിസ്ഥിതികാഘാതമുണ്ടാക്കുന്ന പുതിയ മെഗാപ്രോജക്ടുകളെ അല്ല. അവരുടെ  കൃഷി രംഗത്തെ സംരംഭങ്ങൾക്ക് സഹായം നേടുക, കണക്കില്ലാതെ പെയ്യുന്ന മഴയും, ഏറിവരുന്ന ചൂടും കാരണമുണ്ടാകുന്ന ഉത്പാദനക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്നതൊക്കെയാണ്. 

വയനാട്ടിൽ രണ്ടുലക്ഷത്തോളം വരുന്ന ഗോത്രവർഗക്കാർ ഉണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ട കുറേക്കൂടി സാർത്ഥകമായ പരിശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവട്ടെ. കയ്യേറ്റക്കാരെ കഴിഞ്ഞ പതിറ്റാണ്ടുകളായി വെട്ടിപ്പിടിച്ചിട്ടുള്ളത് ആ ട്രൈബൽസിന്റെ സ്ഥലങ്ങളാണ്. ഇല്ലാതാക്കിയിട്ടുള്ളത് അവരുടെ ഉപജീവനമാണ്. അവർക്ക് ഇന്ന് ഭൂമിയുമില്ല, രോഗം വന്നാൽ ചികിത്സിക്കാൻ ആശുപത്രിയില്ല, പണമില്ല. കാടുമാത്രം ആശ്രയമെന്നു കഴിഞ്ഞിരുന്ന അവർക്കിന്ന് പട്ടണങ്ങളിലേക്കിറങ്ങി കൂലിവേല ചെയ്യേണ്ട ഗതികെട്ട അവസ്ഥയാണുള്ളത്. 

ഒരു കാര്യം പറഞ്ഞവസാനിപ്പിക്കട്ടെ പ്രിയ സിഎം, ഇങ്ങനെ ഒരു പ്രോജക്ട് പ്രവർത്തികമാക്കും മുമ്പ് അങ്ങ് ചെമ്പ്രമലയുടെ ഒത്തമുകളിലേക്കൊന്നു വരണം. ആ പ്രശാന്തതയിലിരുന്നുകൊണ്ട് അവിടത്തെ  ചിലപ്പൻ കിളികളുടെ ഒച്ചയ്ക്കൊന്നു കാതോർക്കണം. ഇങ്ങനെയൊരു പദ്ധതി തച്ചുതകർക്കാൻ പോകുന്നത്, ഇല്ലാതാക്കാൻ പോകുന്നത് ആ കളകൂജനങ്ങൾ കൂടിയാണെന്ന് അങ്ങറിയണം. ഇത് പതിനഞ്ചു കോടി വർഷം കൊണ്ട് ഉരുവം കൊണ്ട ഒരു പ്രകൃതി സമ്പത്താണ്. അതിനെ പതിനഞ്ചു മാസം കൊണ്ട് നാമാവശേഷമാക്കരുത്, അങ്ങ്..! 

 

 

ഈ ചിലപ്പൻ എന്ന് പറയുന്നത്, തവിട്ടു നിറമുള്ള, ഒരു കുഞ്ഞിക്കിളിയാണ്. അമ്പത് ലക്ഷം വർഷത്തെ പഴക്കമുണ്ട് ആ ജീവിവർഗത്തിന്. ഹിമാലയത്തിലെ ലാഫിങ് ബേർഡ്‌സുമായിപ്പോലും ഒരു വിദൂര ബന്ധമുണ്ട്. ഹിമാലയത്തിൽ നിന്ന് ഡെക്കാൻ പീഠഭൂമി മുറിച്ചു കടന്ന്, ചെമ്പരയിലെ ചോലവനങ്ങളിലേക്ക് പാറിപ്പറന്നു വന്നു ചേക്കേറിയതാണ് ഇവന്റെ പൂർവികർ. ചെമ്പ്രമലയുടെ കൊടുമുടികൾ ഒരുക്കിക്കൊടുക്കുന്ന ആകാശതുരുത്തുകളിലാണ്, അവിടങ്ങളിലെ കാലാവസ്ഥയിൽ പ്രകൃതിയൊരുക്കുന്ന വിജനതയിലാണ്, അതിന്റെ സ്വാസ്ഥ്യത്തിലാണ് ഈ ചിലപ്പൻ കിളികൾ ചേക്കേറി, അന്തിയുറങ്ങുന്നതെന്ന് ഗവേഷകനായ സികെ വിഷ്ണുദാസ് നിരീക്ഷിച്ചിട്ടുണ്ട്. ഈ വിജനതയിലും ചിലപ്പൻ കിളികൾക്ക് ഒരതിജീവനമുണ്ട്, ഈ പ്രശാന്തതയിലാണ് അവയുടെ അതിജീവനത്തിന്റെ മൂളിപ്പാട്ടുകളുറങ്ങുന്നതും.

കേരള ഗവൺമെന്റ്, ഇപ്പോൾ ഇങ്ങനെയൊരു തുരങ്ക പാതയുടെ പേരും പറഞ്ഞുകൊണ്ട് പശ്ചിമഘട്ടത്തിന്റെ പള്ള തുരക്കാൻ വേണ്ടി കൂടം കൊണ്ടടിക്കുന്ന, ജെസിബികൊണ്ട് തുരക്കുന്ന ആദ്യത്തെ പ്രകമ്പനം, അത് അലോസരങ്ങൾ സൃഷ്ടിക്കാൻ പോകുന്നത് ഈ ചിലപ്പൻ കിളികളുടെ സ്വൈരത്തിലാണ്. അങ്ങനെ സംഭവിച്ചാൽ, വയനാടിനെ വയനാടാക്കുന്ന ഈ ആകാശതുരുത്തുകൾ പിന്നൊരിക്കലും പഴയപോലാവില്ല...!"