Asianet News MalayalamAsianet News Malayalam

Uyghur Tribunal : വാട്ട്‌സാപ്പ് ഉപയോഗിച്ചതിന് ചങ്ങലക്കിട്ടു, ചൈനയുടെ ക്രൂരത!

ചൈന ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉയിഗൂര്‍ ട്രിബ്യൂണലിലാണ് എര്‍ബാകിത് ഒറ്റാര്‍ബേ തന്റെ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്.

Xinjiang  muslim man chained for using WhatsApp
Author
Xinjiang, First Published Dec 9, 2021, 1:06 PM IST

''വാട്ട്‌സാപ്പ് (Whatsapp) ഉപയോഗിച്ചു എന്നു പറഞ്ഞാണ് അവരെന്നെ അറസ്റ്റ് (Arrest) ചെയ്തത്. ചങ്ങലക്കിട്ടത്. മുള്‍ക്കസേരയില്‍ ഇരുത്തിയത്. തടവിലിട്ട് പീഡിപ്പിച്ചത്. എന്നാല്‍, യഥാര്‍ത്ഥ കാരണം അതായിരുന്നില്ല. ഞാനൊരു മുസ്‌ലിം (Muslim) ആയതിനാലാണ്. കസാഖ് വംശജന്‍ (Kazakh) ആയതിനാലാണ്.''-പറയുന്നത് എര്‍ബാകിത് ഒറ്റാര്‍ബേ (Erbakit Otarbay). കസാഖ്  വംശജനായ ചൈനീസ് പൗരന്‍. ചൈനയുടെ (China) കണ്ണിലെ കരടായ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉയിഗൂര്‍ വിഭാഗക്കാര്‍ക്കൊപ്പം പീഡിപ്പിക്കപ്പെടുന്ന വിഭാഗക്കാരാണ് കസാഖുകള്‍. 

ചൈന ഉയിഗൂര്‍ (Uyghur) മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉയിഗൂര്‍ ട്രിബ്യൂണലിലാണ് (Uyghur tribunal) എര്‍ബാകിത് ഒറ്റാര്‍ബേ തന്റെ ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്ററിലാണ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ട്രിബ്യൂണലിന്റെ സിറ്റിംഗ് നടന്നത്. എര്‍ബാകിത് ഒറ്റാര്‍ബേയെ കൂടാതെ മറ്റു ചില ഉയിഗൂര്‍ വിഭാഗക്കാരും ചൈന തങ്ങളോട് ചെയ്ത അതിക്രമങ്ങള്‍ ഇവിടെ എണ്ണമിട്ട് വിവരിച്ചു. എന്നാല്‍, ചൈനയെ കരിവാരിത്തേക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന നാടകത്തിലെ നടന്‍മാര്‍ മാത്രമാണ് ഇവരെന്നാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം. ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ചൈന ബ്രിട്ടനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ബ്രിട്ടന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 

മുസ്‌ലിം വിഭാഗത്തില്‍ പെടുന്ന ഉയിഗൂര്‍, കസാഖ് വംശജര്‍ ഏറ്റവും കൂടുതലുള്ള സിന്‍ജിയാംഗ് പ്രവിശ്യയില്‍ പതിറ്റാണ്ടുകളായി ചൈന കടുത്ത അതിക്രമങ്ങളാണ് നടത്തുന്നത്. ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കി ജനങ്ങളെ വരിഞ്ഞുകെട്ടുകയും വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാം നിരോധിക്കുകയും ചെയ്യുന്ന ചൈനയുടെ നയം കാരണം ഈ മേഖലയില്‍ നിരവധി പേരാണ് തടവില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ട്രിബ്യൂണല്‍ പ്രവര്‍ത്തനമാരംഭിച്ചത്. 

 

 

സിന്‍ജിയാംഗില്‍ ജനിച്ചു വളര്‍ന്ന ഇസ്‌ലാം മത വിശ്വാസിയായ എര്‍ബാകിത് ഒറ്റാര്‍ബേ 2014-ല്‍ കുടുംബത്തിനൊപ്പം കസാഖിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. എന്നാല്‍, ചൈനയുടെ പരോക്ഷ നിയന്ത്രണത്തിലുള്ള കസാഖിസ്ഥാനില്‍നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ചൈനയിലേക്ക് തിരികെ ചെന്നു. ഈ സമയത്താണ് താന്‍ അറസ്റ്റിലായത് എന്ന് ഒറ്റാര്‍ബേ  ടിബ്യൂണലിന് മൊഴി നല്‍കി. ചൈന നിരോധിച്ച വാട്ട്‌സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു എന്നതായിരുന്നു കുറ്റം. കസാഖിസ്ഥാനില്‍ വാട്ട്‌സാപ്പിന് നിരോധനമില്ലെന്നും അവിടെവെച്ചാണ് താന്‍ വാട്ട്‌സാപ്പ് ഉപയോഗിച്ചത് എന്നുമാണ് ഒറ്റാര്‍ബേ പറയുന്നത്. എന്നാല്‍, ഈ വാദം കണക്കിലെടുക്കാതെ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും തടവിലിടുകയുമായിരുന്നുവെന്ന് ഒറ്റാര്‍ബേ മൊഴിയില്‍ പറയുന്നു. 

ചോദ്യം ചെയ്യലിന്റെ ഭാഗമായി തന്നെ പുനര്‍വിദ്യാഭ്യാസ ക്യാമ്പ് എന്നറിയപ്പെടുന്ന പീഡനകേന്ദ്രത്തില്‍ അടച്ചതായും നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിച്ചതായും ഇയാള്‍ പറയുന്നു. നിസ്‌കരിക്കാറുണ്ടോ എന്നും വിശ്വാസിയാണോ എന്നും മതബോധനങ്ങള്‍ കേള്‍ക്കുന്നത് എന്തിനാണ് എന്നതുമടക്കമുള്ള ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. മൊബൈല്‍ ഫോണില്‍ മതപരമായ വിവരങ്ങള്‍ സെര്‍ച്ചു ചെയ്ത എന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ഒരു വര്‍ഷത്തിനുശേഷം ജയിലില്‍നിന്ന് മോചിപ്പിച്ചുവെങ്കിലും തൊട്ടുപിന്നാലെ മറ്റൊരു ജയിലിലടച്ചു. അവിടെ ഒരു ബെല്‍റ്റ് ഫാക്ടറിയില്‍ നിര്‍ബന്ധിത തൊഴിലെടുപ്പിച്ചു. പിന്നീട് മോചിപ്പിച്ചുവെങ്കിലും കടുത്ത സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് താന്‍ കഴിയുന്നതെന്ന് ഒറ്റാര്‍ബേ പറഞ്ഞു. 

 

Xinjiang  muslim man chained for using WhatsApp

 

ട്രിബ്യൂണലില്‍ പങ്കെടുത്ത് തെളിവു നല്‍കാതിരിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായതായും ഒറ്റാര്‍ബേ മൊഴി നല്‍കി. കസാഖിസ്താന്‍ രഹസ്യ പൊലീസില്‍നിന്നാണ് എന്നു പറഞ്ഞ് ഒരാള്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി ഇദ്ദേഹം പറയുന്നു. ഭാര്യയും മക്കളും കസാഖിസ്ഥാനിലും ചൈനയിലുമായി കഴിയുന്നുണ്ടെന്നത് മറക്കരുത് എന്നും ചൈനയ്ക്ക് എതിരായി തെളിവ് നല്‍കിയാല്‍ അവരെ ഉപദ്രവിക്കുമെന്നുമായിരുന്നു ഭീഷണി. അത് അവഗണിച്ച് ലണ്ടനിലേക്ക് വരാന്‍ വിമാനത്താവളത്തില്‍ ചെന്നപ്പോള്‍ അവര്‍ യാത്ര തടഞ്ഞു. പിന്നീട് രഹസ്യമായി, ഒരു ടാക്‌സിയില്‍ അതിര്‍ത്തി കടന്ന് ഇസ്താംബുളിലെത്തി അവിടെനിന്നും വിമാനമാര്‍ഗമാണ് ലണ്ടനില്‍ എത്തിയതെന്നും ഇദ്ദേഹം പറയുന്നു. ചൈനയിലും കസാഖിസ്താനിലും കഴിയുന്ന കുടുംബാംഗങ്ങളെ അന്വേഷിച്ച് ചൈനീസ് പൊലീസ് പലവട്ടം ചെല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒറ്റാര്‍ബേ മൊഴി നല്‍കി. 

ട്രിബ്യൂണല്‍ സിറ്റിംഗ് മുടക്കാന്‍ ചൈന എല്ലാ ശ്രമങ്ങളും നടത്തുന്നതായി സംഘാടകരെ ഉദ്ധരിച്ച് Coda  വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണിലൂടെയുള്ള ഭീഷണികള്‍ക്കു പുറമേ, പരിപാടി നടക്കുന്ന നിലയുടെ അടുത്ത നിലകള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ വാടകക്കെടുക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രിബ്യൂണല്‍ സൈറ്റ് ഹാക്ക് ചെയ്യാനും ശ്രമം നടന്നു. അതിനിടെ, ട്രിബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലണ്ടനിലെ ചൈനീസ് എംബസി ബ്രിട്ടീഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചൈനയുടെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തല്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് എന്നാല്‍, ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios