ദില്ലി: രാജ്യത്ത് ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഇ-കോമേഴ്സ് നയം ആഗോള ടെക് ഭീമന്മാര്‍ക്ക് ഇരുട്ടടിയായേക്കുമെന്ന് സൂചന. അതേ സമയം തദ്ദേശീയ സ്റ്റാര്‍ട്ട്അപുകള്‍ക്കും, സംരംഭങ്ങള്‍ക്കും വലിയ പിന്തുണയും പുതിയ നയം വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇ-കോമേഴ്സ് രംഗത്തെ ആഗോള ഭീമന്മാരുടെ മേധാവിത്വം ഇല്ലാതാക്കുന്ന തരത്തിലാണ് നയം എന്നാണ് നയത്തിന്‍റെ കരട് വ്യക്തമാക്കുന്നത്.

15-പേജുള്ള പുതിയ ഇ-കോമേഴ്സ് നയത്തിന്‍റെ കരട് ബ്ലൂംബെര്‍ഗാണ് പുറത്തുവിട്ടത്. പുതിയ നയപ്രകാരം ഇ-കോമേഴ്സ് രംഗത്ത് കമ്പനികള്‍ക്ക് മത്സരിക്കാനുള്ള ഇടം ഒരുക്കാനും, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കുമായി ഇ-കോമേഴ്സ് റെഗുലേറ്ററി അതോററ്ററിയെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് ഈ കരട് തയ്യാറാക്കിയിരിക്കുന്നത്.

കരട് പ്രകാരം ഓണ്‍ലൈന്‍ കമ്പനികളുടെ സോര്‍ഡ് കോഡും അല്‍ഗോരിതവും സര്‍ക്കാറിന് കൂടി പ്രപ്യമാകണം എന്നാണ് പറയുന്നത്. ഇതിലൂടെ എതിരാളികള്‍ക്കെതിരായ നടത്തുന്ന നീതിയുക്തമല്ലാത്ത ഡിജിറ്റല്‍ നടപടികള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം ഇ-കോമേഴ്സ് ബിസിനസുകള്‍ വിശദീകരിക്കാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ ഡിജിറ്റല്‍ ഇക്കോണമി എന്നത് വളരെ വേഗത്തില്‍ വളരുകയാണ്. 50 കോടി സജീവ ഉപയോക്താക്കളാണ് വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത് എന്നാണ് കണക്ക്. ഓണ്‍ലൈന്‍ വില്‍പ്പന, ഓണ്‍ലൈന്‍ സ്ട്രിമിംഗ്, ഓണ്‍ലൈന്‍ പേമെന്‍റ് ഇങ്ങനെ ഇത്തരത്തിലുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ തുറകളില്‍ എല്ലാം ഇപ്പോള്‍ മുന്നില്‍ വിദേശ കമ്പനികളാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സര്‍ക്കാറിന്‍റെ നയംവരുന്നത്.

പൊതു ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരടില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇത് സര്‍ക്കാര്‍ വെബ് സൈറ്റില്‍ ലഭിക്കും. ഇ-കോമേഴ്സ് രംഗത്തെ വിവര സഞ്ചയം ഇന്ത്യയില്‍ കൈയ്യടി വയ്ക്കാനുള്ള പ്രവണത ഇല്ലാതാക്കാണമെന്ന് കരട് പറയുന്നുണ്ട്. കൂടുതല്‍ സേവനദാതക്കള്‍ അതിനായി രംഗത്ത് ഇറങ്ങണം. അത്തരം ഒരു സാഹചര്യം ഒരുക്കുന്നതിനാണ് പുതിയ നയം കരട് പറയുന്നു.

ഇ-കോമേഴ്സ് സൈറ്റുകളോട് സര്‍ക്കാര്‍ ഏതെങ്കിലും വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് 72 മണിക്കൂറില്‍ ലഭ്യമാക്കണമെന്നും കരടില്‍ പറയുന്നു. ഇത് രാജ്യസുരക്ഷയ്ക്കും, നിയമപരിപാലനത്തിനും,നികുതി സംവിധാനത്തിന് വേണ്ടിയാണെന്ന് കരട് പറയുന്നു. 

ഒരു വസ്തു ഓണ്‍ലൈന്‍ വഴി വില്‍ക്കുമ്പോള്‍ ഇ-കോമേഴ്സ് പ്ലാറ്റ് ഫോം അത് വില്‍ക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, കസ്റ്റമര്‍ പരാതി അറിയിക്കാനുള്ള കോണ്‍ടാക്റ്റ്, ഇ-മെയില്‍, വിലാസം എന്നിവ നല്‍കണം എന്ന് പറയുന്നു. ഇറക്കുമതി വസ്തുക്കലാണെങ്കില്‍ അത് ഏത് രാജ്യത്ത് നിന്നാണെന്നും, ഈ വസ്തു ഇന്ത്യയില്‍ ലഭിക്കുന്ന വില എന്താണെന്നും വ്യക്തമാക്കണമെന്ന് കരടില്‍ പറയുന്നു.