കൊവിഡ് വ്യാപനം തടയാൻ രാജ്യമൊട്ടാകെ പ്രഘ്യാപിച്ച അടച്ചുപൂട്ടൽ ആരോഗ്യമേഖലക്കും നാട്ടുകാർക്കും പ്രയോജനകരമാകുന്ന തരത്തിൽ ഫലപ്രദമാക്കുകയാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനിറ്റേറിയന്‍ ടെക്‌നോളജി ലാബ്‌സ് അഥവാ ഹട്ട് ലാബ്‌സ്. പ്രഭ,ബോധി,അന്നപൂർണ്ണ,മാരുതി എന്നിങ്ങനെ പേരിട്ടിരിക്കുന്ന വിവിധതരം റോബോട്ട് പ്രോട്ടോടൈപ്പുകളെയാണ് ഹട്ട് ലാബ്സ് ആവിഷ്കരിച്ചിരിക്കുന്നത്. രോഗികളെ സഹായിക്കാൻ കഴിയുന്ന അല്ലെങ്കിൽ മനുഷ്യർക്ക് സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ട് പ്രോട്ടോടൈപ്പുകളാണ് ഇവ.

മാനുഷിക ലക്ഷ്യങ്ങൾക്കായി റോബോട്ടുകൾ നിർമ്മിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് അമൃത ഹ്യൂമാനിറ്റേറിയൻ ടെക്നോളജി ലാബ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു. തങ്ങളുടെ ആദ്യകാല വിജയങ്ങളിൽ പലതും കുറഞ്ഞ ചെലവിൽ നിർമ്മിച്ചവയാണ്. സ്വയം ഡ്രൈവ് ചെയ്യാൻ കഴിയുന്ന വീൽചെയർ തുടങ്ങി വളരെ ഉയരമുള്ള സ്ഥലങ്ങളിൽ നിന്ന് തേങ്ങകൾ ശേഖരിക്കാൻ കഴിയുന്ന കൊക്കോബോട്ട് എന്നിവയാണവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 ന്റെ ഗൗരവം മനസ്സിലാക്കിയയുടനെ, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട റോബോട്ടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

പ്രഭ എന്ന അൾട്രാവയലറ്റ് റൂം ഡിസ്ഇൻഫെക്ഷൻ ടെലി-ഓപ്പറേറ്റഡ് റോബോട്ട് പ്രവർത്തിപ്പിക്കുന്നതിന്റെ സുരക്ഷയ്ക്കായി ഒരു സൈറൺ ഘടിപ്പിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഈ റോബോട്ടിനെ വിദൂരമായി നിയന്ത്രിക്കാനും അത് മുഖേന യുവി ലാംപുകൾ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. 55 വാട്ടിന്റെ 3 യുവി വിളക്കുകൾ ഉള്ള പ്രഭയ്ക്ക് 12 x 12 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു മുറി ഒരു മണിക്കൂറിനുള്ളിൽ അണുവിമുക്തമാക്കാം. 6 ലാംപുകൾ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഒരേ മുറി അണുവിമുക്തമാക്കാനും സാധ്യമാണ്. പകർച്ചവ്യാധികൾ ഉള്ള രോഗികൾ ഉണ്ടായിരിക്കുന്ന മുറികൾ, വിശ്രമമുറികൾ, മെഡിക്കൽ ഉപകരണങ്ങൾ മുതലായവ അണുവിമുക്തമാക്കാൻ ഇത് ഉപയോഗിക്കാം. ഇതിന്റെ ഉൽ‌പാദനച്ചെലവ് ഏകദേശം 40,000 രൂപയാണ്.

പബ്ലിക്ക് സർവെയ്ലൻസ് ആൻഡ് അവയർനസ്സ് ടെലി-ഓപ്പറേറ്റഡ് റോബോട്ടാണ് ബോധി. കോവിഡ് പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിൽ ഷട്ട്ഡൗൺ അഥവാ കർഫ്യൂ സമയത്ത് റോഡുകളിൽ നിരീക്ഷണത്തിനും ബോധവൽക്കരണത്തിനും പോലീസിനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാൻ കഴിയും. 360 ഡിഗ്രി ക്യാമറയും ശക്തമായ സ്പീക്കറും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ കൺട്രോൾ സ്റ്റേഷനിൽ നിന്ന് വൈഫൈ ഉപയോഗിച്ച് വിദൂരമായി പ്രവർത്തിപ്പിക്കാൻ കഴിയും. പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരസ്യമായ പ്രഖ്യാപനങ്ങൾ നടത്താനും റെക്കോർഡുചെയ്‌ത സന്ദേശങ്ങൾ പ്ലേ ചെയ്യാനും കഴിയും. പകർച്ചവ്യാധി സമയത്ത് പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് പോലും തെരുവുകളിൽ നടക്കാൻ കഴിയാത്ത സ്ഥലത്ത് ഇത് വളരെ ഉപയോഗപ്രദമാകും. അര കിലോമീറ്റർ അകലെ നിന്ന് സുരക്ഷിതമായി ഇതിനെ നിയന്ത്രിക്കാൻ കഴിയും. ആവശ്യമായ സവിശേഷതകൾ, ആശയവിനിമയ വേഗത മുതലായ സവിശേഷതകൾ ഉള്ളതുകൊണ്ട് തന്നെ എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെലി-മെഡിസിൻ സൗകര്യമുള്ള ടെലി-ഓപ്പറേറ്റഡ് റോബോട്ടാണ് അന്നപൂർണ്ണ. വൈഫൈ ഉപയോഗിച്ച് വിദൂരമായി പ്രവർത്തിക്കുന്ന ഈ റോബോട്ടിന് ഒറ്റപ്പെട്ട വാർഡുകളിലെ രോഗികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകാൻ കഴിയും. ടെലിമെഡിസിൻ സൗകര്യമുള്ള ഈ റോബോട്ടിനു ഒറ്റപ്പെട്ട വാർഡുകളിലെ രോഗികൾക്ക് ഡോക്ടർമാരുമായും നഴ്സുമാരുമായും വിദൂരമായി സംവദിക്കാനും കഴിയും. ജോയ്സ്റ്റിക്കോ മൊബൈൽ ഫോൺ ആപ്ലിക്കേഷനോ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന അന്നപൂർണ്ണയിലൂടെ ആശയവിനിമയം ബ്ലൂടൂത്തിലോ വൈഫൈയിലോ നടത്താം. പകർച്ചവ്യാധി സമയത്ത് ഒറ്റപ്പെട്ട വാർഡുകളിലെ രോഗികൾക്ക് ഭക്ഷണവും വെള്ളവും മരുന്നും വിതരണം ചെയ്യുന്ന ആശുപത്രികളിലെ മുൻ‌നിര തൊഴിലാളികൾക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. ഏകദേശം 25,000 രൂപയുടെ നിർമ്മാണച്ചെലവാണ് ഇതിലുള്ളത്.

ടെലി-ഓപ്പറേറ്റഡ് പേഷ്യന്റ് ട്രാൻസ്പോർട്ടേഷൻ റോബോട്ടിനാണ് മാരുതി എന്ന് പേരിട്ടിരിക്കുന്നത്. ബ്ലൂടൂത്തോ വയർലെസ് ജോയ്സ്റ്റിക്ക് കൺട്രോളറോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഓപ്പറേറ്ററിനോ കെയർടേക്കറിനോ ഒന്ന് മുതൽ നാല് മീറ്റർ വരെ ദൂരെയുള്ള വീൽചെയർ സുരക്ഷിതമായി നിയന്ത്രിക്കാനാകും. വീൽചെയറിലോ രോഗികളെയോ തൊടാതെ ഓപ്പറേറ്റർക്ക് ഐസോലേഷൻ വാർഡുകളിലെ രോഗികളെ കൊണ്ടുപോകാൻ കഴിയും.

മെക്കാനിക്കൽ വീൽചെയറുകളിൽ രോഗികളെ കയറ്റുന്ന ആശുപത്രികളിലെ മുൻ‌നിര തൊഴിലാളികൾക്ക് വീൽചെയറിൽ സ്പർശിക്കാതെ, ആവശ്യമായ സ്ഥലങ്ങളിൽ രോഗികളെ എത്തിക്കാൻ ഇത് വളരെ ഉപയോഗപ്രദമാണ്. ഒരു ലക്ഷം രൂപയാണ് ഈ വീൽചെയറിന്റെ വില. ഈ ദുഷ്‌കരമായ സമയത്ത് ഏവർക്കും സഹായകരമാകുന്ന തരത്തിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഡോ. രാജേഷ് പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യനെ ഉയർത്തണം എന്നതാണ് അമൃതയുടെ ലക്ഷ്യം. അതിനാൽ, ഈ പകർച്ചവ്യാധിയുടെ സമയത്ത് എന്നത്തേക്കാളും കൂടുതൽ ഞങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.