Asianet News MalayalamAsianet News Malayalam

ടെക് ഭീമന്മാര്‍ 'റോസ്റ്റഡ്': അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ ചോദ്യങ്ങളില്‍ വിറച്ച് സുക്കറും, പിച്ചെയും

എന്തായാലും ഇപ്പോഴത്തെ ചോദ്യം ചെയ്യലിന്‍റെ കൂടി വെളിച്ചത്തില്‍ നാലു കമ്പനികള്‍ക്കുമെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകാതെ സമിതി കോണ്‍ഗ്രസില്‍ സമര്‍പ്പിക്കും.  13 ലക്ഷം രേഖകള്‍ പരിശോധിച്ചും, മൊഴിയെടുത്തുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ടില്‍ എന്ത് നടപടി വരും എന്നത് കാത്തിരുന്നു കാണാം.

Congress grilled the CEOs of Amazon Apple, Facebook and Google. Here are the big takeaways
Author
Washington D.C., First Published Jul 30, 2020, 10:58 AM IST

വാഷിംങ്ടണ്‍: അമേരിക്കന്‍ ടെക് ഭീമന്മാരായ ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ എന്നിവരെ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സമിതി ചോദ്യം ചെയ്തു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു കൂടികാഴ്ചയും ചോദ്യം ചെയ്യലും നടന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന . അമേരിക്കയുടെ ഹൗസ് ജുഡിഷ്യറി കമ്മറ്റിക്കു കീഴിലുള്ള ആന്‍റിട്രസ്റ്റ് പാനലിന് മുന്നിലാണ്  ഫേസ്ബുക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ ഏറ്റവും മുതിര്‍ന്നവര്‍ തന്നെ ഹാജറായത്. ഇതാദ്യമായാണ് ഈ നാലു ഭീമന്മാരും ഒരുമിച്ച് ഇത്തരം ഒരു പാനലിനു മുന്നില്‍ ചോദ്യംചെയ്യല്‍ നേരിടാനെത്തുന്നത്. 

പ്രധാനമായും രണ്ട് കാര്യങ്ങളില്‍ വ്യക്തത തേടിയാണ് കമ്പനികളെ അമേരിക്കന്‍ കോണ്‍ഗ്രസ് സമിതി വിളിച്ചുവരുത്തിയത്. ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച പരാതികള്‍, വിപണിയിലെ മത്സരം ഇല്ലാതാക്കി കുത്തകയാകുന്നത്. ശരിക്കും റോസ്റ്റിംഗ് എന്നാണ് കമ്പനികളുമായുള്ള കോണ്‍ഗ്രസിന്‍റെ കൂടികാഴ്ചയെ പാശ്ചത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് ഓണ്‍ലൈനായി നടന്നത്. ഇത് ലൈവായി പ്രക്ഷേപണവും ചെയ്തു. 

എന്നാല്‍ ലൈവ് അത്ര വ്യക്തമായില്ല എന്ന് പരാതി ഉയരുന്നുണ്ട്. ലൈവ് സ്ട്രീമിലെ ഓഡിയോയക്ക് ഒട്ടും ഗുണനിലവാരം ഉണ്ടായില്ലെന്നാണ് പരാതി. സ്‌ക്രീന്‍ ടിവികള്‍ ഓഫായി പോയി. ടെക് മേധാവികളുടെ മുഖങ്ങള്‍ വളരെ ചെറുതായി മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 

ഒരോരുത്തരും നേരിട്ട ചോദ്യങ്ങള്‍

മാര്‍ക്ക് സുക്കര്‍ബര്‍ഗ്: സുക്കര്‍ബര്‍ഗിനോട് ചോദിച്ച പ്രധാന ചോദ്യം, ഇന്‍സ്റ്റഗ്രാം വാങ്ങിയതിനെക്കുറിച്ചായിരുന്നു. ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്കിന് ഭീഷണിയായേക്കുമോ എന്ന പേടികൊണ്ടല്ലെ അതു വാങ്ങിയത് എന്നായിരുന്നു ചോദ്യം. എന്നാല്‍, ഈ കച്ചവടത്തെക്കുറിച്ച് ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ പഠനം നടത്തിയതായിരുന്നുവെന്നും, ഫേസ്ബുക്ക് ഏറ്റെടുക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാം വെറും ഫോട്ടോ ഷെയർ ചെയ്യുന്ന ചെറിയ സൈറ്റായിരുന്നുവെന്നും. അതൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് അല്ലായിരുന്നുവെന്നും സുക്കര്‍ മറുപടി നല്‍കി. അത് അന്ന് ഫേസ്ബുക്കിന് ഭീഷണിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ സുക്കര്‍ബര്‍ഗ് ഉത്തരം മുട്ടിയ അവസ്ഥയുണ്ടായി, ഫേസ്ബുക്കില്‍ നിന്നും ലഭിച്ച ചില ഇ-മെയിലുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സുക്കറിന് സാധിച്ചില്ല. അതേ സമയം പതിവുപോലെ ചൈനയെ പരാമര്‍ശിച്ച് രക്ഷപ്പെടാന്‍ പലപ്പോഴും സുക്കര്‍ ശ്രമവും നടത്തി.

സുന്ദര്‍ പിച്ചെ: ഗൂഗിള്‍ മേധാവിക്കെതിരെ കടന്നാക്രമണ ശൈലിയാണ് കോണ്‍ഗ്രസ് പാനല്‍ പയറ്റിയത്. ആദ്യം തന്നെ ചോദ്യം ചെയ്ത കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമായ ഡേവിഡ് സിസിലീന്‍ ഗൂഗിളിനെതിരെ മോഷണക്കുറ്റം ആരോപിച്ചു. സത്യസന്ധമായി ബിസിനസിലേര്‍പ്പെടുന്നവരുടെ ഉള്ളടക്കം എന്തിനാണ് ഗൂഗിള്‍ മോഷ്ടിക്കുന്നത് എന്നാണ് അദ്ദഹം ചോദിച്ചത്. യെല്‍പ്പ് ഐഎന്‍സിയുടെ  സ്വത്തുക്കള്‍ ഗൂഗിള്‍ മോഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 

എന്നാല്‍ ഈ ആരോപണത്തെക്കുറിച്ച് പരിശോധിച്ച് മാത്രമേ പറയാന്‍ സാധിക്കൂ എന്നാണ് പിച്ചെ പറഞ്ഞത്. ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത് ഉന്നത നിലവാരം പുലര്‍ത്തിയാണെന്ന് പിച്ചൈ പറഞ്ഞു. ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ഗൂഗിള്‍ എന്തെങ്കിലും അധാര്‍മ്മിത പ്രവര്‍ത്തി ചെയ്യാറില്ലെന്ന് പിച്ചെ ആവര്‍ത്തിച്ചു.

ഡെമോക്രാറ്റുകളാണ് പിച്ചൈയെ കൂടുതല്‍ കടന്നാക്രമിച്ചത്. ഇവരുടെ ചോദ്യങ്ങളില്‍ പലപ്പോഴും പിച്ചെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതായി തോന്നി. 

ജെഫ് ബിസോസ്: ആമസോണിന്‍റെ സ്ഥാപകനും തലവനുമായ ജെഫ് ആദ്യമായാണ് ഇത്തരം ഒരു സമിതിക്ക് മുന്നില്‍ ഹാജറാകുന്നത്. എന്നാല്‍ അതിന്‍റെ പരിഭ്രമം ഒന്നും ഇല്ലാത ഇദ്ദേഹം പെരുമാറിയെന്നാണ് വിലയിരുത്തല്‍. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ബെയ്‌സോസാണ്. അശേഷം കൂസാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സമിതി അംഗങ്ങളിലും ആദരവ് ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ചോദ്യങ്ങളും ബിസോസ് അസ്വസ്തതയോടെ നേരിട്ടില്ല.

ടിം കുക്ക്:  ആപ്പിള്‍ മേധാവിക്കെതിരെ വലിയ കഠിനമായ ചോദ്യങ്ങള്‍ ഒന്നും വന്നില്ലെന്നാണ് ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പറയുന്നത്. ഒപ്പം ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കുക്ക് കൃത്യമായ ഉത്തരം നല്‍കാനും ശ്രമിച്ചു. നേരത്തെയും ഇത്തരം സമിതികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ് കുക്ക് എന്നതിനാല്‍ ഈ പരിചയം അദ്ദേഹത്തിന് ഗുണം ചെയ്തു.

എന്തായാലും ഇപ്പോഴത്തെ ചോദ്യം ചെയ്യലിന്‍റെ കൂടി വെളിച്ചത്തില്‍ നാലു കമ്പനികള്‍ക്കുമെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകാതെ സമിതി കോണ്‍ഗ്രസില്‍ സമര്‍പ്പിക്കും.  13 ലക്ഷം രേഖകള്‍ പരിശോധിച്ചും, മൊഴിയെടുത്തുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ടില്‍ എന്ത് നടപടി വരും എന്നത് കാത്തിരുന്നു കാണാം.

Follow Us:
Download App:
  • android
  • ios