ദില്ലി: രാജ്യത്തെ ആരോഗ്യ മേഖല, ആശുപത്രികള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ വന്‍ സൈബര്‍ ആക്രമണ ഭീഷണിയിലാണ് എന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെയുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളിലായി 70 ലക്ഷത്തോളം സൈബര്‍ ആക്രമണങ്ങളോ, സൈബര്‍ ആക്രമണ ശ്രമങ്ങളോ നടന്നുവെന്നാണ് സൈബര്‍ പീസ് ഫൗണ്ടേഷനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ പല ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങളുടെയും ഹാര്‍ഡ് വെയര്‍ സോഫ്റ്റ്വെയര്‍ സംവിധാനങ്ങളുടെ കാലപ്പഴക്കമാണ് ഇത്തരം ആക്രമണത്തിന് വഴിയൊരുക്കുന്നതെന്നും. പലപ്പോഴും ഇടതടവില്ലാതെ ഉപയോഗത്തിലുള്ള ഈ സംവിധാനങ്ങളിലെ അപ്ഡേഷന്‍റെ കുറവും ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

കൊവിഡ് 19 പ്രതിസന്ധി കാലത്ത് റാന്‍സം വൈറസ് ആക്രമണങ്ങളാണ് ആരോഗ്യ മേഖലയെ ലക്ഷ്യം വച്ച് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൈബര്‍ ആക്രമണങ്ങള്‍ ആരോഗ്യ മേഖലയിലെ മെഡിക്കല്‍ മരുന്ന്, ആരോഗ്യ ഉപകരണ നിര്‍മ്മാണ മേഖല, ബില്ലിംഗ് സംവിധാനങ്ങള്‍ എന്നിവയെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.  ‘NetWalker ransomware’, ‘PonyFinal ransomware’, ‘Maze ransomware’ എന്നീ റാന്‍സം വൈറസുകള്‍ കൊവിഡ് കാലത്ത് സ്വഭാവികമായി എന്നാണ് പഠനം പറയുന്നത്.