ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ആദ്യ പ്രാഥമിക കാർഷിക വിദ്യാലയം, അഷിതയുടെയും അനീഷിന്റെയും സംരംഭം

By Web TeamFirst Published Mar 2, 2021, 9:10 AM IST
Highlights

ഉന്നാവ് ജില്ലയിലാണ് ഗുഡ്ഹാര്‍വെസ്റ്റ് സ്‌കൂള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഈ ഗ്രാമവാസികളുമായും ഗ്രാമത്തലവനുമായും സംസാരിച്ചും കൂടിയാലോചനകള്‍ നടത്തിയുമാണ് ഇത്തരമൊരു വിദ്യാലയം ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്.

ഉത്തര്‍പ്രദേശിലെ ഗുഡ് ഹാര്‍വെസ്റ്റ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക പ്രാഥമിക വിദ്യാലയത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. 2013 -ല്‍ അഷിതയും അനീഷ് നാഥും തങ്ങളുടെ സ്വന്തം നാട്ടില്‍ ലാഭേച്ഛയില്ലാതെ ആരംഭിച്ച ഈ സ്ഥാപനം കാര്‍ഷിക രംഗത്ത് മാറ്റത്തിന്റെ വിത്തുവിതയ്ക്കുകയായിരുന്നു. ഭൂമിയ്ക്കും മനുഷ്യര്‍ക്കും നല്ലതുവരാനായാണ് ഇവിടെ സ്ത്രീകള്‍ വിദ്യാഭ്യാസം നടത്തുന്നത്. പഠനത്തിലൂടെ നാളേയ്ക്കുള്ള പ്രതീക്ഷകളാണ് ഇവിടെ കൊയ്‌തെടുക്കുന്നത്. ഗ്രാമത്തിലെ വനിതകള്‍ക്ക് കൃഷിപാഠം പകര്‍ന്നു നല്‍കിയ അഷിതയുടെയും അനീഷിന്റെയും  സംരംഭത്തെക്കുറിച്ച് അറിയാം.

ഡല്‍ഹിയിലെ മള്‍ട്ടിനാഷനല്‍ കമ്പനിയിലെ ജീവനക്കാരായിരുന്ന അഷിതയും അനീഷും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് വേറിട്ടൊരു സംരംഭം ആരംഭിക്കാനായിരുന്നു. അനീഷ് ആദ്യം ആരംഭിച്ചത് വളര്‍ത്തുമൃഗങ്ങളുടെ ഫാം ആയിരുന്നു. അഷിത ലക്‌നൗവിലെ ഒരു സ്‌കൂള്‍ അധ്യാപികയുമായിരുന്നു. ഒരിക്കല്‍ അനീഷിന്റെ ഫാമില്‍ സന്ദര്‍ശനം നടത്തിയപ്പോളാണ് പട്ടണത്തിലെയും ഗ്രാമത്തിലെയും വിദ്യാലയങ്ങളിലെ വിദ്യാഭ്യാസരീതികളിലുള്ള അസമത്വം മനസിലാക്കിയത്. 'പെണ്‍കുട്ടികള്‍ വീടുകളില്‍ ഒതുങ്ങിക്കൂടി അടുക്കളപ്പണി ചെയ്യുകയും ആണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ചെയ്യുന്ന രീതിയായിരുന്നു ഇവിടെ. അതുകൊണ്ട് പെണ്‍കുട്ടികള്‍ക്കായും കൃഷിരീതികള്‍ പഠിപ്പിക്കാനുള്ള ഒരു വിദ്യാലയം ഞങ്ങള്‍ ആരംഭിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. കൂടുതല്‍ തൊഴില്‍സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കൃഷി അവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.' അഷിത തങ്ങളുടെ ഉദ്യമത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നു.

എന്തുകൊണ്ട് കൃഷിക്കായി ഒരു വിദ്യാലയം?

'നാല് വര്‍ഷങ്ങള്‍ ഗ്രാമങ്ങളില്‍ ചെലവഴിച്ചപ്പോഴാണ് അവിടെയുള്ള ഭൂരിഭാഗം പേരും കൃഷിയല്ലാതെ മറ്റൊരു ജോലി കണ്ടെത്താന്‍ കഴിയാത്തവരാണെന്ന് മനസിലാക്കിയത്. കര്‍ഷകരുടെ മക്കളില്‍ പലര്‍ക്കും തങ്ങളുടെ കൈയില്‍ മണ്ണുപുരളുന്നത് ഇഷ്ടമില്ലാത്തവരുണ്ടായിരുന്നു. അവര്‍ പകര്‍പ്പവകാശം ലംഘിച്ചുള്ള സിനിമകള്‍ മൊബൈല്‍ വഴി കണ്ട് സമയം ചെലവഴിക്കുന്നവരായിരുന്നു. ഇത്തരക്കാര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പാരമ്പര്യമായിക്കിട്ടിയ കൃഷിഭൂമി വിറ്റുതുലച്ച് അന്യനാടുകളിലേക്ക് പലായനം ചെയ്യുന്ന മാനസികാവസ്ഥയുള്ളവരായിരുന്നു.' അഷിത തങ്ങളുടെ നാടിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നു.

ഇതുമാത്രമായിരുന്നില്ല സ്ത്രീകള്‍ക്ക് വേണ്ടി കാര്‍ഷിക പാഠശാല ആരംഭിക്കാനുള്ള പ്രചോദനം. 'കാര്‍ഷിക മേഖലയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ഥാനമുള്ളതെന്ന് ഞങ്ങള്‍ കണ്ടെത്തി. വിത്തുകള്‍ തെരഞ്ഞെടുക്കുന്നത് മുതല്‍ തൈകള്‍ തയ്യാറാക്കുന്നതും മാറ്റിനടുന്നതും വളപ്രയോഗം നടത്തുന്നതും കൊയ്ത്തുനടത്തുന്നതുമെല്ലാം സ്ത്രീകളുടെ പ്രയത്‌നം കൊണ്ടുകൂടിയായിരുന്നു. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയം മണ്ണിലേക്കിറങ്ങി ഇത്തരം പണികളിലേര്‍പ്പെട്ടിരുന്നത് സ്ത്രീകളായിരുന്നെങ്കിലും അവരുടെ കഠിനാധ്വാനം തിരിച്ചറിയാന്‍ നമ്മള്‍ പരാജയപ്പെടുന്നു. ഗുഡ് ഹാര്‍വെസ്റ്റ് സ്‌കൂള്‍ വഴി ഞങ്ങള്‍ ശ്രമിച്ചത് ചെറുപ്പം മുതല്‍ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പ്രയത്‌നത്തിനുള്ള ഫലം നേടിയെടുക്കാനും ജീവിതത്തില്‍ യോജിച്ച വരുമാനമാര്‍ഗം കണ്ടെത്താനുമുള്ള വഴി തുറന്നുകൊടുക്കുയെന്നതായിരുന്നു. തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്താന്‍ പെണ്‍കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളെയും ഞങ്ങള്‍ ബോധവല്‍ക്കരിച്ചു. ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തികളെ എതിര്‍ക്കുകയും നേര്‍വഴിക്ക് കൊണ്ടുവരികയും ചെയ്തു.' അഷിത പറയുന്നു.

1989 -ലാണ് ഇന്ത്യയിലെ അസംഘടിതമേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇതില്‍ കാര്‍ഷിക മേഖലയായിരുന്നു ഏറ്റവും പ്രധാനം. കാര്‍ഷിക വൃത്തിയെടുക്കുന്ന 85 ശതമാനത്തോളം ജോലിക്കാര്‍ സ്ത്രീകളാണെന്നും ദിവസക്കൂലിക്കാണ് ഇവര്‍ പണിയെടുക്കുന്നതെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്‍മാര്‍ പാടത്തും പറമ്പിലും ചെയ്യുന്ന അതേ ജോലികള്‍ തന്നെ സ്ത്രീകള്‍ ചെയ്യുന്നുവെന്നും അതോടൊപ്പം കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തുന്ന ഭാരിച്ച ഉത്തരവാദിത്തവും അവര്‍ നിര്‍വഹിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പക്ഷേ സെന്‍സസ് പ്രകാരം ഈ സ്ത്രീകളെല്ലാം വെറും വീട്ടമ്മമാര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

ഉന്നാവ് ജില്ലയിലെ വേറിട്ട സംരംഭം

ഉന്നാവ് ജില്ലയിലാണ് ഗുഡ്ഹാര്‍വെസ്റ്റ് സ്‌കൂള്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഈ ഗ്രാമവാസികളുമായും ഗ്രാമത്തലവനുമായും സംസാരിച്ചും കൂടിയാലോചനകള്‍ നടത്തിയുമാണ് ഇത്തരമൊരു വിദ്യാലയം ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. 'ഗ്രാമവാസികളുടെ ഇടയില്‍ ചെലവഴിച്ചപ്പോള്‍ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും ജീവിതത്തെക്കുറിച്ച് ആത്മവിശ്വാസമില്ലാത്തവരായിരുന്നു. വിദ്യാഭ്യാസം നല്‍കിയാല്‍ ഇവരുടെ മനസിലുള്ള നിയന്ത്രണങ്ങളും തടസങ്ങളുമെല്ലാം മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അവര്‍ക്ക് യഥേഷ്ടം തങ്ങളുടെ ചിന്തകളും വികാരങ്ങളുമായി പറന്നുനടക്കാനും സൃഷ്ടിപരമായ കണ്ടെത്തലുകള്‍ നടത്താനുമുള്ള സൗകര്യമാണ് ഈ വിദ്യാലയം വഴി തുറന്നുകൊടുത്തത്.' അഷിത സൂചിപ്പിക്കുന്നു.

വെറും ആറ് വിദ്യാര്‍ത്ഥികളുമായി 2016 -ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇന്ന് ഇരുപത്തിയഞ്ചിലധികം കുട്ടികള്‍ പഠിക്കുന്നു. നാലിനും 14 -നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് എല്ലാവരും. നാല് അധ്യാപകരാണുള്ളത്. അഷിതയും അനീഷും ഇന്ന് ഇവിടെ പഠിപ്പിക്കുന്നുമുണ്ട്. പുതിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ രക്ഷിതാക്കളുമായി ഇവര്‍ കാര്യമായി ചര്‍ച്ചകള്‍ നടത്തും. അവരുടെ കുടുംബ പശ്ചാത്തലം മനസിലാക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ സ്‌കൂളില്‍ തന്നെ താമസിച്ചായിരുന്നു പഠനം. സുസ്ഥിരമായ കാര്‍ഷിക രീതികളെക്കുറിച്ചായിരുന്നു ഇവര്‍ ബാലപാഠങ്ങള്‍ നല്‍കിയത്. ചെറിയ പ്രായത്തില്‍ കൃഷിയുടെ പാഠങ്ങള്‍ കേട്ടു വളര്‍ന്നാല്‍ ഭാവിയില്‍ പ്രകൃതിയെ സംരക്ഷിക്കാനും കാര്‍ഷിക മേഖല പരിപോഷിപ്പിക്കാനും കുട്ടികള്‍ തയ്യാറാകുമെന്ന പ്രതീക്ഷയാണ് ഗുഡ് ഹാര്‍വെസ്റ്റ് സ്‌കൂളിലെ അധ്യാപകര്‍ക്കുള്ളത്.

(കടപ്പാട്: യുവർ സ്റ്റോറി, ചിത്രങ്ങൾ: The Good Harvest School/Facebook)


 

click me!