കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

By Web TeamFirst Published Mar 24, 2021, 12:23 PM IST
Highlights

ലീഗുമായുള്ള പങ്കാളിത്തം വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കാരണം കേരളത്തില്‍ ലീഗുമായുണ്ടാക്കുന്ന സഖ്യം വടക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് കോട്ടമുണ്ടാക്കുന്നു

എംസിന്‍റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനം കേരളത്തിന്‍റെ അതുവരെയുള്ള രാഷ്‍ട്രീയ ചരിത്രത്തെ അടിമുടി ഉടച്ചുവാര്‍ത്തു. സംസ്ഥാനത്തെ ഇടതുപ്രസ്ഥാനം ശിഥിലമായിപ്പോയി. പക്ഷേ, വിജയശ്രീലാളിതരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലും ശൈഥല്യത്തിന്‍റെ വിത്തുകള്‍ മുളപൊട്ടിത്തുടങ്ങി. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപതിച്ച 1959നും അധികാരത്തിലേക്ക് തിരിച്ചുവന്ന 1967നും ഇടയില്‍ ഇതായിരുന്നു കേരളത്തിന്‍റെ രാഷ്‍ട്രീയാന്തരീക്ഷം.

രണ്ടാം കേരളനിയമസഭ
1960 ഫെബ്രുവരി ഒന്നിനായിരുന്നു രണ്ടാം നിയമസഭയുടെ തിരഞ്ഞെടുപ്പ്. ആദ്യമായി ഒരു ദിവസം തന്നെ പോളിംഗ് നടന്നുവെന്നുള്ളത് രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്‍പി), മുസ്ലിം ലീഗ് എന്നീ കക്ഷകികള്‍ മുൻ ധാരണയോടെ മുഖ്യ വലതുപക്ഷ പാർട്ടിയായി മത്സരിച്ചു. വിജയിക്കാന്‍ ഒട്ടും സാധ്യതയില്ലെന്ന് അറിയാമെങ്കിലും പരമാവധി വോട്ടുകള്‍ പെട്ടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും മത്സരിച്ചു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ തന്ത്രം ഫലിച്ചു. തെരെഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ പാര്‍ട്ടികളിലും വച്ച് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് സിപിഐ ആയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ കുത്തനെ കുറഞ്ഞു. പ്രമുഖരെല്ലാം തോറ്റമ്പി.  കോൺഗ്രസിനു 63 സീറ്റും പിഎസ്‍പിയ്ക്ക് 20 സീറ്റും മുസ്ലിം ലീഗിനു 11 സീറ്റും ലഭിച്ചു. സിപിഐയ്ക്ക് 20 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.  സിപിഐ നേതാക്കളില്‍ ഇഎംഎസും കെ ആര്‍ ഗൌരിയും അച്യുതമേനോനും ഒഴികെയുള്ളവരെല്ലാം തോറ്റു. വിമോചനസമരത്തില്‍ ഒപ്പം നിന്നെങ്കിലും ആര്‍എസ്‍പിയെ കോണ്‍ഗ്രസ് മുന്നണിയില്‍ കയറ്റിയില്ല. അമര്‍ഷം പൂണ്ട ആര്‍എസ്‍പി ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ബേബി ജോണ്‍ ഒഴികെയുള്ളവരെല്ലാം തോറ്റു. 

കോൺഗ്രസ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഒറ്റകക്ഷിയായി. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട നേരമായി. പക്ഷേ മുഖ്യമന്ത്രിയാകണമെന്ന് പിഎസ്‍പിയിലെ പ്രമുഖനേതാവും തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ള വാശിപിടിച്ചു. താന്‍ മാത്രമാണ് അതിന് അവകാശിയെന്ന് പതിവുപോലെ അദ്ദേഹം കരുതി. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ആദ്യം വഴങ്ങിയില്ല. പക്ഷേ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് പട്ടത്തെ മുഖ്യമന്ത്രിയാക്കാൻ തത്ത്വത്തിൽ തീരുമാനിച്ചു. പകരം കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കറിനെ മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടിയുമാക്കി. മനസില്ലാമനസോടെ കെപിസിസി അത് സമ്മതിച്ചു. 

(ചിത്രം - പട്ടം താണുപിള്ള)

ലീഗ് വിഴുങ്ങിയ ആദ്യ കയ്‍പ്പന്‍ ഗുളിക
ഐക്യകേരളത്തിലെ പുതുമുഖവും സഖ്യത്തിലെ മൂന്നാമത്തെ കക്ഷിയായിരുന്ന മുസ്ലീം ലീഗ് ന്യായമായും അവകാശങ്ങള്‍ ഉന്നയിച്ചു. പക്ഷേ, ലീഗുമായുള്ള പങ്കാളിത്തം വച്ചുപൊറുപ്പിക്കാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. കാരണം കേരളത്തില്‍ ലീഗുമായുണ്ടാക്കുന്ന സഖ്യം വടക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഉളവാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ ആശങ്ക. എന്നാല്‍ ലീഗിനെ പങ്കാളിയാക്കി എങ്ങനെയെങ്കിലും അധികാരത്തിലെത്തുന്നതില്‍ കെപിസിസിക്കും പട്ടത്തിന്‍റെ പിഎസ്‍പിക്കുമെല്ലാം ഒരേ മനസായിരുന്നു.  

അതോടെ ഹൈക്കമാന്‍ഡിന്‍റെ നിലപാട് പുത്തരിയില്‍ കല്ലുകടിയായി. സഖ്യം പൊളിയുമെന്നു വരെ ആദ്യത്തെ രണ്ടുദിവസങ്ങളില്‍ തോന്നിച്ചു. ഒടുവില്‍ മൂന്നാം ദിവസം പുതിയൊരു ഫോര്‍മുല കണ്ടെത്തി. അതനുസരിച്ച് മുസ്ലീം ലീഗിന് സ്‍പീക്കര്‍ സ്ഥാനം വാഗ്‍ദാനം ചെയ്‍തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു ഇത് സമ്മതമായിരുന്നു. കാരണം സ്‍പീക്കറാക്കിയാല്‍ ലീഗിന് ഭരണത്തില്‍ പങ്കാളിത്തം ഇല്ലെന്നു വാദിക്കാമെന്നായിരുന്നു അവരുടെ ലോജിക്ക്. 

(ചിത്രം - കെ എം സീതി സാഹിബ്ബ്)

പക്ഷേ ലീഗിനെ സംബന്ധിച്ച് കയ്പ്പേറിയ ഒരു ഗുളികയായിരുന്നു ഈ ഒത്തുതീര്‍പ്പ്. അതുകൊണ്ടുതന്നെ അവര്‍ ആദ്യം ഒന്നു മടിച്ചു. എന്നാല്‍ ഈ ഫോര്‍മുല സ്വീകരിക്കുവാന്‍ ശങ്കറും പി ടി ചാക്കോയും മുസ്ലീം ലീഗ് പ്രസിഡന്‍റായ സയ്യിദ് അബ്‍ദുറഹ്‍മാന്‍ ബാഫഖി തങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തിന്‍റെ ഐക്യദാര്‍ഡ്യത്തെ പരിഗണിച്ചെങ്കിലും ഫോര്‍മുല അംഗീകരിക്കണം എന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന.  ഒടുവില്‍ പാതിമനസോടെയാണെങ്കിലും ലീഗ് ഈ ഫോര്‍മുല അംഗീകരിച്ചു. നിയമസഭയിലെ ലീഗ് നേതാവായ കെ എം സീതി സാഹിബിനെ സ്‍പീക്കറായി തെരെഞ്ഞെടുത്തു.   അങ്ങനെ ഒരു കൂട്ടുകക്ഷി മന്ത്രിസഭ കേരളത്തിന്‍റെ രണ്ടാം മന്ത്രിസഭയായി അധികാരത്തിലെത്തി. 

പ്രതിസന്ധി ഉടലെടുക്കുന്നു
ഒരു വര്‍ഷം വലിയ കുഴപ്പമില്ലാതെ കടന്നുപോയി. രോഗബാധിതനായിരുന്ന സ്‍പീക്കര്‍ സീതി സാഹിബ് 1961 ഏപ്രില്‍ 17ന് നിര്യാതനായി. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെച്ചൊല്ലിയുള്ള ഭിന്നത സഖ്യത്തെ പതിയെ പുതിയ പ്രതിസന്ധികളിലേക്ക് നയിച്ചുതുടങ്ങി. ഡെപ്യൂട്ടി മുഖ്യമന്ത്രിയായതോടെ ആര്‍ ശങ്കറിന് കെപിസിസി പ്രസിഡന്‍റ് പദവി ഒഴിയേണ്ടി വന്നിരുന്നു. പകരമെത്തിയത് സി കെ ഗോവിന്ദന്‍ നായരായിരുന്നു. വിമോചനസമരത്തെ തുടര്‍ന്ന് ശങ്കര്‍ - ചാക്കോ - മന്നം സംഘം നേടിയ പ്രശസ്‍തി ഇഷ്‍ടപ്പെടുന്ന ആളായിരുന്നില്ല സി കെ ഗോവിന്ദന്‍ നായര്‍. അദ്ദേഹം സ്വന്തമായി ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ചാക്കോയ്ക്കും സ്വന്തം ഗ്രൂപ്പുണ്ടായിരുന്നു. മാത്രമല്ല, ശക്തമായ ലീഗുവിരുദ്ധ വികാരം നിലനിന്നിരുന്ന മലബാറില്‍ നിന്നുള്ള നേതാവ് കൂടിയായിരുന്നു സി കെ ഗോവിന്ദന്‍ നായര്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ലീഗ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് ഇഷ്‍ടമായിരുന്നില്ല. 

(ചിത്രം - പട്ടം മന്ത്രിസഭ)

സീതി സാഹിബ്ബിന്‍റെ മരണത്തോടെ ലീഗിനോടുള്ള തന്‍റെ അനിഷ്‍ടം ശക്തമായി പ്രകടിപ്പിക്കാനുള്ള അവസരം ഗോവിന്ദന്‍ നായര്‍ക്ക് ലഭിച്ചു. മറ്റൊരു മുസ്ലീം ലീഗ് അംഗത്തെ സ്‍പീക്കറാക്കുന്നതിനെ കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹം എതിര്‍ത്തു. കെപിസിസി സംഘടനാപക്ഷവും നിയമസഭാപക്ഷവും തമ്മിലുള്ള ഭിന്നതയുടെ തുടക്കമായിരുന്നു അത്. ഗോവിന്ദന്‍ നായരില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ലീഗിന് തോന്നിയിരുന്നു. എന്നാല്‍ ശങ്കര്‍ - ചാക്കോ ദ്വയത്തെ അവര്‍ ഇഷ്‍ടപ്പെടുകയും ചെയ്‍തിരുന്നു. ശങ്കറും ചാക്കോയും ഒരിക്കല്‍കൂടി ഒത്തുതീര്‍പ്പിനു ശ്രമിച്ചു. അവര്‍ വീണ്ടും ലീഗ് നേതാക്കളെ കണ്ടു. സ്‍പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആളിനെ ലീഗില്‍ നിന്നും ഔപചാരികമായി രാജിവയ്പ്പിക്കാനും സ്വതന്ത്രനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനും ഇരുവരും വീണ്ടും ലീഗിനെ പ്രേരിപ്പിച്ചു. ഐക്യദാര്‍ഡ്യത്തിന്‍റെ പേരില്‍ തന്നെയായിരുന്നു ഈ നിര്‍ദ്ദേശവും ശങ്കറും ചാക്കോയും മുന്നോട്ടുവച്ചത്. 

ഒടുവില്‍ പഴയപോലെ തന്നെ മുസ്ലീം ലീഗ് പ്രലോഭനത്തില്‍ വീണു. കോണ്‍ഗ്രസ് നല്‍കിയ രണ്ടാമത്തെ കയ്പ്പന്‍ ഗുളികയും ലീഗ് നേതാക്കള്‍ വിഴുങ്ങി. കീഴടങ്ങലാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു അത്. പാര്‍ട്ടിയില്‍ നിന്നും രാജി വയ്‍പ്പിക്കാനും സ്‍പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കുവാനും സി എച്ച് മുഹമ്മദ് കോയയെ പാര്‍ട്ടി അനുവദിച്ചു. അതോടെ സി.എച്ചിനെ തൊപ്പിയൂരിച്ചു എന്ന് എതിര്‍പക്ഷം പ്രചാരണവും തുടങ്ങി. 

(ചിത്രം - സി എച്ച് മുഹമ്മദ് കോയ)

എന്തായാലും കെപിസിസി പ്രസിഡന്‍റ് സി കെ ഗോവിന്ദന്‍ നായര്‍ക്ക് അതിയായ സന്തോഷമായി, കാരണം ലീഗ് കീഴടങ്ങിയല്ലോ! പക്ഷേ എന്നിട്ടും അദ്ദേഹം ലീഗിനെ വെറുതെവിട്ടില്ല. പരസ്യപ്രസ്‍താവനകളിലൂടെ ഇടയ്ക്കിടെ അവരെ കുത്തിനോവിച്ചുകൊണ്ടിരുന്നു. വർഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോൺഗ്രസ് പുലർത്തേണ്ട ബന്ധത്തിന് ലക്ഷ്‍മണരേഖ വേണം, ഇന്ന് അവർ ചോദിക്കുന്നത് കൊടുത്താൽ നാളെ കൂടുതൽ ചോദിക്കും തുടങ്ങിയ പരാമർശങ്ങളൊക്കെ വന്‍ വിവാദങ്ങളായിരുന്നു. ഒടുവില്‍ ഒരുദിവസം മുസ്ലീം ലീഗ് ഭരണമുന്നണിയുടെ ഭാഗമേയല്ലെന്നുവരെ പറഞ്ഞുകളഞ്ഞു കെപിസിസി പ്രസിഡന്‍റ്. പ്രകോപനം തന്നെയായിരുന്നു ലക്ഷ്യം. 

(ചിത്രം - സി കെ ഗോവിന്ദന്‍ നായര്‍)

ഇഎംഎസിന്‍റെ കുതന്ത്രങ്ങള്‍
ഇതിനിടെ 1962 സെപ്‍റ്റംബറില്‍ കുറ്റിപ്പുറത്ത് ഉപതെരെഞ്ഞെടുപ്പ് നടന്നു. സീതിസാഹിബ്ബിന്‍റെ നിര്യാണം ഉണ്ടാക്കിയ ഒഴിവിലേക്കായിരുന്നു ഈ ഉപതെരെഞ്ഞെടുപ്പ്. ഈ സമയത്തും ലീഗിനെ വെറുപ്പിക്കുന്ന പ്രകിയയ്ക്ക് കെപിസിസി പ്രസിഡന്‍റ് ആക്കം കൂട്ടി. ഈ ഉപതെരെഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തന്ത്രം പ്രയോഗിച്ചു. മുസ്ലീം ലീഗിനെതിരായുള്ള ഒരു സഖ്യത്തിനായി അവര്‍ കെപിസിസിയെ സമീപിച്ചു. ഒരു വര്‍ഷം മുമ്പ് തങ്ങളെ തറപ്പറ്റിച്ച കോണ്‍ഗ്രസിന് കൈനീട്ടുക എന്ന കൌശലത്തിലൂടെ തന്ത്രാചാര്യനായ ഇഎംഎസ് ലക്ഷ്യമിട്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, കെപിസിസി തങ്ങള്‍ക്ക് എതിരായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലീഗ് നേതൃത്വത്തെ മനസിലാക്കിക്കുക. അതുതന്നെയായിരുന്നു അതില്‍ പ്രധാനവും. ലീഗിനോടുള്ള നയത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കുകയായിരുന്നു സിപിഐയുടെ രണ്ടാമത്തെ ലക്ഷ്യം.

(ചിത്രം - ഇഎംഎസ്)

ഏതായാലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വാഗ്‍ദാനം കെപിസിസി സ്വീകരിച്ചില്ല. മന്ത്രിസഭ ഉടനടി താഴെപ്പോകുമെന്ന പേടി തന്നെയായിരുന്നു അതിനു കാരണം. പക്ഷേ ഇഎംഎസ് ഉദ്ദേശിച്ച കാര്യം നടന്നു. മുസ്ലീം ലീഗ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായി. ലീഗിനെ തേജോവധം ചെയ്യുന്നത് കെപിസിസി പ്രസിഡന്‍റ് നിര്‍ബാധം തുടരുകയും ചെയ്‍തു. എന്തായാലും ഉപതെരെഞ്ഞെടുപ്പില്‍ കുറ്റിപ്പുറം സീറ്റ് ലീഗ് നിലനിര്‍ത്തി. 

ഇതിനിടെ 1962 നവംബര്‍ 9ന് ലീഗിന്‍റെ സംസ്ഥാന എക്സിക്യൂട്ടീവ് കോഴിക്കോട് ചേര്‍ന്നു. ഈ യോഗം നിര്‍ണ്ണായകമായ ഒരു തീരുമാനം എടുത്തു. കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും ഔപചാരികമായി പിന്മാറാനുള്ള ആ തീരുമാനം വെറും ഒരു മണിക്കൂറിനകമാണ് ഈ യോഗം കൈക്കൊണ്ടു. വിവരം തിരുവനന്തപുരത്തുള്ള സ്‍പീക്കര്‍ സി എച്ചിനെ ഫോണിലൂടെ അറിയിച്ചു, രാജിയും ആവശ്യപ്പെട്ടു. അദ്ദേഹം ഉടന്‍ രാജിക്കത്ത് എഴുതി നല്‍കി.  പകരം കോണ്‍ഗ്രസിലെ അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കറായി. സി എച്ച് സ്‍പീക്കര്‍ സ്ഥാനം രാജി വെച്ചയുടന്‍ തന്നെയായിരുന്നു 1962-ലെ ലോകസഭാ തിരഞ്ഞെടുപ്പും. ഒറ്റയ്ക്ക് മല്‍സരിച്ച കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് പിടിച്ചെടുത്ത സി എച്ചും ലീഗും കരുത്തു തെളിയിച്ചു. 

പട്ടത്തിന് കോണ്‍ഗ്രസ് കൊടുത്ത പണി! 
മന്ത്രിസഭാ രൂപീകരണകാലം മുതലേ കോണ്‍ഗ്രസ്-പിഎസ്‍പി ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. മുസ്ലീം ലീഗിന്‍റെ പിന്മാറ്റത്തോടെ കോണ്‍ഗ്രസ്-പിഎസ്‍പി ബന്ധത്തിലെ ഈ അസ്വാരസ്യങ്ങള്‍ വീണ്ടും തലപൊക്കി. പട്ടത്തോടൊപ്പം ജോലി ചെയ്യുക എന്നത് സഹപ്രവര്‍ത്തകരെ സംബന്ധിച്ച് അടിമത്തത്തിലെ ഒരുതരം അഭ്യാസമായിരുന്നു. പട്ടം- ശങ്കര്‍ ബന്ധം ഒരിക്കലും നല്ലതായിരുന്നില്ല. താന്‍പ്രമാണിത്തം കാണിച്ചിരുന്ന ഇരു നേതാക്കളും പരസ്‍പരം ഇഷ്‍ടപ്പെടുകയോ ബഹുമാനിക്കുകയോ ചെയ്‍തിരുന്നില്ല.  

(ചിത്രം- ആര്‍ ശങ്കര്‍)

അങ്ങനെ പട്ടവും കോണ്‍ഗ്രസുമായുള്ള കലഹവും മൂത്തു. ഇതിന്‍റെ മൂര്‍ദ്ധന്യതയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി തിരുവനന്തപുരത്ത് എത്തി. അദ്ദേഹം പട്ടവുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ചു. ഒടുവില്‍ കേരള ഗവര്‍ണര്‍ വി വി ഗിരിയും പി ടി ചാക്കോയും ചേര്‍ന്ന് ഒരു പദ്ധതി രൂപപ്പെടുത്തി. ഇതനുസരിച്ച് പട്ടത്തിനെ പഞ്ചാബ് ഗവര്‍ണറാക്കി അയയ്ക്കാന്‍ തീരുമാനിച്ചു. ഈ ഗവര്‍ണര്‍ ഫോര്‍മുല കോണ്‍ഗ്രസ് വെച്ച കെണിയായിരുന്നവെന്ന് അക്കാലത്തെ ചില രാഷ്‍ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ഓര്‍ക്കുന്നു. അധികാരസ്ഥാനങ്ങളില്‍ ഭ്രമമുണ്ടായിരുന്ന പട്ടത്തെ മുഖ്യമന്ത്രി പദവിയില്‍ നിന്നൊഴിവാക്കാനുണ്ടാക്കിയ കെണി! 

എന്തായാലും രായ്ക്കുരാമാനമെടുത്ത ആ തീരുമാനത്തിന് പട്ടത്തിന് വഴങ്ങേണ്ടി വന്നു. പദ്ധതി അതീവ രഹസ്യമായിരുന്നു. അങ്ങനെ 1962 സെപ്റ്റംബര്‍  25-ന് പട്ടം താണുപിള്ള മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു, ഗവര്‍ണറായി പഞ്ചാബിലേക്ക് പോയതിനു ശേഷമാണ് പല പത്രങ്ങളിലും ഈ വാര്‍ത്ത പോലും വന്നത്. പട്ടത്തെ കെട്ടുകെട്ടിച്ച് പിറ്റേ ദിവസം ഉപമുഖ്യമന്ത്രി ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍തു. പിഎസ്‍പിയുടെ രണ്ടു മന്ത്രിമാര്‍ അപ്പോഴും മന്ത്രിസഭയില്‍ തുടരുന്നുണ്ടായിരുന്നു. 

പട്ടം ഒഴിഞ്ഞതോടെ മന്ത്രിസഭയില്‍നിന്ന് പിന്‍വാങ്ങാനുള്ള ആലോചന പിഎസ്‍പിയിലും തുടങ്ങി.  മദ്രാസില്‍ ചേര്‍ന്ന പിഎസ്‍പി ദേശീയ എക്സിക്യൂട്ടീവ് പാര്‍ട്ടിയെ ശങ്കര്‍ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മന്ത്രിമാരായ ഡി ദാമോദരന്‍ പോറ്റിയും  കെ ചന്ദ്രശേഖരനും ഒക്ടോബര്‍ 8-ന് രാജി വെച്ചു. ഇതോടെ ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രമായി. കോണ്‍ഗ്രസുകാര്‍ക്ക് ഈ വിജയത്തില്‍ ആഹ്ളാദം തോന്നി. കാരണം ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ഭരിക്കാമല്ലോ. നേരത്തെ നടന്ന രണ്ട് ഉപതെരെഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും പാര്‍ട്ടി നേടിയിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ആനന്ദലബ്‍ദിക്ക് ഇനിയെന്തുവേണം? എന്നാല്‍ വരാനുള്ളത് ശൈഥില്യത്തിന്‍റെ കാലമാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. 

(ചിത്രം - പി ടി ചാക്കോ)

പിഎസ്‍പിയുടെ കൂടെ പിന്മാറ്റത്തോടെ ഫലത്തില്‍ തകര്‍ന്നുപോയത് ഒരു മഹാസഖ്യമായിരുന്നു. അതായത് ഒരുകാലത്ത് കമ്മ്യൂണിസത്തിനെതിരായി വളര്‍ന്ന മഹാസഖ്യത്തിന്‍റെ അന്ത്യമായിരുന്നു അത്. പിന്നീടൊരിക്കലും പുനരുജ്ജീവിപ്പിക്കാനാവാത്ത വിധം അത് തകര്‍ന്നുപോയി. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി ഭരണത്തിന്‍റെയും കമ്മ്യൂണിസ്റ്റ് ഇതര പാര്‍ട്ടികളുടെ സഖ്യത്തിന്‍റെയും അന്ത്യം കോണ്‍ഗ്രസിന് എതിരായുള്ള ഒരു സഖ്യത്തിന്റെ സൂചനയായിരുന്നു.  എന്തായാലും ഈ സമയങ്ങളില്‍ ഇതൊക്കെ ആസ്വദിച്ച് ഭരണവൃത്തങ്ങള്‍ക്ക് പുറത്തിരുന്ന് ഒരു മനുഷ്യന്‍ ചിരിക്കുന്നുണ്ടായിരുന്നു. അത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. 

(അടുത്തത് - കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികളുടെ പിറവി)

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍
വിക്കി പീഡിയ
മാതൃഭൂമി ലേഖനം

click me!