പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

By Web TeamFirst Published Mar 23, 2021, 12:20 PM IST
Highlights

അതിനെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായമൊന്നും പറഞ്ഞില്ല. മുഖ്യമന്ത്രിയും ഒന്നും പറഞ്ഞില്ല. എന്നാല്‍ സംഭവിച്ചത് ഇങ്ങനെ

വിമോചനസമരം കൊടുമ്പിരിക്കൊള്ളുന്നതിനിടെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനൊരു കത്തെഴുതി. തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറിച്ചിടാനുള്ള പിന്തിരിപ്പനും ഭരണഘടനാ വിരുദ്ധവുമായ ശ്രമങ്ങളാണ് നടക്കുന്നതെന്നായിരുന്നു വിമോചനസമരത്തെക്കുറിച്ച് സിപിഐക്ക് ഉണ്ടായിരുന്ന കാഴ്‍ചപ്പാട്. അതു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ കത്തിലെ ഉള്ളടക്കവും. വര്‍ഗ്ഗീയവും നിക്ഷിപ്‍ത താല്‍പ്പര്യങ്ങളുടേതുമായ ഒരു പ്രക്ഷോഭത്തെ കോണ്‍ഗ്രസിന് എങ്ങനെ പിന്താങ്ങാന്‍ കഴിയുമെന്ന കാര്യം വ്യക്തമാക്കണമെന്ന് ഈ കത്തില്‍ ഇഎംഎസ് നെഹ്രുവിനോട് ചോദിച്ചു. ഒപ്പം പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്‍തു. ഇവിടെത്തി അദ്ദേഹം സത്യാവസ്ഥ മനസിലാക്കുമെന്നും സമരം വര്‍ഗ്ഗീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം തന്നെ തുറന്നു പറയുമെന്നും ഇഎംഎസും സഹപ്രവര്‍ത്തകരും കരുതി. 

മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി അറിയിപ്പുകിട്ടി. കമ്മ്യൂണിസ്റ്റുകാര്‍ അത്യുത്സാഹത്തിലായി. അത്രതന്നെ ആഹ്ലാദത്തിലായിരുന്നു സമരമുന്നണിയും. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിനെതിരായ ജനാധിപത്യ പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താമെന്ന് അവരും കരുതി. അങ്ങനെ 1959 ജൂണ്‍ 21ന് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു കേരളത്തിലെത്തി.  

ഈ സമയം വിമോചനസമരക്കാര്‍ ചില തന്ത്രങ്ങള്‍ ആവിഷ്‍കരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സമയത്ത് ശബ്‍ദായമാനമായ പ്രകടനങ്ങള്‍ വേണ്ട എന്നതായിരുന്നു അതിലെ സുപ്രധാന തീരുമാനം. കാരണം തങ്ങള്‍ അങ്ങനെ ചെയ്‍താല്‍ അത്രയും തന്നെ ശബ്‍ദായമാനമായ പ്രകടനങ്ങള്‍ ഭരണത്തിന് അനുകൂലമായി കമ്മ്യൂണിസ്റ്റുകാരും നടത്തും. അതുകൊണ്ടുതന്നെ സമരനേതാക്കല്‍ പോസ്റ്ററുകളും ബാനറുകളുമേന്തി നെഹ്രുവിന്‍റെ വഴിയാകെ ഒരു മൌനജാഥ തീര്‍ത്തു. വിമാനത്താവളത്തില്‍ നിന്നും രാജ്‍ഭവന്‍ വരെയുള്ള റോഡിനിരുവശത്തും നൂറുകണക്കിനാളുകള്‍ 'നമ്പൂതിരിപ്പാട് മന്ത്രിസഭയെ പിരിച്ചുവിടുക' എന്നെഴുതിയ ബാനറുകളുമായി അണിനിരന്നു. 

ഇഎംഎസ് നെഹ്രുവിന്‍റെ ഒപ്പം തന്നെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പ്രകടനത്തെക്കുറിച്ച് നെഹ്രു അഭിപ്രായമൊന്നും പറഞ്ഞില്ല. ഇഎംഎസും ഒന്നും പറഞ്ഞില്ല. എന്തായാലും നെഹ്രു ശീലിച്ചുപോന്നിരുന്ന തരം ഒരു വരവേല്‍പ്പായിരുന്നില്ല അന്ന് ലഭിച്ചത്. ദീര്‍ഘവും മടുപ്പുളവാക്കുന്നതുമായ ഒരുതരം നിശബ്‍ദത അദ്ദേഹത്തെ അലോസരപ്പെടുത്തി. 

രാജ്‍ഭവനില്‍ എത്തുമ്പോഴും നെഹ്രു അസ്വസ്ഥനായിരുന്നു. അവിടെ വച്ച് മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും നെഹ്രുവിനോട് അവരുടെ ഭാഗം വിശദീകരിച്ചു. ഒരക്ഷരവും ഉരിയാടെ പ്രധാനമന്ത്രി ക്ഷമാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു. തന്‍റെ മുന്നില്‍ തെളിയുന്ന ചിത്രം കണ്ട് അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായതുപോലെ ഒപ്പമുള്ളവര്‍ക്ക് തോന്നി. തനിക്ക് പൊതുപരിപാടികളൊന്നും ഏര്‍പ്പാട് ചെയ്യരുതെന്ന് നെഹ്രു നിര്‍ദ്ദേശിച്ചിരുന്നു. രാജ്‍ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകരെയും അടുപ്പിച്ചില്ല. ഫോണിലൂടെയുള്ള തുടര്‍ച്ചായ അന്വേഷണങ്ങള്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ മാത്രം മറുപടി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഒന്നും പറയാനില്ലെന്നു മാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ ആ ആവര്‍ത്തിച്ചുള്ള മറുപടികളെല്ലാം. 

സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനും ജനങ്ങളുടെ പ്രതികരണം അറിയുന്നതിനും പ്രമുഖരായ കുറേ ആളുകളെ ക്ഷമിക്കാന്‍ നെഹ്രു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടന്‍തന്നെ അദ്ദേഹം കാണേണ്ട വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കി. സി കേശവന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ നെഹ്രുവിന് മുന്നിലെത്തി. എന്നാല്‍ പ്രക്ഷോഭത്തെക്കുറിച്ച് കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം തനിക്ക് ലഭ്യമാകത്തക്കവണ്ണം ആളുകളെ ക്ഷണിക്കുവാന്‍ നെഹ്രു ഗവര്‍ണ്ണര്‍ രാമകൃഷ്‍ണറാവുവിനോട് ആവശ്യപ്പെട്ടു. 

പ്രക്ഷോഭവിരുദ്ധ അഭിപ്രായം മാത്രമേ പ്രധാനമന്ത്രിയുടെ കാതുകളിലേക്ക് എത്താവൂ എന്നായിരുന്നു സര്‍ക്കാരിന്‍റെ ആഗ്രഹം. എന്നാല്‍ ഗവര്‍ണ്ണറുടെ സെക്രട്ടറിയായിരുന്ന വി വി ജോസഫ് ഐഎഎസ് സര്‍ക്കാരറിയാതെ പണിപറ്റിച്ചു. പ്രക്ഷോഭത്തെക്കുറിച്ച് പരസ്‍പരവിരുദ്ധ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരെ അദ്ദേഹം നെഹ്രുവിന്‍റെ മുന്നിലെത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ ചെയ്‍തികളില്‍ സര്‍ക്കാരിന് ഒട്ടും സംശയം തോന്നിയുമില്ല! അങ്ങനെ ഇഎംഎസ് തന്നെ ക്ഷണിച്ചുവരുത്തിയ പ്രധാനമന്ത്രി സമരത്തിന് അവരറിയാതെ തന്നെ വളമായി മാറുകയായിരുന്നു.

48 മണിക്കൂറുകള്‍ക്കകം അഭിമുഖങ്ങള്‍ കഴിഞ്ഞു. നെഹ്രു ദില്ലിക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നു. പതിവില്ലാതെ മാധ്യമപ്രവര്‍ത്തകരെ അവഗണിക്കാന്‍ നെഹ്രു ശ്രമിക്കുന്നതു പോലെ തോന്നി. എന്തായാലും മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടി. കേരളത്തിലെ സ്ഥിതിയെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് കൂട്ടത്തില്‍ നിന്നൊരാള്‍ ചോദിച്ചു. അല്‍പ്പം ഒന്നുമടിച്ചതിനു ശേഷം ഒരു 'ബഹുജനമുന്നേറ്റ'മാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് തനിക്കു തോന്നുന്നത് എന്ന് നെഹ്രു മറുപടിയും പറഞ്ഞു.

ആ മറുപടിയോടെ ചരിത്രസംഭവമായി മാറിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കഴുത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തിവീണു. സാക്ഷാല്‍ പ്രധാനമന്ത്രി അതു പറഞ്ഞുകഴിഞ്ഞിരിക്കുന്നു! പിന്നെ ദില്ലിയില്‍ നിന്നുള്ള ഉത്തരവ് എത്തുന്നതുവരെ കാത്തിരിക്കുകയല്ലാതെ മുഖ്യമന്ത്രി ഇഎംഎസിന് വേറൊന്നും ചെയ്യാനില്ലായിരുന്നു. 1959 ജൂലൈ 31ന് ആ ഉത്തരവ് എത്തുകയും ചെയ്‍തു.

ആയിരക്കണക്കിന് വിമോചനസമരക്കാര്‍ സമരവിജയം ആഘോഷിച്ചു. അപ്പോള്‍ സെക്രട്ടറിയേറ്റിന്‍റെ പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇഎംഎസും സംഘവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ചെറുസംഘം അവരെ യാത്ര അയക്കാനെത്തിയിരുന്നു. അവരെ അഭിസംബോധന ചെയ്‍ത് പിരിച്ചുവിടപ്പെട്ട മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു:

"മന്ത്രിമാര്‍ വരികയും പോകുകയും ചെയ്യും. എന്നാല്‍ ഉദ്യോഗസ്ഥര്‍ അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കണം.."

എന്നാല്‍ നെഹ്രുവിനോ കേന്ദ്ര സര്‍ക്കാരിനോ എതിരായി ഒരക്ഷരം പോലും അപ്പോഴും ഇഎംഎസ് പറഞ്ഞില്ല. എല്ലാവരും നിശബ്‍ദരായി കേട്ടുനിന്ന ആ പ്രസംഗത്തിനു ശേഷം അദ്ദേഹവും സഹപ്രവര്‍ത്തകരും സെക്രട്ടറിയേറ്റിനോട് വിട പറഞ്ഞു. എന്നാല്‍ അങ്ങനെ കാറില്‍ കയറി സ്ഥലം വിടുമ്പോള്‍ അല്‍പ്പകാലത്തിനകം തങ്ങള്‍ അധികാരത്തില്‍ തിരികെവരുമെന്ന് ഇഎംഎസ് ഉള്‍പ്പെടെ അവരില്‍ ഒറ്റയൊരാളും കരുതിയിരിക്കില്ല!

(അടുത്തത് -  കയ്‍പ്പന്‍ ഗുളികകള്‍ വിഴുങ്ങി മുസ്ലീം ലീഗ്!

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍ 

click me!