ഓർമ്മകളിൽ 1987; സാനുമാഷ് എംഎൽഎ ആയ കഥ

By Web TeamFirst Published Mar 24, 2019, 9:48 PM IST
Highlights

സാഹിത്യ വിമർശകനും എഴുത്തുകാരനുമായ എം കെ സാനു തന്‍റെ തെരഞ്ഞെടുപ്പ് ഓർമ്മകൾ ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷൻ എക്സ്പ്രസ്സുമായി പങ്ക് വച്ചപ്പോൾ.

കൊച്ചി: നവതി പിന്നിട്ടെങ്കിലും ഇപ്പോഴും കൊച്ചിയിലെ സാംസ്കാരിക സദസുകളിലെ നിറസാന്നിധ്യമാണ് പ്രഫസർ എം കെ സാനു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിന്‍റെ ഓർമ്മകളാണ് സാനുമാഷ് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചത്.

1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായിട്ടായിരുന്നു സാനുമാഷിന്‍റെ തെരഞ്ഞെടുപ്പ് അങ്കം. എറണാകുളം മണ്ഡലത്തിൽ അന്ന് എം കെ സാനുവിന്‍റെ എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ കരുത്തനായ എ എൽ ജേക്കബായിരുന്നു. ഇ എം എസിന്‍റെ നിർബന്ധമാണ് സാനുമാഷിനെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. അന്നത്തെ ഗവൺമെന്‍റിനോട് എതിർപ്പുണ്ടായിരുന്നു, അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു ആ ഗവർൺമെന്‍റിന് മുഖമുദ്ര അതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇഎംഎസ് മത്സരിക്കണമെന്ന് പറഞ്ഞു താൻ മത്സരിച്ചു.  സാനുമാഷ് ആ തെര‍ഞ്ഞെടുപ്പ് കാലം ഓ‌ർക്കുന്നു. 

തന്‍റെ അന്നത്തെ പ്രചരണ യോഗങ്ങൾ സാംസ്കാരിക ഉത്സവങ്ങളായിരുന്നുവെന്ന് പറയുന്നു സാനുമാഷ്. തോപ്പിൽ ഭാസിയും മലയാറ്റൂരുമൊക്കെ വന്ന് തനിക്ക് വേണ്ടി പ്രചരണം നടത്തിയത് മാഷ് ഓർത്തെടുത്തു. കാലില്ലാത്ത തോപ്പിൽ ഭാസി താൻ അകാലിയാണെന്ന് പറഞ്ഞ് എം കെ സാനുവിനായി വോട്ട് പിടിച്ചത് ചരിത്രം. ഒടുവിൽ എല്ലാവരെയും ഞെട്ടിച്ച് ജയിച്ച് കയറിയ  എം കെ സാനു രാഷട്രീയക്കാരന്‍റെ കുപ്പായം അഴിച്ചു വച്ചു. 

താൻ ഇതിന് പറ്റിയ ആളല്ല എന്ന് എനിക്ക് അന്നേ തോന്നി, എന്തെങ്കിലും സംഭാവന എനിക്ക് നൽകാൻ കഴിയുമെങ്കിൽ അത് രാഷ്ട്രീയ രംഗത്തല്ല സാംസ്കാരിക രംഗത്താണെന്ന് ബോധ്യമുണ്ടായിരുന്നു,പിന്നെ അധികാരവുമായി ചേർന്ന് നിൽക്കുന്നത് .ഇഷ്ടമുള്ള കാര്യമല്ല എം കെ സാനു തന്‍റെ ആ തീരുമാനത്തെ ഇങ്ങനെ ന്യായീകരിക്കുന്നു. 

click me!