ആലത്തൂരിൽ 'പാട്ടും പാടി' ജയിക്കുമെന്ന് രമ്യ; കെ ആർ നാരായണന് ശേഷം മണ്ഡലം പിടിച്ചെടുക്കുമെന്ന് ഉറപ്പ്

By Web TeamFirst Published Mar 24, 2019, 6:08 PM IST
Highlights

'ഞാൻ ആലത്തൂരിന്‍റെ അനിയത്തിക്കുട്ടിയാണ്. ആ സ്നേഹം ആളുകൾ എനിക്ക് തരുന്നുണ്ട്. ജയിച്ചാൽ ആലത്തൂർ മണ്ഡലത്തിന് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കും.'  

ആലത്തൂർ: പുതുമുഖത്തിന്‍റെ പതറിച്ചകളൊന്നുമില്ലാതെ ആലത്തൂരിൽ ഓടി നടന്ന് പ്രചാരണം നടത്തുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 'പാട്ടുംപാടി' ജയിക്കും ഈ മണ്ഡലത്തിൽ നിന്ന് എന്ന് രമ്യ പറയുമ്പോൾ അതിൽ അതിശയോക്തിയില്ല. നല്ല അസ്സൽ പാട്ടുകാരി കൂടിയാണ് രമ്യ. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ'.. എന്നതു മുതൽ പാട്ടുകളുടെ ഒരു കലവറ തന്നെയുണ്ട് രമ്യയുടെ പക്കൽ. തെരഞ്ഞെടുപ്പ് വേദിയിൽ ഇനി പാട്ടുകാരെ വേറെ അന്വേഷിക്കണ്ടല്ലോ, രമ്യയില്ലേ എന്ന് ചോദിക്കുമ്പോൾ നിറഞ്ഞ ചിരി.

രമ്യ ഹരിദാസുമായി ഞങ്ങളുടെ പ്രതിനിധി പ്രിയ ഇളവള്ളിമഠം നടത്തിയ അഭിമുഖത്തിൽ നിന്ന്:

ചോ: ഇടതുകോട്ടയാണ് ആലത്തൂർ. തോൽക്കാൻ പോകുന്ന ഒരു സീറ്റ് നൽകിയെന്ന് പ്രഖ്യാപനം കേട്ടപ്പോൾ ആദ്യം തോന്നിയോ?

ഉ: തെരഞ്ഞെടുപ്പിൽ വെല്ലുവിളിയായ ഒരു സീറ്റിലേക്ക് പാർട്ടി പരിഗണിക്കുക എന്ന് പറയുന്നത് തന്നെ നമ്മൾ പ്രാപ്തയാണ്, കഴിവുള്ളയാളാണ് എന്ന് തോന്നിയത് കൊണ്ടാണല്ലോ. അതിൽ അഭിമാനമുണ്ട്. കെ ആർ നാരായണന് ശേഷം ആലത്തൂരിലൊരു യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, കെ ആർ നാരായണന് ശേഷം ഒരു ഇവിടെ നിന്ന് ഒരു യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും. അത് ഇത്തവണയുണ്ടാകും.

ചോ: രാഹുൽ ബ്രിഗേഡ്, ആലത്തൂരിന്‍റെ അനിയത്തിക്കുട്ടി എന്നൊക്കെയാണല്ലോ വിശേഷണങ്ങൾ.

ഉ: അങ്ങനെ ഒരു വിശേഷണം കിട്ടുന്നതിൽ വലിയ സന്തോഷമുണ്ട്. എവിടെപ്പോയാലും ആലത്തൂരിന്‍റെ അനിയത്തിക്കുട്ടിയെന്ന സ്നേഹം എനിക്ക് നാട്ടുകാർ തരുന്നുമുണ്ട്. 

ചോ: ചെറുപ്പത്തിൽ നിരവധി കഷ്ടപ്പാടുകളിലൂടെ കടന്നു വന്നയാളാണ്. ഇവിടെയെത്തുമെന്നോ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ ഒക്കെ കരുതിയിരുന്നോ?

ഉ: തീർച്ചയായും ചെറുപ്പത്തിൽ പാ‍ട്ടോ ഡാൻസോ ഒക്കെ പഠിക്കുമെന്നൊക്കെയേ കരുതിയിരുന്നുള്ളൂ. അവിടെ നിന്ന് ഇവിടെയെത്തുമെന്ന് കരുതിയതല്ല. പക്ഷേ, അന്നും മനസ്സിൽ സാമൂഹ്യപ്രവർത്തനം ഉണ്ടായിരുന്നു. ഗാന്ധി ദർശൻ ക്ലബിലൊക്കെ പ്രവർത്തിച്ചു. പിന്നീട് കെഎസ്‍യുവിലെത്തി. അങ്ങനെയാണ് പിന്നീട് സ്ഥാനാർത്ഥിയാകുന്നതും. 

രമ്യ പറഞ്ഞു നിർത്തുന്നു.

click me!