തെരഞ്ഞെടുപ്പിന് ശേഷം എൽജെഡി ജെഡിഎസ്സുമായി ലയിക്കണമെന്നാണ് ആഗ്രഹം: മന്ത്രി കൃഷ്ണൻകുട്ടി

By Web TeamFirst Published Mar 24, 2019, 6:45 PM IST
Highlights

രണ്ടായിപ്പിരിഞ്ഞെങ്കിലും എൽജെഡിയുമായി വീണ്ടും ലയിക്കണമെന്നാണ് ആഗ്രഹമെന്ന് ജെഡിഎസ് നേതാവും ജലവിഭവവകുപ്പ് മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ എക്സ്പ്രസിൽ .. 

ആലത്തൂർ: പാലക്കാട്ടെ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തിയാൽ അതൊരു മന്ത്രിയുടെ വീടാണെന്നല്ല ആദ്യം തോന്നുക. നല്ല ഒന്നാന്തരം ഒരു കർഷകന്‍റെ വീടാണെന്നാണ്. രാഷ്ട്രീയത്തിന്‍റെ തിരക്കുകളിലും മന്ത്രി കൃഷിപ്പണി മറന്നിട്ടില്ല. മണ്ണ് വിട്ടൊരു കളിയില്ല അദ്ദേഹത്തിന്. 

മന്ത്രി കെ കൃഷ്ണൻകുട്ടി വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് ഒന്ന് പറമ്പിലേക്കിറങ്ങുകയാണ്. ഇത്തവണയും ഞങ്ങൾക്കൊപ്പം വീട്ടിലെത്തിയപ്പോൾ മന്ത്രി ആദ്യം പറമ്പിലേക്കിറങ്ങി തെങ്ങിൻതോപ്പ് ഒന്ന് നടന്ന് നോക്കി. ഒരു കരിക്ക് പറഞ്ഞ് ഇടീച്ച് കുടിച്ചു. ഒരു കരിക്ക് ഞങ്ങൾക്കും തന്നു. പിന്നെ പേരക്കുട്ടികളോടൊപ്പം ഒരു നടത്തം. പ്രവർത്തകരോടൊക്കെ ഒരു കുശലം പറച്ചിലും. 

ഞങ്ങളുടെ പ്രതിനിധി പ്രിയ ഇളവള്ളി മഠം മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:

ചോ: എൽഡിഎഫിന്‍റെ ഉറച്ച കോട്ടയായ ആലത്തൂരിൽ ഇത്തവണ യുഡിഎഫ് യുവസ്ഥാനാർഥിയെയാണ് നിർത്തിയിരിക്കുന്നത്. ആശങ്കയുണ്ടോ?

ഉ: ഒരു ആശങ്കയുമില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പൊതു ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ കർഷകരും ചെറുകിട കച്ചവടക്കാരുമാണ് കൂടുതൽ. അവരുടെ പ്രതിഷേധമാകും ഇത്തവണ വോട്ടെടുപ്പിൽ പ്രതിഫലിക്കുകയ

ചോ: ഇപ്പോഴത്തെ ആലത്തൂർ എംപി സ്ഥലത്തെ വിസിറ്റിംഗ് എംപിയാണെന്ന ആരോപണം ഇവിടത്തെ പ്രാദേശിക സിപിഎം നേതാക്കൾക്ക് പോലുമുണ്ട്?

ഉ: അങ്ങനെയൊന്നുമില്ല. ഒരു എംപിക്ക് എംഎൽഎയുടെ ജോലി ചെയ്യാനാകില്ല. പാർലമെന്‍റിൽ എത്ര ദിവസം പങ്കെടുക്കണം? അതിന് ശേഷമല്ലേ ഇവിടെ വരാനാകൂ. ഇവിടത്തെ എല്ലാ പ്രധാനപദ്ധതികളിലും പി കെ ബിജുവിന് പങ്കുണ്ട്. ഇവിടെ ക്ഷണിക്കപ്പെട്ട എല്ലാ പരിപാടികളിലും പി കെ ബിജു പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

ചോ: ജെഡിഎസ് ഒരു സീറ്റ് ചോദിച്ചിട്ടുപോലും തന്നില്ലല്ലോ ഇത്തവണ. മുന്നണിയിൽ സിപിഐ സിപിഎം അപ്രമാദിത്തമാണോ?

ഉ: അതിപ്പോൾ ഓരോ സാഹചര്യങ്ങളിൽ അങ്ങനെ വന്നേക്കാം. ഇവിടെ നിലനിൽപിന്‍റെ പ്രശ്നമാണ്. ദേശീയവിഷയങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. ഒന്നിച്ച് നിൽക്കും ഈ സമയത്ത്.

ചോ: എൽജെഡി ഇടത് മുന്നണിയിൽ വന്നതോടെ ജെഡിഎസ്സിന്‍റെ പ്രാധാന്യം കുറഞ്ഞോ? 

ഉ: അങ്ങനെയൊന്നുമില്ല, പക്ഷേ ഒരേ ആശയഗതിയിൽ പോകുന്ന രണ്ട് പാർട്ടികൾ ഇനി ഭിന്നിച്ച് തുടരരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും ലയനം വേണമെന്നാണ് ‍ഞങ്ങളിപ്പോഴും പറയുന്നത്. 

click me!