അമിത ആത്മവിശ്വാസമില്ലാതെ കോണ്‍ഗ്രസ്; നേരിയ ഭൂരിപക്ഷത്തില്‍ തുടര്‍ഭരണമെന്ന പ്രതീക്ഷ

By Web DeskFirst Published May 17, 2016, 8:01 AM IST
Highlights

സര്‍വ്വെ ഫലങ്ങളെ പുഛിച്ചുതള്ളുകയാണ് കോണ്‍ഗ്രസ്. ശക്തികേന്ദ്രങ്ങളില്‍ ചോര്‍ച്ചയില്ല. പക്ഷെ അമിത ആത്മവിശ്വാസവുമില്ല. നേരിയ ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം  ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇത്തവണയും ഫോട്ടോ ഫിനിഷായിരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കണക്ക്. മലബാറില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. 

കയ്യിലിരിക്കുന്ന ചില സീറ്റുകള്‍ നഷ്ടപ്പെടും. പാലക്കാട്, തൃശൂര്‍ ജില്ലകളിലും കോണ്‍ഗ്രസിന് ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞേക്കാം. സര്‍വ്വെ ഫലങ്ങള്‍ പ്രവചിക്കുന്നതു പോലെയാകില്ല മധ്യ കേരളത്തിലെ സ്ഥിതിയെന്ന് കോണ്‍ഗ്രസ് പറയുന്നു. എറണാകുളത്തും ഇടുക്കിയിലും സീറ്റ് കൂടും. ആലപ്പുഴയില്‍ നിലവിലുള്ള സീറ്റുകള്‍ കൂടും. കടുത്ത പോരാട്ടം നടന്ന ചേര്‍ത്തലക്കൊപ്പം അമ്പലപ്പുഴയും യുഡിഎഫ് കണക്കുകൂട്ടുന്ന പട്ടികയിലുണ്ട്.

കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ അധിക പ്രതീക്ഷ. കുണ്ടറയില്‍ മത്സരം പ്രവചനാതീതമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നേട്ടമുണ്ടാക്കിയാല്‍ തുടര്‍ ഭരണം എന്നാണ് യുഡിഎഫ് പ്രതീക്ഷ. 

മൂന്നാം മുന്നണി ഈ മേഖലയില്‍ ഇടത് സീറ്റുകള്‍ നഷ്ടപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക്.ഏതായാലും കോണ്‍ഗ്രസ് ക്യാമ്പില്‍ അമിത ആത്മവിശ്വാസമില്ല. ഏത് സാഹചര്യത്തിലും വലിയ ഇടത് വിജയത്തിന് സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെപ്പോലെ നേരിയ ഭൂരിപക്ഷമായിരിക്കും പുതിയ സര്‍ക്കാരിനുമെന്നാണ് കോണ്‍ഗ്രസിന്‍റെ അന്തിമ വിശകലനം.

click me!