സംസ്ഥാനത്ത് ഇടതുതരംഗമെന്ന് എക്സിറ്റ് പോള്‍; മന്ത്രിമാരടക്കം പ്രമുഖര്‍ വീഴും

By Web DeskFirst Published May 15, 2016, 11:30 PM IST
Highlights

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു തരംഗം ഉണ്ടാകുമെന്നും മന്ത്രിമാരടക്കമുള്ള പലപ്രമുഖരും തോല്‍ക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചനം.  ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ ഭരണമാറ്റവും മന്ത്രമാരുടെ വന്‍ വീഴ്ചയും പ്രവചിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് 88 മുതല്‍ 101 സീറ്റുകള്‍വരെ ലഭിക്കാമെന്നു അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യാ ടുഡേ അഭിപ്രായ സര്‍വേ പറയുന്നു. ബിജെപി മൂന്നു സീറ്റുവരെ നേടാമെന്നാണ് പ്രവചനം.എന്നാല്‍ യുഡിഎഫിന് 38 മുതല്‍ 48 വരെ സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നും പറയുന്നു.

ഇടതുപക്ഷത്തിന് 43 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും യുഡിഎഫിന് 38 ശതമാനവും ബിജെപിക്ക് 11 ശതമാനവും വോട്ടു വിഹിതം ലഭിക്കുമെന്നും സര്‍വെ പറയുന്നു. എൽഡിഎഫ് 78 സീറ്റ് നേടുമെന്നാണ് ടൈംസ് നൗ -സീ വോട്ടർ എക്സിറ്റ് പോൾ പറയുന്നത്. യുഡിഎഫിന് 58 സീറ്റ് ലഭിക്കും. എൻഡിഎയും മറ്റുള്ളവരും രണ്ട് സീറ്റ് വീതം നേടുമെന്നും ടൈംസ് നൗ സര്‍വെ പറയുന്നു.

എൽഡിഎഫ് 75 സീറ്റ് വരെ നേടുമെന്നാണ് ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 57 സീറ്റ് വരെ നേടും, മറ്റുള്ളവർക്ക് ഒരു സീറ്റ് ലഭിക്കും. ബിജെപി എട്ട് സീറ്റ് വരെ നേടാമെന്നും ടുഡെയ്സ് ചാണക്യ എക്സിറ്റ് പോൾ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അതില്‍ തന്നെ യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെന്നും ന്യൂസ് നേഷൻ നടത്തിയ എക്സിറ്റ് പോൾ പറയുന്നു. യുഡിഎഫ് 68-72 സീറ്റ് വരെ നേടും. എൽഡിഎഫ് 67-71 സീറ്റ് വരെ നേടും. എൻഡിഎ രണ്ട് സീറ്റ് വരെ നേടാമെന്നും ന്യൂസ് നേഷൻ എക്സിറ്റ് പോൾ പറയുന്നു.

മുസ്ലിം ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ 60 ശതമാനത്തോളം പേര്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ 40 ശതമാനം പേര്‍ എല്‍ഡിഎഫിനെ പിന്തുണച്ചു എന്നാണ് പ്രവചനം. മുന്നോക്ക വിഭാഗ വോട്ടുകള്‍ മുന്നു മുന്നണികള്‍ക്കും തുല്യമായി പോയപ്പോള്‍ ഈഴവ വോട്ടുകളില്‍ 49 ശതാനം എല്‍ഡിഎഫിനും 30 ശതമാനം ബിജെപിക്കും കിട്ടി എന്നാണ് സൂചനകള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 35 ശതമാനം പേര്‍ വിഎസ് അച്യുതാനന്ദനെ പിന്തുണയ്‌ക്കുമ്പോള്‍ 34 ശതാനം പേര്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചു എന്നാണ് ഇന്ത്യാ ടുഡെ സര്‍വ്വെയുടെ കണ്ടെത്തല്‍ 

ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോളാണ് സംസ്ഥാനത്തെ പല മന്ത്രിമാരും ഇത്തവണ തോല്‍വിയുടെ രുചിയറിയുമെന്ന് പ്രവചിച്ചിരിക്കുന്നത്. മന്ത്രിമാരായ വി.കെ.  കെ.ബാബു, കെ.പി മോഹനന്‍, എം.കെ. മുനീര്‍ എന്നീ  പ്രമുഖര്‍ തോല്‍ക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 17 സീറ്റിലൊതുങ്ങുമെന്നും 18 സീറ്റുമായി മുസ്ലീം ലീഗ് യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയാകുമെന്നും കേരള കോണ്‍ഗ്രസിന് മൂന്നു സീറ്റുകളിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ശക്തമായ ത്രികോണ മത്സരംനടന്ന പൂഞ്ഞാറില്‍ നിലവിലെ എംഎല്‍എ പി.സി. ജോര്‍ജ് ജയിച്ചുകയറുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
 

click me!