ബംഗാളില്‍ മമത, ജയലളിത വീഴും; അസം ബിജെപിക്കന്നും എക്സിറ്റ് പോള്‍

By Web DeskFirst Published May 16, 2016, 5:01 PM IST
Highlights

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെ.പിക്ക് അസമില്‍ മാത്രമെ നേട്ടമുണ്ടാകൂവെന്ന് എക്‌സിറ്റ്പോള്‍ സര്‍വ്വെ. തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ താഴെ വീഴുമെന്നും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും വിവിധ സര്‍വെകള്‍ പ്രവചിച്ചു.

തമിഴ്‌നാടില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയെ മറികടന്ന് ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് പുറത്തുവരുന്ന ഭൂരിഭാഗം സര്‍വ്വകളും പ്രവചിച്ചത്. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വെ പ്രകാരം തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം ആകെ 226 സീറ്റില്‍ 124 മുതല്‍ 140 വരെ സീറ്റ് നേടും. എ.ഐ.എ.ഡി.എം.കെ 89 മുതല്‍ 101 സീറ്റിലേക്ക് ഒതുങ്ങും. ന്യൂസ് നേഷന്‍ സര്‍നെ പ്രകാരം ഡി.എം.കെ സഖ്യം 114 മുതല്‍ 118 വരെ സീറ്റും അണ്ണാ ഡി.എം.കെ 99 വരെ സീറ്റും നേടും.അതേസമയം, സി വോട്ടര്‍ സര്‍വ്വെ 139 വരെ സീറ്റ് നേടി അണ്ണാ ഡിഎം.കെ. ഭരണം നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു.

പശ്ചിമബംഗാളില്‍ 294ല്‍ 233 മുതല്‍ 253 വരെ സീറ്റ് മമതക്ക് കിട്ടുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് സര്‍വ്വെ പ്രവചിക്കുന്നു. സിപിഐ എം -കോണ്‍ഗ്രസ് സഖ്യം 38 മുതല്‍ 51 വരെ സീറ്റിലേക്ക് ഒതുങ്ങും. അതേസമയം സി വോട്ടര്‍, എബിപി നില്‍സണ്‍, ന്യൂസ് എക്‌സ് സര്‍വ്വേകളില്‍ വലിയ ഭൂരിപക്ഷം മമതക്ക് നല്‍കുന്നില്ല. എബിപി നെല്‍സണ്‍ സര്‍വ്വെ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന് 163 സീറ്റാണ് നല്‍കുന്നത്. സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് 126 വരെ സീറ്റ് ലഭിക്കും. ഇന്ത്യ ടിവി -സി വോട്ടര്‍ സര്‍വ്വെ പ്രകാരം മമതക്ക് കിട്ടുക 167 സീറ്റുമാത്രം. സിപിഐ എം-കോണ്‍ഗ്രസ് സഖ്യം- 120 സീറ്റ് നേടും. എ.ബി.പി ആനന്ദ സര്‍വ്വെ പ്രകാരം തണമൂല്‍ കോണ്‍ഗ്രസ് നേടുക 178 സീറ്റാകും. ഇടതുപക്ഷം നിലമെച്ചപ്പെടുത്തും. ബി.ജെ.പിക്ക് പശ്ചിമബംഗാളില്‍ കാര്യമായ സീറ്റുകള്‍ നേടില്ല.

അസമില്‍ ബി.ജെ.പി തരംഗമെന്ന് മൂന്ന് സര്‍വ്വെകള്‍ പ്രവചിച്ചപ്പോള്‍ രണ്ട് സര്‍വ്വെകള്‍ കോണ്‍ഗ്രസിനും ബി.ജെ.പി സഖ്യത്തിനുമിടയില്‍ നേരിയ വ്യത്യാസം മാത്രമാണ് നല്‍കിയത്. എ.ബി.പി നില്‍സണ്‍ സര്‍വ്വെയില്‍ അസമില്‍ ബി.ജെ.പി 126ല്‍ 81 സീറ്റും, ടുഡൈ ചാണക്യ സര്‍വ്വെ പ്രകാരം ബി.ജെ.പി 90 സീറ്റും നേടും. എന്നാല്‍ സി.വോട്ട‍ര്‍ സര്‍വ്വെ ബി.ജെ.പിക്ക് നല്‍കുന്നത് 57 സീറ്റ് മാത്രമാണ്. ന്യൂസ് നേഷന്‍ സര്‍വ്വെയില്‍ ബി.ജെ.പി 67 സീറ്റുവരേയേ നേടുകയുള്ളു.

എ.ഐ.യു.ഡി.എഫ് പാര്‍ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന സാധ്യത ഈ സര്‍വ്വെകള്‍ നല്‍കുന്നു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രവചനവും സര്‍വ്വെകള്‍ നല്‍കുന്നു.പുതുച്ചേരിയില്‍ ഡിഎംകെ 15-21 സീറ്റ് വരെ നേടി വന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. എഐഎഡിഎംകെ ഒന്നു മുതല്‍ നാലുവരെ സീറ്റ് നേടും.

 

click me!