തമിഴകത്ത് ചരിത്രമെഴുതി ജയലളിത

By Web DeskFirst Published May 19, 2016, 7:30 AM IST
Highlights

ചെന്നൈ: തമിഴകത്ത് ചരിത്രമെഴുതി ജയലളിത. എംജിആറിന് ശേഷം തുടര്‍ച്ചായായി രണ്ടാം വട്ടം മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകരയാണ് തമിഴകത്തിന്റെ തലൈവി. എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി 132 സീറ്റുകളില്‍ വിജയമുറപ്പിച്ച എഐഎഡിഎംകെ കേവലഭൂരിപക്ഷം ഉറപ്പാക്കി. കഴിഞ്ഞ തവണത്തെ വന്‍പരാജയത്തില്‍ർ നിന്ന് ശക്തമായി തിരിച്ചുവന്നെങ്കിലും ഡിഎംകെ വിജയം 99 സീറ്റുകളിലൊതുങ്ങി. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

അവസാനഘട്ടത്തിലെ വാശിയേറിയ പ്രചരണത്തിനും അപ്പുറത്ത് സംസ്ഥാനത്ത് അമ്മ തരംഗം ഉണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് ജയലളിതയുടെ വിജയം. ആകെ പോള്‍ ചെയ്ത വോട്ടില്‍ 41 ശതമാനം എഐഎഡിഎംകെ നേടി. എന്നാല്‍ ശക്തമായ മത്സരം തന്നെയാണ് ഡിഎംകെ കാഴ്ചവച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23 സീറ്റിലേക്ക് ഒതുങ്ങിയ ഡിഎംകെ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ജയലളിതക്ക് തടയിടാന്‍ ആയില്ല. മൂന്നാം മുന്നണി സംസ്ഥാനത്ത് ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല വിജയകാന്തും വിസികെ അദ്ധ്യക്ഷന്‍ തിരുമാവലവനും ഉള്‍പ്പെടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പാട്ടാളി മക്കള്‍ കക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാ‍ര്‍ത്ഥി അന്‍പുമണി രാംദോസ് തന്നെ തോറ്റപ്പോള്‍ പാര്‍ട്ടി ഒരു സീറ്റ് നേടി. ബിജെപിക്കും സംസ്ഥാനത്ത് സാന്നിധ്യം അറിയിക്കാന്‍ പോലും ആയില്ല. ആര്‍കെ നഗറില്‍ ജയലളിതയും ബോഡിനായ്കനൂരില്‍ പന്നീര്‍ സെല്‍വവും തിരുവാരൂരില്‍ കരുണാനിധിയും കൊളത്തൂരില്‍ എംകെ സ്റ്റാലിനും വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ എഐഎഡിഎംകെ മന്ത്രിസഭയിലെ പല മന്ത്രിമാരും തോറ്റു.

ഡിഎംകെയുടെ കുടുംബ വാഴ്ചക്കുള്ള അറുതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് ജയലളിത പറഞ്ഞു. ചരിത്രം കുറിച്ച് രണ്ടാം ഊഴം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ജയലളിത രാപകലില്ലാതെ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. എഐഎഡിഎംകെ ഡിഎംകെ എന്ന രണ്ട് പാര്‍ട്ടികള്‍ക്ക് അപ്പുറത്തേക്ക് ചിന്തിക്കാന്‍ തമിഴ്നാട് തയ്യാറല്ല എന്ന് വ്യക്തമാക്കുന്നു തെരഞ്ഞെടുപ്പ് ഫലം. തന്റെ ജനപ്രീതി അല്‍പം പോലും കുറഞ്ഞിട്ടില്ലെന്ന് ജയലളിത തെളിയിക്കുന്നു.

click me!