എക്‌സിറ്റ് പോളുകള്‍ക്കപ്പുറമുള്ള വിജയം പ്രതീക്ഷിച്ച് എല്‍ഡിഎഫ്

By Web DeskFirst Published May 17, 2016, 7:55 AM IST
Highlights

എല്‍ഡിഎഫ് വിലയിരുത്തല്‍ ഇങ്ങനെ

മലബാറില്‍ പന്ത്രണ്ട് സീറ്റുകള്‍ അധികമായി നേടും. അഴീക്കോടും കൂത്തുപറമ്പും പിടിച്ചെടുക്കും കല്‍പ്പറ്റയിലും അട്ടിമറി പ്രതീക്ഷ. താനൂര്‍,നിലമ്പൂര്‍,പെരിന്തല്‍മണ്ണ പിടിക്കും. തൃശൂരും പാലക്കാടും വ്യക്തമായ മേല്‍ക്കൈ
മധ്യകേരളത്തില്‍ നില മെച്ചപ്പെടുത്തും പാലായില്‍ വിജയപ്രതീക്ഷ എറണാകുളത്ത് 9 സീറ്റ് നേടും. ആലപ്പുഴയില്‍ മേല്‍ക്കൈ കൊല്ലത്ത് ഏകപക്ഷീയ വിജയം. തിരുവനന്തപുരത്ത് നാല് സീറ്റ് അധികം നേടും.

അതേ സമയം സിപിഐ(എം) നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചയ്ക്ക് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വെള്ളിയാഴ്ച കേരളത്തിലെത്തും. സംസ്ഥാനകമ്മിറ്റിയുടെ അഭിപ്രായത്തിനനുസരിച്ച് പിബി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി.

സിപിഎം അധികാരത്തിലെത്തുമെന്ന് ഏതാണ്ടെല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്ന സാഹചര്യത്തില്‍ അടുത്ത നേതാവിനെ തീരുമാനിക്കാനുള്ള ആലോചനയിലേക്ക് കടക്കുകയാണ് കേന്ദ്ര നേതൃത്വം. സിപിഎം സംസ്ഥാനകമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കാനായി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വെള്ളിയാഴ്ച കേരളത്തിലെത്തും.

സംസ്ഥാനകമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് പോളിറ്റ് ബ്യൂറോ തീരുമാനം എടുക്കും എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. യെച്ചൂരി മുന്‍കൈയ്യെടുത്താണ് വിഎസ് അച്യുതാനന്ദനെ വീണ്ടും മത്സരരംഗത്തിറക്കിയത്. വിജയിക്കുന്നെങ്കില്‍ വിഎസിനെ തന്നെ തുടക്കത്തില്‍ മുഖ്യമന്ത്രിയാക്കണം എന്ന ആശയം യെച്ചൂരി മുന്നോട്ടു വച്ചേക്കും. വന്‍ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതെങ്കില്‍ സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളുടെ അഭിപ്രായം പ്രസക്തമല്ല. 

അങ്ങനെയെങ്കില്‍ സെക്രട്ടറിയേറ്റും കമ്മിറ്റിയും പിണറായി വിജയന്റെ പേര് തന്നെ നിര്‍ദ്ദേശിക്കാനാണ് സാധ്യത. വിഎസുമായും കേന്ദ്ര നേതാക്കള്‍ സംസാരിക്കും. തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ 22 മുതല്‍ തുടങ്ങുന്ന പിബി സിസി യോഗങ്ങള്‍ നിര്‍ണ്ണായകമാകും.

click me!