തമിഴ്നാട്ടിലും നാളെ ജനവിധി

By Asianet NewsFirst Published May 15, 2016, 1:47 AM IST
Highlights

ചെന്നൈ: തമിഴ്‌നാടും നാളെ ജനവിധിയെഴുതും. കലാശക്കൊട്ട് പതിവില്ലാത്ത തമിഴ്‌നാട്ടില്‍ മറ്റേതു ദിവസത്തേയും പോലെ ആയിരുന്നു അവസാന  ദിവസത്തെയും പരസ്യ പ്രചാരണം. ഡിഎംകെ അധ്യക്ഷന്‍  കരുണാനിധിയും മകന്‍ സ്റ്റാലിനും പ്രചാരണത്തില്‍ സജീവമായപ്പോള്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു  പരിപാടിയും ഇന്നലെ ഉണ്ടായിരുന്നില്ല.

അതിനിടെ കാരൂര്‍ ജില്ലയിലെ അരുവാകുറിശ്ശി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. പാര്‍ട്ടികള്‍ വ്യാപകമായി പണവും സമ്മാനങ്ങളും വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കമ്മിഷന്റെ തിരുമാനം.  ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23നു നടക്കും.  25നു വോട്ടെണ്ണും.

അരുവാകുറിശ്ശിയിലെ ഡിഎംകെ, എഐഎഡിഎംകെ  പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും വ്യാപകമായി പണം പിടികൂടിയിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്നും ഒരു കോടിയോളം രൂപയും എഐഎഡിഎംകെ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും അഞ്ചു കോടി രൂപയും കണ്ടെടുത്തിരുന്നു. ഇതിനു പുറമേ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ഇരുന്നൂറിലധികം മുണ്ടുകളും സാരികളും 429 ലിറ്റര്‍ മദ്യവും പ്രത്യേകസ്‌ക്വാഡ് പിടിച്ചെടുത്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. 
 

click me!