'വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി'; പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങള്‍

By Web TeamFirst Published May 27, 2021, 1:08 AM IST
Highlights

നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തി.

കൊച്ചി: ലക്ഷദ്വീപിനെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷപങ്ങളില്‍ നടന് പിന്തുണയുമായി താരങ്ങള്‍. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ്  സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തി. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് പൃഥ്വി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.
 
ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടിയെന്ന് നടന്‍ അജു വര്‍ഗ്ഗീസ് പ്രതികരിച്ചു. വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെയെന്നും അജു വര്‍ഗ്ഗീസ് പൃഥ്വിരാജിന്‍റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. ‘രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്,’ എന്ന അടിക്കുറിപ്പലാണ് മഥുന്‍ പൃഥ്വിരാജിന്റെ ചിത്രം പങ്കുവെച്ചത്. പൃഥ്വിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ആന്‍റണി വര്‍ഗ്ഗീസും പിന്തുണയുമായി എത്തിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്നായിരുന്ന ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണനല്‍കി പ‍ൃഥ്വിരാജ്  പ്രതികരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!