' ഇനി ആരുടെയും നമ്പർ ചോദിച്ച് വിളിക്കരുത്'; പ്രതികരണവുമായി ഷാജി പട്ടിക്കര

By Web TeamFirst Published Jul 4, 2020, 12:56 PM IST
Highlights

അങ്ങനെ എല്ലാവരുടേയും നമ്പർ എൻ്റെ കൈവശമുണ്ട് എന്ന ഉറപ്പിലാണ് പെട്ടന്ന് ഒരാവശ്യം വരുമ്പോൾ പലരും എന്നെ വിളിക്കുന്നത്. അത് ചിലപ്പോൾ പാതിരാത്രിയിൽ വരെ അങ്ങനെ അത്യാവശ്യക്കാർ വിളിച്ചിട്ടുണ്ട്. ഞാൻ യാതൊരു മടിയും കൂടാതെ അത് നൽകിയിട്ടുമുണ്ട്. അനുഭവസ്ഥർക്ക് അറിയാം.


തിരുവനന്തപുരം: സിനിമാതാരങ്ങളുടെ നമ്പർ ചോദിച്ച് ഇനി ആരും വിളിക്കരുതെന്ന അഭ്യർത്ഥനയുമായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ്. നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ പ്രതികൾക്ക് നമ്പർ ലഭിച്ചത് ഇദ്ദേഹത്തിൽ നിന്നായിരുന്നു എന്ന് വെളിപ്പെട്ടിരുന്നു. സിനിമാ നിർമ്മാതാക്കളെന്ന വ്യാജേനയാണ് തന്നിൽ നിന്നും നമ്പർ വാങ്ങിയതെന്ന് ഇദ്ദഹം വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷാജി പട്ടിക്കര. 

ദയവായി ആരും സിനിമാ താരങ്ങളുടെ നമ്പർ ആവശ്യപ്പെട്ട് വിളിക്കരുതെന്ന അഭ്യർത്ഥനയുമായിട്ടാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. നമ്പർ ആവശ്യപ്പെട്ട് വിളിക്കുന്നവരുടെ എണ്ണം  വർദ്ധിച്ച സാഹചര്യത്തിലാണ് ഫിലിം ഡയറക്ടറി എന്ന ആശയം തോന്നിയതും നടപ്പിലാക്കിയതും. നമ്പർ കൊടുത്തതിന്റെ പേരിൽ ഇത്രയും കാലമായിട്ടും പരാതികളൊന്നും ഉണ്ടായിട്ടില്ല എന്നും ഷാജി കുറിപ്പിൽ പറയുന്നു. ഇനി അം​ഗീകൃത സിനിമാ പ്രവർത്തകരല്ലാത്ത മറ്റാർക്കും നമ്പർ കൊടുക്കില്ലെന്നും ഇനിയും ചതിക്കുഴിയിൽ വീഴാൻ ആ​ഗ്രഹമില്ലെന്നും കുറിപ്പിലുണ്ട്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ടവരേ,

ഇനി ആരുടേയും നമ്പർ ചോദിച്ച് വിളിക്കരുത്. സിനിമയിൽ എത്തപ്പെട്ട കാലം മുതൽ ഇന്നുവരെ ആര് ചോദിച്ചാലും എൻ്റെ കയ്യിലുള്ള ഫോൺ നമ്പർ - അത് ഏത് താരങ്ങളുടേതായാലും, സാങ്കേതിക പ്രവർത്തകരുടേതായാലും നൽകുന്നതിൽ സന്തോഷം കണ്ടെത്തിയ ഒരാളാണ് ഞാൻ. പലപ്പോഴും പലരും ഉദ്ഘാടനങ്ങൾ, സ്റ്റേജ് ഷോകൾ, ആശംസകൾ പറയുന്നതിന്, അല്ലെങ്കിൽ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിന് ഒക്കെയാണ് നമ്പരുകൾ വാങ്ങിയിരുന്നത്. 

അങ്ങനെ നമ്പർ വാങ്ങുന്നവരുടെ എണ്ണം കൂടിയപ്പോഴാണ്ഫിലിം ഡയറക്ടറി എന്ന ആശയം മനസ്സിലുദിച്ചതും, ഞാനും പ്രിയ സുഹൃത്ത് ഷിബു .ജി സുശീലനും ചേർന്ന് 'സൂര്യ ചിത്ര' എന്ന പേരിൽ 2002 ൽ ഒരു ഡയറക്ടറി പുറത്തിറക്കിയതും. പിന്നീട് അത് ഞാൻ ഒറ്റയ്ക്കായി. 2019 ലാണ് അവസാന ലക്കം പുറത്തിറങ്ങിയത്. നിരവധി വർഷങ്ങളായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി പേർക്ക് ആ ഡയറക്ടറി പ്രയോജനം ചെയ്യുന്നുമുണ്ട്. അങ്ങനെ എല്ലാവരുടേയും നമ്പർ എൻ്റെ കൈവശമുണ്ട് എന്ന ഉറപ്പിലാണ് പെട്ടന്ന് ഒരാവശ്യം വരുമ്പോൾ പലരും എന്നെ വിളിക്കുന്നത്. അത് ചിലപ്പോൾ പാതിരാത്രിയിൽ വരെ അങ്ങനെ അത്യാവശ്യക്കാർ വിളിച്ചിട്ടുണ്ട്. ഞാൻ യാതൊരു മടിയും കൂടാതെ അത് നൽകിയിട്ടുമുണ്ട്. അനുഭവസ്ഥർക്ക് അറിയാം.

ആദ്യകാലങ്ങളിൽ നമ്പർ പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ ഇപ്പോൾ വാട്ട്സപ്പിൽ അയച്ചു കൊടുക്കാറാണ് കൂടുതലും. പ്രത്യേകിച്ച് എനിക്ക്  ഒരു നേട്ടവുമില്ലെങ്കിലും, ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ അതിൽ ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ നമ്പർ കൊടുത്തതിൻ്റെ പേരിൽ ഇത്ര വർഷത്തിനിടയിൽ ഇതുവരെ പരാതികളും വന്നിട്ടില്ല. ഫോൺ വരുമ്പോൾ മറുവശത്തുള്ളയാൾ സംസാരിക്കുന്നത് താത്പര്യമില്ലാത്ത കാര്യമാണെങ്കിൽ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടല്ലോ? ഒന്നുകിൽ നമ്പർ ബ്ലോക്ക് ചെയ്യാം അല്ലെങ്കിൽ ഇനി വിളിക്കരുത് എന്ന് പറഞ്ഞ് ഒഴിവാക്കാം.

എന്നാലിപ്പോൾ നിർമ്മാതാവിൻ്റെ മേലങ്കിയുമായി എത്തിയ ഒരാൾ, ഒരു സിനിമ നിർമ്മിക്കുവാൻ താത്പര്യം കാണിച്ചെത്തുകയും അയാൾക്ക് ഒന്നു  രണ്ട് താരങ്ങളുടെ നമ്പർ കൈമാറുകയും ചെയ്തതിൻ്റെ പേരിൽ വിവാദങ്ങളിലേക്ക് എൻ്റെ പേരും വലിച്ചിഴയ്ക്കപ്പെടുകയും, ഞാനും എൻ്റെ സുഹൃത്തുക്കളായ രണ്ട്പ്രൊഡക്ഷൻ കൺട്രോളർമാരും പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥയിൽ എത്തുകയും ചെയ്തു.
വിവാദത്തിൻ്റെ ഭാഗമായിചാനലുകൾ പോലും ഷാജി പട്ടിക്കര എന്ന പേര് ആഘോഷമാക്കിയപ്പോൾ ഞാനും കുടുംബവും അത്രയധികം വേദനിച്ചു. ഇപ്പോൾ കേസന്വേഷണം ഏകദേശം അവസാനിക്കുകയും, സിനിമ പ്രവർത്തകർ ആരും തന്നെ അതിൽ ഉൾപ്പെട്ടിട്ടില്ല എന്ന വാർത്ത പുറത്തു വരികയും ചെയ്തു. സന്തോഷം !

പക്ഷേ,കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഞാനും കുടുംബവും അനുഭവിച്ച മാനസ്സിക ദുഃഖംആരോടാണ് പറയുക. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരനുഭവം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്നെ അറിയാവുന്നവർ എല്ലാം എനിക്ക് പിന്തുണയുമായി എത്തി. എല്ലാവർക്കും നന്ദി ! അനുഭവമാണ് ഗുരു ! ഇനിയും ഇത്തരം ചതിക്കുഴികളിൽ വീഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇനി മറ്റുള്ളവരുടെ ഫോൺ നമ്പരുകൾ ആർക്കും കൈമാറില്ല എന്ന ഉറച്ച തീരുമാനത്തിലാണ്.

അതു കൊണ്ട് ഫോൺ നമ്പരുകൾക്കായി ദയവ് ചെയ്ത്ആരും വിളിക്കരുത്...അപേക്ഷയാണ് ! എൻ്റെ വ്യക്തിപരമായ തീരുമാനം മാത്രമല്ല, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയനും, യൂണിയനിലെ പ്രിയപ്പെട്ട അംഗങ്ങളും അത്തരം ഒരു തീരുമാനത്തിലാണ്. അംഗീകൃത സിനിമ പ്രവർത്തകരല്ലാത്ത ആർക്കും ഇനി മുതൽ നമ്പരുകൾ കൈമാറേണ്ടതില്ലഎന്നാണ് യൂണിയൻ തീരുമാനം. നല്ലത്. ഇനിയൊരാൾക്കും എൻ്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ ..സ്നേഹപൂർവ്വം,
#ഷാജി_പട്ടിക്കര


click me!