സിദ്ധീഖിനെതിരെ അമ്മയില്‍ പടയൊരുക്കം: ഭാരവാഹിയോഗത്തില്‍ താക്കീത് ചെയ്തേക്കും

By Web TeamFirst Published Oct 17, 2018, 1:14 PM IST
Highlights

ഡബ്ലൂ സി സിയുമായുളള പ്രശ്നങ്ങൾ രമ്യതയിലാക്കാൻ പ്രസിഡന്‍റ് മോഹൻലാൽ ശ്രമിക്കുമ്പോൾ സിദ്ധിഖിന്‍റെ ഒറ്റ വാർത്താസമ്മേളനം കൊണ്ട് എല്ലാം നീക്കങ്ങളും തകർന്നുവെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം പറയുന്നത്.  
 

കൊച്ചി:താരസംഘടനയായ അമ്മയുടെ പൊതുനിലപാടിന് വിരുദ്ധമായി വാർത്താസമ്മേളനം നടത്തിയ നടൻ സിദ്ധിഖിനെ സംഘടന താക്കീത് ചെയ്തേക്കും. മറ്റന്നാൾ ചേരുന്ന എക്സിക്യുട്ടീവിൽ ദിലീപ് അനുകൂല വിഭാഗത്തിന്‍റെ നലിപാടുകളെ ചോദ്യം ചെയ്യാനാണ് അമ്മ എക്സിക്യുട്ടീവിലെ പ്രബല വിഭാഗത്തിന്‍റെ നീക്കം. 

താരസംഘടനയായ അമ്മയെ സിദ്ധിഖും കൂട്ടരും ഹൈജാക്ക് ചെയ്തെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷവും പറയുന്നത്. സംഘടനാ വിരുദ്ധനിലപാടാണ് സിദ്ധിഖിന്‍റേത്. ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം വേണം. സിദ്ധീഖിന്‍റെ വാര്‍ത്താസമ്മേളനം കാരണം പൊതു സമൂഹത്തിൽ സംഘടന നാണം കെട്ടു. ഡബ്ലൂ സി സിയുമായുളള പ്രശ്നങ്ങൾ രമ്യതയിലാക്കാൻ പ്രസിഡന്‍റ് മോഹൻലാൽ ശ്രമിക്കുമ്പോൾ സിദ്ധിഖിന്‍റെ ഒറ്റ വാർത്താസമ്മേളനം കൊണ്ട് എല്ലാം നീക്കങ്ങളും തകർന്നു. 

ഡബ്യൂ.സി.സിയെ സിദ്ധീഖ് അനാവശ്യമായി പ്രകോപിപ്പിച്ചു. അതുകൊണ്ടാണ് അവർ കോടതിയിൽ പോയത്. മേലിൽ ഇതാവർ‍ത്തിക്കാതിരിക്കാൻ സംഘടനാ തലത്തിൽ തീരുമാനം വേണമെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത്. പ്രസിഡന്‍റ് മോഹൻലാൽ അടക്കമുളളവരെ ഒരുവിഭാ​ഗം അം​ഗങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

ജനറൽ ബോഡി വിളിക്കില്ലെന്നും സംഘടനയിൽ നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരില്ലെന്നുമുളള സിദ്ധിഖിന്‍റെ പ്രസ്താവനയാണ് ജഗദീഷ് അടക്കമുളളവരെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്.മാത്രവുമല്ല യാതൊരുഭാരവാഹിത്വവുമില്ലാത്ത കെപി എ എസി ലളിതയെ വിളിച്ചിരുത്തി അമ്മയുടെ പേരിൽ വാർത്താ സമ്മേളനം നടത്തിയതും കടുത്ത സംഘടനാ വിരുദ്ധ നടപടിയെന്നാണ് എതിർ ചേരിയുടെ നിലപാട് .  

ഇക്കാര്യത്തിൽ ഇനി പരസ്യ പ്രസ്തവനകൾ വേണ്ടെന്നും എക്സിക്യുട്ടീവിൽ ചർച്ചചെയ്യാമെന്നുമാണ് അമ്മ നേതൃത്വം സിദ്ധിഖ് അടക്കമുളളവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് നടൻ ജഗദീഷ് അറിയിച്ചു.  മറ്റന്നാൾ  എക്സിക്യുട്ടീവ് കമ്മിറ്റി ചേരാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല.  

click me!