ഫ്രാന്‍സിനുവേണ്ടി ഗോളടിച്ചുകൂട്ടാന്‍ ഗ്രീസ്‌മാനുണ്ട്

By Web DeskFirst Published Jun 29, 2016, 2:22 PM IST
Highlights

മിഷേല്‍ പ്ലാറ്റിനി, സിനദിന്‍ സിദാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ കളം നിറഞ്ഞു കളിച്ച ഫ്രാന്‍സ് ടീമിലെ പുതിയ താരോദയമാണ് അന്റോണെ ഗ്രീസ്‌മാന്‍. 2014ല്‍ ദേശീയ ടീമില്‍ എത്തിയ ഗ്രീസ്‌മാന്‍ ഇതിനോടകം ഫ്രാന്‍സ് ടീമില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ എന്ന പേരു സമ്പാദിച്ചുകഴിഞ്ഞു. ഈ യൂറോ കപ്പില്‍ പ്രാഥമിക ഘട്ടം പിന്നിട്ടപ്പോള്‍, ഗരെത് ബെയ്‌ലിനൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് അന്റോണെ ഗ്രീസ്‌മാന്‍. സ്വന്തം നാട്ടുകാരുടെ മുന്നില്‍ യൂറോ കപ്പ് കിരീടം നേടാനായി കാത്തിരിക്കുന്ന ഫ്രെഞ്ച് ടീം ഏറെ പ്രതീക്ഷ വെയ്‌ക്കുന്നത് ഗ്രീസ്‌മാന്റെ ഗോളടി മികവാണ്. കരിം ബെന്‍സിമയെ പോലെയുള്ള സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തി കളിക്കുന്ന ഫ്രഞ്ച് ടീമിന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സ്വന്തം തട്ടകത്തില്‍ കിരീടം നേടിയേ മതിയാകൂ. കിരീട പോരാട്ടത്തില്‍ ഇറ്റലി, ജര്‍മ്മനി തുടങ്ങിയ വമ്പന്‍മാരെ മറികടക്കുന്നതിന് ഗ്രീസ്‌മാനെ പോലെയുള്ളവര്‍ ഗോളടിച്ചേ മതിയാകൂ. ഏതായാലും ഫ്രഞ്ച് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഗ്രീസ്‌മാന്‍ എന്ന ഇരുപത്തിയഞ്ചു കാരന്റെ ഗോളടി മികവ് തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ക്ലബ് ഫുട്ബോളില്‍ സ്‌പെയിനിലെ അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടിയാണ് അന്റോണെ ഗ്രീസ്‌മാന്‍ കളിക്കുന്നത്.

click me!