അവരറിഞ്ഞില്ല, തങ്ങള്‍ക്കരികില്‍ ഉയരുന്നതാണ് തടങ്കല്‍ പാളയങ്ങളെന്ന്...

First Published Dec 27, 2019, 4:27 PM IST

ബെംഗളൂരു നഗരത്തിൽ നിന്നും ഏതാണ്ട് നാല്‍പ്പത് കിലോമീറ്ററിനുള്ളിലാണ് ആ തടങ്കള്‍ പാളയങ്ങളുയരുന്നത്. ഇന്നലെവരെ ഒന്നിച്ചിരുന്നവര്‍...  ജീവിച്ചിരുന്നവര്‍.., ഇല്ലാത്ത രേഖയുടെ പേരില്‍ ഒരു മതിലിന് അകത്തും പുറത്തും കഴിയേണ്ടിവരിക. രാജ്യം അതിന്‍റെ യഥാര്‍ത്ഥ പൗരന്മാരെ അന്വേഷിക്കുകയാണെന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകത്തിലും ഉത്തര്‍പ്രദേശിലുമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഇരുപത്തഞ്ചോളം പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗീക കണക്ക്. അതിനിടെയിലും രാജ്യത്ത് പല സംസ്ഥാനങ്ങളിലായി പൗരത്വമില്ലാത്തവര്‍ക്കായി തടങ്കല്‍ പാളയങ്ങള്‍ ഉയരുന്നു. ബിന്ദു എ വി പകര്‍ത്തിയ കര്‍ണ്ണാടകയിലെ സൊണ്ടെക്കൊപ്പയില്‍ ഉയരുന്ന തടങ്കല്‍ പാളയങ്ങളുടെ ചിത്രങ്ങള്‍ കാണാം.    
 

പൗരത്വനിയമഭേദഗതി ദേശീയ പൗരത്വപട്ടിക എന്നിവയ്ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൗരത്വപട്ടികയിൽ നിന്ന് പുറത്താവുന്നവരെ താമസിപ്പിക്കാൻ രാജ്യത്ത് തടങ്കൽപ്പാളയങ്ങളില്ലെന്ന് ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. അസമിൽ നിലവിൽ ആറ് തടങ്കൽ കേന്ദ്രങ്ങളുണ്ടെന്നും അതിൽ 988 പേരെ പാർപ്പിച്ചിട്ടുണ്ടെന്നും പാർലമെന്‍റില്‍ സർക്കാർ രേഖാമൂലം മറുപടി നൽകിയിരുന്നു.
undefined
മഹാരാഷ്ട്രയിൽ ആദ്യ തടങ്കൽപ്പാളയത്തിനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തടങ്കൽകേന്ദ്രങ്ങൾ സ്ഥാപിച്ചുവെന്ന് പറയപ്പെടുന്നതിൽ ശേഷിക്കുന്ന സംസ്ഥാനം കർണാടകയാണ്. കർണാടക സർക്കാർ ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം നിർമ്മിച്ച തടങ്കൽ കേന്ദ്രം 2020 ജനുവരി ഒന്നിന് പ്രവർത്തന സജ്ജമാവുമെന്നാണ് കർണാടക ആഭ്യന്തരമന്ത്രി ബസവരാജബൊമ്മെ വ്യക്തമാക്കിയത്.
undefined
അനധികൃത കുടിയേറ്റക്കാർക്ക് സംസ്ഥാനത്ത് 35 തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ടെന്ന് കർണാടക സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കർണാടകയിലെ ആദ്യത്തെ തടങ്കൽകേന്ദ്രം ബംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ഒരുങ്ങുമ്പോൾ സമീപവാസികളിൽ പലരും ഇക്കാര്യം അറിയുന്നത് വാർത്തകളിൽ നിന്നാണ്.
undefined
ഒരു വർഷത്തോളമായി തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഴയ ഹോസ്റ്റൽ കെട്ടിടം നവീകരിക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു ധാരണ. അടുത്തിടെയാണ് അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള തടങ്കൽ കേന്ദ്രമാണ് നിർമ്മിക്കുന്നതെന്നറിയുന്നതെന്നും നാട്ടുകാർ പറയുന്നു. എന്തുകൊണ്ടാണ് തങ്ങൾക്ക് അവിടേക്ക് പ്രവേശനം നിഷേധിച്ചതെന്നവർ ചോദിക്കുന്നു
undefined
ബെംഗളൂരു നഗരത്തിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നെലമംഗല എത്തുന്നതിന് മുൻപുള്ള ഫ്ളൈഓവറിന് താഴെ വലതുവശത്തുളള സെർവ്വീസ് റോഡിനരികിൽ സൊണ്ടെക്കൊപ്പ എന്നെഴുതിയ ബോർഡ് കാണാം. സൊണ്ടെക്കൊപ്പ റോഡിൽ നിന്നും 9 കിലോമീറ്ററോളം സഞ്ചരിച്ച് വേണം സൊണ്ടെക്കൊപ്പ ഗ്രാമത്തിലെത്താൻ. ആറ് കിലോമീറ്റിനുള്ളിൽ രണ്ട് ഇൻർനാഷണൽ സ്കൂളുകളുണ്ട്. 9 കിലോമീററർ കഴിയാറായപ്പോൾ കന്നഡയിൽ മാത്രമെഴുതിയ സൊണ്ടെക്കൊപ്പ എന്ന ബോർഡ് കണ്ടാണ് ഹൈവേയിൽ നിന്ന് വലത്തോട്ടുള്ള റോഡിലേക്ക് പ്രവേശിച്ചത്.
undefined
കുണ്ടും കുഴികളും നിറഞ്ഞ റോഡിനിരുവശവുമായി ചെറിയ കടകളുണ്ട്. അനധികൃത കുടിയേററക്കാർക്കായി സർക്കാർ സ്ഥാപിച്ച തടങ്കൽകേന്ദ്രം എവിടെയാണെന്ന് ചോദിച്ചെങ്കിലും രണ്ട് കടക്കാർ അറിയില്ലെന്ന് പറഞ്ഞു. ഒടുവിൽ എസ് സിഎസ് ടി വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വഴി ചോദിക്കുമ്പോഴാണ് സംസാരം കേട്ട് വന്ന വയോധികനായ കടക്കാരൻ ഇനിയും അര കിലോമീറ്ററോളം പോയാൽ ഒരു പവർഹൗസ് എത്തുമെന്നും അതിന് സമീപത്താണ് തടങ്കൽ കേന്ദ്രമുള്ളതെന്നും പറഞ്ഞത്.
undefined
കമ്പിവേലി കെട്ടിയ കെട്ടിടം എന്നാണ് വർഷങ്ങളായി സൊണ്ടക്കൊപ്പയിൽ താമസിക്കുന്ന 75 കാരനായ ചെന്നയ്യ തടങ്കൽ കേന്ദ്രത്തെ വിശേഷിപ്പിച്ചത്. തന്റെ വീട് അതിനു സമീപത്താണെും ഒരു വർഷത്തോളമായി തടങ്കൽ കേന്ദ്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളിൽ നിന്നാണ് ഈ വിവരങ്ങൾ ചെന്നയ്യയ്ക്ക് ലഭിച്ചത്. സമീപത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ താമസസൗകര്യത്തിനായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലായിരുന്നു അത്. ഹോസ്റ്റലിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവന്നപ്പോൾ അടച്ചുപൂട്ടുകയും നിലവിൽ അവിടെ താമസിച്ചിരുവരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിപാർപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും ചെന്നയ്യ പറഞ്ഞു. പിന്നീട് കെട്ടിടം സാമൂഹ്യക്ഷേമ വകുപ്പിന്‍റെ അധീനതയിലായി.
undefined
അര കിലോമീറ്റന് ശേഷം മെയിൻ റോഡിൽ നിന്ന് ഇടത് വശത്തുള്ള മണ്ണ് റോഡ് അവസാനിക്കുന്നിടത്താണ് പവർഹൗസും തൊട്ടടുത്തായി എൽ ആകൃതിയിൽ നിർമ്മിച്ച തടങ്കൽകേന്ദ്രവും. ഉയരം കൂടിയ ചുറ്റുമതിലിന് മുകളിൽ ബലമേറിയ ഇരുമ്പു കമ്പിവളയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനുളളിലെ വാച്ച് ടവറിന്‍റെ മുകൾഭാഗം പുറത്ത് നിന്ന് തന്നെ കാണാമായിരുന്നു. ഗേറ്റിനരികെ തോക്കുധാരിയായ സുരക്ഷാജീവനക്കാരൻ നിലയുറപ്പിച്ചിട്ടുണ്ട്.
undefined
അനുവാദം ചോദിച്ച് ഉള്ളിൽ കയറിയപ്പോൾ അവിടെയുണ്ടായിരുന്ന അഞ്ച് പൊലീസുകാർ കാര്യം തിരക്കിയെത്തി. ഉള്ളിലെ മുറികളിൽ വിശ്രമിക്കുകയായിരുന്നു ഇവർ. തടങ്കൽ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചപ്പോൾ പോലീസുകാർ തങ്ങൾക്കറിയില്ലെന്നും വാർഡനായ ഗംഗാധർ വിവരങ്ങൾ തരുമെന്നറിയിക്കുകയുമായിരുന്നു.
undefined
ഗംഗാധർ പ്രവർത്തന സജ്ജമായ മുറികൾ തുറന്ന് കാണിച്ച് തന്നു. ഏകദേശം 15 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറികളിൽ അഞ്ച് ബെഡുകൾ വീതമാണുള്ളത്. അവയ്ക്ക് സമീപമാണ് പൊതുശൗചലയങ്ങൾ. നിലവിൽ സ്ത്രീകൾക്ക് വെവ്വേറെ ശൗചാലയങ്ങളില്ല. അര ഏക്കർ ഭൂമിയിലുള്ള കെട്ടിടത്തിൽ മൂന്ന് മുറികൾ മാത്രമാണ് നിലവിൽ പ്രവർത്തന സജ്ജമായത്. ബാക്കിയുള്ള മൂന്ന് മുറികളുടെ അന്തിമ മിനുക്ക് പണികൾ ജനുവരി ഒന്നിന് മുൻപ് പൂർത്തിയാക്കും. കെട്ടിടത്തിനുളളിൽ വലതുവശത്തായി ഓഫീസിനുള്ള മുറികളുടെയും നിർമ്മാണം നടക്കുന്നുണ്ട്.
undefined
തൽക്കാലം നിലവിലെ മുറികളിലൊന്ന് ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. ജനുവരി ഒന്നിന് അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറന്ന് കൊടുക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിച്ചവിവരമെന്ന് ഗംഗാധർ പറഞ്ഞു. 2500 ലിറ്റർ വെളളം ശേഖരിക്കാൻ കഴിയുന്ന ടാങ്കാണ് ഇവിടെയുള്ളത്. ടോയ്ലറ്റുകളിൽ ചിലതിൽ വെളളം ചൂടാക്കുന്നതിനുള്ള ഗീസറുകളുമുണ്ട്. കൂടാതെ യുപിഎസ്, സോളാർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 30 പേരെ ഉൾക്കൊള്ളാനാവുന്ന വിധത്തിലാണ് തടങ്കൽ കേന്ദ്രത്തിന്‍റെ നിർമ്മാണം.
undefined
ഗേറ്റിന്‍റെ ഇടതുവശത്തായി ചെടികൾ നട്ടുപിടിപ്പിച്ച ചെറിയ പുൽത്തകിടി. മുറികളുടെ പിൻഭാഗത്ത് അടുക്കള. തടങ്കൽ കേന്ദ്രത്തിലേക്ക് ആവശ്യമായ പാചകക്കാരുൾപ്പെടെയുളള ജീവനക്കാരെ സാമൂഹ്യക്ഷേമ വകുപ്പ് നിയമിച്ചതായും വൈദ്യുതി. ജലവിതരണം, സിസിടിവി സ്ഥാപിക്കൽ തുടങ്ങിയവ അവസാന മിനുക്കുപണിയിലാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരത്തേ വ്യക്തമാക്കിയിരുന്നു. തടങ്കൽ കേന്ദ്രത്തെ കുറിച്ചുളള വിവരങ്ങൾ ചോദിച്ചപ്പോൾ ഇവിടെ ജയിൽ നിർമ്മിക്കുകയാണെന്നാണ് ഇത്ര നാളും കരുതിയതെന്നാണ് സമീപവാസിയായ ബാലാജി പറയുന്നു. തടവിലിടുന്നവരെ ആദ്യം ഇവിടെ കൊണ്ടുവരികയും പിന്നീട് മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്യുമെന്നായിരുന്നു ധാരണ. നാട്ടുകാരെ ആരെയും മതിലിനുള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല. അടുത്തിടെയായി കെട്ടിടത്തിനരികെ എല്ലാ സമയവും പൊലീസുകാരുടെ കാവലുണ്ടാവുമെന്ന് നെലമംഗലയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ബാലാജി പറഞ്ഞു.ബാലാജിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനോദ് വീടിനടുത്ത് നിർമ്മിക്കുന്നത് തടങ്കൽ കേന്ദ്രമാണെന്നറിയുന്നത് ചാനലുകളിൽ നിന്നും പത്രവാർത്തകളിൽ നിന്നുമാണ്. ഹോസ്റ്റൽ കെട്ടിടം നവീകരിക്കുകയാണെന്നാണ് കരുതിയതെന്നും വിനോദ് പറയുന്നു.
undefined
സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചനകളനുസരിച്ച് അറസ്ററിലായ 15 ഓളം ബംഗ്ലാദേശി കുടിയേറ്റക്കാരെയും വിസ നിയമം ലംഘിച്ചതിന് ജയിലിൽ കഴിയുന്ന ആഫ്രിക്കൻ സ്വദേശികളെയുമാണ് തടങ്കൽ കേന്ദ്രത്തിൽ ആദ്യം പാർപ്പിക്കുക. ബംഗ്ലാദേശ് സ്വദേശികൾക്കുള്ള താമസ സൗകര്യങ്ങളൊരുക്കണമെന്ന് നേരത്തേ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 866 പേർക്കെതിരെ വിദേശ നിയമമുൾപ്പെടെയുളളവയിൽ 612 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയതിട്ടുള്ളത്. ഇവരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്ന തടങ്കൽ കേന്ദ്രങ്ങളിലേക്കയക്കുമെന്ന് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശികളായ ബാബുൽഖാൻ, താനിയ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇത് സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിച്ചത്
undefined
click me!