Delhi Air Pollution | പഞ്ചനക്ഷത്ര ഹോട്ടലുകളിലിരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് സുപ്രീം കോടതി

Published : Nov 17, 2021, 03:01 PM ISTUpdated : Nov 17, 2021, 03:26 PM IST

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന്, ദില്ലിയിലെ (Delhi) വായു മലിനീകരണം (Air Pollution) സംബന്ധിച്ച കേസ് പരിഗണിക്കവേ സുപ്രീം കോടതി (Supreme Court) വിമർശിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് മുന്നറിയിപ്പ് നല്‍കിയ സുപ്രീം കോടതി, കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ദില്ലിയിലെ വായു മലിനീകരണത്തിന് പ്രധാന കാരണം അയൽ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വൈക്കോൽ കത്തിക്കുന്നതാണെന്ന് ദില്ലി സർക്കാർ സുപ്രീം കോടതിയിൽ വീണ്ടും വാദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനവുമായി കോടതി രംഗത്തെത്തിയത്. ( കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്നലെ വൈകീട്ട് രാഷ്ട്രപതി ഭവന്‍ സൌത്ത് അവന്യുവില്‍ നടന്ന പ്രതിഷേധത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.)   

PREV
115
Delhi Air Pollution | പഞ്ചനക്ഷത്ര ഹോട്ടലുകളിലിരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് സുപ്രീം കോടതി
ചിത്രങ്ങള്‍: അനന്തു പ്രഭ.

വൈക്കോൽ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴിയെന്നും വൈക്കോൽ സംസ്കരിക്കുന്നതിനായി  ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും ദില്ലി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കർഷകർക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോയെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. 

 

215

വൈക്കോല്‍ കത്തിക്കുന്നത് സംബന്ധിച്ച് കർഷകർക്കെതിരെ നടപടി എടുക്കാനാകില്ലെന്ന് സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറഞ്ഞു. വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ലെന്ന് പരിശോധിക്കണമെന്നും കോടതി ആരാഞ്ഞു. 

 

315

എല്ലാ വർഷവും ഈ സമയത്ത് (ശൈത്യകാലത്ത്) മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നുവെന്ന് കോടതി സര്‍ക്കാരുകളെ ഓർമ്മിപ്പിച്ചു. പൂര്‍ണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡല്‍ഹിയില്‍ എത്ര പടക്കം പൊട്ടിയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകരുടെ വൈക്കോല്‍ കത്തിക്കല്‍ മലിനീകരണത്തിന് കാരണമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു.

 

415

എന്നാല്‍, ഇത് വെറും നാല് ശതമാനം മാത്രമാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു. കർഷകർ വൈക്കോൽ കത്തിക്കുന്നത് മലിനീകരണത്തിന് പ്രധാന കാരണമല്ലെന്നത് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും ഇതിനെ തുടര്‍ന്ന് ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ മോശമായ റിപ്പോർട്ട് നൽകുന്നുവെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. 

 

515

ഇത്തരം കണക്കുകളല്ല, മലിനീകരണം തടയാൻ എന്താണ് പ്രായോഗിക നടപടി എന്ന് കോടതി ചോദിച്ചു. ദില്ലിയിലേക്ക് ട്രക്കുകൾ വരുന്നത് നവംബർ 21 വരെ നിയന്ത്രിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ മറുപടി. അവശ്യസാധനങ്ങളുമായി വരുന്ന ട്രക്കുകൾ അനുവദിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

 

615

പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറങ്ങുന്നത് തടയണം. സർക്കാർ ഓഫീസുകൾ മുഴുവനായും വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നും രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

 

715

വർക് ഫ്രം ഹോമിനെ എന്തുകൊണ്ട് കേന്ദ്രം എതിർക്കുന്നുവെന്നായി കോടതി. ദില്ലി സർക്കാർ നടപ്പാക്കുന്നത് പോലെ കേന്ദ്ര സർക്കാരിന് ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അത് ഇന്ത്യയെ മൊത്തത്തിൽ ബാധിക്കും. ജീവനക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. 

 

815


സര്‍ക്കാര്‍ 'കാർ പൂൾ' (Carpool) സംവിധാനം ആലോചിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കർഷകര്‍, കാഷികാവശ്യത്തിനായി പരമ്പരാഗതമായി തുടരുന്ന തീയിടല്‍ രീതിയിൽ മാറ്റം വരാൻ കുറച്ചു സമയം എടുക്കുമെന്ന് പഞ്ചാബ് സർക്കാർ കോടതിയിൽ പറഞ്ഞു. 

 

915

അതിനുള്ള പ്രചരണം നടത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വൈക്കോൽ കത്തിക്കുന്നത് കുറഞ്ഞു വരുന്നുണ്ടെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. വൈക്കോൽ കത്തിക്കുന്നത് മൂലം 40 ശതമാനം വരെ മലിനീകരണമാണെന്ന് ഹർജിക്കാരും വാദിച്ചു. 

 

1015

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

 

1115

ശനിയാഴ്ച വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ദില്ലി സര്‍ക്കാര്‍ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ദില്ലിയുടെ വായു മലിനീകരണത്തിന്‍റെ 41 ശതമാനവും വാഹന മലിനീകരണത്തില്‍ നിന്നാണ്. 

 

 

1215

ഗുര്‍ഗാവ്, ഫരീദാബാദ്, ജഗ്ജര്‍, സോണിപത്ത് എന്നീ ജില്ലകളിലെ സ്കൂളുകള്‍ അടച്ചിടാന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ ജില്ലകളിലെ വായുവിന്‍റെ നിലവാരം വളരെ അപകടകരമായ ആവസ്ഥയിലാണെന്നും ഇത് പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമായതിനാലാണ് സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും ഹരിയാന സര്‍ക്കാര്‍ അറിയിച്ചു.

 

1315

മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന് കോടതി ആരാഞ്ഞു. എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. 

 

 

1415

വായു മലിനീകരണം തടയാന്‍ ഒരാഴ്ചത്തെ ലോക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മലിനീകരണം നേരിടാൻ ലോക്‌ഡൗൺ പ്രായോഗികമല്ലെന്നായിരുന്നു ദില്ലി സർക്കാറിന്‍റെ വാദം. മാത്രമല്ല, ദില്ലിയിൽ മാത്രമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതില്‍ കാര്യമില്ല. മറിച്ച് ദില്ലിക്കൊപ്പം അയൽ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും ദില്ലി സർക്കാർ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ പറയുന്നു.

 

1515

21.5 ശതമാനം പൊടി പടലങ്ങളില്‍ നിന്നും വ്യവസായങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം 18 ശതമാനമാണെന്നും കണക്കുകള്‍ കാണിക്കുന്നു. വായു ഗുണ നിലവാര സൂചിക (Air Quality Index - AQI) അനുസരിച്ച്  0-50 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു നല്ലതും 51 -100 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു തൃപ്തികരവും 101 - 200 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു മിതവും 201 -300 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു മോശവും 301 - 400 വരെ എക്യുഐ ഉള്ള പ്രദേശത്തെ വായു വളരെ മോശവും 401 - 500 വരെഎക്യുഐ ഉള്ള പ്രദേശത്തെ വായു ഗുരുതരവുമാണ്. ദില്ലിയില്‍ കഴിഞ്ഞ ദിവസം എക്യുഐ 500 കടന്നതും മറ്റ് ദിവസങ്ങള്‍ എക്യുഐ 400-450 നും ഇടയില്‍ നില്‍ക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 

Read more Photos on
click me!

Recommended Stories