World Inequality Report 2022: ഇന്ത്യയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഏറുന്നുവെന്ന് പഠനം

First Published Dec 9, 2021, 1:53 PM IST

സമത്വത്തിന്‍റെ (Inequality) ലോക ഭൂപടത്തില്‍ ഇന്ത്യ ഏറെ ഉയരത്തിലാണെന്ന് പഠനങ്ങള്‍. സമ്പത്തിന്‍റെ കാര്യത്തിലും ലിംഗസമത്വത്തിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വം ഏറെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം (Unequal Country) നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇന്ത്യയുള്ളത്. രാജ്യത്തെ ദേശീയ വാര്‍ഷിക വരുമാനത്തിന്‍റെ 22 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈയിലാണെന്ന് ആഗോള അസമത്വ റിപ്പോർട്ടില്‍ (World Inequality Report 2022) പറയുന്നു. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റിയുടെ (Thomas Piketty) ഏകോപനത്തില്‍ ലൂക്കാസ് ചാൻസറുടെ (Lucas Chancel) നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആഗോള വരുമാനത്തെയും സമ്പത്തിലെ അസമത്വത്തെയും കുറിച്ചുള്ള രസകരമായ നിരവധി നിരീക്ഷണങ്ങളുണ്ട്. സമകാലിക വരുമാനവും സമ്പത്ത് അസമത്വവും വളരെ വലുതാണ്. ആഗോള ജനസംഖ്യയില്‍ ഏറ്റവും ധനികരായ 10 % നിലവിലെ ആഗോള വരുമാനത്തിന്‍റെ 52 % കൈയാളുന്നു. അതേസമയം, ജനസംഖ്യയുടെ ദരിദ്രരായ പകുതി ആളുകൾ ഇതിന്‍റെ 8 % മാത്രമാണ് സമ്പാദിക്കുന്നതെന്നും പഠനം പറയുന്നു.  സമ്പത്തിലെ അന്തരം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ബാധിച്ചു. എന്നാല്‍ ഓരോയിടത്തും അത് വ്യത്യസ്ത തീവ്രതയോടെയാണ് പ്രകടമായതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.  

മിക്ക രാജ്യങ്ങളിലും അസമത്വം വർദ്ധിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, രാജ്യങ്ങൾ തമ്മിലുള്ള ആഗോള അസമത്വങ്ങൾ കുറഞ്ഞെന്ന് പഠനം പറയുന്നു. സമ്പന്നരായ 10 % രാജ്യങ്ങളുടെ ശരാശരി വരുമാനവും ദരിദ്രരായ 50 % രാജ്യങ്ങളുടെ ശരാശരി വരുമാനവും തമ്മിലുള്ള അന്തരത്തില്‍ ഏതാണ്ട് 10 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. 

ഇന്ത്യ ദരിദ്രവും വളരെ അസമത്വമുള്ള ഒരു രാജ്യമായി വേറിട്ടുനിൽക്കുന്നുവെന്നാണ് പഠനത്തിലെ നിരീക്ഷണം. അതോടൊപ്പം രാജ്യത്ത് അതിസമ്പരുടെ ഒരു വരേണ്യവർഗം ശക്തിപ്രപിക്കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ തന്നെ ഇന്ത്യയിലെ സമ്പന്നരില്‍ ആദ്യത്തെ പത്ത് ശതമാനത്തിന്‍റെ വരുമാനം ദേശീയ വരുമാനത്തിന്‍റെ 57 ശതമാനമാണ്. 

ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരു ശതമാനത്തിന്‍റെ 2021 ലെ പ്രതിശീർഷ വരുമാനം മൊത്തം ദേശീയ വരുമാനത്തിന്‍റെ അഞ്ചിലൊന്ന് വരും. അതായത് മൊത്തം ദേശീയ വരുമാനത്തിന്‍റെ 22 ശതമാനവും ഇന്ത്യയിലെ അതിസമ്പന്നരുടെ കൈയിലാണ്. സമ്പത്തികമായി പിന്നിൽ നിൽക്കുന്ന ജനസംഖ്യയിലെ 50 ശതമാനത്തിന്‍റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്‍റെ വെറും 13 ശതമാനമാണെന്നും ആഗോള അസമത്വ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ അതിസമ്പന്നരിലെ ആദ്യ ഒരു ശതമാനത്തിന്‍റെ  ശരാശരി വാര്‍ഷിക സമ്പത്ത് 61 ലക്ഷം യൂറോയോ  ₹ 3,24,49,360 രൂപയോ ആണ്. ആദ്യ പത്ത് ശതമാനത്തിന്‍റെ ശരാശരി സമ്പത്ത് 2,31,300 യൂറോയോ അല്ലെങ്കിൽ ₹ 63,54,070 രൂപയോ ആണ്. 

ഇടത്തരക്കാരുടെ ശരാശരി വാര്‍ഷിക സമ്പത്ത് 2,6,400 യൂറോയാണ്, അല്ലെങ്കിൽ ₹7,23,930 രൂപയാണ്. ഇന്ത്യയിലെ മുതിർന്ന പ്രായക്കാരുടെ വാര്‍ഷിക ശരാശരി വരുമാനം വെറും 7,400 യൂറോയോ 2,04,200 രൂപയോ ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  ഇന്ത്യാക്കാരുടെ ശരാശരി വാര്‍ഷിക സമ്പത്ത് 4,300 യൂറോയാണെന്നും പഠനം പറയുന്നു. 

ആസ്തിയുടെ കാര്യമെടുക്കുമ്പോൾ ഈ അസമത്വം കണക്കുകള്‍ കുത്തനെ ഉയരുകയാണ്. സമ്പത്തിൽ പിന്നിൽ നിൽക്കുന്ന 50 ശതമാനത്തിന്‍റെ പക്കലുള്ള സ്ഥാവരജംഗമങ്ങലുടെ കണക്കെടുത്താൽ ഒന്നുമില്ലെന്നതാണ് സത്യം. പഠനമനുസരിച്ച് ഇന്ത്യയിലെ ശരാശരി കുടുംബ സമ്പത്ത് ₹9,83,010 രൂപയാണ്. 

ഇന്ത്യയിലെ ഇടത്തരക്കാരും താരതമ്യേന ദരിദ്രരാണ്. ഇവരുടെ പക്കൽ 29.5 ശതമാനം സ്വത്ത് മാത്രമാണുള്ളത്. ആദ്യ പത്ത് ശതമാനത്തിന്‍റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്‍റെ പക്കൽ 33 ശതമാനം ആസ്തിയുമാണ് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു. 

ലിംഗ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള അസമത്വത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. ജോലി ചെയ്യുന്ന ഏഷ്യന്‍ സ്ത്രീകളുടെ ശരാശരി വരുമാനം  21 ശതമാനത്തില്‍ (ചൈന ഒഴികെ) നില്‍ക്കുമ്പോള്‍ ഇന്ത്യയിലത് വെറും 18 ശതമാനമാണ്. ഇത്  ലോകത്തിലെ ഏറ്റവും താഴ്ന്ന മൂല്യങ്ങളിലൊന്നാണ്. ഇന്ത്യയേക്കാള്‍ സ്ത്രീകളുടെ വരുമാന കുറവ് രേഖപ്പെടുത്തിയത് നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്ന മദ്ധ്യേഷ്യയില്‍ (15 ശതമാനം) ആണ്. 

1980-കളുടെ മധ്യം മുതൽ രാജ്യത്ത് നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങിയതും അതോടൊപ്പം ഉദാരവൽക്കരണ നയങ്ങള്‍ പ്രോത്സാഹിപ്പിച്ചതും രാജ്യത്തെ അസമത്വം ഉയരാന്‍ കാരണമായതായി പഠനം പറയുന്നു. ഉദാരവൽക്കരണത്തിന് ലോകത്ത് ഏറെ പ്രാധാന്യം നല്‍കപ്പെട്ടതോടെ സമ്പത്ത്, ഒരു ചെറിയ വിഭാഗത്തിന്‍റെത് മാത്രമായി ഒതുക്കപ്പെട്ടു.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ചില രാജ്യങ്ങളില്‍ അസമത്വം വലുതാണ് (യുഎസ്), എന്നാല്‍, സ്വീഡൻ പോലുള്ള രാജ്യങ്ങളില്‍ ഇത്  താരതമ്യേന തുല്യമാണ്. ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കിടയിലും ഈ അന്തരം ഏറെ ശക്തമാണ്. 

ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഈ അസമത്വം ഏറെ ഉയരത്തില്‍ നില്‍ക്കുന്നു. ചൈനയില്‍ ചെറിയ തോതില്‍ അസമത്വം പ്രകടമാകുമ്പോള്‍ മലേഷ്യ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ അസമത്വ നിരക്ക് മിതമായതും താരതമ്യേന താഴ്ന്നതുമാണെന്നും പഠനം പറയുന്നു. 

1980 കള്‍ക്ക് ശേഷം ലോകരാജ്യങ്ങള്‍ ഉദാരവത്ക്കരണ നയത്തിലേക്ക് കടന്നതോടെ ഇന്ത്യ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അസമത്വനിരക്കില്‍ അതിശയകരമായ വര്‍ദ്ധനവുണ്ടായെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എല്ലായിടത്തും വരുമാനത്തിലെ അസമത്വം ശക്തമായി പ്രകടമാകാന്‍ തുടങ്ങി. 

മൂന്ന് പതിറ്റാണ്ടിന്‍റെ വ്യാപാര സാമ്പത്തിക ആഗോളവൽക്കരണത്തിന് ശേഷം 2021 ലെത്തി നില്‍ക്കുമ്പോള്‍ ആഗോള അസമത്വങ്ങൾ അങ്ങേയറ്റം പ്രകടമായി തുടരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതായത്. ആഗോളവത്ക്കരണത്തിന് ശേഷം ലോകത്ത് സമ്പന്നരായ വളെരെ ചെറിയ വിഭാഗം അതിസമ്പന്നരാകുകയും ദരിദ്രരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്യുന്നു. 

കോവിഡ് പ്രതിസന്ധി അതിസമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള അസമത്വങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പഠനത്തിന്‍റെ പ്രധാന രചയിതാവ് ലൂക്കാസ് ചാൻസൽ പറയുന്നു. സമ്പന്ന രാജ്യങ്ങളിലെ സർക്കാർ ഇടപെടൽ ദാരിദ്ര്യത്തിന്‍റെ വൻതോതിലുള്ള വർദ്ധനവ് തടഞ്ഞു. എന്നാല്‍ ദരിദ്ര രാജ്യങ്ങളിൽ ഇത് അങ്ങനെയായിരുന്നില്ല പ്രായോഗികമായത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ പൊതു സാമൂഹിക സംസ്ഥാനങ്ങളുടെ പ്രാധാന്യത്തെ ഇത് കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ചൈനയും ഇന്ത്യയും പോലുള്ള ലോകത്ത് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ കമ്മ്യൂണിസത്തിൽ നിന്നും (ചൈനയിലും റഷ്യയിലും)  നിയന്ത്രിത സാമ്പത്തിക വ്യവസ്ഥയിൽ നിന്നും (ഇന്ത്യയിൽ) നയപരമായി പിന്‍മാറ്റം പ്രഖ്യാപിച്ചതിന് ശേഷം സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് സ്വകാര്യ സമ്പത്തിൽ വളരെ വേഗത്തിൽ വർദ്ധനവ് ഉണ്ടാക്കി. 

പൊതു സമ്പത്തിന്‍റെ വലിയൊരു ഭാഗം സ്വകാര്യമേഖലയിലേക്ക് മാറ്റപ്പെടുന്നതിനാൽ ഒരു പരിധിവരെ ഈ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും മാറ്റത്തിന്‍റെ തോത് വളരെ ശ്രദ്ധേയമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദശകങ്ങളിലെ സ്വകാര്യ സമ്പത്തിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് ഇന്നും വിളിക്കപ്പെടുന്ന  ചൈനയിലാണെന്നതാണ് ഏറെ രസകരം. ഈ സമയത്തെ ഇന്ത്യയിലെ സ്വകാര്യ സമ്പത്തിലുണ്ടായ പ്രകടമായ വർദ്ധനവ് ശ്രദ്ധേയമാണെന്നും പഠനം പറയുന്നു. 

കഴിഞ്ഞ 40 വർഷമായി സർക്കാരുകൾ ദരിദ്രരായിയെന്നും എന്നാല്‍ രാജ്യങ്ങൾ ഗണ്യമായി സമ്പന്നരായെന്നും പഠനം പറയുന്നു. പൊതുപ്രവർത്തകരുടെ കൈവശമുള്ള സമ്പത്തിന്‍റെ വിഹിതം സമ്പന്ന രാജ്യങ്ങളിൽ പൂജ്യത്തിനടുത്തോ നെഗറ്റീവോ ആണ്.  അതായത് സമ്പത്തിന്‍റെ ആകെത്തുക സ്വകാര്യ കൈകളിലാണെന്ന് സാരം. ഈ പ്രവണത കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ ഉയര്‍ന്നു. 

ഈ സമയത്ത് സര്‍ക്കാരുകള്‍ ജിഡിപിയുടെ 10-20 % ത്തിന് തുല്യമായ തുക സ്വകാര്യമേഖലയിൽ നിന്ന് കടമെടുത്തു. സർക്കാരുകളുടെ നിലവിലെ കുറഞ്ഞ സമ്പത്ത്, ഭാവിയിൽ അസമത്വത്തെ നേരിടാനുള്ള സംസ്ഥാന ശേഷിയിലും കാലാവസ്ഥാ വ്യതിയാനം പോലുള്ള 21-ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളികളിലും സുപ്രധാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

ഇക്കാലയളവില്‍ യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തെക്ക്, തെക്കുകിഴക്കൻ ഏഷ്യ എന്നിവ 2020 ൽ ദേശീയ വരുമാനത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി (-6% നും -7.6% നും ഇടയിൽ). കിഴക്കൻ ഏഷ്യയില്‍ (കൊവിഡ് വ്യാപനത്തോടെ) 2020 ലെ വരുമാനം 2019 ലെ തലത്തിൽ സ്ഥിരപ്പെടുത്തുന്നതിൽ വിജയിച്ചു. 

2021 നും 2019 നും ഇടയിൽ, അതിസമ്പന്നരുടെ സമ്പത്ത് 0.001% ല്‍ നിന്ന് 14% ക്ക് വർദ്ധിച്ചു, അതേസമയം ശരാശരി ആഗോള സമ്പത്തിന്‍റെ വര്‍ദ്ധനയാകട്ടെ വെറും 1 % മാത്രം. ആഗോള ശതകോടീശ്വരന്മാരുടെ സമ്പത്ത് 2019 നും 2021 നും ഇടയിൽ വര്‍ദ്ധിച്ചത് 50 ശതമാനത്തിലധികമെന്നും പഠനം പറയുന്നു. 

click me!