കൂട്ടക്കുരുതി ഭയന്ന് പാഞ്ച്ഷീറിലെ മനുഷ്യര്‍; മുമ്പത്തെപ്പോലെ താലിബാന്‍ ഇവരെയും കൊന്നുതള്ളുമോ?

First Published Sep 7, 2021, 6:31 PM IST

ഒരെതിര്‍പ്പുമില്ലാതെ 33 പ്രവിശ്യകള്‍ ആയുധംവെച്ച് കീഴടങ്ങിയ അഫ്ഗാനിസ്താനില്‍, താലിബാനെതിരെ ആയുധമെടുത്ത് പൊരുതിയ ഒരേയൊരു പ്രവിശ്യയാണ് കാബൂളില്‍നിന്നും 140 കിലോ മീറ്റര്‍ വടക്കുള്ള പാഞ്ച്ഷീര്‍. ഏഴ് ജില്ലകളുള്ള ഇവിടെ 2020-ലെ കണക്കനുസരിച്ച് ജനസംഖ്യ 169,900 ആണ്. താരതമ്യേന ജനസാന്ദ്രതയേറിയ ഈ പ്രദേശത്തിനു നേര്‍ക്ക് മൂന്നാഴ്ചകളായി താലിബാന്‍ ആക്രമണം നടത്തുകയാണ്. പാക്കിസ്താന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തുനിന്നും ബോംബാക്രമണം നടത്തിയതായും വാര്‍ത്തകളുണ്ട്. ഇങ്ങോട്ടേക്കുള്ള വഴികള്‍ അടച്ചിട്ട നിലയിലാണ്. ഇന്റര്‍നെറ്റ്, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ മുഴുവന്‍ താലിബാന്‍ മുറിച്ചുകളഞ്ഞു. ആര്‍ക്കും ഇവിടേക്കു വരാനും പോവാനുമാവില്ല. ഭക്ഷണവും അവശ്യസാധനങ്ങളും എത്തുന്നില്ല. ചികില്‍സാസംവിധാനങ്ങള്‍ അപര്യാപ്തമാണ്.  മാധ്യമപ്രവര്‍ത്തകര്‍ക്കും അങ്ങോട്ട് പോവാനാവില്ല. ഒരു സന്നദ്ധ സംഘടനയും അവിടെയില്ല. ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന മനുഷ്യര്‍ ഏത് അവസ്ഥയിലാണ് ഇവിടെ കഴിയുന്നത് എന്നറിയാന്‍ ഒരു മാര്‍ഗവുമില്ല. 1990-കളില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ബാമിയാനിലും ബാല്‍ഖിലും പിന്നീട് മസാറെ ഷെരീഫിലുമായി ആയിരക്കണക്കിന് സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തവരാണ് താലിബാന്‍. പാഞ്ച്ഷീറിനെയും അവര്‍ ചോരയില്‍ മുക്കുമോ എന്ന ഭീതിയാണ് അഫ്ഗാനിസ്താനിലാകെ. 

''പാഞ്ച്ഷീര്‍ ഇപ്പോള്‍ ഒരു ബ്ലാക്ക് ബോക്‌സ് ആണ്. ആരെങ്കിലും പോയി തുറന്നുനോക്കിയാലേ, അവിടെ എന്താണ് നടന്നതെന്നും ആരൊക്കെ ബാക്കിയുണ്ട് എന്നും അറിയാനാവൂ.''ഇത് ജര്‍മന്‍ ഡവലപ്‌മെന്റ് ഏജന്‍സിയുടെ മുതിര്‍ന്ന പോളിസി വിദഗ്ധന്‍ സല്‍മായി നിഷാതിന്റെ വാക്കുകളാണ്. പാഞ്ച്ഷീറിന്റെ അവസ്ഥയെക്കുറിച്ച് അല്‍ജസീറ ചാനല്‍ തയ്യാറാക്കിയ വാര്‍ത്താ പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

ഇതു തന്നെയാണ് വാസ്തവം. താലിബാന്‍ പറയുന്നതിനപ്പുറം പാഞ്ച്ഷീറിന്റെ അവസ്ഥ ആര്‍ക്കുമറിയില്ല. ഇന്റര്‍നെറ്റും ടെലികമ്യൂണിക്കേഷന്‍ മാര്‍ഗങ്ങളും അടച്ചുകളഞ്ഞതിനാല്‍ അവിടെയുള്ളവര്‍ക്കാര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനാവില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കോ രാജ്യാന്തര ഏജന്‍സികള്‍ക്കോ അങ്ങോട്ട് പോവാനുമാവില്ല. എല്ലാ മാര്‍ഗങ്ങളും അടയപ്പെട്ട്, എലിക്കെണിയില്‍ പെട്ട അവസ്ഥയിലാണ് പാഞ്ച്ഷീറിലെ മനുഷ്യര്‍ ഇപ്പോള്‍. 
 


പാഞ്ച്ഷീര്‍ പിടിച്ചെടുത്തു എന്നാണ് താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് അവകാശപ്പെടുന്നത്. എന്നാല്‍, യുദ്ധം തുടരുകയാണെന്നും പല ജില്ലകളും കീഴടങ്ങിയിട്ടില്ലെന്നും താലിബാനെതിരായ ചെറുത്തുനില്‍പ്പിന് പാഞ്ച്ഷീറിനെ കേന്ദ്രമാക്കിയ ദേശീയ പ്രതിരോധ മുന്നണിയുടെ ചില ശബ്ദസന്ദേശങ്ങളില്‍ പറയുന്നു. 


പാക്കിസ്താന്‍ പോര്‍വിമാനങ്ങള്‍ ആകാശത്തുനിന്നും ബോംബുകള്‍ പ്രവഹിച്ചതായും പാക്കിസ്താന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിമാനങ്ങളില്‍നിന്നും താഴേക്കിറങ്ങി ആക്രമണം നടത്തിയതായും പ്രതിരോധ മുന്നണി നേതാവ് അഹമ്മദ് മസൂദ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു. 
 

fahim dashti

ഇക്കഴിഞ്ഞ നാളുകളില്‍ പാഞ്ച്ഷീറിന്റെ അവസ്ഥകള്‍ പുറംലോകത്തെത്തിച്ചത് പ്രതിരോധ മുന്നണിയുടെ വക്താവായ ഫാഹിം ദഷ്തിയായിരുന്നു. മാധ്യമങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ഫാഹിമിനെ കഴിഞ്ഞ ദിവസം താലിബാന്‍ വധിച്ചതായി അഹമ്മദ് മസൂദ് സ്ഥിരീകരിച്ചിട്ടുണ്ട്. അതോടെ, പുറംലോകവുമായുള്ള ബന്ധം പൂര്‍ണ്ണമായി മുറിഞ്ഞിട്ടുണ്ട്. 


പ്രതിരോധത്തിന് നേതൃത്വം നല്‍കിയ അഫ്ഗാനിസ്താനിലെ സ്വയം പ്രഖ്യാപിത പ്രസിഡന്റും മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന അംറുല്ലാ സാലിഹ് താജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ട്. എന്നാല്‍, താന്‍ പാഞ്ച്ഷീറില്‍ തന്നെയുണ്ട് എന്നാണ് അവസാനമായി പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ അദ്ദേഹം അറിയിച്ചത്. 
 

പാഞ്ച്ഷീറിന്റെ വീരനായകന്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പ്രതിരോധ മുന്നണി താലിബാനെതിരെ പോരാടിയത്. താഴ്‌വര വീണതോടെ അഹമ്മദ് മസൂദ് വിദേശത്തേക്ക് രക്ഷപ്പെട്ടതായും താലിബാന്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, അഹമ്മദ് മസൂദ് ഇക്കാര്യം നിഷേധിക്കുന്നുണ്ട്. താലിബാന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്നാണദ്ദേഹം പറയുന്നത്. 
 

കാര്യം എന്തായാലും ആര്‍ക്കും ഇവിടെ നടക്കുന്നത് എന്തെന്ന് സ്ഥിരീകരിക്കാനാവില്ല. കാരണം, കാര്യങ്ങള്‍ പുറത്തറിയിക്കാന്‍ ഇവിടെ യാതൊരു മാര്‍ഗവുമില്ല. ഇന്റര്‍നെറ്റു മുതല്‍ പാലം വരെ താലിബാന്‍ തകര്‍ത്തുകഴിഞ്ഞു. നൂറുകണക്കിന് താലിബാന്‍ ഭീകരര്‍ വീണ്ടും പാഞ്ച്ഷീറിലേക്ക് പോവുന്നതായാണ് അഫ്ഗാന്‍ ചാനലായ ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

എന്നാല്‍, പ്രതിരോധ മുന്നണി പരാജയപ്പെട്ടാലും ഇല്ലെങ്കിലും ഇവിടത്തെ മനുഷ്യരുടെ അവസ്ഥ അതിദയനീയമാണ്. അടിയന്തിരമായി രാജ്യാന്തര സഹായം കിട്ടിയില്ലെങ്കില്‍, പട്ടിണി കിടന്നോ ബോംബുകള്‍ വീണോ താലിബാന്‍ ബുള്ളറ്റുകള്‍ക്ക് ഇരയായോ അവര്‍ മരിച്ചുപോവും എന്നതാണ് നേര്. 
 

താലിബാന്‍ ഇന്റര്‍നെറ്റ് മുറിച്ചുകളഞ്ഞതോടെ യുദ്ധവാര്‍ത്തകള്‍ ഏകപക്ഷീയമാവുകയായിരുന്നു. താലിബാന്‍ പറയുന്നത് മാത്രം ലോകമറിയുന്ന അവസ്ഥ. ഇതോടെ പ്രതിരോധ മുന്നണിയ്ക്ക് പറയാനുള്ളതൊന്നും പുറത്തറിയാതായി. 
 

ഇതുമാത്രമല്ല, പാഞ്ച്ഷീറിലുള്ളവര്‍ക്ക് പുറത്തുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും പറ്റാത്ത അവസ്ഥയായി. വിദേശത്തുള്ള അനേകം പാഞ്ച്ഷീര്‍ നിവാസികള്‍ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളറിയാത്ത ആശങ്കകളിലാണ്. 
 

അതിനിടെ, താലിബാന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് പാഞ്ച്ഷീറിന്റെ പര്‍വ്വതപ്രദേശത്തേക്ക് രക്ഷപ്പെട്ടവരില്‍ ഒരാളോട് അല്‍ ജസീറ ചാനല്‍ ഇന്നലെ സംസാരിച്ചു. 20 വയസ്സുള്ള ഇയാള്‍ സുരക്ഷാകാരണങ്ങളാല്‍ പേരു വെളിപ്പെടുത്തിയില്ല. പക്ഷേ, പാഞ്ച്ഷീറില്‍ എന്താണ് നടക്കുന്നതെന്ന സൂചനകള്‍ ഇയാള്‍ നല്‍കി. അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ ഇവിടത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ഭീകരാവസ്ഥ വ്യക്തമാണ്. 


ഒന്നരലക്ഷത്തോളം പേര്‍ പാഞ്ച്ഷീറില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരുടെ അവസ്ഥ ഗുരുതരവും പേടിപ്പെടുത്തുന്നതുമാണെന്നാണ് ഈ 20-കാരന്‍ പറഞ്ഞത്. 

 അവശ്യസാധനങ്ങളുടെ ക്ഷാമമാണ് പാഞ്ച്ഷീര്‍ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന്  ഇയാള്‍ പറയുന്നു. താഴ്‌വരയിലേക്കുള്ള എല്ലാ വഴികളും കഴിഞ്ഞ ആഴ്ച താലിബാന്‍ അടച്ചു. അതിനാല്‍ അവശ്യസാധനങ്ങള്‍ താഴ്‌വരയിലേക്ക് എത്തിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. 

''എന്തൊക്കെ ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചു വെച്ചാലും അതൊക്കെ തീരാനുള്ള സമയമായി. ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് ശേഖരിച്ച വസ്തുക്കളാണ് അവര്‍ കഴിച്ചു കൊണ്ടിരുന്നത്. അതൊക്കെയിപ്പോള്‍ തീര്‍ന്നു. ഇപ്പോള്‍ കടകളും അങ്ങാടികളും ശൂന്യമാണ്.'' ആ ഇരുപതുകാരന്റെ വാക്കുകള്‍. 
 

താഴ്‌വരയിലെ ജനങ്ങള്‍ മരുന്നുകളുടെ ക്ഷമവും ചികില്‍സാ പ്രശ്‌നങ്ങളും അനുഭവിക്കുന്നതായി ഇയാള്‍ ചാനലിേേനാട് പറഞ്ഞു. ''എന്റെ വീട്ടിലുമുണ്ട്, രോഗികള്‍. എന്താണ് ചെയ്യുക? അവരെ സഹായിക്കാന്‍ ഒരു വഴിയുമില്ല.''

ബദാക്ഷാന്‍, ഹെല്‍മന്ദ്, ലാഗ്മാന്‍ തുടങ്ങിയ പ്രവിശ്യകളിലുള്ള താലിബാന്‍കാരാണ് പാഞ്ച്ഷീറിലേക്ക് കൂടുതലായി വന്നതെന്ന് ഈ 20-കാരന്‍ പറയുന്നു. ''അവരുടെ രീതികള്‍ വ്യത്യസ്തമാണ്. അവരുടെ സംസ്‌കാരവും. അവരുടെ പെരുമാറ്റത്തിലും അതുണ്ട്. ഇവിടെയുള്ള മനുഷ്യര്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റുന്നതല്ല അതൊന്നും.''

ചുരുക്കം ചില താലിബാന്‍കാര്‍ മോശമല്ലാതെ പെരുമാറുന്നുണ്ടെങ്കിലും പാഞ്ച്ഷീറുകാര്‍ക്ക് അവരെ ഒട്ടും വിശ്വാസമില്ലെന്ന് ഇയാള്‍ പറയുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ താലിബാന്‍ ആവശ്യപ്പെടുമ്പോഴും അവര്‍ക്ക് സംശയമുണ്ട്, ഭയമുണ്ട്. താലിബാനെ ഒട്ടും വിശ്വാസമില്ല. ''

രണ്ടാമത് വന്ന താലിബാന്‍ സംഘം അങ്ങേയറ്റം കുഴപ്പക്കാരാണെന്നാണ് ഈ ഇരുപതുകാരന്‍ അല്‍ ജസീറയോട് പറയുന്നത്. ''അവര്‍ അക്രമാസക്തരും ചൂടന്‍മാരുമാണ്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ഉപദ്രവിക്കുകയും തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. 

പാഞ്ച്ഷീറില്‍ കൂട്ടക്കുരുതി നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

എന്നാല്‍, ഇവ ശരിയാണോ എന്നന്വേഷിക്കാന്‍ ഒരു മാര്‍ഗവുമില്ലാത്ത സാഹചര്യമാണ്. എങ്കിലും, പാഞ്ച്ഷീറിനു പുറത്തുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ നല്ല ആശങ്കയുണ്ട്. 

1990-കളില്‍ അഫ്ഗാന്‍ പിടിച്ച സമയത്ത് താലിബാന്‍ ഭീകരര്‍ സിവിലിയന്‍മാരെ അരിഞ്ഞുതള്ളിയ അനുഭവങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. ബാമിയാനിലും ബാല്‍ഖിലും മസാറെ ശെരീഫിലുമെല്ലാം ആയിരക്കണക്കിനാളകുളെ താലിബാന്‍-അല്‍ഖാഇദ ഭീകരര്‍ കൂട്ടക്കൊല നടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കം കണ്ടെത്തിയിരുന്നു.

സമാനമായ സാഹചര്യമാണ് പാഞ്ച്ഷീറിലും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊണ്ണൂറുകളുടെ അവസാനം താലിബാനെതിരെ ആയുധമെടുത്ത് പോരാടിയിരുന്ന ഐക്യമുന്നണിയുടെ കേന്ദ്രങ്ങളായിരുന്നു മസാറെ ഷെരീഫും ബാമിയാനുമെല്ലാം. ഈ പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കൂട്ടക്കൊലകള്‍ അരങ്ങേറിയത്. 
 

ശത്രുക്കളെ സഹായിച്ചെന്ന് ആരോപിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം അന്ന് കശാപ്പ് ചെയ്യുകയായിരുന്നു എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടിയത്. 

 യു എന്‍ അന്വേഷണ സംഘം ഇവിടങ്ങളില്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. ആളുകളെ കൊന്ന് കൂട്ടത്തോടെ കുഴിച്ചിട്ടതായിരുന്നു ഈ കൂട്ടക്കുഴിമാടങ്ങള്‍.
 

സമാനമായ രാഷ്ട്രീയ സാഹചര്യമാണ് പാഞ്ച്ഷീറിലും. മറ്റെല്ലാ പ്രവിശ്യകളും കീഴടങ്ങിയപ്പോള്‍ താലിബാനെതിരെ ആയുധമെടുത്ത പ്രവിശ്യയാണ് പാഞ്ച്ഷീര്‍. പ്രതിരോധ മുന്നണിയുടെ ആസ്ഥാനം. 

എക്കാലത്തും താലിബാന്‍ വിരുദ്ധരായിരുന്നു ഇവിടെ. അതിനാല്‍, ബാമിയാനിലും ബാല്‍ഖിലും മസാറെ ശെരീഫിലുമെല്ലാം താലിബാന്‍ നടത്തിയ മനുഷ്യക്കുരുതികള്‍ ഇവിടെയും നടക്കുമെന്നാണ് പാഞ്ച്ഷീറിലെ മനുഷ്യര്‍ ഭയക്കുന്നത്. 


വടക്കു പടിഞ്ഞാറ് അഫ്ഗാനിസ്താനിലെ മസാറെ ശെരീഫ് നഗരം 1998-ലാണ് താലിബാന്‍ ഭീകരര്‍ ആദ്യം പിടിച്ചെടുത്തത്. താലിബാനെ എതിര്‍ക്കുന്ന ഐക്യമുന്നണിയുടെ ശക്തികേന്ദ്രമായിരുന്നു അന്നിത്. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ആദ്യ ആഴ്ചയില്‍ താലിബാന്‍ ഭീകരര്‍ ഇവിടെ അഴിഞ്ഞാടുകയായിരുന്നു. 

രണ്ടായിരത്തോളം സിവിലിയന്‍കാരെ അന്നവിടെ വെടിവെച്ചു കൊന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 

റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലും അങ്ങാടികളിലും സിറ്റി സ്ട്രീറ്റിലും വെച്ചായിരുന്നു കണ്ണില്‍ കണ്ടവരയെല്ലാം അവര്‍ വെടിവെച്ചു കൊന്നത്. 
 

ഭ്രാന്തു പിടിച്ചതുപോലെ കണ്ണില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കുകയായിരുന്നു അന്ന് താലിബാനെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കുന്നത്. 

ഇതുകൂടാതെയാണ്, യുദ്ധത്തില്‍ സംഭവിച്ച സിവിലിയന്‍ കൂട്ടക്കൊലകള്‍. റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും നിരവധി സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. 

ന്യൂനപക്ഷ വിഭാഗക്കാര്‍ക്കെതിരായ വംശഹത്യയായിരുന്നു ഇവിടെ നടന്ന ഏറ്റവും ഭീകരമായ സംഭവം. ഹസാരെ, താജിക് വംശജരെയെല്ലാം താലിബാന്‍ കശാപ്പ് ചെയ്തു. ഇവരില്‍ ഏറ്റവും പീഡനങ്ങള്‍ സഹിച്ചത് ഹസാരെകളാണ്. 

ഇസ്‌ലാമിലെ ശിയാ വിശ്വാസക്കാരാണ് ഹസാരെകള്‍. താലിബാനും അല്‍ഖാഇദയുമെല്ലാം സുന്നിവിഭാഗക്കാരാണ്.  ഹസാരെ വിഭാഗക്കാരെ ഇവിടെ രണ്ടാംകിടക്കാരായാണ് 

താലിബാന്‍കാര്‍ ഉള്‍പ്പെട്ട പഷ്തൂണ്‍ വിഭാഗത്തില്‍ പെട്ടവരല്ല ഇവര്‍. മംഗോളിയന്‍ വംശജരുടെ പിന്‍ഗാമികളാണ് ഇവര്‍. 


മസാരെ ഷെരീഫ് കീഴടക്കിയ സമയത്ത്, സഹാരെ വിഭാഗക്കാരുടെ വീടുകളില്‍ കയറിയിറങ്ങി പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും പിടികൂടി പൊതുസ്ഥലങ്ങളില്‍ വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു താലിബാന്‍കാരെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ആയിരക്കണക്കിന് ഹസാരെ വിഭാഗക്കാരെ ജയിലിലടച്ചു. സൗകര്യം കുറഞ്ഞ ജയിലുകളില്‍ തടവുകാരെ കുത്തിനിറയ്ക്കുകയായിരുന്നു. പിന്നീട് ഇവിടെനിന്നും മറ്റു നഗരങ്ങളിലെ ജയിലുകളിലേക്ക് ഇവരെ കൊണ്ടുപോയി. ആ യാത്രയും ഭീകരമായ അനുഭവമായിരുന്നു. 


മലബാറില്‍ 1921 -കാലത്ത് നടന്ന വാഗണ്‍ ട്രാജഡി ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിധം,  കൊള്ളാവുന്നതിന്റെ എത്രയോ ഇരട്ടി ഹസാരെ തടവുകാരെ കണ്ടെയിനറുകളില്‍ കുത്തിനിറച്ചാണ് കൊണ്ടുപോയത്. 

അങ്ങനെ കൊണ്ടുപോയ ഇരുമ്പ് കണ്ടെയിനറുകളില്‍ നൂറു കണക്കിനാളുകള്‍ ശ്വാസംമുട്ടി മരിച്ച രണ്ട് സംഭവങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെയുള്ള ഹസാരെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവങ്ങളും ധാരാളമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയ നിരവധി സംഭവങ്ങളും അന്നുണ്ടായതായി യു എന്‍ അന്വേഷകരും കണ്ടെത്തിയിരുന്നു. 

വിദേശ സന്നദ്ധ പ്രവര്‍ത്തകരെ മുഴുവന്‍ പുറത്താക്കിയ ശേഷമായിരുന്നു മസാരെ ഷെരീഫിലെ താലിബാന്റെ അഴിഞ്ഞാട്ടം നടന്നത്. 

ഇവിടെ അന്ന് പ്രവര്‍ത്തിച്ചിരുന്ന ഇറാനിയന്‍ നയതന്ത്ര കാര്യാലയത്തിലെ എട്ട് ഉദ്യോഗസ്ഥരെയും താലിബാന്‍ അന്ന് വധിച്ചിരുന്നു. ഒരു ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനെയും താലിബാന്‍ വധിച്ചു. 
 

2000-2001 കാലത്താണ് ബാമിയാന്‍ പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയത്. താലിബാനെതിരെ പോരാടിയ ഐക്യമുന്നണിയുടെ ശക്തികേന്ദ്രമായിരുന്നു ഇത്.

ബാമിയന്‍ പിടിച്ചെടുത്ത താലിബാന്‍ ഐക്യമുന്നണിയോട് സഹകരിച്ചുവെന്ന് ആരോപിച്ച് കണ്ണില്‍ക്കണ്ടവരെയല്ലാം വെടിവെച്ചുകൊന്നു. 

2001- ജനുവരി എട്ടിന് യകാവോലാംഗ് ജില്ലയില്‍ താലിബാന്‍കാര്‍ അഴിഞ്ഞാടി. ഇവിടെനിന്നും പിടികൂടിയ അഞ്ഞൂറോളം പേരെ ജില്ലാകേന്ദ്രത്തില്‍ ഒരുമിച്ച് കൂട്ടുകയും പൊതുജന മധ്യേ എല്ലാവരെയും വെടിവെച്ചുകൊല്ലുകയുമായിരുന്നു. 
 

അവശേഷിച്ച നിരവധി പേരോട് സംസാരിച്ചശേഷമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഈ കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 

എന്നാല്‍, താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ ഈ ആരോപണം നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരെ ഈ ജില്ലയിലേക്ക് അടുപ്പിക്കരുതെന്നും മുല്ല ഉമര്‍ ഉത്തരവിട്ടു.


2000 മെയ് മാസമാണ് സമന്‍ഗന്‍-ബഘലാന്‍ പ്രവി്യകള്‍ക്കിടയിലെ റൊബാതക് പാസില്‍ നൂേറാളം സിവിലിയന്‍മാരെ താലിബാന്‍ കശാപ്പ് ചെയ്തത്.

താലിബാന്‍ വിരുദ്ധ സഖ്യത്തില്‍നിന്നും സമന്‍ഗന്‍-ബഘലാന്‍ പ്രവി്യകള്‍ക്കിടയിലെ റൊബാതക് താലിബാന്‍ പിടിച്ചെടുക്കുകയായിരുന്നു. 

റൊബാതക് പാസിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ കൂട്ടക്കുഴിമാടത്തില്‍നിന്നും 36 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവരില്‍ 26 പേരും ബഘ്‌ലാന്‍ പ്രവിശ്യയിലുള്ള സിവിലിയന്‍മാരാണെന്ന് കണ്ടെത്തി. 

ഇവരെയെല്ലാം താലിബാന്‍ പിടികൂടിയ ശേഷം മാസങ്ങളോളം പീഡിപ്പിക്കുകയും അതിനു ശേഷം കൊലചെയ്ത് ഒരൊറ്റ കുഴിമാടത്തില്‍ അടക്കുകയുമായിരുന്നു്വെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കണ്ടെത്തിയിട്ടുണ്ട്. 

പാഞ്ച്ഷീറിലെ ജനങ്ങള്‍ അഫ്ഗാനിസ്താന്റെ അവിഭാജ്യ ഘടകമാണ് എന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞത്. ''അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. ഞങ്ങള്‍ക്കവരോട് ഒരു പക്ഷഭേദവുമില്ല. രാജ്യത്തെ മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ടാവും.''എന്നാണ് ചോദ്യത്തിനുത്തരമായി മുജാഹിദ് പറഞ്ഞത്. 

എന്നാല്‍, പാഞ്ച്ഷീറില്‍ അപരിചിതരാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അഹമ്മദ് മസൂദിന്റെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. 

പാക്കിസ്താനില്‍നിന്നുള്ള കര, വ്യോമ സൈനികര്‍ പാഞ്ച്ഷീര്‍ ആക്രമിക്കാന്‍ താലിബാനൊപ്പം ചേര്‍ന്നതായും മസൂദ് പറഞ്ഞിരുന്നു. 

പാക് വ്യോമസേനയുടെ പോര്‍ വിമാനങ്ങള്‍ പാഞ്ച്ഷീറില്‍ വ്യാപകമായ ആക്രമണം നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.  

പാഞ്ച്ഷീറില്‍ പാക്കിസ്താന്‍ താലിബാനെ സഹായിക്കുകയും അവര്‍ക്കൊപ്പം അണിനിരക്കുകയും ചെയ്തതായി ആരോപണം നിലവിലുണ്ട്. 

ഇതിനെതിരെ പ്രതിഷേധിച്ച് കാബൂളില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രകടനം നടന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പുറത്തുവന്നിരുന്നു. 

click me!