ചരിത്രത്തിലെ തന്നെ കുപ്രസിദ്ധമായ പ്രണയം, ക്രിമിനലുകളായ പ്രണയികളുടെ സിനിമയെ വെല്ലുന്ന ജീവിതം!

First Published Mar 4, 2021, 4:13 PM IST

ചരിത്രത്തിലെ തന്നെ കുപ്രസിദ്ധരായ രണ്ട് ക്രിമിനലുകളാണ് ബോണിയും പങ്കാളിയായ ക്ലൈഡും. ക്രിമിനലുകളെന്നതിനുമപ്പുറം അവര്‍ക്ക് വേറൊരു പ്രത്യേകത കൂടിയുണ്ട്. അവരുടെ പ്രണയം വളരെ കാല്‍പനിക ഭാവത്തോടെയാണ് ചരിത്രത്തിലും എഴുത്തുകളിലും എന്തിന് സിനിമയിലും വരെ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇരുവരുടെയും മരണം പോലും സിനിമാ സ്റ്റൈലിലായിരുന്നു എന്നു വേണം പറയാൻ. ആളുകള്‍ക്ക് എക്കാലവും വളരെ താല്‍പര്യമുള്ള ഒന്നായിരുന്നു അവരുടെ പ്രണയവും ജീവിതവുമെല്ലാം. അതിനാല്‍ തന്നെ അവരെ കുറിച്ചെഴുതപ്പെട്ട പുസ്തകങ്ങളും ഇറങ്ങിയ സിനിമയും നാടകങ്ങളുമെല്ലാം ഒരുപാട് പേരെ ആകർഷിച്ചിരുന്നു. ഒരുപാട് തരത്തിൽ ഇരുവരുടെയും കഥകൾ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇരുവരും നല്ല ആളുകളായിരുന്നു എന്നുപോലും വിശ്വസിക്കുന്ന എത്രയോ ആളുകൾ അന്ന് അവിടെ ഉണ്ടായിരുന്നു. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇരുവരുടെയും ജീവിതം സംഭവബഹുലമായിരുന്നു. രണ്ട് വർഷമാണ് ഇരുവരും തങ്ങളുടെ ​ഗാങ്ങിനൊപ്പം കൊള്ളയുമായി സെൻട്രൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉണ്ടായിരുന്നതെങ്കിൽ കൂടി ചരിത്രത്തിലെ തന്നെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നായിരുന്നു അത്. ആ കഥയറിയാം.

മഹാ സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്താണ് ബോണിയും ക്ലൈഡും ജീവിച്ചിരുന്നത്. ഇരുവരുടെയും ക്രിമിനല്‍ ജീവിതം നീണ്ടുനിന്നത് വെറും രണ്ട് വര്‍ഷം മാത്രമാണ്. എന്നാല്‍, അത് എന്നേക്കുമായി അടയാളപ്പെടുത്തപ്പെട്ടു, ഇരുവരും നടത്തിയ കൊലപാതകങ്ങളാണ് അവരെ ക്രൂരരായ ക്രിമിനലുകളെന്ന പട്ടികയിൽ പെടുത്തിയത്. അവർ കൊന്നവരിൽ പൊലീസും സാധാരണക്കാരായ ജനങ്ങളും പെടുന്നു.
undefined
1930 -ലാണ് ബോണി പാര്‍ക്കറും ക്ലൈഡ് ബാരോയും തമ്മില്‍ കണ്ടുമുട്ടുന്നത്. ആ സമയത്ത് ബോണിക്ക് 19 വയസായിരുന്നു, വിവാഹിതയുമായിരുന്നു. എങ്കിലും അവളുടെ ഭര്‍ത്താവ് കൊലപാതകക്കുറ്റത്തില്‍ അകത്തായിരുന്നു. ക്ലൈഡിന് ആ സമയത്ത് 21 വയസ് ആയിരുന്നു പ്രായം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന, സാമൂഹികമായി താഴെക്കിടയിലാക്കപ്പെട്ട മനുഷ്യരായിരുന്നു ഇരുവരും. അങ്ങനെ ഒരിടത്തായിരുന്നു അവരുടെ ജീവിതവും.
undefined
ഇരുവരും കണ്ടുമുട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ കുറ്റത്തിന് ക്ലൈഡ് ജയിലിലായി. രണ്ട് വര്‍ഷത്തെ തടവായിരുന്നു അയാൾക്ക് വിധിച്ചിരുന്ന ശിക്ഷ. എന്നാല്‍, അതിന് മുമ്പ് തന്നെ അയാള്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. എങ്ങനെ എന്നല്ലേ, അയാളെ അതിന് സഹായിച്ചത് ബോണിയാണ്. ഒരു തോക്ക് മോഷ്ടിച്ച് അത് ക്ലൈഡിന് എത്തിച്ചു കൊടുത്തു അവള്‍. അത് ഉപയോഗിച്ചിട്ടാണ് അന്ന് അയാള്‍ രക്ഷപ്പെട്ടത്. പക്ഷേ, അയാള്‍ വീണ്ടും പിടിക്കപ്പെട്ടു. 1932 -ലാണ് പിന്നീടയാള്‍ പുറത്തിറങ്ങുന്നത്. അവിടം മുതലാണ് അവരുടെ ക്രൈം ടൂര്‍ ആരംഭിക്കുന്നത്.
undefined
ആദ്യത്തെ കവര്‍ച്ചയില്‍ തന്നെ ക്ലൈഡ് ബോണിയെ തനിക്കൊപ്പം കൂട്ടി. കുറച്ച് മോഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അയാള്‍ അയാളുടെ പാത കണ്ടെത്തി. ബോണിയും അയാള്‍ക്കൊപ്പം പോകാനും അയാളുടെ മോഷണങ്ങളിലും ജീവിതത്തിലും പങ്കാളി ആവാനും തന്നെയാണ് തീരുമാനം എടുത്തത്. പിന്നെയുള്ള രണ്ട് വര്‍ഷം ബോണിയുടെയും ക്ലൈഡിന്‍റെയും അവരുടെ ഗാങ്ങിന്‍റേതും ആയിരുന്നു. സ്റ്റേറ്റിലുടനീളം അവര്‍ മോഷണങ്ങള്‍ നടത്തി. ആ സമയത്ത് പൊലീസിന് സ്റ്റേറ്റിന്‍റെ അതിര്‍ത്തി കടന്ന് പോകാനുള്ള അനുവാദമുണ്ടായിരുന്നില്ല. അത് ബോണിയെയും ക്ലൈഡിനെയും അവരുടെ കൊള്ളസംഘത്തെയും തുണച്ചുവെന്ന് വേണം കരുതാന്‍. അതവര്‍ തങ്ങൾക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമായി കണ്ടു.
undefined
അവരെ രക്ഷപ്പെടുത്തിയ മറ്റൊരു കാര്യം ക്ലൈഡിന് ഡ്രൈവിംഗിലുള്ള വൈദഗ്ദ്ധ്യമാണ്. അതിനിടയില്‍ ഇടയ്ക്കിടെ കാറുകള്‍ മാറ്റിക്കൊണ്ടിരുന്നു. എല്ലാം മോഷ്ടിച്ചെടുക്കുന്ന കാറുകളായിരുന്നു. അതിലയാള്‍ക്ക് ഏറ്റവും പ്രിയമുള്ള കാര്‍ ഒരു ഫോര്‍ഡ്- V8 ആയിരുന്നുവത്രെ. ക്ലൈഡ്, ഹെന്‍റി ഫോര്‍ഡിന് ഒരു കത്തുപോലും എഴുതിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. 'എന്‍റെ ബിസിനസ് നിയമപരമല്ലായിരിക്കാം. പക്ഷേ, അതൊന്നും നിങ്ങളുടെ v8 എത്ര മികച്ചതാണ് എന്ന് നിങ്ങളോട് പറയുന്നതിനൊരു തടസമാവുന്നില്ല' എന്നാണത്രെ അയാള്‍ എഴുതിയിരുന്നത്.
undefined
ബോണി തന്‍റെയും ക്ലൈഡിന്‍റെയും വിവിധ തരത്തിലുള്ള ഫോട്ടോ എടുക്കാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ആ ചിത്രങ്ങളെ കുറിച്ച് അവള്‍ കവിതകള്‍ വരെ എഴുതിയിരുന്നു എന്ന് പറയപ്പെടുന്നു. ബോണിയേയും ക്ലൈഡിനെയും കുറിച്ച് നിരവധി തരത്തിലുള്ള വാദങ്ങളും ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനും ഈ ചിത്രങ്ങള്‍ കാരണമായിട്ടുണ്ട്. ഒരിക്കല്‍ പൊലീസ് ഇരുവര്‍ക്കും വേണ്ടി നടത്തിയ തെരച്ചിലില്‍ ഒരു ക്യാമറാ റോള്‍ കണ്ടെത്തുകയുണ്ടായി. അതില്‍ ബോണി സിഗാര്‍ വലിക്കുന്ന ചിത്രമുണ്ടായിരുന്നു. എങ്കിലും അവള്‍ സിഗരറ്റ് മാത്രമേ വലിച്ചിരുന്നുള്ളൂ, സിഗാര്‍ വലിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു. ചരിത്രകാരന്മാര്‍ പറയുന്നത്, ആ ചിത്രം അന്ന് രാജ്യത്താകെ പ്രസിദ്ധീകരിക്കുകയുണ്ടായി, അവരുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും പല മാധ്യമങ്ങളും ആ ചിത്രത്തോടൊപ്പം ഊതിപ്പെരുപ്പിച്ച് എഴുതി. അത് അവര്‍ക്ക് വൻ ഗ്ലാമര്‍ പരിവേഷം നല്‍കി എന്നാണ്. ഇരുവരെയും കഥാപാത്രമാക്കി ഒരുക്കിയ സിനിമയിലും ആ ​ഗ്ലാമർ പരിവേഷം കാണാം.
undefined
ആ സമയത്ത് ജനങ്ങള്‍ പൊലീസിനെയോ സര്‍ക്കാരിനെയോ ഇഷ്ടപ്പെട്ടിരുന്നുമില്ല. മാന്ദ്യവും അതേത്തുടര്‍ന്നുണ്ടായ ദാരിദ്ര്യവും താഴേക്കിടയിലായ മനുഷ്യരോടുള്ള അവഗണനയുമെല്ലാം അതിന് കാരണമായിത്തീര്‍ന്നു. ചിലര്‍ ബോണിയേയും ക്ലൈഡിനെയും റോബിന്‍ ഹുഡിനോട് വരെ ഉപമിച്ചു. എന്നാല്‍, റോബിന്‍ ഹുഡ് ഒരിക്കലും നിരപരാധിയായ ജനങ്ങളെ കൊന്നിരുന്നില്ല. ബോണിയും ക്ലൈഡും അത് ചെയ്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ 13 പേരെയാണ് ഇരുവരും കൊന്നത് എന്നാണ് പറയുന്നത്. അതില്‍ പലരും നിഷ്കളങ്കരായിരുന്നുവെന്നും പറയപ്പെടുന്നു.
undefined
സാധാരണയായി ബോണിയും ക്ലൈഡും ഗ്യാസ് സ്റ്റേഷനുകളും ഗ്രോസറി കടകളുമാണ് കൊള്ളയടിച്ചിരുന്നത്. ഇടയ്ക്ക് ബാങ്കുകളും കൊള്ളയടിച്ചിരുന്നു, എങ്കിലും അവരുടെ കയ്യില്‍ കിട്ടിയതെല്ലാം ചെറിയ തുകകളും മറ്റുമായിരുന്നു. ഇരുവരും ക്രിമിനല്‍ ജീവിതത്തിലേക്ക് ഒരുമിച്ച് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി. രണ്ടാം വര്‍ഷം തുടങ്ങുമ്പോഴേക്കും മാധ്യമങ്ങളെല്ലാം ഇവരെ കുറിച്ച് എഴുതാന്‍ തുടങ്ങി. അതോടെ ഇരുവരും കുപ്രസിദ്ധി നേടി. തിരിച്ചറിയപ്പെടുമോ എന്ന ഭയവും ഇരുവരെയും പിടികൂടിത്തുടങ്ങി. വിവിധ നിയമസംവിധാനങ്ങള്‍ ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ അപ്പോഴേക്കും ശക്തമാക്കി തുടങ്ങിയിരുന്നു.
undefined
പൊലീസ് ഒരിക്കല്‍ അവരുടെ കൂട്ടാളിയെ പിടികൂടി. പല പ്രധാനപ്പെട്ട വിവരങ്ങളും അയാളിൽ നിന്നും കിട്ടി. ബോണിയും ക്ലൈഡും കൊലപാതകം നടത്തി എന്നതിന് പ്രധാന തുമ്പായി പറയുന്നതും കൂട്ടാളി നടത്തിയ കുറ്റസമ്മതമാണെന്ന് പറയപ്പെടുന്നു. കൂടാതെ, കൂട്ടാളിയിൽ നിന്നും ബോണിയും ക്ലൈഡും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന് പൊലീസ് മനസിലാക്കി. അങ്ങനെ പൊലീസ് ഇരുവരെയും പിടികൂടാന്‍ കെണിയൊരുക്കി തുടങ്ങി. അവരുടെ ഒരു കൂട്ടാളിയുടെ അച്ഛനെ അതിനായി പൊലീസ് ഉപയോ​ഗിച്ചു. അയാളെ റോഡില്‍ നിർത്തി. സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് നിന്ന അയാളെ ബോണിയും ക്ലൈഡും വണ്ടി നിര്‍ത്തി സഹായിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു പൊലീസ് സംഘത്തിന്. അവരുടെ പ്രതീക്ഷ പോലെ അത് തന്നെ സംഭവിച്ചു. ആ സമയം പൊലീസ് സംഘം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയ ഉടനെ പൊലീസ് വെടിവച്ച് തുടങ്ങി. 1934 മെയ് മാസം 23 -ന് ലൂസിയാനയിലെ ഗിബ്‌സ്‌ലാൻഡിന് സമീപത്തു വച്ചാണ് പൊലീസ് സംഘം പതിയിരുന്ന് ഇരുവരെയും കൊലപ്പെടുത്തിയത്.
undefined
ബോണിക്കും ക്ലൈഡിനും നേരെ 130 ബുള്ളറ്റെങ്കിലും പൊലീസ് അയച്ചുവെന്നാണ് കരുതുന്നത്. കാറിന് മുഴുവൻ ബുള്ളറ്റേറ്റു. ഇരുവരുടെയും ശരീരത്തിലും നിരവധി കണക്കിന് വെടിയുണ്ടകൾ ഏറ്റിരുന്നു. ഇനിയൊരു ചാൻസ് എടുക്കാനില്ല എന്ന് തീരുമാനിച്ച പൊലീസ് നിർത്താതെ വെടിവയ്ക്കുകയായിരുന്നു. അവിടെ വച്ച്, അതേ കാറിൽ വച്ച് തന്നെ ബോണിയും ക്ലൈഡും മരണമടഞ്ഞു. ഇരുവരുടെയും മരണവിവരം യുഎസ്സിലുടനീളം വലിയ വാർത്തയായി. പതിനായിരക്കണക്കിന് പത്രങ്ങൾ അന്ന് അടിച്ചു വിറ്റു പോയി.
undefined
ആളുകൾ തിക്കിത്തിരക്കി ഇരുവരുടെയും ശവശരീരം കാണാനെത്തി. പലരും അവരുടെ വസ്ത്രത്തിന്റെയും മറ്റും ഭാ​ഗങ്ങൾക്കായി ശ്രമിച്ചു കൊണ്ടിരുന്നു എന്നും പറയപ്പെടുന്നു. ബന്ധുക്കൾ ഇരുവരുടെയും മൃതദേഹം തിരിച്ചറഞ്ഞു. അവരൊരിക്കൽ തട്ടിക്കൊണ്ടുപോയ ശവമടക്ക് ചടങ്ങ് നടത്തുന്നയാളും ഇരുവരെയും തിരിച്ചറിയാനെത്തി എന്ന് പറയപ്പെടുന്നു. തന്റെ ജോലി എന്താണെന്നറിഞ്ഞ ബോണി എന്നെങ്കിലും താൻ മരിച്ചാൽ താനായിരിക്കും വരുമെന്ന് പറഞ്ഞ് ചിരിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഇരുവരും കൊല്ലപ്പെട്ട കാര്‍ യുഎസ്സിലുടനീളം പ്രദര്‍ശിപ്പിച്ചു.
undefined
ഏതായാലും ശവമടക്കിന്റെ സമയത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബോണിയും ക്ലൈഡും നേരത്തെ തന്നെ ഇരുവരെയും ഒരുമിച്ച് അടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അവരുടെ കുടുംബം അവരെ ഇരുവരെയും വേറെ വേറെ സെമിത്തേരിയിലാണ് അടക്കിയത്. ബോണിയുടെ അമ്മയ്ക്ക് അവളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന മോഹത്തെ തുടർന്നായിരുന്നു അത്. ശവമടക്കിന്റെ സമയത്തും ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഏതായാലും അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം കാൽപനിക പരിവേഷം കിട്ടിയ ക്രിമിനലുകൾ കൂടിയായിരുന്നു ബോണിയും ക്ലൈഡും.
undefined
click me!