അമ്പതിലേറെ വര്‍ഷം ആ കാട്ടിലെ, തടാകക്കരയിലെ ഒരേയൊരു താമസക്കാരി, 'റൂട്ട് ബിയര്‍ ലേഡി', ദൊറോത്തി മോള്‍ട്ടര്‍

First Published Oct 1, 2020, 2:24 PM IST

ദൊറോത്തി ലൂയിസ് മോള്‍ട്ടര്‍, 56 വര്‍ഷം ആരും താമസമില്ലാത്ത ഒരു തടാകക്കരയില്‍ തനിച്ച് കഴിഞ്ഞ സ്ത്രീ. മോള്‍ട്ടര്‍ അറിയപ്പെടുന്നത് തന്നെ 'നൈഫ് ലേക്ക് ദൊറോത്തി' എന്നാണ്. 'റൂട്ട് ബിയര്‍ ലേഡി' എന്നൊരു പേരും കൂടി അവര്‍ക്കുണ്ട്. അവര്‍ ഈ ബിയറുണ്ടാക്കുകയും ദ്വീപിലേക്ക് തുഴഞ്ഞെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. മോള്‍ട്ടറിനെ കുറിച്ച് മാധ്യമങ്ങളില്‍ ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്, അവരെ കുറിച്ച് പുസ്‍തകങ്ങളെഴുതപ്പെടുകയും ഡോക്യുമെന്‍ററി നിര്‍മ്മിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. എങ്ങനെയാണവര്‍ ആ ദ്വീപിലെത്തിച്ചേരുന്നത്? 

1930 -ലാണ് മോള്‍ട്ടര്‍ ആദ്യമായി 'നൈഫ് ലേക്ക്' സന്ദര്‍ശിക്കുന്നത്. എന്നാല്‍, അവരവിടെ താമസമാക്കുന്നത് 1934 -ലാണ്. ഈ പ്രദേശം ഇവിടുത്തെ തടാകം കൊണ്ടും ജീവജാലങ്ങളെ കൊണ്ടും മനോഹരവും ശാന്തവുമായിരുന്നു. ഈലേ നഗരത്തില്‍ നിന്നും 30 മൈല്‍ അകലെയുമായിട്ടാണ് മോള്‍ട്ടര്‍ താമസിച്ചിരുന്ന നൈഫ് ലേക്ക്. മോള്‍ട്ടര്‍ വേനല്‍ക്കാലങ്ങളില്‍ അവിടെ ഫിഷിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. മഞ്ഞുകാലത്താകട്ടെ ആരുടെയും ബഹളമില്ലാതെ അവിടെ തനിയെ കഴിയും. ഏതായാലും അവളെ കൂടുതല്‍ പ്രശസ്തയാക്കിയത് അവര്‍ തയ്യാറാക്കി വില്‍ക്കുന്ന റൂട്ട് ബിയറായിരുന്നു.
undefined
ചിക്കാഗോക്കാരിയായ മോള്‍ട്ടര്‍ ആദ്യമായി നൈഫ് ലേക്കിലെത്തുന്നത് കുടുംബത്തോടൊപ്പമുള്ള ഫിഷിംഗ് ട്രിപ്പിലാണ്. ഒരു നഴ്‌സായി പരിശീലനം നേടിയിരുന്നുവെങ്കിലും മാന്ദ്യകാലത്ത് നഗരത്തില്‍ കുറച്ച് ജോലികൾ മാത്രമേ അവർക്ക് കണ്ടെത്താനായുള്ളൂ. അങ്ങനെ അവൾ പൈൽ ദ്വീപിലേക്ക് മടങ്ങി. അവിടെ അവളേക്കാള്‍ 30 വയസ് കൂടുതലുള്ള ബില്‍ ബെര്‍ഗ്ലണ്ട് അവള്‍ക്കൊരു വാഗ്ദാനം നല്‍കി. ഫിഷിംഗ് ക്യാമ്പ് നടത്താന്‍ സഹായിക്കുന്നതിനായി അവള്‍ അയാള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ അയാളുടെ മരണശേഷം നാല് കാബിനുകളുള്ള റിസോര്‍ട്ട് അയാള്‍ അവള്‍ക്ക് നല്‍കും. അവള്‍ക്കത് സമ്മതമായിരുന്നു. അങ്ങനെ 1948 -ല്‍ അയാള്‍ മരിച്ചു. 41 -കാരിയായ മോള്‍ട്ടര്‍ സ്ഥലം ഏറ്റെടുത്തു.
undefined
അവധിയാഘോഷിക്കാനും മറ്റുമായി അവിടെയെത്തിച്ചേര്‍ന്ന മനുഷ്യര്‍ക്കും, അവിടെയെത്താറുള്ള മറ്റ് ജീവജാലങ്ങള്‍ക്കുമെല്ലാം അവര്‍ സഹായിയായി. പലപ്പോഴും പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം അവര്‍ പരിചരിച്ചു. ഇടിമിന്നലേറ്റ ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തനത്തിനുള്ള വിമാനമെത്തുന്നതുവരെ പരിചരിക്കുകയും ജീവന്‍ നിലനിര്‍ത്തുകയും ചെയ്‍തതിന് അവളെ 'നോര്‍ത്ത്‍വുഡിലെ നൈറ്റിംഗേല്‍' എന്ന് വിളിക്കുക വരെയുണ്ടായി.
undefined
എങ്കിലും ലോകത്തിന്‍റെ ശ്രദ്ധ അവളിലേക്കെത്തിയത് വളരെ നീണ്ടകാലം തനിച്ചു താമസിച്ച സ്ത്രീ എന്ന നിലയിലായിരുന്നു. ദൊറോത്തി മോള്‍ട്ടര്‍ മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടറായ ജെസ്സ് എഡ്ബെര്‍ഗ് പറയുന്നത്, 'അവിവാഹിതയായ ഒരു സ്ത്രീ ഒരു വനത്തില്‍ തനിച്ച് താമസിക്കുക എന്നത് തന്നെ കൗതുകമുണര്‍ത്തുന്ന കാര്യമല്ലേ' എന്നാണ്. 'തന്നെക്കാള്‍ നന്നായി മീന്‍പിടിക്കുന്ന, തനിക്ക് കഴിയുന്നതിനേക്കാള്‍ ഭാരം ചുമക്കുന്ന, തന്നേക്കാള്‍ കൂടുതലായി മരം മുറിക്കുന്ന ആളെ മാത്രമേ ഞാന്‍ വിവാഹം ചെയ്യൂ' എന്ന് മോള്‍ട്ടര്‍ ഒരിക്കല്‍ പറയുകയുണ്ടായി.
undefined
വൈദ്യുതിയില്ലാതെ, ടെലഫോണോ, പൈപ്പ് വെള്ളമോ ഇല്ലാതെയാണ് മോള്‍ട്ടര്‍ അവിടെ ജീവിച്ചിരുന്നത്. ടെലഗ്രാഫോ, എഴുത്തോ, ആരോടെങ്കിലും പറഞ്ഞയക്കുകയോ അങ്ങനെയൊക്കെയാണ് അവര്‍ സന്ദേശങ്ങള്‍ പോലും കൈമാറിയിരുന്നത്. ചിലപ്പോള്‍ സന്ദേശങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമെടുക്കും. അവളുടെ വീടിന് ചുറ്റുമുള്ള സ്ഥലം സംരക്ഷിക്കാനുള്ള യു എസ് സര്‍ക്കാരിന്‍റെ ശ്രമങ്ങളോട് പൊരുത്തപ്പെട്ട് പോകുന്നതായിരുന്നു അവളുടെ ജീവിതം. എന്നാല്‍, 1952 -ല്‍ ദ്വീപിലേക്കുള്ള ഫ്ലോട്ട്പ്ലെയിനുകള്‍ ഗതാഗതം നിര്‍ത്തിയതോടെ അവളുടെ ജീവിതം കൂടുതല്‍ ഒറ്റയ്ക്കായിത്തീര്‍ന്നു. 'സാറ്റര്‍ഡേ ഈവനിംഗ് പോസ്റ്റി'ല്‍ വന്ന ഒരു ലേഖനം മോള്‍ട്ടറിനെ അന്ന് വിശേഷിപ്പിച്ചത് 'അമേരിക്കയിലെ തന്നെ ഏറ്റവും ഏകാകിയായ സ്ത്രീ' എന്നാണ്.
undefined
1964 -ല്‍ വൈല്‍ഡെര്‍നെസ് ആക്ടിനെ തുടര്‍ന്ന് അവിടെയുള്ള കെട്ടിടങ്ങളും ബിസിനസുകളും എല്ലാം ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മോള്‍ട്ടറിനെത്തേടി നിരന്തരം സ്ഥലം ഒഴിയണമെന്നുള്ള ഉത്തരവെത്തിത്തുടങ്ങി. അന്ന് ഫോറസ്റ്റ് സര്‍വീസുമായി അവള്‍ നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. അവര്‍ അവിടെനിന്നും ഒഴിയാന്‍ തയ്യാറായതേയില്ല. അത് അവര്‍ക്ക് കൂടുതല്‍ ലോകശ്രദ്ധ നല്‍കി. പതിയെ രാഷ്ട്രീയക്കാരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള പിന്തുണയോടെ അവര്‍ അവിടെ പിടിച്ചുനിന്നു. ഫിഷിംഗ് ക്യാമ്പ് അടച്ചുപൂട്ടേണ്ടി വന്നെങ്കിലും അവര്‍ പ്രദേശത്തെ അവസാനത്തെ നിവാസിയായി നിലകൊണ്ടു.
undefined
എന്നാല്‍, ക്യാമ്പ് പൂട്ടി അവിടേക്കും ആളില്ലാതായതോടെ അവരുടെ ഏകാന്തത കൂടുതല്‍ കഠിനമായി. പ്ലെയിന്‍ ഫ്ലൈറ്റ് ഇല്ലാതായതോടെ തടാകത്തിലൂടെ തുഴഞ്ഞെത്തുന്നവര്‍ക്ക് നല്‍കാനുള്ള ബിയറും എത്തിക്കാനാവാതെയായി. അങ്ങനെ, അവര്‍ ഈലേയില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങി സ്വന്തമായി ബിയര്‍ തയ്യാറാക്കിത്തുടങ്ങി. അത് ബോട്ടിലുകളിലും മറ്റുമാക്കി ആവശ്യക്കാര്‍ക്ക് നല്‍കി. കുപ്പികളോ പാത്രങ്ങളോ ഒന്നും തന്നെ അവിടെ ഉപേക്ഷിക്കാനോ സംസ്കരിക്കാനോ അനുവാദമില്ലായിരുന്നു. അവളുടെ സഹായത്തിന് ചിലപ്പോഴൊക്കെ അവിടേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തി. അവിടെ ബിസിനസ് അനുവദനീയമല്ലാത്തതിനാല്‍ വരുന്നവര്‍ക്ക് സംഭാവനയെന്നോണമാണ് അവര്‍ ബിയര്‍ നല്‍കിയിരുന്നത്.
undefined
മഞ്ഞുകാലത്ത് തടാകത്തിലെ ഐസുപയോഗിച്ച് തണുപ്പിച്ച് വച്ചിരിക്കുന്ന ആ ബിയറുകളുടെ രുചി പലപ്പോഴും വ്യത്യാസപ്പെട്ടിരുന്നുവെങ്കിലും എത്രയോ സന്ദര്‍ശകര്‍ ഓരോ വേനലിലും 'ബിയര്‍ ലേഡി'യെ തേടിയെത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ബോയ് സ്കൗട്ട്സിലെ ആണ്‍കുട്ടികള്‍ക്ക് പലപ്പോഴും തനിയെ താമസിക്കുകയും തടാകത്തിലെ വെള്ളത്തില്‍ നിന്നും ബിയറുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീ അത്ഭുതമായിരുന്നു.
undefined
പ്രായമായപ്പോഴും ആ ദ്വീപിലെ തന്‍റെ വാസസ്ഥലത്തുനിന്നും പോകാന്‍ അവര്‍ വിസമ്മതിച്ചു. ചില മഞ്ഞുകാലങ്ങളില്‍ അവള്‍ ചിക്കാഗോയിലെ കുടുംബവീട്ടിലേക്ക് പോകും ബന്ധുക്കളെ സന്ദര്‍ശിക്കും. എന്നാല്‍, മിക്ക മഞ്ഞുകാലങ്ങളിലും അവര്‍ ആ തണുപ്പ് സഹിച്ച് അവിടെതന്നെ കഴിഞ്ഞു. തനിക്കേറ്റവുമിഷ്ടം ആ മഞ്ഞ് കാലമാണെന്നും ആ തണുപ്പും ഏകാന്തതയും വന്യതയും തന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്നും മോള്‍ട്ടര്‍ പറയുന്നു.
undefined
1986 ഡിസംബര്‍ 18 -നാണ് 79 -ാമത്തെ വയസ്സില്‍ മോള്‍ട്ടര്‍ മരിക്കുന്നത്. സമീപത്തെ നഗരങ്ങളിലുള്ളവരെല്ലാം അവളുടെ മരണത്തില്‍ വേദനിച്ചു. എങ്കിലും അവസാനകാലം വരെയും അവര്‍ അവര്‍ക്കിഷ്ടമുള്ള ജീവിതമാണല്ലോ നയിച്ചത്, തന്‍റെ പ്രിയപ്പെട്ട ഇടത്താണല്ലോ മരിച്ചത് എന്ന സന്തോഷവും അവര്‍ക്കുണ്ട്.
undefined
അവരുടെ മരണശേഷം അവര്‍ കഴിഞ്ഞിരുന്ന കാബിന്‍ ഈലേയിലേക്ക് മാറ്റി. പിന്നീട്, അവരുടെ പേരില്‍ ഒരു മ്യൂസിയം വരികയും അവരുടെ ക്യാബിനുകളും മറ്റും പ്രദര്‍ശിപ്പിക്കുകയുമുണ്ടായി.
undefined
click me!