ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Sep 5, 2020, 9:15 PM IST
Highlights

കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. 

കരൾ കോശങ്ങൾക്കുള്ളിൽ അമിതമായി കൊഴുപ്പ് കൂടുന്നത് കൊണ്ടുണ്ടാകുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. അമിതവണ്ണമുള്ളവർ, ടൈപ്പ് 2 പ്രമേഹം ഉള്ളവർ, അമിതമായ മദ്യപാനം ഉള്ളവർ, കൂടിയ കൊളസ്ട്രോൾ ഉള്ളവർ എന്നിവരിലാണ് ഏറ്റവും കൂടുതല്‍ ഫാറ്റി ലിവർ ഉണ്ടാകാന്‍ സാധ്യത ഉള്ളതെന്ന് പഠനങ്ങൾ പറയുന്നു. 

 

 

ശരിയായ ജീവിത ശൈലി സ്വീകരിക്കുകയാണെങ്കിൽ ഫാറ്റി ലിവർ മറ്റു തരത്തിലുള്ള കരള്‍ രോഗങ്ങളിലേക്ക് മുന്നേറുകയില്ല. ശരീരഭാരം, കൊഴുപ്പ് അടങ്ങിയ ഭക്ഷണസാധനങ്ങൾ, കൊളസ്ട്രോൾ, പ്രമേഹം, മദ്യപാനം എന്നിവ നിയന്ത്രിക്കുക വഴി ആരോഗ്യകരമായ അവസ്ഥയിലേക്ക് കരളിനെ കൊണ്ടെത്തിക്കാൻ സാധിക്കുമെന്നാണ് വിദ​​ഗ്ധർ പറയുന്നത്.

യുഎസിലും യൂറോപ്പിലും 25 മുതൽ 30 ശതമാനം വരെ ആളുകളെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുള്ളതായാണ് 'വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ഫാറ്റി ലിവറിനെ എങ്ങനെ തടയാം...?

1. ഫാറ്റി ലിവറിനുള്ള കാരണങ്ങള്‍ കണ്ടെത്തി അത് നിയന്ത്രിക്കുകയെന്നതാണ് പ്രധാനം.  

2. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം. അരി ആഹാരം, മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

3. കൃത്യമായ വ്യായാമം ശീലമാക്കുക. ആഹാരക്രമവും വ്യായാമവും നന്നായി പരിപാലിച്ചാല്‍ അഞ്ച് ശതമാനമെങ്കിലും ശരീരഭാരം കുറയ്ക്കാനാകും.

4.  മദ്യപാനം ഒഴിവാക്കുക, അമിതമായ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക എന്നിവയും ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളാണ്.

എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
 

click me!