Asianet News MalayalamAsianet News Malayalam

എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. 

follow these diet for bone health
Author
Thiruvananthapuram, First Published Sep 5, 2020, 2:14 PM IST

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. 

നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെ ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ചിലതുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാണ്. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. 

പാല്‍, പയറുപരിപ്പു വർഗങ്ങളിലും ഇലക്കറികളിലും അണ്ടിപ്പരിപ്പിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞ, മത്തി എന്നിവയിൽ വിറ്റാമിൻ ഡിയും ഉണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

രണ്ട്... 

മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ മഗ്നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കളായ എള്ള്, ഏത്തപ്പഴം, അണ്ടിപ്പരിപ്പ്, ചീര, മറ്റ് ഇലക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

കാത്സ്യത്തിന്റെ അളവ് വർധിപ്പിക്കുന്നതിലും എല്ലിന്റെ ബലം വർധിപ്പിക്കുന്നതിലും ഒമേഗ 3 സഹായിക്കുന്നതായും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തിലും വാൾനട്ട്, സോയ,  ഉഴുന്ന്, കടുക്, ഉലുവ എന്നിവയിലും  ഒമേഗ 3 കാണപ്പെടുന്നു. 

നാല്...

എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സിങ്കിനു സാധിക്കും. സിങ്ക് ധാരാളമടങ്ങിയ കടൽമത്സ്യങ്ങൾ, പാൽ ഉൽപന്നങ്ങൾ, മുട്ട മുതലായവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

പച്ചക്കറികള്‍ എല്ലുകളുടെ വളര്‍ച്ചയെ കൂടുതല്‍ സഹായിക്കും. കുട്ടികളില്‍ ഇവ എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. 

ആറ്... 

ആഹാരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ മുട്ട, സോയ, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ നന്നായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്. 

ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗവും എല്ലുകൾക്ക് കാര്യമായി ക്ഷയം ഉണ്ടാക്കാം. അവയില്‍ ചിലത് നോക്കാം. 

ഒന്ന്...

എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുന്നവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. ഒരു ദിവസം ഒരു ടീസ്പൂൺ ഉപ്പിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

രണ്ട്...

കഫൈനിന്റെ അമിത ഉപയോഗം കാത്സ്യത്തിന്‍റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ കഫൈന്‍ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.

മൂന്ന്... 

മദ്യപിക്കുന്നത് ഭാവിയില്‍ എല്ലുകളുടെ സാന്ദ്രത കുറയാന്‍ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ മദ്യപാനം കുറയ്ക്കുക. 

Also Read: ശരീരത്തില്‍ 'വിറ്റാമിന്‍ ഡി' കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios