അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം: ഇടപെട്ട് കേന്ദ്രം, ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചു

By Web TeamFirst Published Oct 19, 2020, 5:35 PM IST
Highlights

അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാൻ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. അസംമുഖ്യമന്ത്രി മിസോറം മുഖ്യമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി. പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തി

ഐസ്വാൾ: അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാൻ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. അസംമുഖ്യമന്ത്രി മിസോറം മുഖ്യമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി. പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തി. 

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു. 164 കിലോമീറ്റര്‍ നീളുന്ന അസം-മിസോ അതിര്‍ത്തിയിലെ ചില പ്രദേശങ്ങൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ തര്‍ക്കവിഷയമാണ്. ഇതേചൊല്ലിയുള്ള  സംഘര്‍ഷങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 

പ്രശ്നപരിഹരാത്തിനായി ചര്‍ച്ചകൾ തുടരുകയാണെന്ന് മിസോറം ഗവര്‍ണര്‍ പിഎസ്.ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  മിസോ-അസം അതിര്‍ത്തിയിൽ ഏറെ നാളായി പുകയുന്ന തര്‍ക്കങ്ങളാണ് ഇന്നലെ വലിയ സംഘര്‍ഷമായി മാറിയത്. 

അതിര്‍ത്തിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.  അതിര്‍ത്തിയിലെ ലൈലാപ്പൂര്‍ മേഖലയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കി.  

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മിസോറം അതിര്‍ത്തിയിൽ നിര്‍മ്മിച്ചിരുന്ന പരിശോധന ടെന്‍റുകൾ തകര്‍ത്തതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. പിന്നീട് രണ്ട് സംസ്ഥാനത്തുള്ളവര്‍ തമ്മിൽ കല്ലേറും അക്രമങ്ങളുമായി  സംഘര്‍ഷം നീണ്ടു. കേന്ദ്ര സേനയും ഇരുസംസ്ഥാന പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. 
 

click me!