ദില്ലി: അയോധ്യ - ബാബ്‍റി മസ്ജിദ് ഭൂമി തര്‍ക്ക കേസിൽ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കൽ ഇന്ന് അവസാനിച്ചേക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി മാറും അയോധ്യ കേസ്. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളിൽ ഭരണഘടനാ ബഞ്ച് വിധി പറയും.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേൾക്കുന്നത്. ഇന്നത്തോടെ വാദം കേൾക്കൽ 40-ാമത്തെ ദിവസമാകും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസം.
അയോധ്യ തന്നെയാണ് രാമന്‍റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നുമാണ് ഹിന്ദുസംഘടനകൾ വാദിക്കുന്നത്. 1989 വരെ ഹിന്ദു സംഘടനകൾ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡ് മറുവാദവും ഉയർത്തുന്നു.
ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കൽ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്.
തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കേസിൽ അന്തിമവാദം കേൾക്കാൻ ഭരണഘടനാ ബഞ്ച് തീരുമാനിച്ചത്.
ഇന്ന് കേസ് വിധി പറയാൻ മാറ്റിവെക്കും. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവം എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കിൽ വീണ്ടും, കേസ് ഒരിക്കൽക്കൂടി പുതിയ ബഞ്ചിന് വിട്ട് പുതുതായി വാദം കേൾക്കേണ്ടി വരും. അതായത്, ഈ പ്രക്രിയ മുഴുവൻ ആവർത്തിക്കേണ്ടി വരും.
ആയിരക്കണക്കിന് രേഖകൾ ഉള്ള കേസിൽ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങൾ.
Read more at: ബാബറിന്‍റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടന; അയോധ്യ കേസ് വാദം 39-ാം ദിവസം
നടന്നത് മാരത്തൺ വാദം കേൾക്കൽ
ഒക്ടോബർ 18 വരെ വാദം കേൾക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ ആ സമയം വെട്ടിക്കുറച്ച് ഒക്ടോബർ 16-നകം തന്നെ വാദം കേൾക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ ഇങ്ങനെ തിരക്ക് പിടിച്ച് വാദം കേൾക്കുന്നത് അവസാനിപ്പിക്കരുതെന്ന് സുന്നി വഖഫ് ബോർഡ് അടക്കമുള്ള കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടു.
ബുധനാഴ്ച രാവിലെ തുടങ്ങുന്ന വാദം കേൾക്കൽ വൈകിട്ട് അഞ്ച് മണി വരെ തുടരുമെന്നും, ഇതിന് ശേഷം തുടരാനുള്ള വാദങ്ങൾ എഴുതി നൽകാൻ സമയം നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചരിത്രപരമായ വിധിപ്രസ്താവത്തിന് സുപ്രീംകോടതിയുടെ പക്കൽ വെറും നാലാഴ്ച മാത്രമാണ് ബാക്കി. ആ സമയത്തിനുള്ളിൽ വിധിപ്രസ്താവം തയ്യാറാക്കുന്നത് വെല്ലുവിളി തന്നെയാകും. പതിറ്റാണ്ടുകളായി സുപ്രീംകോടതിയിൽ ഇഴഞ്ഞു നീങ്ങിയിരുന്ന കേസ്, ദൈനംദിന വാദംകേൾക്കലുമായി വേഗത്തിലാക്കാൻ തീരുമാനിച്ചത് ചീഫ് ജസ്റ്റിസാണ്.
അയോധ്യയിലെ പ്രധാന തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം മൂന്നായി വിഭജിക്കാനാണ് അലഹബാദ് ഹൈക്കോടതി 2010 സെപ്റ്റംബറിൽ വിധിച്ചത്. 1992 ഡിസംബർ 6-ന് കർസേവകർ ബാബ്‍റി മസ്ജിദ് പൊളിക്കും വരെ പള്ളി നിലനിന്ന ഭൂമിയടക്കമാണിത്. നിർമോഹി അഖാരയ്ക്കും, സുന്നി വഖഫ് ബോർഡിനും, രാംലല്ല വിരാജ്‍മാനിനുമായി മൂന്നായി തുല്യമായി വിഭജിക്കാനായിരുന്നു നിർദേശം. ഇതിൽ എല്ലാ കക്ഷികൾക്കും എതിർപ്പുണ്ടായിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസിൽ മധ്യസ്ഥശ്രമം തുടങ്ങിയപ്പോൾ ആദ്യം പിൻമാറിയത് ഹിന്ദുസംഘടനയായ രാംലല്ല വിരാജ്മാനാണ്. ഒത്തുതീർപ്പ് സമ്മതമല്ലെന്ന് ഈ സംഘടന അറിയിച്ചതോടെ സുന്നി വഖഫ് ബോർഡും സമവായത്തിൽ നിന്ന് പിൻമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam