Asianet News MalayalamAsianet News Malayalam

ബാബറിന്‍റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടന; അയോധ്യ കേസ് വാദം നാളെ അവസാനിക്കും

മുസ്ലിം വിശ്വാസികള്‍ക്ക് എവിടെയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50-60 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ശ്രീരാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല.

Ayodhya case: correct historical mistake of Babur, says Ram Lalla Virajman, hearing ends tomorrow
Author
New Delhi, First Published Oct 15, 2019, 6:49 PM IST

ദില്ലി: മുഗള്‍ ഭരണാധികാരി ബാബറിന്‍റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് അയോധ്യക്കേസില്‍ ഹിന്ദു സംഘടനയായ രാം ലല്ല വിരാജ്മാന്‍. രാമജന്മഭൂമിയില്‍ വിദേശത്ത് നിന്നെത്തി ഇന്ത്യ കീഴടക്കിയ ഭരണാധികാരി പള്ളി നിര്‍മിച്ചത് തെറ്റാണെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ പരാശരന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയില്‍ വന്ന് ഞാന്‍ ബാബര്‍, ഞാനാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല. ശക്തരായ ഹിന്ദു ഭരണാധികാരികള്‍ ഉണ്ടായിട്ട് പോലും മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തിയതിന് ഉദാഹരണങ്ങളില്ല. അയോധ്യ കേസില്‍ ഈ ഭാഗം പ്രധാനപ്പെട്ടതാണെന്നും അഭിഭാഷകന്‍ വാദിച്ചു. മുസ്ലിം വിശ്വാസികള്‍ക്ക് എവിടെയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50-60 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ശ്രീരാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല.

മുസ്ലിംകള്‍ക്ക് എല്ലാ പള്ളികളും തുല്യമാണ്. രാമജന്മഭൂമിക്ക് വേണ്ടി ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം എപ്പോഴും ക്ഷേത്രമായിരിക്കുമെന്നും പരാശരന്‍ വാദിച്ചു. ആ കെട്ടിടം മുസ്ലിം പള്ളിയാണ്. അത് പൊളിച്ചു കളഞ്ഞെങ്കില്‍ നമുക്ക് എന്ത് ചെയ്യാനാകുമെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു. ഹിന്ദു നിയമത്തിന്‍റെയും ഇംഗ്ലീഷ് നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ഭാഗം പരിശോധിക്കണമെന്ന് പരാശരന്‍ മറുപടി നല്‍കി.

40 ദിവസമായി അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേൾക്കൽ ബുധനാഴ്ച അവസാനിക്കുകയാണ്.  എല്ലാ കക്ഷികകൾക്കും വാദിക്കാനായി ഇനി  45 മിനിറ്റ് വീതം സമയം മാത്രമെ നൽകൂവെന്നും കോടതി പറഞ്ഞു. നാളെ വൈകീട്ട് 5 മണിവരെ കൂടി  കേസിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്ന് ഹിന്ദു സംഘടനകൾക്ക് വേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥന്‍റെ വാദം തടസ്സപ്പെടുത്താൻ വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ ശ്രമിച്ചത് കോടതിയിൽ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. ചീഫ് ജസ്റ്റിസ് ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios