ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്ക്, രാജ്യത്തെ കൊവിഡ് കണക്കിന്‍റെ നാൾവഴികൾ

By Arun Raj K MFirst Published Apr 12, 2020, 11:50 PM IST
Highlights

ആഘോഷങ്ങളും സമരങ്ങളും നി‌ർമ്മാണവുമെല്ലാം നി‌ർത്തിവച്ച് നാല് ചുവരുകൾക്കത്തേക്ക് ഇന്ത്യാ മഹാരാജ്യം ചുരുങ്ങേണ്ടി വന്നതെങ്ങനെയാണ്, ഇന്ത്യയിലെയും കേരളത്തിലെയും കൊവിഡിന്‍റെ നാൾവഴികളിലേക്ക്.....

വിജനമായ തെരുവുകൾ, ഭീതിയോടെ മാത്രം പുറത്തിറങ്ങുന്ന മനുഷ്യ‌ർ. നിശബ്ദമായ മഹാന​ഗരങ്ങൾ, ട്രെയിനുകൾ ഓട്ടം നി‌ർത്തി. ജനം വീട്ടിനുള്ളിൽ അടച്ചുപൂട്ടി കഴിയുകയാണ്. ലോക്ക് ഡൗൺ ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. സയൻസ് ഫിക്ഷൻ കഥയല്ല, ഹോളിവുഡിലെ ലോകാവസാന കഥയല്ല, ഇന്നിന്റെ യാഥാ‌ർത്ഥ്യമാണ്. മാർച്ച് രണ്ടിന് വെറും മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നിടത്ത് നിന്ന് കമ്പോളങ്ങളും വ്യവസായ ശാലകളും ആഘോഷങ്ങളും സമരങ്ങളും നി‌ർമ്മാണവുമെല്ലാം നി‌ർത്തിവച്ച് നാല് ചുവരുകൾക്കത്തേക്ക് ഇന്ത്യാ മഹാരാജ്യം ചുരുങ്ങേണ്ടി വന്നതെങ്ങനെയാണ്, ഇന്ത്യയിലെയും കേരളത്തിലെയും കൊവിഡിന്‍റെ നാൾവഴികളിലേക്ക്.....
 

ആദ്യത്തെ കേസ്

ജനുവരി 30 , രാജ്യത്തേയും കേരളത്തിലെയും ആദ്യത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിക്കപ്പെടുന്നു, ചൈനയിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിയായിരുന്നു രോഗി, അന്ന് ഈ രോഗത്തിന് കൊവിഡെന്ന് പേര് പോലും നൽകപ്പെട്ടിട്ടില്ലെന്നോർക്കണം അങ്ങ് ദൂരെയൊരു നാട്ടിൽ  ഈ വൈറസ് ബാധിച്ച് കുറേ പേർ മരിച്ചുവെന്നും ഒരു വലിയ പ്രദേശം മുഴുവൻ അടച്ച് പൂട്ടപ്പെട്ടുവെന്നുമെല്ലാം കേട്ട് കേൾവി മാത്രമുള്ള മലയാളിക്ക് മുമ്പിലേക്ക് ഈ രോഗത്തിന്‍റെ എൻട്രി അങ്ങനെയായിരുന്നു, ഫെബ്രുവരി രണ്ടിനും മൂന്നിനും ഓരോ വിദ്യാർത്ഥികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 3 പേർ. എല്ലാവരും സുഖപ്പെട്ട് ആശുപത്രി വിട്ടു. കൊറോണയുടെ ആദ്യവരവിൽ ആരോഗ്യ കേരളം അവനെ പിടിച്ചു കെട്ടി. 

പക്ഷേ അവൻ രണ്ടാമതൊന്ന് കൂടി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല, ചൈനയും കടന്ന് ഇറ്റലിയിലും സ്പെയ്നിലും ഇറാനിലും ആയിരങ്ങളുടെ ജീവനെടുത്ത് ഇന്ത്യയിലേക്ക് വീണ്ടും കടന്ന് വരുമെന്ന് കണക്ക് കൂട്ടാൻ ആർക്കും ദീർഘവീക്ഷണമില്ലാതെ പോയി, ഫെബ്രുവരി 11നാണ് “severe acute respiratory syndrome coronavirus 2 (SARS-CoV-2) എന്ന് പുതിയ വൈറസിന് പേര് നൽകപ്പെട്ടതും, ആ വൈറസ് ഉണ്ടാക്കുന്ന രോഗത്തിന് കൊവിഡ് 19 എന്ന പേരും ലോകാരോഗ്യ സംഘടന ചാർത്തി കൊടുത്തത്. 

രണ്ടാം വരവ്

വൈറസ് ഇന്ത്യയിലേക്ക് രണ്ടാം വരവ് നടത്തിയത് മാർച്ചിൽ, ഔദ്യോഗിക കണക്കനുസരിച്ച് മാർച്ച് മൂന്നിന് ദില്ലയിൽ 1, തെലങ്കാനയിൽ 1, രാജസ്ഥാനിൽ രണ്ട് എന്ന നിലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അടുത്ത ദിവസം ഹിമാചൽ പ്രദേശിൽ 14 വിദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുപിയിൽ ആറ് പേർക്കും, കൂടി രോഗം സ്ഥിരീകരിക്കപ്പെട്ടു. 

മാ‌ർച്ച് എട്ട്, കേരളം വിറച്ച ദിവസം

എന്നാൽ കേരളം ഞെട്ടുന്നത് മാർച്ച് എട്ടിനാണ്. ആറ്റുകാൽ പൊങ്കാലയെന്ന ജനസംഗമം അടുത്ത ദിവസം നടക്കാനിരിക്കെ ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനം വിളിച്ച് ചേർത്തു, കേരളത്തിൽ 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടു. 
ആ വാർത്താ സമ്മേളനത്തിന്‍റെ മുഴുവൻ രൂപം താഴെ കൊടുക്കുന്നു, ഈ വേളയിൽ ഒന്ന് കൂടി കേട്ട് നോക്കാവുന്നത് തന്നെയാണ്....

ഇറ്റലിയിൽ നിന്നെത്തിയ ആളുടെ സഹോദരൻ പനിക്ക് ചികിത്സ തേടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആനന്ദിന് തോന്നിയ സംശയം. ആശുപത്രി സൂപ്രണ്ട് ശംഭുവുമായി ഡോക്ടർ ആനന്ദ് ആ സംശയം പങ്കുവെച്ചു തുടർന്ന് സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടു. കേരള സ‍‌ർക്കാർ ഉണർന്ന് പ്രവർത്തിച്ചു, പത്തനംതിട്ടയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വന്നു, റൂട്ട് മാപ്പും കോൺടാക്ട് ട്രെയിസിംഗും ഒക്കെയായി ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ ഒരു ക‍ർമ്മപദ്ധതി തയ്യാറായി. മാ‌ർച്ച് 10ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു. 

മാ‌ർച്ച് 12ന് വൈകിട്ട് ആറ് മണിക്ക് വാ‍‌ർത്താസമ്മേളനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നു. അന്ന് രണ്ട് കേസുകൾ കൂടി പൊസിറ്റീവായി. എല്ലാം നിയന്ത്രണ വിധേയമെന്നായിരുന്നു അന്നും പ്രതീക്ഷ, കേരളത്തിൽ അത് വരെ 19 കേസുകൾ ( രോഗം ഭേദമായ 3 പേ‍‌ർ ഉൾപ്പെടെ ), ഇന്ത്യയിൽ ആകെ 73 കേസുകൾ. പക്ഷേ പ്രതിസന്ധികൾ ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. 

കാസർകോട്......

മാർച്ച് 20 , കേരളത്തിൽ 12 പുതിയ കേസുകൾ സ്ഥിരീകരിച്ചു, ആദ്യമായി പുതിയ കേസുകളുടെ എണ്ണം രണ്ടക്കം കടന്ന ദിവസം, എന്നാൽ ആശങ്ക ആ എണ്ണത്തിൽ മാത്രമായിരുന്നില്ല. ആശങ്ക കാസ‌ർകോട്ടെ ഒരു രോഗിയായിരുന്നു. മുഖ്യമന്ത്രി അന്ന് പറഞ്ഞ വാക്കുകൾ അത് പോലെ താഴെ ചേ‍‍‌ർക്കുന്നു

"ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് പറയുമ്പോൾ അത് നാം ഗൗരവമായി ഈ കാര്യങ്ങളെടുക്കേണ്ടതുണ്ടെന്ന് കാണിക്കുന്നു. എറണാകുളത്ത് വിദേശ ടൂറിസ്റ്റുകൾക്കാണ് രോഗം ബാധിച്ചത്. അവർ ആദ്യം മുതലേ നിരീക്ഷണത്തിലായിരുന്നു. കാസർകോടിന്റെ കാര്യം വളരെ വിചിത്രമാണ്. ഈ ബാധിച്ചയാള് കരിപ്പൂരാണ് ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം കോഴിക്കോട് പോയി. അവിടെ നിന്ന് ട്രെയിനിൽ കാസർകോടേക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിൽ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. പൊതുപരിപാടി, ഫുട്ബോൾ കളി അങ്ങനെ. വീട്ടിലെ ചടങ്ങിന് ആതിഥേയനായിട്ടുണ്ട്. ഈ ചടങ്ങിന് നിരവധിയാളുകൾ വന്നു. രണ്ട് എംഎൽഎമാരും പങ്കെടുത്തു. ഒരാളെ ഇദ്ദേഹം കൈയ്യിൽ പിടിച്ചു. അടുത്തയാളെ കെട്ടിപ്പിടിച്ചു. ഇപ്പോൾ കാസർകോട് പ്രത്യേക കരുതൽ വേണ്ട സ്ഥിതിയാണ്.  ആവർത്തിച്ച് ജാഗ്രത പാലിക്കണം എന്ന് സർക്കാർ അഭ്യർത്ഥിച്ചു. എന്നാൽ ഇതുപോലെ ചിലർ അതിന് സന്നദ്ധരായില്ല. അതിന്റെ വിനയാണിത്," 

അന്നത്തെ റിപ്പോർട്ട് വായിക്കാം: 'കാസർകോട്ടെ കാര്യം വിചിത്രം, സ്ഥിതി ഗുരുതരം'; ആശങ്ക മറച്ചുവക്കാതെ മുഖ്യമന്ത്രി

പിന്നീടങ്ങോട്ട് കേരളത്തിൽ രോഗികൾ കൂടിയതെങ്ങനെയെന്ന് താഴെ നൽകിയിട്ടുള്ള ഗ്രാഫ് നോക്കിയാൽ മനസിലാകും, മാ‌‌‍‌ർച്ച് 24ന് കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു, മാ‌ർച്ച് 29ന് അത് 200 കടന്നു, ഏപ്രിൽ നാലിന് മുന്നൂറും. ഇതിനിടയിൽ മാർച്ച് 23ന് കേരളം സമ്പൂ‌ർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

(ഗ്രാഫ് കാണാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക) 

 

 

ആദ്യ മരണം.

കേരളത്തിലെ ആദ്യ കൊവിഡ് മരണം മാർച്ച് 28നായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69-കാരൻ മാ‌ർച്ച് 31ന് മരിച്ചതോടെ കേരളത്തിൽ മരണം രണ്ടായി. ഏപ്രിൽ മൂന്നിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാഹി സ്വദേശിയും മരണത്തിന് കീഴടങ്ങി.

ഇപ്പോൾ കേരളം പ്രതീക്ഷയുടെ പാതയിലാണ്. ഏപ്രിൽ മൂന്നിന് ആദ്യമായി രോഗം ഭേദമായവരുടെ എണ്ണം പുതിയ രോഗബാധിതരെക്കാൾ കൂടതലായി, അന്ന് 9 പേ‌ർക്ക് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ 14 പേ‍ർ കൊവിഡ് ഭേദമായി. ഏപ്രിൽ ഏഴ് മുതൽ ഈ ലേഖനം എഴുതുന്ന ഏപ്രിൽ 12-ാം തീയതി ഉച്ചവരെയുള്ള ദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണം പുതിയ രോഗ ബാധിതരെക്കാൾ കൂടുതലാണ്. ഈ ലേഖനം എഴുതുമ്പോൾ 179 പേർ രോഗമുക്തി നേടിക്കഴിഞ്ഞു,ചികിത്സയിലുള്ളത് 194 പേർ മാത്രം...

പരിശോധനയുടെ കണക്കുകൾ


ഇതെല്ലാം നടക്കുമ്പോൾ രാജ്യത്ത് കാര്യങ്ങൾ മാറി മറിയുകയായിരുന്നു. 

 

 

മാ‌ർച്ച് രണ്ടിനാണ് കേരളത്തിന് പുറത്ത് ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ദില്ലിയിലെ 45സകാരനും , യുഎഇയിലേക്ക് യാത്ര ചെയ്ത ഹൈദരാബാദിലെ 24 കാരൻ എഞ്ചിനിയറും, പിന്നെ ജയ്പ്പൂരിൽ വച്ച് ഒരു ഇറ്റാലിയൻ സ്വദേശിക്കും രോ​ഗം സ്ഥിരീകരിച്ചു. കൊവിഡിന്റെ രണ്ടാം വരവ് അങ്ങനെയായിരുന്നു. 

ദില്ലി സ്വദേശി സഞ്ചരിച്ച എയ‌ർ ഇന്ത്യ വിമാനത്തിലെ 15 ക്രൂ അം​ഗങ്ങളെ പതിനാല് ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്തു. ആ​ഗ്രയിലെ ഇയാളുടെ ആറ് കുടുംബാ​ഗങ്ങളെയും നിരീക്ഷണത്തിലാക്കി, ഇയാളുടെ കുട്ടിയുടെ ബ‌‌ർത്ത്ഡേ പാ‌‌ർട്ടിയിൽ നോയിഡയിലെ രണ്ട് സ്കൂളിലെ വിദ്യാ‌ത്ഥികൾ പങ്കെടുത്തുവെന്നറിഞ്ഞതോടെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് പൂട്ടിയിടേണ്ടി വന്നു. 

മാർച്ച് 4: ഇറ്റാലിയൻ സ്വദേശികളായ 14 വിദേശ സഞ്ചാരികൾക്ക് രോ​ഗം സ്ഥിരീകരിച്ചു. നേരത്തെ രോ​ഗം സ്ഥിരീകരിച്ച ദില്ലി സ്വദേശിയുടെ ആ​ഗ്രയിലെ ആറ് ബന്ധുക്കൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ പെടിഎം ജീവനക്കാരനും രോദം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോ​ഗബാധിതരുടെ എണ്ണം 29 ആയി.

മാർച്ച് അഞ്ചിന് തെലങ്കാനയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അപ്പോഴും രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനതയ്ക്കും ഇതൊരു വിഷയമേ ആയിരുന്നില്ല, മാ‌‍‌ർച്ച് എട്ടിന് കേരളം വീണ്ടു സ്ഥിരീകരിച്ചു. മാ‌ർച്ച് പത്തിന് ഇന്ത്യയിലെ ആകെ രോ​ഗികളുടെ എണ്ണം അമ്പത് കടന്നു, 

എന്നാൽ ഇതിനിടയിൽ മാ‌ർച്ച് 9ന് മഹാരാഷ്ട്രയിൽ രണ്ട് പേ‌ർക്ക് കൊവിഡ് 19 റിപ്പോ‌ർട്ട് ചെയ്തത് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല. ദുബായിയിൽ നിന്ന് തിരിച്ചെത്തിയ പൂനെ സ്വദേശികളായ ദമ്പതികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

മാ‌‌‌ർച്ച് 11ന് മഹാരാഷ്ട്രയിൽ ആകെ രോ​ഗബാധിരുടെ എണ്ണം 10 ആയി. മുംബൈ ന​ഗരത്തിൽ നിന്ന് രണ്ട് പേ‌ർക്ക് ആദ്യമായി രോ​ഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമെന്ന നിലയിലേക്ക് അവിടെ നിന്ന് മഹാരാഷ്ട്ര മാറിയതെങ്ങനെയെന്ന് താഴെയുള്ള ഗ്രാഫ് നോക്കിയാൽ മനസിലാക്കാം.
 

രാജ്യത്തെ ആദ്യ കൊവിഡ് മരണം ക‌‌‌‌ർണാടകയിലെ കൽബു‌ർ​ഗിയിൽ നടന്നതും മാർച്ച് 11നായിരുന്നു. എന്നാൽ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചത് രണ്ട് ദിവസം കൂടി കഴിഞ്ഞ് മാ‌ർച്ച് 13നായിരുന്നു. മാ‌ർച്ച് പതിമൂന്നിന് തന്നെയായിരുന്നു ഇന്ത്യയിലെ രണ്ടാമത്തെ കൊവിഡ് മരണവും. ദില്ലിയിൽ ചികിത്സയിലായിരുന്ന 69കാരിയായിരുന്നു രോ​ഗത്തിന്റെ രണ്ടാമത്തെ ഇര. വിദേശ യാത്ര നടത്തിയ മകനിൽ നിന്നായിരുന്നു ഇവ‌ർക്ക് രോ​ഗം പക‌ർന്നത്.

 

ഔദ്യോ​ഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മാ‌ർച്ച് 15ന് നൂറ് കടന്നു. മാ‌ർച്ച് 20ന് മാത്രം രാജ്യത്ത് 50 പുതിയ കേസുകൾ റിപ്പോ‌ർട്ട് ചെയ്തു ( ഔദ്യോ​ഗിക കണക്കുകളനുസരിച്ച് ) അത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർധനവായിരുന്നു ഇത്. രാജ്യത്തെ ആകെ രോ​ഗബാധിതരുടെ എണ്ണം അന്ന് 200 കടന്നു. 

മാർച്ച് 19ന് വൈകിട്ട് എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കർശന നിയന്ത്രണങ്ങളും പ്രഖ്യാപനങ്ങളും പ്രതീക്ഷിച്ച ജനതയ്ക്ക് മുമ്പിൽ ജനതാ ക‌ർഫ്യൂ എന്ന ആശയമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. മാ‌ർച്ച് 22ന് രാവിലെ ഏഴ് മണിമുകൽ രാത്രി 9 മണിവരെ ആരും പുറത്തിറങ്ങരുതെന്നായിരുന്നു ആഹ്വാനം. വൈകിട്ട് അഞ്ച് മണിക്ക് വീടിൻ്റെ ബാൽക്കണിയിൽ നിന്ന് കൈകൊട്ടുകയോ പാത്രങ്ങൾ മുട്ടുകയോ ചെയ്ത് ആരോ​ഗ്യപ്രവ‌ർത്തകരെ അഭിനന്ദിക്കണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു. മാർച്ച് 22ന് ഇന്ത്യൻ റെയിൽവേ സ‌ർവ്വീസ് നി‌ർത്തിവച്ചു. 

മാ‌ർച്ച് 23 ആദ്യമായി പ്രതിദിന വർധനവ് മൂന്നക്കം കടന്നു, 107 കേസുകൾ. മാർച്ച് 24ന് പ്രധാനമന്ത്രി രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതിനും ഒരു ദിവസം മുമ്പേ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം തന്നെ ആകെ രോ​ഗബാധിതരുടെ എണ്ണം ഔദ്യോ​ഗിക കണക്ക് പ്രകാരം 500 കടന്നു. 

മാർച്ച് 29ന് രാജ്യത്തെ രോ​ഗികളുടെ എണ്ണം ആയിരം കടന്നു, കൊവിഡ് രണ്ടാമത് സ്ഥിരീകരിച്ചതിന് ശേഷം ഈ സംഖ്യയിലേക്കെത്താൻ വേണ്ടി വന്നത് 27 ദിവസങ്ങൾ. എന്നാൽ കേസുകളുടെ എണ്ണം രണ്ടായിരം കടക്കാൻ വേണ്ടി വന്നതാകട്ടെ വെറും അഞ്ച് ദിവസങ്ങൾ മാത്രം. ഏപ്രിൽ രണ്ടിന് രോ​ഗബാധികരുടെ എണ്ണം 2069, രാജ്യത്തെ മരണ സംഘ്യ അന്നേ ദിവസം അമ്പത് കടന്നു. 

ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾ കൊണ്ട് ആകെ രോ​ഗബാധിതരുടെ എണ്ണം 3000 കടന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞ് ഏപ്രിൽ ആറായപ്പോൾ അത് 4281 ആയി. രാജ്യത്ത് കൊവിഡ് മരണങ്ങൾ നൂറ് കടന്നു. മാർച്ച് 31ന് ദില്ലി  നിസാമുദ്ദീനിൽ നടന്ന തബ്ലീ​ഗി ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്തവരിൽ വലിയൊരു ശതമാനത്തിന് രോ​ഗബാധ സ്ഥിരീകരിക്കപ്പെട്ടു, ഏപ്രിൽ ആറ് വരെയുള്ള കണക്കിൽ വിവിധ സംസ്ഥാനങ്ങളിലായി 1,445 പേ‌ർക്കാണ് തബ്ലീ​ഗ് സമ്മേളനത്തിലൂടെ രോ​ഗം പക‍ർന്നത്.

ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ഏപ്രിൽ പത്തിന് രോ​ഗബാധിരുടെ എണ്ണം 6761 ആയി. ഒരു ദിവസത്തെ വ‌ർദ്ധനവ് 896 കേസുകൾ. അന്ന് മരണ സംഘ്യ 200 കടന്നു.

ഏപ്രിൽ 11ന് രോ​ഗികളുടെ എണ്ണം 7000 കടന്നു, ഈ ലേഖനം എഴുതി തീ‌ർക്കുന്ന ഏപ്രിൽ 12ന് അവസാനത്തെ ഔദ്യോ​ഗിക അപ്ഡേറ്റ് അനുസരിച്ച് രാജ്യത്ത് 8447 രോ​ഗബാധിതരുണ്ട്. 918 പേ‌ർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. മരണം 273. 

.

 

ലോക്ക് ഡൗൺ നീട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു,കൊവിഡ് കേസുകളുടെ എണ്ണം ഇന്നോ നാളെയോ പതിനായിരമെന്ന വലിയ സംഖ്യയിലേക്കെത്തിയേക്കാം,ലക്ഷ്യം ആ സംഖ്യയിലേക്കുള്ള യാത്രയുടെ വേഗം കുറയ്ക്കുകയാണ്.

(തയ്യാറാക്കിയത് അരുൺ രാജ് )
click me!