തിരുവനന്തപുരം: ഇന്നലെ വരെ സംസ്ഥാനത്ത് പേടിക്കേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധയേറ്റ 12 പേരെയാണ് ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തിയ കാസർകോട് സ്വദേശിയാണ് കേരളത്തെ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിച്ചത്. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഗൗരവതരമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

"ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് പറയുമ്പോൾ അത് നാം ഗൗരവമായി ഈ കാര്യങ്ങളെടുക്കേണ്ടതുണ്ടെന്ന് കാണിക്കുന്നു. എറണാകുളത്ത് വിദേശ ടൂറിസ്റ്റുകൾക്കാണ് രോഗം ബാധിച്ചത്. അവർ ആദ്യം മുതലേ നിരീക്ഷണത്തിലായിരുന്നു. കാസർകോടിന്റെ കാര്യം വളരെ വിചിത്രമാണ്. ഈ ബാധിച്ചയാള് കരിപ്പൂരാണ് ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം കോഴിക്കോട് പോയി. അവിടെ നിന്ന് ട്രെയിനിൽ കാസർകോടേക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിൽ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. പൊതുപരിപാടി, ഫുട്ബോൾ കളി അങ്ങനെ. വീട്ടിലെ ചടങ്ങിന് ആതിഥേയനായിട്ടുണ്ട്. ഈ ചടങ്ങിന് നിരവധിയാളുകൾ വന്നു. രണ്ട് എംഎൽഎമാരും പങ്കെടുത്തു. ഒരാളെ ഇദ്ദേഹം കൈയ്യിൽ പിടിച്ചു. അടുത്തയാളെ കെട്ടിപ്പിടിച്ചു. ഇപ്പോൾ കാസർകോട് പ്രത്യേക കരുതൽ വേണ്ട സ്ഥിതിയാണ്.  ആവർത്തിച്ച് ജാഗ്രത പാലിക്കണം എന്ന് സർക്കാർ അഭ്യർത്ഥിച്ചു. എന്നാൽ ഇതുപോലെ ചിലർ അതിന് സന്നദ്ധരായില്ല. അതിന്റെ വിനയാണിത്," എന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ട് പേർ അവരുടെ കുടുംബാംഗങ്ങളും രണ്ട് പേർ ഗൾഫിൽ നിന്ന് വന്നവരുമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

"ഇപ്പോൾ കാസർകോട് ജില്ലയിൽ എല്ലാ പരീക്ഷകളും റദ്ദാക്കേണ്ട സാഹചര്യം വന്നു. അപ്പോൾ മറ്റിടത്ത് പരീക്ഷകൾ നടത്താനാവില്ല. അതിനാലാണ് എല്ലായിടത്തും റദ്ദാക്കിയത്. കാസർകോട് ഒരാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥിതിയായി. അത്യാവശ്യ വിഭാഗങ്ങളിലെ ജീവനക്കാർ 50 ശതമാനം വീതം ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിലെത്തണം. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ശനിയാഴ്ച അവധി. ആഴ്ചയിൽ അഞ്ച് ദിവസമേ ഓഫീസുകൾ പ്രവർത്തിക്കൂ," മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലെവരെ കണ്ടത് പോലെയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അഞ്ച് പേർ എറണാകുളത്തും ആറ് പേർ കാസർകോടും ഒരാൾ പാലക്കാടുമാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 44165 പേർ വീടുകളിലാണ്. 225 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13632 പേരാണ് നിരീക്ഷണത്തിലുള്ളത്. 5570 പേർക്ക് രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. 3336 സാമ്പിളുകൾ പരിശോധിച്ചു."

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക