മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇപിഎസ്, പാർട്ടി നേതൃപദവിയിൽ ഒപിഎസ്, സമവായമായി

Published : Oct 07, 2020, 10:30 AM ISTUpdated : Oct 07, 2020, 10:33 AM IST
മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇപിഎസ്, പാർട്ടി നേതൃപദവിയിൽ ഒപിഎസ്, സമവായമായി

Synopsis

സമവായത്തിൽ പോകണമെന്ന കർശനനിർദേശം ബിജെപിയിൽ നിന്ന് വന്നുവെന്നാണ് സൂചന. തമിഴ്നാട്ടിലെ രണ്ട് പ്രബലജാതിവിഭാഗങ്ങൾ തമ്മിലുള്ള സമവായമാണ് അണ്ണാ ഡിഎംകെയെ എക്കാലവും നിലനിർത്തിപ്പോന്നത്. 

ചെന്നൈ: അണ്ണാഡിഎംകെയിലെ നേതൃത്വതർക്കത്തിൽ താൽക്കാലിക വെടിനിർത്തൽ. 2021-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമി തന്നെ കളത്തിലിറങ്ങും. പാർട്ടിയുടെ നേതൃപദവി ഒ പനീർശെൽവത്തിനും നൽകാൻ അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ധാരണയായി. ഇപിഎസ്സും ഒപിഎസ്സും ചേർന്നാണ് പാർട്ടി ആസ്ഥാനത്ത് വച്ച് ഈ പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ കേന്ദ്രനേതാക്കൾ ഇന്ന് രാവിലെ ഇരുനേതാക്കളുമായി ബന്ധപ്പെട്ടതായാണ് സൂചന. ഒന്നിച്ചുപോയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന കർശന നിർദേശം ബിജെപി നൽകിയതിനെത്തുടർന്നാണ് സമവായമായതെന്നാണ് സൂചന. 

ഇതോടൊപ്പം പാർട്ടിയുടെ ഭരണകാര്യങ്ങൾ തീരുമാനിക്കാൻ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെയും തീരുമാനിച്ചു. ഇതിൽ 6 പേർ ഇപിഎസ്സ് വിഭാഗത്തിൽ നിന്നാണ്. 5 പേർ ഒപിഎസ്സ് വിഭാഗത്തിൽ നിന്നും. അവിടെയും കൂട്ടിക്കിഴിച്ച് നോക്കിയാൽ നഷ്ടം ഒപിഎസ്സിനാണ്. ചോദിച്ചത് മുഖ്യമന്ത്രിസ്ഥാനമാണ്. കിട്ടിയത് പാർട്ടി നേതൃപദവിയും. സ്റ്റിയറിംഗ് കമ്മിറ്റിയിൽ തുല്യവിഭജനം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം അംഗങ്ങൾ ഇപിഎസ്സ് പക്ഷത്തു നിന്നാണ്.

രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലും ഒപിഎസ്സിന്‍റെ വീട്ടിലും സജീവമായ ചർച്ചകളാണ് നടന്നത്. സമവായമുണ്ടായില്ലെങ്കിൽ പാർട്ടിയിൽ തുറന്ന പോര് നടക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കിയത്. മുതിർന്ന മന്ത്രിമാരായ സെങ്കോട്ടയ്യൻ, കടമ്പൂർ രാജു, ഡി ജയകുമാർ എന്നിവർ പളനിസ്വാമി പക്ഷത്താണ്. അതേസമയം, ഒപിഎസ്സിന്‍റെ വിശ്വസ്തരായ പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ കെ പി മുനിസാമി, മനോജ് പാണ്ഡ്യൻ, മുൻമന്ത്രിയായ നഥം വിശ്വനാഥൻ എന്നിവർ ഒപിഎസ്സിന്‍റെ ചെന്നൈ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനെല്ലാം ഇടയിൽ മറ്റ് മുതിർന്ന മന്ത്രിമാരെത്തി പരമാവധി സമവായചർച്ച നടത്തി. 

പാർട്ടിയിൽ ഒപിഎസ്സിനുള്ള സ്വാധീനം തീരെക്കുറവാണെന്നിരിക്കെ, കിട്ടിയത് ബോണസ്സായി കണക്കാക്കുകയാണ് പനീർശെൽവത്തിന് നല്ലത്. ശശികല പക്ഷവുമായി സമവായത്തിന് ശ്രമിക്കുകയടക്കം ചെയ്ത് ശക്തി കൂട്ടാൻ ശ്രമിച്ചെങ്കിലും അതൊന്നും നടപ്പായില്ല. 11 എംഎൽഎമാർ മാത്രമാണ് പ്രകടമായി ഒപിഎസ് പക്ഷത്തുണ്ടായിരുന്നത്.

തമിഴ്നാട്ടിലെ രണ്ട് പ്രബലജാതിവിഭാഗങ്ങൾ തമ്മിലുള്ള അധികാരസമവായമാണ് എന്നും അണ്ണാഡിഎംകെയെ നിലനിർത്തിപ്പോന്നത്. മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമി കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപ്പെട്ടയാളാണ്. ഒ പനീർശെൽവമാകട്ടെ തേവർ സമുദായത്തിൽപ്പെട്ടയാളും. ജയലളിതയുടെ തോഴി ശശികലയും തേവർ സമുദായക്കാരിയാണ്. ജയലളിത ജീവിച്ചിരുന്ന കാലത്ത് അണ്ണാഡിഎംകെ അടക്കി ഭരിച്ചിരുന്നത് തേവർ സമുദായമായിരുന്നെങ്കിൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ഇപിഎസ്സിന്‍റെ ഉയർച്ചയോടെ, ഗൗണ്ടർ സമുദായം പാർട്ടിയിൽ പിടിമുറുക്കി. പനീർശെൽവത്തിനെതിരെ ശശികല കൊണ്ടുവന്ന പാവ മുഖ്യമന്ത്രിയെന്ന പരിവേഷത്തിൽ നിന്ന് എടപ്പാടി പളനിസ്വാമി ഇന്ന് അണ്ണാഡിഎംകെയിൽ നിർണായകസ്വാധീനമുള്ള നേതാവായി വളർന്നുകഴിഞ്ഞിട്ടുണ്ട്. ജനസ്വാധീനം തമിഴ്നാട്ടിലെമ്പാടും എടപ്പാടിയ്ക്ക് ഉണ്ടോ എന്നത് സംശയമാണെങ്കിലും, പാർട്ടിയിലെ ഒരു പ്രധാനശക്തിയാണ് ഇപിഎസ്സ്. ശശികല പുറത്തായതോടെ, പാവ റോളിൽ നിന്ന് ഇപിഎസ്സ് കടിഞ്ഞാൺ കയ്യിലെടുത്തു. ശശികലയ്ക്കെതിരെ പട നയിച്ച് പുറത്തുപോയി തിരിച്ചുവന്ന പനീർശെൽവത്തിന് ഇതിനെ ശക്തമായി പ്രതിരോധിക്കാൻ കഴിയാതെയും പോയി.

തെരഞ്ഞെടുപ്പിന് മുമ്പ്, മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഡിഎംകെയെ സഹായിക്കുകയേ ഉള്ളൂ എന്ന മുന്നറിയിപ്പ് സമവായത്തിനായി ഓടി നടന്ന എല്ലാ മന്ത്രിമാരും ഇരുപക്ഷത്തിനും നൽകിയിരുന്നു. ഇതിന് പിന്നാലെ, ഒന്നിച്ചുനിന്നില്ലെങ്കിൽ ഒരു പിന്തുണയും കിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പ് ബിജെപിയും നൽകിയെന്നാണ് സൂചന. 

ജയലളിതയുടെ മരണശേഷം, അണ്ണാഡിഎംകെയുടെ വോട്ടുബാങ്ക് ചിതറിപ്പോയ സ്ഥിതിയാണ്. സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ എല്ലാ ശക്തിയോടെയും പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബിജെപി വിരുദ്ധനിലപാടോടെയാണ് ഡ‍ിഎംകെ പ്രചാരണം നടത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം