ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍; സര്‍ദാര്‍ വല്ലഭായ് പട്ടേലിനേക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍

By Web TeamFirst Published Oct 31, 2021, 2:51 PM IST
Highlights

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേൽ (Sardar Vallabhbhai Patel ). ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍ (Iron Man of India). പട്ടേൽ ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണെങ്കിലും അദ്ദേഹത്തെ കുറിച്ച് അറിയാത്ത നിരവധി വസ്തുതകളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയെ രൂപപ്പെടുത്തിയ വ്യക്തിത്വത്തെക്കുറിച്ച് അത്ര അറിയപ്പെടാത്ത ചില വസ്തുതകൾ പരിചയപ്പെടാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ( Indian National Congress)മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. 1947ല്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അദ്ദേഹം ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായും നിയമിതനായ നേതാവായിരുന്നു പട്ടേല്‍. ഇതിനൊപ്പം തന്നെ വാർത്താവിതരണ മന്ത്രാലയത്തിന്റെയും സംസ്ഥാന മന്ത്രാലയത്തിന്റെയും മേൽനോട്ടം അദ്ദേഹം വഹിച്ചു. 22ാം വയസില്‍ മെട്രിക്കുലേഷന്‍ പാസായ സര്‍ദാര്‍ വല്ലഭായി പട്ടേലിന് രാഷ്ട്രീയത്തില്‍ അശേഷം താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ 1917ലെ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജീവിതം മാറ്റി മറിച്ചത്. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയും. ഗുജറാത്ത് സഭയുടെ പാര്‍ട്ടി സെക്രട്ടറി ആവുകയും ചെയ്തു.

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഇരട്ടി പൊക്കം; ലോകത്തിലെ വലിയ പ്രതിമ ഇനി ഇന്ത്യയില്‍

36 വയസുള്ളപ്പോള്‍ പട്ടേല്‍ ഇംഗ്ലണ്ടിലെ ഇന്‍സ്ഓഫ് കോര്‍ട്ടില്‍ മൂന്ന് വര്‍ഷത്തെ കോഴ്സിന് ചേര്‍ന്നു. 30 മാസംകൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കിയ പട്ടേല്‍ ബാരിസ്റ്ററായി യോഗ്യത നേടുകയായിരുന്നു. പ്ലേഗും ക്ഷാമവും ഇന്ത്യയെ വലച്ചപ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഖേദയില്‍ നികുതി ഒഴിവാക്കാനുള്ള സമരത്തില്‍ പട്ടേല്‍ പങ്കെടുത്തു. നിസ്സഹരണ പ്രസ്ഥാനത്തില്‍ ഗാന്ധിജിയുടെ ഏറ്റവുമടുത്ത വ്യക്തിയായിരുന്നു പട്ടേല്‍. നിസ്സഹര പ്രസ്ഥാനത്തിലേക്ക് അംഗങ്ങളെ കണ്ടെത്തുന്നതിനായി അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു. പാര്‍ട്ടിഫണ്ടിലേക്ക് വന്‍തുക കണ്ടെത്താനും സര്‍ദാര്‍ വല്ലഭായി പട്ടേലിന് സാധിച്ചു.

 ആ കാലത്ത് വളരെ സജീവമായിരുന്ന തൊട്ടുകൂടായ്മ, ജാതി വിവേചനം, മദ്യപാനം എന്നിവയ്ക്കെതിരായും സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും രാജ്യത്തുടനീളം അദ്ദേഹം പങ്കുവഹിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യാഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കി. 

click me!