ഝാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി, നാണം കെട്ട തോൽവിയിൽ രാജിവച്ച് ബിജെപി പ്രസിഡന്‍റ്

By Web TeamFirst Published Dec 26, 2019, 11:54 AM IST
Highlights

ഝാർഖണ്ഡിലെ ചക്രധർപൂരിൽ മത്സരിച്ച ബിജെപി സംസ്ഥാനാധ്യക്ഷൻ ലക്ഷ്മൺ ഗിലുവ തന്നെ വൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഗോത്രമേഖലകളിൽ നിന്നുള്ള ജനരോ‌ഷമടക്കം ഏറ്റുവാങ്ങി ബിജെപി വൻതോൽവിയിലേക്കാണ് നീങ്ങിയത്. 

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ ഝാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി സംസ്ഥാനാധ്യക്ഷൻ ലക്ഷ്മൺ ഗിലുവ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചു.

ഝാർഖണ്ഡിലെ ചക്രധർപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ലക്ഷ്മൺ ഗിലുവ തന്നെ പരാജയപ്പെട്ടിരുന്നു. എതിർസ്ഥാനാർത്ഥിയായി മത്സരിച്ച ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സുഖ്‍റാം ഒറാവ്ൻ ആണ് അവിടെ ഗിലുവയെ തോൽപിച്ചത്. ഡിസംബർ 7-ന് രണ്ടാം ഘട്ടതെരഞ്ഞെടുപ്പിൽ, പൗരത്വ നിയമഭേദഗതി പാർലമെന്‍റിൽ പാസ്സാക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്ന മണ്ഡലമാണിത്. അതിനാൽത്തന്നെ പൗരത്വ നിയമഭേദഗതിയോടൊപ്പം പ്രാദേശിക എതിർപ്പും ബിജെപിയുടെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന വിലയിരുത്തലാണ് വരുന്നത്. അതിനാൽത്തന്നെ ബിജെപി സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിലുമാണ്.

Read more at: ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?

ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ഝാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ആർജെഡിയും ചേർന്ന സഖ്യമാണ് 81- അംഗ ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്. സഖ്യം 47 സീറ്റുകൾ നേടിയപ്പോൾ, ഭരണകക്ഷിയായിരുന്ന ബിജെപിക്ക് നേടാനായത് വെറും 25 സീറ്റുകൾ മാത്രം. 

ബിജെപി ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 81-ൽ 79 സീറ്റുകളിലും ബിജെപി മത്സരിച്ചപ്പോൾ, ഒരു സീറ്റിൽ സ്വതന്ത്രനെ മത്സരിപ്പിച്ചു. എജെഎസ്‍യു സ്ഥാനാർത്ഥി സുദേഷ് മഹാതോയ്ക്ക് എതിരെ സ്ഥാനാർത്ഥിയെ നിർത്തിയതുമില്ല. അതിനാൽ സഖ്യകക്ഷികളെ പഴിചാരിയും ബിജെപിയ്ക്ക് ഇതിൽ നിന്ന് രക്ഷപ്പെടാനാകില്ല. 

ഇതോടൊപ്പം, ഗോത്രവർഗഭൂരിപക്ഷ മേഖലകളിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഗോത്രമേഖലയിൽ വളരെ ചെറിയ കാലയളവിൽ കൊയ്ത നേട്ടം മുഴുവൻ ഝാർഖണ്ഡിൽ ബിജെപിയുടെ കയ്യിൽ നിന്ന് പോയി. ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 

രഘുബർ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കിയ പല 'വികസന'പദ്ധതികളും തന്നെയാണ് ഇതിന് അടിസ്ഥാനമെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. ഗോത്രമേഖലകളിൽ പരിസ്ഥിതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ആദിവാസിസമൂഹത്തിൽ സൃഷ്ടിച്ചത് കനത്ത ആശങ്കയാണ്. സ്വന്തം 'ജൽ, ജംഗൽ, ജമീൻ' (വെള്ളവും, കാടും, ഭൂമിയും) സംരക്ഷിക്കാനുള്ള പഥൽഗഡി പ്രക്ഷോഭമുൾപ്പടെ രഘുബർദാസ് സർക്കാർ നേരിട്ട രീതി ഗോത്രവർഗക്കാർക്കിടയിൽ സൃഷ്ടിച്ചത് കനത്ത രോഷവുമാണ്. 

ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോ അമിത് ഷായോ പോലുള്ള നേതാക്കൾ ഝാർഖണ്ഡ് പോലൊരു സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തിയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ചെറുകിട വ്യവസായങ്ങളും കൃഷിയും കൊണ്ട് ഉപജീവനം കഴിയ്ക്കുന്ന ഝാർഖണ്ഡ് പോലെയുള്ള ഒരു സംസ്ഥാനത്ത് തൊഴിലില്ലായ്മയും പണലഭ്യതയില്ലായ്മയും മറ്റ് സാമ്പത്തികപ്രതിസന്ധികളും ജനങ്ങൾക്കിടയിൽ വ്യാപകമായി അതൃപ്തിയുണ്ടാക്കിയെന്ന് CSDS - ലോക്നീതി പോസ്റ്റ് പോൾ സർവേ ചൂണ്ടിക്കാട്ടുന്നു. രഘുബർ ദാസ് സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പാണ് മറ്റൊരു പ്രധാന കാരണം. 

click me!