മാതൃക വാടക നിയമം ക്യാബിനറ്റ് അം​ഗീകരിച്ചു: തർക്കം തീർക്കാൻ അതോറിറ്റി വരും, അഡ്വാൻസ് രണ്ട് മാസത്തെ വാടക മാത്രം

By Web TeamFirst Published Jun 2, 2021, 4:52 PM IST
Highlights

വാടക കരാർ രജിസ്ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അതോറിറ്റിയെ നിയമിക്കണം. ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള  തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതികളും സ്ഥാപിക്കണമെന്ന് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു.

ദില്ലി: മാതൃക വാടക നിയമത്തിൻ്റെ കരട് ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബിൽ ഇനി പാർലമെൻ്റിൽ അവതരിപ്പിക്കും. വീട്ടുവാടക നിയന്ത്രണത്തിനും കെട്ടിട ഉടമസ്ഥൻ്റേയും വാടകക്കാരന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാനും അതോറിറ്റി രൂപീകരിക്കും എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

കെട്ടിട ഉടമയും  വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അതോറിറ്റിയെ സമീപിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി രണ്ടു മാസത്തെ വാടക മാത്രമേ വാങ്ങിക്കാനാകൂ എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. വ്യാപാര ആവശ്യത്തിനായി  കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ പരമാവധി ആറുമാസത്തെ വാടക മാത്രമേ അഡ്വാൻസായി വാങ്ങാനാകൂ. പുതിയ നിയമം കൂടുതൽ വീടുകൾ വാടകയ്ക്ക് നൽകുന്നതിനെ  പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വാടക കരാർ രജിസ്ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അതോറിറ്റിയെ നിയമിക്കണം. ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള  തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതികളും സ്ഥാപിക്കണം. താമസം, വിദ്യാഭ്യാസപരം, വാണിജ്യപരം ആയ ഉപയോഗത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിലും നിയമം ബാധകമാകും. വ്യവസായപരമായുള്ള   ആവശ്യങ്ങളിൽ നിയമം ബാധകമായിരിക്കില്ല. 

വാടകയ്ക്ക് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ ഉടമയ്ക്ക് 24 മണിക്കൂർ മുൻപ്  അറിയിക്കാതെ പ്രവേശിക്കാൻ ആവില്ല എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വാടകക്കാരനുമായി തർക്കം ഉണ്ടെങ്കിലും വൈദ്യുതിയും  വെള്ളവും വിച്ഛേദിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടാവില്ല. കരാർ അവസാനിച്ച ശേഷവും സ്ഥലത്തു നിന്ന് മാറാൻ വാടകക്കാരന് സാധിച്ചിട്ടില്ലെങ്കിൽ രണ്ട് മാസത്തേക്ക് ഇരട്ടി വാടക വാങ്ങാൻ ഉടമയെ പുതിയ ബിൽ അധികാരപ്പെടുത്തുന്നു. അതിന് ശേഷം നാലിരട്ടി വാടകയും ഈടാക്കാം. 

click me!