ലോക്ക്ഡൗണ്‍ മുതലെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം; ആപ്പുകളും വെബ്‌സൈറ്റുകളും ഇപ്പോഴും സജീവം

By Web TeamFirst Published Jun 27, 2021, 3:05 PM IST
Highlights

കേസിലുള്‍പ്പെട്ടിട്ടും വെബ്‌സൈറ്റുകള്‍ നിരോധിക്കാത്തതും ആപ്പുകള്‍ നീക്കം ചെയ്യാത്തതും തട്ടിപ്പുകാര്‍ക്ക് സഹായമാവുകയാണ്. മലയാളികളുടെ നേതൃത്ത്വത്തില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിന് ഈമാസം പിടിക്കപ്പെട്ട രണ്ട് വെബ്‌സൈറ്റുകള്‍ ഇപ്പോഴും സജീവമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.

ബെംഗളൂരു: ലോക്ഡൗണ്‍ പ്രതിസന്ധി മുതലെടുത്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളില്‍ അധികൃതരുടെ നടപടികള്‍ വൈകുന്നത് തട്ടിപ്പ് തുടരുന്നതിന് കാരണമാകുന്നു. കേസിലുള്‍പ്പെട്ടിട്ടും വെബ്‌സൈറ്റുകള്‍ നിരോധിക്കാത്തതും ആപ്പുകള്‍ നീക്കം ചെയ്യാത്തതും തട്ടിപ്പുകാര്‍ക്ക് സഹായമാവുകയാണ്. മലയാളികളുടെ നേതൃത്ത്വത്തില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിന് ഈമാസം പിടിക്കപ്പെട്ട രണ്ട് വെബ്‌സൈറ്റുകള്‍ ഇപ്പോഴും സജീവമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.

വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിന് പവര്‍ബാങ്ക്, സണ്‍ഫാക്ടറി എന്നീ ആപ്പുകളുടെ നിര്‍മാതാക്കളെ ബെംഗളൂരു പോലീസ് പിടികൂടിയത് ജൂണ്‍ 12ന്. ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഹവാല റാക്കറ്റുമായി വരെ ബന്ധമുണ്ടെന്ന് കണ്ടെത്തിയ കേസില്‍ അറസ്റ്റിലായത് കമ്പനി തലവന്‍ അനീസ് അഹമ്മദെന്ന മലയാളിയുള്‍പ്പടെ 9 പേര്‍.

ആയിരക്കണക്കിന് പേരില്‍നിന്നായി നിക്ഷേപമായി സ്വീകരിച്ച 290 കോടി രൂപയാണ് അനീസ് അഹമ്മദിന്റെ അക്കൗണ്ടില്‍നിന്നും പൊലീസ് പിടിച്ചെടുത്തത്. ഇത്രയൊക്കെയായിട്ടും പ്ലേസ്റ്റോറില്‍പോലും ഈ ആപ്പുകള്‍ ഇപ്പോഴും ലഭ്യമാണ്.

പരസ്യം കണ്ടിരുന്നാല്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി ലോക്ഡൗണില്‍ രംഗത്തെത്തിയ വെബ്‌സൈറ്റാണ് ജാ ലൈഫ്‌സ്‌റ്റൈല്‍. കമ്പനി നടത്തിയത് മണിചെയിന്‍ മോഡലില്‍ഓണ്‍ലൈന്‍ തട്ടിപ്പ്. കമ്പനി തലവനും മലയാളിയുമായ കെ എ ജോണിയെ 3.7 കോടി രൂപയുമായി ബെംഗളൂരു പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജൂണ്‍ 5ന് അറസ്റ്റ് ചെയ്തു. എന്നാല്‍ കേരളത്തിലടക്കം ആയിരക്കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോഴും ജാ ലൈഫ്‌സ്‌റ്റൈല്‍ തട്ടിപ്പ് തുടരുന്നു. ആയിരം രൂപ നല്‍കി സൈറ്റില്‍ അംഗമായവരുടെ എണ്ണം മുപ്പത് ലക്ഷം കഴിഞ്ഞെന്നാണ് വെബ്‌സൈറ്റിലൂടെ കമ്പനി അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

തീര്‍ന്നില്ല ദിവസങ്ങള്‍ക്ക് മുന്‍പ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് ബെംഗളൂരു പോലീസ് കണ്ടെത്തിയ ഡിജിടെക്മാര്‍ക്ക് ഡോട്ട് ലൈവ് എന്ന വെബ്‌സൈറ്റും ഇപ്പോഴും സജീവമാണ്. രണ്ടായിരത്തോളും പേരുടെതായി ആയിരം കോടിയോളം രൂപ ഇതിനോടകം ഇവര്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

ചുരുക്കത്തില്‍ അന്വേഷണ ഏജന്‍സികള്‍ കേസെടുത്ത് കമ്പനി തലവന്‍മാരെ ജയിലിലടച്ചാല്‍ പോലും തട്ടിപ്പ് അവസാനിക്കുന്നില്ല. ഇത്തരം സൈറ്റുകള്‍ രാജ്യത്ത് നിരോധിക്കാനും ആപ്പുകള്‍ നീക്കംചെയ്യാനുമുള്ള നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകുന്നതാണ് പകല്‍കൊള്ളയ്ക്ക് കാരണമാകുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!