'എല്ലാം പരസ്യത്തില്‍ മാത്രം'; അറ്റ്‌ലസ് സൈക്കിള്‍ ഫാക്ടറി പൂട്ടിയ വിഷയത്തില്‍ യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക

By Web TeamFirst Published Jun 4, 2020, 9:27 PM IST
Highlights

ലോക സൈക്കിള്‍ ദിനത്തിലാണ് ഗാസിയാബാദിലെ അറ്റ്‌ലസ് ഫാക്ടറി പൂട്ടിയത്. ആയിരത്തിലേറെ പേര്‍ ഒറ്റദിവസംകൊണ്ട് തൊഴില്‍ രഹിതരായി.

ദില്ലി: സൈക്കിള്‍ നിര്‍മാതാക്കളായ അറ്റ്‌ലസ് സൈക്കിള്‍സിന്റെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഫാക്ടറി പൂട്ടിയ വിഷയത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോക സൈക്കിള്‍ ദിനത്തിലാണ് ഗാസിയാബാദിലെ അറ്റ്‌ലസ് ഫാക്ടറി പൂട്ടിയത്. ആയിരത്തിലേറെ പേര്‍ ഒറ്റദിവസംകൊണ്ട് തൊഴില്‍ രഹിതരായി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് വെറും പ്രഖ്യാപനം  മാത്രമായിരുന്നുവെന്നും തൊഴിലവസരങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. 'സാമ്പത്തിക പാക്കേജിനെക്കുറിച്ചും തൊഴിലവസരങ്ങളെപ്പറ്റിയും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നതിനെക്കുറിച്ചു സര്‍ക്കാരിന്‍റെ നിരവധി പരസ്യങ്ങളുണ്ട്. എന്നാല്‍  ഫാക്ടറികള്‍ പൂട്ടുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍  സര്‍ക്കാര്‍ വ്യക്തമാക്കണം'- പ്രിയങ്കട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

അറ്റ്‌ലസ് സൈക്കിള്‍സിന്റെ പ്രവര്‍ത്തിച്ചിരുന്ന അവസാനത്തെ പ്ലാന്റാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. ഗാസിയാബാദിലെ അറ്റ്‌ലസ് സൈക്കിള്‍ ഫാക്ടറി പൂട്ടുകയാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് കഴിഞ്ഞ ദിവസമാണ് ഉടമകള്‍ പ്രധാന കവാടത്തില്‍ പതിച്ചത്. കമ്പനി പൂട്ടുന്ന വിവരം രാവിലെ ജോലിക്കെത്തിയപ്പോഴാണ് ജീവനക്കാര്‍ അറിയുന്നത്.

click me!