
ദില്ലി: കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി സുപ്രീംകോടതി. വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍ നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തില്‍ നിന്നു നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്നു വ്യക്തമാക്കിയത്.
കൃത്രിമ ഗര്‍ഭാധാരണ, സറോഗസി നിയന്ത്രണ നിയമങ്ങള്‍ക്കെതിരേ ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് നല്‍കിയ ഹര്‍ജിക്കൊപ്പം ചേര്‍ത്ത് ഈ ഹര്‍ജിയും പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ആദ്യ ഹര്‍ജിയില്‍ ജസ്റ്റീസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും വനിത ശിശു ക്ഷേമ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരുന്നു. അതിനാല്‍ പുതിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നില്ലെന്നും ആദ്യ ഹര്‍ജിക്കൊപ്പം ചേര്‍ത്തു പരിഗണിക്കാമെന്നുമാണ് വ്യക്തമാക്കിയത്.
2021ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണം അനുസരിച്ചും 2022ല്‍ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഇറക്കിയ വിജ്ഞാപനം അനുസരിച്ചുമാണ് ഭര്‍ത്താവിന്റെ അനുമതി ആവശ്യമായി വരുന്നത്. 21 വയസ് പൂര്‍ത്തിയായ വനിതകള്‍ക്കാണ് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ അനുമതിയുള്ളത്. പരമാവധി പ്രായം 50 വയസാണ്. പുരുഷന്‍മാരില്‍ ഐവിഎഫ് ചികിത്സ നടത്താനുള്ള പ്രായ പരിധി 21 വയസും പരമാവധി പ്രായം 55 വയസുമാണ്.
വിവാഹിതരായ സ്ത്രീകള്‍ ദാതാക്കളില്‍ നിന്നും ബീജം സ്വീകരിക്കുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്ന ഭര്‍ത്താവ് താന്‍ കൃത്രിമ ഗര്‍ഭധാരണം നടത്തുന്നതിന് എതിരു നില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് 38 വയസുള്ള യുവതി ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തികളുടെ തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്നാണ് പരാതിക്കാരി ഹർജിയിൽ പറയുന്നത്. മാത്രമല്ല, ഒരു വനിതയുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam